റമദാനിൽ ശ്രദ്ധിക്കേണ്ടത്

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

അനുഗൃഹീതവും മഹ്വത്ത്വമേറിയതും സൽകർമങ്ങൾക്ക് വർധിച്ച പ്രതിഫലം ലഭിക്കുന്നതുമായ മാസമാണ് വിശുദ്ധ റമദാൻ. വിശുദ്ധി നേടിയ മനസ്സുകൾക്ക് കുളിരും സന്തോഷവും നൽകുന്ന, ലോക രക്ഷിതാവിന്റെ ദാനം. ആ പുണ്യമാസം ആഗതമാവുകയായി.

വിശ്വാസികളായ നാം വിശുദ്ധ റമദാനിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് മനസ്സിലാക്കുകയും അത് കഴിയുന്നത്ര പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അനിവാര്യമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ചുരുക്കി വിവരിക്കുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഉദ്ദേശ്യം നന്നാക്കുക

ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന് ആത്മാർഥമായി കീഴ്‌പെട്ട് അവന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് കർമങ്ങൾ ചെയ്യുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്.

നബിﷺ പറയുന്നത് കാണുക: അബൂഹുറയ്‌റ(റ) നിവേദനം, അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമദാനിൽ നോമ്പനുഷ്ഠിക്കുക യാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്ന് പൊറുത്തുകൊടുക്കുന്നതാണ്’’ (ബുഖാരി).

‘വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും’ (ഈമാനൻ വഹ്തിസാബൻ) എന്ന് പറഞ്ഞതുകൊണ്ടുള്ള വിവക്ഷ, ദൃഢമായ ഉദ്ദേശ്യത്തോടെ, സത്യപ്പെടുത്തി, പ്രതിഫലം ആഗ്രഹിച്ച്, സന്മനസ്സോടെ, നിർബന്ധിതാവസ്ഥയില്ലാതെ, ഒരു ഭാരമാണെന്ന മനോഭാവമില്ലാതെ, ദൈർഘ്യമുള്ള ദിവസമാണെന്ന തോന്നലില്ലാതെ, നോമ്പിന്റെ സമയം മുഴുവനും മഹത്തായ പ്രതിഫലം പ്രതീക്ഷിക്കുക’ എന്നാണ്.

അഞ്ച് നേരത്തെ നമസ്‌കാരം ജമാഅത്തായി നിർവഹിക്കുക

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ൽനിന്ന്; പ്രവാചകൻﷺ പറയുകയുണ്ടായി: “സംഘമായുള്ള നമസ്‌കാരം ഒറ്റക്കുള്ള നമസ്‌കാരത്തെക്കാൾ ഇരുപത്തിയേഴിരട്ടി പദവിയു(പ്രതിഫലമു)ള്ളതാണ്’’ (ബുഖാരി).

അബുൽ അഹ്‌വസ്വിൽ(റ)നിന്ന് നിവേദനം: “മുസ്‌ലിമായി നാളെ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമസ്‌കാരത്തിന് വേണ്ടി വിളിക്കുന്ന സ്ഥലത്ത് പോയി, ഈ നമസ്‌കാരങ്ങളെ അവൻ സംരക്ഷി(നിർവഹി)ക്കട്ടെ. കാരണം അല്ലാഹു നിങ്ങളുടെ പ്രവാചകന് സന്മാർഗചര്യ നിയമമാക്കിയിരിക്കുന്നു. അത് (നമസ്‌കാരം അതിന്‌വേണ്ടി വിളിക്കുന്ന സ്ഥലങ്ങളിൽ നിർവഹിക്കുകയെന്നത്) സന്മാർഗ ചര്യയിൽ പെട്ടതാണ്. നമസ്‌കാരത്തെ തൊട്ട് പിന്തുന്നവർ വീട്ടിൽനിന്ന് നമസ്‌കരിക്കുന്നത് പോലെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്‌കരിക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ പ്രവാചകന്റെ ചര്യ നിങ്ങൾ ഉപേക്ഷിച്ചാൽ നിങ്ങൾ വഴികേടിലാകുന്നതാണ്. ആരെങ്കിലും നല്ല രൂപത്തിൽ വുദൂഅ് ചെയ്തുകൊണ്ട് ഏതെങ്കിലും ഒരു പള്ളിയിലേക്ക് പോകുകയാണെങ്കിൽ ഓരോ കാലടിക്കും ഓരോ നന്മകൾ രേഖപ്പെടുത്തുകയും ഓരോ പദവി ഉയർത്തുകയും ഓരോ പാപം മായ്ച്ച് കളയുകയും ചെയ്യുന്നതാണ്. കാപട്യം അറിയപ്പെട്ട കപടവിശ്വാസിയല്ലാതെ ഓരാളും നമസ്‌കാരത്തിൽനിന്ന് പിന്തിനിൽക്കുന്നതായി ഞങ്ങൾ കാണാറില്ല. ചിലപ്പോൾ ഒരാൾ രണ്ടാളുകളുടെ ചുമലിൽ കൈവെച്ചുകൊണ്ടെങ്കിലും വന്നുകൊണ്ട് നമസ്‌കാരത്തിന്റെ അണിയിൽ നിൽക്കാറുണ്ടായിരുന്നു’’ (മുസ്‌ലിം).

ബിദ്അത്തുകൾ കടന്നുവരുന്നത് സൂക്ഷിക്കുക

ആഇശ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “നാം കൽപിച്ചതല്ലാത്ത വല്ല കർമവും (മതത്തിന്റെ പേരിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’(മുസ്‌ലിം). സുന്നത്തുകൾ പരമാവധി പ്രാവർത്തികമാക്കുവാനും ബിദ്അത്തുകളെ അവഗണിക്കുവാനും ബോധപൂർവം ശ്രമിക്കണം.

രാത്രി നമസ്‌കാരത്തിന്റെ മഹത്ത്വം തിരിച്ചറിയുക

അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോ ടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമദാനിൽ ക്വിയാമുല്ലൈൽ നമസ്‌കരിക്കുക യാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽ നിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’(ബുഖാരി).

ക്വുർആൻ പാരായണവും പഠനവും സജീവമാക്കുക

“ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ’’ (ക്വുർആൻ 2:185). റമദാൻ ക്വുർആനിന്റെ മാസമാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം: “...റമദാനിലെ എല്ലാ രാത്രികളിലും (ജിബ്‌രീൽ) നബിﷺക്ക് ക്വുർആൻ പഠിപ്പിച്ചിരുന്നു...’’ (ബുഖാരി).

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: പ്രവാചകൻﷺ പറയുന്നു: “നോമ്പും ക്വുർആനും അടിമകൾക്ക് വേണ്ടി ശുപാർശ പറയുന്നതാണ്. നോമ്പ് പറയും: ‘എന്റെ രക്ഷിതാവേ, പകലിൽ ഞാൻ അവന്റെ ഭക്ഷണവും ആഗ്രഹങ്ങളും തടഞ്ഞിരുന്നു. ആയതിനാൽ അവന് വേണ്ടി എന്റെ ശുപാർശ നീ സ്വീകരിക്കേണമേ.’ ക്വുർആൻ പറയും: ‘രാത്രിയിൽ അവന്റെ ഉറക്കം ഞാൻ തടഞ്ഞിരുന്നു. ആയതിനാൽ അവന് വേണ്ടി എന്റെ ശുപാർശ സ്വീകരിക്കേണമേ.’ അങ്ങനെ അവ രണ്ടും ശുപാർശ ചെയ്യുന്നതാണ്’’ (ഇമാം അഹ്‌മദ് ഉദ്ധരിച്ചതും അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചതുമായ ഹദീസ്).

ധാരാളമായി ദാനധർമങ്ങൾ ചെയ്യുക

ഇബ്‌നു അബ്ബാസ്(റ) നിവേദനം: “ജനങ്ങളിൽ വെച്ച് ഏറ്റവും ദാനധർമം ചെയ്തിരുന്ന വ്യക്തി നബിﷺയായിരുന്നു. റമദാനിൽ ജിബ്‌രീൽ(അ) നബിﷺയെ കണ്ടുമുട്ടുമ്പോഴായിരുന്നു തിരുദൂതർ ഏറ്റവും കൂടുതൽ ദാനധർമം ചെയ്തിരുന്നത്. റമദാനിലെ എല്ലാ രാത്രികളിലും (ജിബ്‌രീൽ) നബിﷺക്ക് ക്വുർആൻ പഠിപ്പിച്ചിരുന്നു. അവിടുന്ന് അടിച്ചുവീശുന്ന കാറ്റിനെ പോലെ ദാനധർമം ചെയ്തിരുന്നു’’ (ബുഖാരി).

നോമ്പുകാരെ നോമ്പു തുറപ്പിക്കുക

നോമ്പു തുറപ്പിക്കൽ വളരെ പുണ്യമുള്ള കാര്യമാണ്. സൈദ്ബ്‌നു ഖാലിദ്അൽ ജുഅനി(റ) നിവേദനം: “നബിﷺ പറയുന്നു: ‘നോമ്പു തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്രതന്നെ പുണ്യം നേടാനാകും. എന്നാൽ അയാളുടെ പ്രതിഫലത്തിൽനിന്ന് യാതൊന്നും കുറവ് വരികയുമില്ല’’ (തിർമിദി, ഇബ്‌നുമാജ, അഹ്‌മദ്, ഇബ്‌നുഹിബ്ബാൻ).

സമയമായാലുടൻ നോമ്പു തുറക്കുക

നോമ്പു തുറക്കാൻ സമയമായാൽ പിന്നെ വൈകിപ്പിക്കുന്നത് സുന്നത്തിനെതിരാണ്. സഹ്‌ലുബ്‌നു സഅദ് അസ്സാഇദി(റ) നിവേദനം. അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: “അത്താഴം കഴിക്കുന്നത് പിന്തിപ്പിക്കുകയും നോമ്പു തുറക്കാൻ ധൃതി കാണിക്കുകയും ചെയ്യുന്നേടത്തോളം ജനങ്ങൾ നന്മയിൽ തന്നെയായിരിക്കും’’ (ബുഖാരി, മുസ്‌ലിം).

അത്താഴത്തെ നിസ്സാരമായി കാണരുത്

അനസ്(റ) നിവേദനം. നബിﷺ പറഞ്ഞു: “നിങ്ങൾ അത്താഴം കഴിക്കുക, നിശ്ചയമായും അതിൽ അനുഗ്രഹമുണ്ട്’’ (ബുഖാരി, മുസ്‌ലിം). അത്താഴത്തിന് ഭക്ഷണമൊന്നും വേണ്ട എന്ന് ഒരാൾക്ക് തോന്നിയാൽ അൽപം വെള്ളമെങ്കിലും കുടിച്ച് അത്താഴത്തിന്റെ പുണ്യം നേടാൻ ശ്രമിക്കണം.

ഇബ്‌നു ഉമർ(റ) നിവേദനം: “നിങ്ങൾ അൽപം വെള്ളം കുടിച്ചുകൊണ്ടെങ്കിലും അത്താഴം കഴിക്കുക’’ (അൽജാമിഅ്, ഇബ്‌നുഹിബ്ബാൻ). അത്താഴം പരമാവധി പിന്തിപ്പിക്കുന്നതാണ് സുന്നത്ത്. സൈദ് ബിൻ സാബിത്(റ) നിവേദനം: ‘ഞങ്ങൾ നബിﷺയോടൊന്നിച്ച് അത്താഴം കഴിക്കുകയും സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു.’ അപ്പോൾ അനസ്(റ) ചോദിച്ചു: ‘അത്താഴത്തിനും ബാങ്കിനുമിടയിൽ എത്ര സമയം ഉണ്ടായിരുന്നു?’ സൈദ്(റ) പറഞ്ഞു: ‘അമ്പത് ആയത്തുകൾ പാരായണം ചെയ്യുവാനുള്ളത്ര സമയം’’ (ബുഖാരി, മുസ്‌ലിം).

ധാരാളമായി പ്രാർഥിക്കുക

നോമ്പിന്റെ രാപകലുകളിൽ ധാരാളമായി പ്രാർഥിക്കുക. അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “മൂന്ന് പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതാണ്; നോമ്പുകാരന്റെ പ്രാർഥന, അക്രമിക്കപ്പെട്ടവന്റെ പ്രാർഥന, യാത്രക്കാരന്റെ പ്രാർഥന എന്നിവയാണവ’’ (ബൈഹക്വി).

തിന്മകൾ വെടിയുക

നോമ്പനുഷ്ഠിക്കുകയും അതോടൊപ്പം തിന്മകൾ ചെയ്യുകയുമാണെങ്കിൽ അത് നേമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും. വാക്കിലും പ്രവൃത്തിയിലുമെല്ലാം തിന്മകൾ കടന്നുവരാതിരിക്കാൻ ജാഗ്രത പാലിക്കണം. നബിﷺ പറയുന്നു: “ഒരാൾ ചീത്ത വർത്തമാനങ്ങളും മ്ലേഛമായ പ്രവർത്തനങ്ങളും വെടിയാതെ ഭക്ഷണ പാനീയങ്ങൾ മാത്രം വെടിയുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’’ (ബുഖാരി).

നന്മകൾ അറിയിച്ചുകൊടുക്കുക

നബിﷺ പറഞ്ഞു: “ആരെങ്കിലും ഒരു നന്മ അറിയിച്ചുകൊടുക്കുകയാണെങ്കിൽ അവന് അത് ചെയ്യുന്നവന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്.’’ റമദാൻ മാസം സമാഗതമാകുന്നതോടെ നബിﷺ അനുചരന്മാർക്ക് റമദാനിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും വ്യക്തമാക്കിക്കൊടുക്കുകയും നന്മകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും റമദാനിലെ സമയം മുഴുവനും പ്രയോജനപ്പെടുത്താൻ ഉണർത്തുകയും ചെയ്തിരുന്നു.

കരുണ കാണിക്കുക, സഹായിക്കുക

അബ്ദുല്ലാഹിബ്‌നു അംറി(റ)ൽനിന്ന് നിവേദനം, നബിﷺ പറയുന്നു: “കരുണ കാണിക്കുന്നവരോട് പരമകാരുണികനും കാരുണ്യം കാണിക്കുന്നതാണ്. ആയതിനാൽ ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുക; എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോടും കാരുണ്യം കാണിക്കുന്നതാണ്’’ (തിർമിദി).

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺപറഞ്ഞു: “ആരെങ്കിവും ഒരു വിശ്വാസിയുടെ ഐഹിക പ്രയാസം നീക്കിക്കൊടുക്കു

കയാണെങ്കിൽ അവസാനനാളിലെ അവന്റെ പ്രയാസങ്ങളിൽ ഒരു പ്രയാസത്തെ അല്ലാഹു നീക്കികൊടുക്കുന്നതാണ്’’ (മുസ്‌ലിം).

സഹ്‌ലുബ്‌നു സഅദ്(റ) നിവേദനം: നബിﷺ പറഞ്ഞു: “ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമാണ്; അവിടുന്ന് തന്റെ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ചൂണ്ടിക്കാണിക്കുകയുണ്ടായി’’ (ബുഖാരി)