ആശയവിനിമയം; ശ്രദ്ധിക്കാം ചില കാര്യങ്ങൾ
ഡോ.യാസ്മിൻ എം അബ്ബാസ്
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

ഒരു സാമൂഹിക ജീവി എന്ന നിലയിൽ മനുഷ്യന്റെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ കാര്യമാണ് ആശയവിനിമയം നടത്തുക എന്നത്. ബധിരരും മൂകരുമായ ആളുകൾ പോലും മറ്റുള്ളവരിലേക്ക് ആശയങ്ങൾ കൈമാറുവാൻ വിവിധ ഉപാധികൾ സ്വീകരിക്കുന്നത് നാം കാണുന്നുണ്ട്. മനുഷ്യ ജീവിതത്തിൽ എത്രത്തോളം ഒഴിച്ചുകൂടാനാവാത്തതാണ് ആശയവിനിമയം എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. എഴുത്തുകളിലൂടെയും സംസാരങ്ങളിലൂടെയും വിവിധ ആംഗ്യങ്ങളിലൂടെയുമെല്ലാം പരസ്പരം ആശയവിനിമയം നടത്തുവാൻ നമുക്ക് കഴിയുന്നു. വിവരസാങ്കേതികവിദ്യ ഇത്രയധികം പുരോഗതി പ്രാപിച്ച ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഏത് കോണിലുള്ള വ്യക്തിയുമായും സെക്കന്റുകൾ കൊണ്ട് തന്നെ നമുക്ക് ബന്ധപ്പെടുവാൻ കഴിയുന്നു.
ആശയവിനിമയത്തിന്റെ പ്രാധാന്യം
കേവലം സ്വന്തം ആവശ്യ നിർവഹണത്തിനായി മാത്രമല്ല മനുഷ്യർ പരസ്പരം ബന്ധപ്പെടുന്നത്. ഒരു വ്യക്തി തന്റെ സഹജീവിയുമായി നടത്തുന്ന ഒരു കുശലാന്വേഷണം മുതൽ പരസ്പരം സന്തോഷം, സങ്കടം, ഉത്കണ്ഠ, നിരാശ പോലുള്ളതെല്ലാം പങ്കുവെക്കുന്നതിലൂടെ അവരുടെ ആത്മബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. ആശയവിനിമയ രംഗത്ത് ഇത്രയധികം അവസരങ്ങളൂള്ള ഈ കാലഘട്ടത്തിൽ കുടുംബക്കാരോടും കൂട്ടുകാരോടും അയൽവാസികളോടും നാട്ടുകാരോടുമെല്ലാം ഒരു വ്യക്തിക്ക് നിരന്തരം ബന്ധപ്പെടാനും അവരുമായി സൗഹാർദം നിലനിർത്താനും സാധിക്കുന്നു.
കുടുംബ ബന്ധം ചേർക്കുക
സാഹോദര്യത്തിന്റെയും കുടുംബ ബന്ധം ചേർക്കുന്നത്തിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന ഒരു മതത്തിന്റെ വക്താക്കളായ നാം ലഭ്യമായ മാർഗങ്ങൾ സ്വീകരിച്ച് ബന്ധങ്ങൾ നിലനിർത്തുന്നവരാ വണം. ഒന്ന് മനസ്സുതുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങൾകൊണ്ടോ വെറും ചില തെറ്റുധാരണകൾകൊണ്ടോ പരസ്പരം പിണങ്ങി നടക്കുന്നവർ നമുക്ക് ചുറ്റുമുണ്ടാവാം. പരസ്പരം കാണാൻ പോലും കാത്തുനിൽക്കേണ്ട ആവശ്യമില്ലാത്ത വിധം ഇന്ന് ആശയവിനിമയം നടത്താൻ സൗകര്യങ്ങൾ നിലനിൽക്കെ ഇത്തരം പിണക്കങ്ങൾ നാം വേഗത്തിൽ മാറ്റിയെടുക്കേണ്ടതുണ്ട്.
സ്വന്തം ശരീരത്തിലെ ഒരു അവയവത്തിന് നാം നൽകുന്ന കരുതൽ പോലെത്തന്നെ സത്യവിശ്വാസികൾ പരസ്പരം സ്‌നേഹവും കരുത്തും സഹായവും പകരുന്നവരായിരിക്കണം. ദീനിന്റെ മാർഗത്തിലാണെങ്കിലും ഭൗതിക കാര്യങ്ങളിലാണെങ്കിലും വിശ്വാസികൾ നിരന്തരം ബന്ധപ്പെടുന്നവരാണ്. ആ ബന്ധം ഇഹപര സൗഭാഗ്യത്തിനായി നിലനിർത്തുവാൻ ശ്രമിക്കണം.
ആശയങ്ങൾ വ്യക്തമായിരിക്കണം
രണ്ടു വ്യക്തികൾ പരസ്പരം സംസാരിക്കുമ്പോൾ ആശയങ്ങൾ വ്യക്തമായി കൈമാറുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അവ്യക്തമായ കാര്യങ്ങൾ തെറ്റുധാരണകൾ ഉണ്ടാക്കുവാനും ആളുകൾ തമ്മിൽ അകലുവാനും കാരണമായേക്കാം. ആശയവിനിമയ രംഗത്ത് വാട്‌സ്ആപ്പ് പോലെയുള്ള സൗകര്യങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ നേരിട്ട് സംസാരിക്കുന്ന രണ്ടു വ്യക്തികളെ പോലെയുള്ള സാഹചര്യമല്ല ഉള്ളത്. മറിച്ച്, പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഇരു വ്യക്തികൾക്കും അവരുടെ ചുറ്റുപാടോ സാഹചര്യങ്ങളോ പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്ത പശ്ചാത്തലത്തലമാണുണ്ടാവുക. സംസാരത്തിന്റെ വ്യക്തതയിലൂടെ മാത്രമെ മറുവശത്തെ വ്യക്തിക്ക് നിലവിലെ സാഹചര്യം, മാനസികാവസ്ഥ, ചുറ്റുപാട് തുടങ്ങിയവയെല്ലാം ശരിയായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
മറുപടി കൊടുക്കുക
സാഹചര്യങ്ങൾക്കനുസരിച്ച് പലപ്പോഴും പല വ്യക്തികളും വ്യക്തതയില്ലാത്ത മറുപടികളോ അല്ലെങ്കിൽ തീരെ മറുപടി കൊടുക്കാത്ത സാഹചര്യങ്ങളോ ഇക്കാലഘട്ടത്തിൽ വളരെ കൂടുതലായി കാണപ്പെടുന്നു. ഫോണിലൂടെയുള്ള സംസാരമാകട്ടെ, മെസ്സേജുകളാവട്ടെ മറു തലക്കലുള്ള വ്യക്തിക്ക് തന്റെ ഇപ്പോഴുള്ള സാഹചര്യം അറിയാൻ ഇടയില്ല എന്നതുകൊണ്ട് ചുരുങ്ങിയ പക്ഷം താൻ തിരക്കിലാണ് എന്ന ഒരു മറുപടിയെങ്കിലും കൊടുക്കുകയാണ് മാന്യത. ഇത് പരസ്പരം മനസ്സിലാക്കുവാനും തെറ്റുധാരണകൾ ഇല്ലാതിരിക്കുവാനും സഹായിക്കുന്നു.
പരസ്പരം പരിഗണിക്കാൻ ശ്രമിക്കുക
നമ്മൾ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോഴോ മെസ്സേജ് ചെയ്യുമ്പോഴോ അയാളുടെ തിരക്കുകളെയും സാഹചര്യങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കുക. ഇതുപോലെ ഒരു വ്യക്തി നമ്മളുമായി ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അയാൾക്ക് താൻ മുഖേന എന്തെങ്കിലും ആവശ്യമുണ്ടായിട്ടാവും എന്ന്മനസ്സിലാക്കി അയാളെ പരിഗണിക്കാൻ ശ്രമിക്കുക.
ദുരുപയോഗം ചെയ്യാതിരിക്കുക
ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും പരസ്പരം സംസാരിക്കാനും കാണാനും കേൾക്കാനുമെല്ലാം സാധിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സൗകര്യങ്ങളെ ശരിയായ രീതിയിൽ മാത്രം ഉപയോഗിക്കുന്ന കാര്യത്തിൽ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അന്യരായ ഒരു സ്ത്രീയും പുരുഷനും ഒറ്റക്കാവുകയാണെങ്കിൽ മൂന്നാമതായി അവിടെ പിശാച് ഉണ്ട് എന്ന പ്രവാചക വചനം ഇത്തരത്തിലുള്ള ആശയവിനിമയ രംഗത്തും നാം കരുതിയിരിക്കുക തന്നെ വേണം.
അനാവശ്യമായി അപരിചിതരുമായുള്ള ആശയവിനിമയം നമുക്ക് ഒഴിവാക്കാനാവും. പരിചിതർ തന്നെയാണെങ്കിലും തെറ്റായ രീതിയിലേക്ക് സംസാരം നീങ്ങുന്നുവെങ്കിൽ അവരെ ബ്ലോക്ക് ചെയ്യാനും അത്തരക്കാരുടെ മെസ്സേജുകൾ ഓപ്പൺ ചെയ്തു നോക്കാതിരിക്കാനുമെല്ലാമുള്ള സൗകര്യം ലഭ്യമാണ്.
അവിഹിതമായ മെസ്സേജുകളോ സംസാരങ്ങളോ വീഡിയോ കോളുകളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾ മാത്രമാണ് പിന്നീട് അതിന്റെ പേരിൽ ഭീഷണിയോ ചൂഷണങ്ങളോ ഇല്ലാതാവുകയുള്ളൂ എന്ന് കൂടി ഓർക്കുക. അതുപോലെതന്നെയാണ് ഒരു നേരമ്പോക്കായി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതും. ഏഷണി, പരദൂഷണം മുതലായ തെറ്റായ രീതിയിലുള്ള സംസാരങ്ങളിലേക്ക് നമ്മുടെ ഇടപെടലുകൾ ഒരിക്കലും വഴിമാറിപ്പോകരുത്. അത്തരത്തിലുള്ള കെണികളെ കരുതിയിരിക്കുകയും വേണം.
ഗുണകാംക്ഷയോടെ ഇടപെടുക
മനുഷ്യർക്ക് പരസ്പരം ഇടപഴകാനുള്ള സൗകര്യങ്ങൾ വർധിച്ചു വന്നിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ പലപ്പോഴും മനുഷ്യരെ പരസ്പരം അകറ്റുകയാണ് ചെയ്തിട്ടുള്ളത്. മാനസിക സംഘർഷം അനുഭവിക്കുന്ന ആളുകളുടെ എണ്ണം പ്രായഭേദമന്യെ ക്രമാതീതമായി വർധിച്ചുവരുന്നതായാണ് നാം കാണുന്നത്. അമിതമായ ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രയാസങ്ങളുമായി ആളുകൾ കൗൺസിലിങ്ങിനും ചികിത്സകൾക്കുമായി പോകുന്ന സാഹചര്യത്തിൽ, അത്തരം മേഖലകളിൽ ഇടപെടുന്ന ആളുകൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മുൻവിധികൾ പാടെ ഒഴിവാക്കുകയും പ്രതിസന്ധി അനുഭവിക്കുന്ന വ്യക്തിയുടെ സ്ഥാനത്ത് നിന്നുകൊണ്ട് യഥാർഥ പ്രയാസം എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട് പ്രതിവിധി കണ്ടെത്തുകയും ചെയ്യുക എന്നത്.
ഇത്തരം മേഖലകളിൽ ആവശ്യമായ പരിശീലനം ലഭിക്കാത്ത ആളുകൾ ഇടപെടുമ്പോൾ കേവലം ഒരു ഉപദേശമായോ സഹതാപമായോ മാത്രമായിരിക്കും അത് അനുഭവപ്പെടുക. നിജസ്ഥിതി അറിയാത്ത ഉപദേശങ്ങളോ സഹതാപങ്ങളോ ഒരിക്കലും പ്രതിസന്ധികൾക്ക് പരിഹാരമല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
സ്റ്റിക്കർ/ഇമോജി ഉപയോഗിക്കുമ്പോൾ
എളുപ്പത്തിൽ സന്ദേശം കൈമാറാൻ സ്റ്റിക്കറുകളും ഇമോജികളും ഉപയോഗിക്കുന്നവരാണ് പലരും. ഉച്ചാരണം കൊണ്ടും ആത്മാർഥമായ മനസ്സുകൊണ്ടും നിർവഹിക്കേണ്ട സലാം മടക്കൽ, പ്രാർഥനകൾ തുടങ്ങിയ കാര്യങ്ങൾ സ്റ്റിക്കറുകളിൽ ഒതുക്കുന്നത് ഭംഗിയല്ല. നമ്മുടെ ബാധ്യത ആത്മാർഥമായി നാം നിർവഹിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.
