ബ്രഹ്‌മാണ്ഡ വല
ഡോ. ടി. കെ. യൂസുഫ്
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

(ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ 5)
ദശലക്ഷക്കണക്കിന് താരാപഥങ്ങളുളള വാനലോകത്തിന് അനേകം നൂലിഴകൾകൊണ്ട് നെയ്‌തെടുക്കപ്പെട്ട ഒരു വലക്ക് സമാനമായ രൂപമാണുളളതെന്നാണ് ആധുനിക ഗോളശാസ്ത്രജ്ഞന്മാർ ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുളളത്. ബ്രഹ്‌മാണ്ഡത്തിൽ അനേകം ഗ്യാലക്‌സികളുണ്ട്. ഓരോ ഗ്യാലക്‌സിയിലും ബില്യൺ കണക്കിന് നക്ഷത്രങ്ങളുണ്ട്. പ്രകാശിക്കുന്ന കോടിക്കണക്കിന് താരഗണങ്ങളും അവയുൾകൊളളുന്ന താരാപഥവും കൂടിച്ചേരുമ്പോൾ ആകാശലോകം തലങ്ങും വിലങ്ങും പ്രകാശ നൂലുകൾകൊണ്ട് കോർത്തെടുത്ത ഒരു വലയുടെ രൂപത്തിലാണ് ദൃശ്യമാകുന്നത്. വിശുദ്ധ ക്വുർആനിലെ സൂറതുദ്ദാരിയാത്തിലെ ഏഴാം വചനം ഈ നവീന കണ്ടെത്തിലിലേക്കാണ് വെളിച്ചം വീശുന്നത്.
അല്ലാഹു ആകാശത്തെ കുറിച്ച് സത്യം ചെയ്ത് പറയുന്നിടത്ത് ‘വസ്സമാഅ ദാതിൽ ഹുബുക്’ (حُبُك) എന്നാണ് പറയുന്നത്. ഈ വചനത്തിന് ‘വിവിധ പഥങ്ങളുളള ആകാശം തന്നെയാണ് സത്യം’ എന്നാണ് മലയാള പരിഭാഷകളിൽ കാണുന്നത്. എന്നാൽ ഹബുക (حَبُكَ) എന്ന അറബി പദത്തിന് സുപ്രസിദ്ധ അറബി നിഖണ്ഡുക്കളിലെല്ലാം നസജ (نَسَجَ) അഥവാ നെയ്‌തെടുക്കുക എന്ന അർഥമാണ് നൽകിയിട്ടുളളത്. അപ്പോൾ പ്രസ്തുത ക്വുർആൻ വചനത്തിന് ‘നെയ്‌തെടുക്കപ്പെട്ട ആകാശം’ എന്ന അർഥമാണ് വരിക.
ആധുനിക ഗോളശാസ്ത്രം ബ്രഹ്‌മാണ്ഡ വല (Cosmic Web) എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസ ത്തെക്കുറിച്ച് ക്വുർആൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ സൂചന നൽകിയിട്ടുണ്ട് എന്നത് ക്വുർആൻ ദൈവികമാണെന്നതിനുളള ഒരു തെളിവ് കൂടിയാണ്. എന്നാൽ ഗോളശാസ്ത്രം വളരെ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുളള ഈ വസ്തുതയെക്കുറിച്ച് പൂർവിക ക്വുർആൻ വ്യാഖ്യാതക്കൾക്ക് അറിയാത്തത് കൊണ്ടായിരിക്കാം അവർ മേൽവചനത്തിന് വ്യത്യസ്ത പഥങ്ങളുളള ആകാശം എന്ന് പരിഭാഷ നൽകിയത്.
ഗോള ശാസ്ത്രജ്ഞർ കമ്പ്യൂട്ടറിൽ അനേകം താരാപഥങ്ങൾ ഉൾകൊളളുന്ന പ്രപഞ്ചത്തിന്റെ ചിത്രം തയ്യാറാക്കുന്നതിനിടയിലാണ് ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയിൽ പെട്ടത്. പ്രപഞ്ചത്തിൽ രണ്ട് ലക്ഷം മില്യണിലധികം ഗ്യാലക്‌സികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സൂപ്പർ കമ്പ്യൂട്ടറിൽ ഇതുവരെ കണ്ടെത്തിയ ഗ്യാലക്‌സികളുടെ ഡാറ്റകൾ അപഗ്രഥനത്തിന് നൽകിയതിന് ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി അതിന്റെ രേഖാചിത്രം തയ്യാറാക്കിയപ്പോൾ ഒരു ചിലന്തിവലയുടെ രൂപത്തിലുളള ചിത്രമാണ് അവർക്ക് ലഭിച്ചത്. ഈ കണ്ടെത്തലിനെ തുടർന്നാണ് കോസ്മിക് വെബ് എന്ന പദപ്രയോഗം രംഗത്തു വന്നത്. ആധുനിക ശാസ്ത്രം ബില്യൺ കണക്കിന് ഡോളർ ചെലവഴിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തിയ ഇക്കാര്യം പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
ക്വുർആനിലെ ‘നെയ്‌തെടുക്കപ്പെട്ടത് പോലുളള ആകാശം’ എന്ന പരാമർശം കണ്ടിട്ടില്ലാത്ത ശാസ്ത്രജ്ഞർ പുതിയ പ്രപഞ്ച ദർശനത്തിന് ബ്രഹ്‌മാണ്ഡ വല (Cosmic Web) എന്ന് തന്നെ നാമകരണം ചെയ്തതിൽ അത്ഭുതമുണ്ട്. അതുപോലെ ഈ രംഗത്ത് അവർ കണ്ടെത്തിയ വസ്തുതക്കളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴെല്ലാം ഞങ്ങൾ കാണുന്നു (We see) എന്ന പദ പ്രയോഗമാണ് അവർ നടത്താറുളളത്. ക്വുർആനിൽ പ്രപഞ്ചത്തെക്കുറിച്ച് പറയുന്നിടത്ത് ആകാശങ്ങളും ഭൂമിയും മുമ്പ് പരസ്പരം കൂടിച്ചേർന്ന തായിരുന്നുവെന്ന് ‘അവർ കാണുന്നില്ലേ’ എന്ന് തന്നെയാണ് പറയുന്നത്.
അതുപോലെ ക്വുർആനിലെ പ്രപഞ്ചത്തെക്കുറിച്ചുളള പരാമർശത്തിലെ ഭൂതകാലപ്രയോഗത്തിലും ശാസ്ത്രജ്ഞരുടെ (Early Universe) എന്ന പദപ്രയോഗത്തിലും നമുക്ക് സമാനത കണ്ടെത്താൻ കഴിയും. പ്രപഞ്ചത്തിലെ അഞ്ച് ശതമാനം മാത്രമെ നമ്മുടെ കണ്ണുകൾക്ക് ദൃശ്യമാകുന്നുളളൂ. ബാക്കി 95 ശതമാനവും നമുക്ക് കാണാനാവാതെ ഇരുളടഞ്ഞ് കിടക്കുകയാണ്. ‘എന്നാൽ നിങ്ങൾ കാണുന്നവയെക്കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു; നിങ്ങൾ കാണാത്തവയെക്കൊണ്ടും’ (അൽഹാക്ക്വ 38,39) എന്ന ക്വുർആൻ വചനം ഈ അദൃശ്യലോകത്തിലേക്ക് കൂടി സൂചന നൽകുന്നുണ്ട്.
(തുടരും)
