സുബ്ഹി ജമാഅത്തിന്റെ നേട്ടങ്ങൾ
മൻശൂഖ് റഹ്‌മാൻ എടത്തനാട്ടുകര
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

എണ്ണി തിട്ടപ്പെടുത്താൻ നമുക്ക് കഴിയാത്ത വിധം ഒരുപാട് അനുഗ്രഹങ്ങൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു :
“അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല’’ (ക്വുർആൻ 14:34).
“നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു’’ (16:53).
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നാണ് ഉറക്കം. അല്ലാഹു പറയുന്നു:
“അവന്റെ കാരുണ്യത്താൽ അവൻ നിങ്ങൾക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നു, അതിൽ (രാത്രിയിൽ) നിങ്ങൾ വിശ്രമിക്കുവാനും (പകൽ സമയത്ത്) അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ തേടുവാനും നിങ്ങൾ നന്ദികാണിക്കുവാനും വേണ്ടി’’ (28:73).
എന്തിനാണ് അല്ലാഹു ഉറക്കത്തെ നിശ്ചയിച്ചത്? “നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു’’ (78:9).
പകലിലെ ജോലിത്തിരിക്കുകളിൽ അവശനായ മനുഷ്യന് വിശ്രമവും ഉന്മേഷവും അതു മുഖേന ലഭിക്കുന്നു. ആരാധനകളിലെ ഉന്മേഷത്തിനും അത് പ്രധാനമാണ്. എന്നാൽ നമസ്‌കാരമാകുന്ന നിർബന്ധവും സമയബന്ധിതവുമായ ആരാധന നിർവഹിക്കുന്നതിന് ഉറക്കമെന്ന അനുഗ്രഹം തടസ്സമായിക്കൂടാ. പലരും ഉറക്കം കാരണം സുബ്ഹി നമസ്‌കാരം വിട്ടുകളയുന്നു; അല്ലെങ്കിൽ വൈകി മാത്രം നിർവഹിക്കുന്നു. നമസ്‌കാരം ജമാഅത്തായി നിർവഹിക്കുന്നവരിൽ പെട്ട ധാരാളം പേർക്ക് സുബ്ഹി നമസ്‌കാരം ജമാഅത്തായി നിർവഹിക്കാൻ കഴിയാറില്ല എന്നതാണ് സത്യം.
സുബ്ഹി നമസ്‌കാരത്തിന്റെ ഒട്ടേറെ ശ്രേഷ്ഠതകൾ മതം പഠിപ്പിക്കുന്നുണ്ട്. അവയിൽ ചിലത് മനസ്സിലാക്കാം:
1.സുബ്ഹി നമസ്‌കരിച്ചവൻ അല്ലാഹുവിന്റെ സംരക്ഷണയിലാണ്. ഇഹലോകത്തും പരലോകത്തും അല്ലാഹു അവനെ സംരക്ഷിക്കും: നബിﷺ പറഞ്ഞു: “സുബ്ഹി നമസ്‌കരിച്ചവൻ അല്ലാഹുവിന്റെ സംരക്ഷണയിലാണ്’’ (മുസ്‌ലിം).
2.നരകത്തിൽ നിന്ന് രക്ഷ ലഭിക്കും: ഉമാറതബ്‌നു റുഅയ്ബത്തിൽ(റ)നിന്ന് നിവേദനം, നബിﷺ അരുളി: “സൂര്യൻ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പുള്ള നമസ്‌കാരങ്ങൾ (സുബ്ഹിയും അസ്വ്‌റും) നിർവഹിക്കുന്നവർ നരകത്തിൽ പ്രവേശിക്കുകയില്ല’’ (മുസ്‌ലിം).
3.സ്വർഗ പ്രവേശനത്തിന് കാരണമാവും: അബൂമൂസ(റ)യിൽനിന്ന് നിവേദനം, നബിﷺ അരുളി: “തണുപ്പ് നേരത്തുള്ള രണ്ട് നമസ്‌കാരം (സുബ്ഹിയും അസ്വ്‌റും) വല്ലവനും നമസ്‌കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു’’ (ബുഖാരി, മുസ്‌ലിം).
4.മലക്കുകൾ സാക്ഷ്യം വഹിക്കും: അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ അരുളി: “രാത്രിയിലും പകലിലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകൾ മാറിമാറി വന്നുകൊണ്ടിരിക്കും. എന്നിട്ട് അസ്വ‌്‌ർ നമസസ്‌കാരവേളയിലും സുബ്ഹി നമസ്‌കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവർ മേൽപോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും: ‘(ആ ദാസൻമാരെക്കുറിച്ച് അല്ലാഹുവിന് പരിപൂർണജ്ഞാനമുള്ളതോടുകൂടി) എന്റെ ദാസൻമാരെ നിങ്ങൾ വിട്ടുപോരുമ്പോൾ അവരുടെ സ്ഥിതിയെന്തായിരുന്നു?’ അന്നേരം മലക്കുകൾ പറയും: ‘ഞങ്ങൾ ചെന്നപ്പോൾ അവർ നമസ്‌കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവർ നമസ്‌കരിക്കുക തന്നെയാണ്’’ (ബുഖാരി).
ഇമാം അഹ്‌മദി(റഹി)ന്റെ റിപ്പോർട്ടിൽ ഇപ്രകാരംകൂടി വന്നിട്ടുണ്ട്: “അതിനാൽ നീ അവർക്ക് പ്രതിഫലനാളിൽ പൊറുത്തുകൊടുക്കേണമേ.’’
‘ഞങ്ങൾ ചെന്നപ്പോൾ അവർ നമസ്‌കരിക്കുകയായിരുന്നു’ എന്ന് മലക്കുകൾ അല്ലാഹുവിനോട് പറയുമ്പോഴും ‘നീ അവർക്ക് പ്രതിഫലനാളിൽ പൊറുത്തുകൊടുക്കേണമേ’ എന്ന് മലക്കുകൾ അല്ലാഹുവിനോട് പ്രാർഥിക്കുമ്പോഴും ആ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ പള്ളിയിൽ ജമാഅത്തായി നമസ് രിക്കാതെ വീടുകളിൽ നമസ്‌കരിക്കുന്ന പുരുഷന്മാർ ഉണ്ടാകില്ലെന്നുള്ളത് ഗൗരവപൂർവം ഓർക്കേണ്ടതാണ്. മലക്കുകൾ എല്ലാ ദിവസവും അല്ലാവിന്റെ അടുത്ത് സാക്ഷി പറയുന്നതും പാപമോചനത്തിന് അപേക്ഷിക്കുന്നതും സുബ്ഹിയും അസ്വ്‌റും ജമാഅത്തായി നമസ്‌കരിക്കുന്നവർക്കു വേണ്ടിയാണ്.
സുബ്ഹി നമസ്‌കാരത്തിലെ ക്വുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നുവെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
“സൂര്യൻ (ആകാശമധ്യത്തിൽനിന്ന്) തെറ്റിയത് മുതൽ രാത്രി ഇരുട്ടുന്നതുവരെ (നിശ്ചിത സമയങ്ങളിൽ) നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുക. ക്വുർആൻ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും (നിലനിർത്തുക). തീർച്ചയായും പ്രഭാത നമസ്‌കാരത്തിലെ ക്വുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു’’ (ക്വുർആൻ 17:78).
5.അന്ത്യനാളിൽ പൂർണ വെളിച്ചം ലഭിക്കും: ബുറൈദതൽ അസ്‌ലമിയ്യി(റ)ൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “പള്ളിയിലേക്ക് ഇരുട്ടിൽ പോകുന്നവർക്ക് പരലോകത്ത് സമ്പൂർണ പ്രകാശം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക’’ (തിർമിദി).
6.രാത്രി മുഴുവൻ നമസ്‌കരിക്കുന്നതിന്റെ പ്രതിഫലം ലഭിക്കുന്നു: ഉസ്മാനുബ്‌നു അഫ്ഫാനിൽ(റ)നിന്ന് നിവേദനം, നബി ﷺ പറയുന്നത് ഞാൻ കേട്ടു: “ഇശാഅ് നമസ്‌കാരം സംഘടിതമായി നിർവഹിക്കുന്നവൻ അർധരാത്രിവരെ നമസ്‌കരിച്ചവനെ പോലെയാണ്. സുബ്ഹി നമസ്‌കാരം സംഘടിതമായി നിർവഹിച്ചവൻ രാത്രി മുഴുവൻ നമസ്‌കരിച്ചവനെപ്പോലെയാണ്’’ (മുസ്‌ലിം).
7.കാപട്യത്തിൽ നിന്നും രക്ഷ ലഭിക്കുന്നു: അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “ഇശാഅ്, സുബ്ഹ് എന്നീ നമസ്‌കാരത്തെക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനായി നിരങ്ങിക്കൊണ്ടാണെങ്കിലും (പള്ളിയിലേക്ക്) എത്തുമായിരുന്നു’’ (ബുഖാരി).
8.ദുനിയാവും അതിലുള്ളതും ലഭിക്കുന്നതിനേക്കാൾ ഉത്തമം: ആഇശ(റ)യിൽനിന്ന് നിവേദനം: നബിﷺ പറഞ്ഞു: “സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരം ഇഹലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനെക്കാൾ ഉത്തമമാണ്’’ (മുസ്‌ലിം).
സുബ്ഹി നമസ്‌കാരത്തിന് മുമ്പുള്ള സുന്നത്ത് നമസ്‌കാരത്തിന് ഇത്രയും പ്രതിഫലമുണ്ടെങ്കിൽ സുബ്ഹി നമസ്‌കാരത്തിന്റെ പ്രതിഫലം എത്രയായിരിക്കും!
9.അല്ലാഹുവിനെ കാണാനുള്ള ഭാഗ്യം ലഭിക്കും:
ജരീറി(റ)ൽനിന്ന് നിവേദനം: “ഒരിക്കൽ ഞങ്ങൾ നബിﷺയോടൊപ്പം ഇരിക്കുമ്പോൾ ചന്ദ്രനെ നോക്കിക്കൊണ്ട് അവിടുന്ന് അരുളി: ‘ഈ ചന്ദ്രനെ നിങ്ങൾ കാണും പോലെത്തന്നെ നിങ്ങളുടെ നാഥനെ നിങ്ങൾ അടുത്തു കാണും. ആ കാഴ്ചയിൽ നിങ്ങൾക്ക് ഒരു അവ്യക്തതയുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമനത്തിന് മുമ്പും ഉള്ള നമസ്‌കാരം (സുബ്ഹിയും അസ്വ്‌റും) നിർവഹിക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ അത് നിങ്ങൾ നിർവഹിച്ച്ുകൊള്ളുക’’ (ബുഖാരി).
10.ജനങ്ങളിൽ ശുദ്ധഹൃദയനും ഊർജസ്വലനുമായിത്തീരാം: നബിﷺ അരുളി: “നിങ്ങളിൽ ഒരാൾ രാത്രി ഉറങ്ങുമ്പോൾ അവന്റെ മൂർധാവിൽ പിശാച് മൂന്നു കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവൻ പറയും: ‘സമയമുണ്ടല്ലോ, ഉറങ്ങിക്കോ.’ എന്നാൽ അവൻ ഉണരുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുമ്പോൾ ഒരു കെട്ടഴിയും. വുദൂഅ് ഉണ്ടാക്കിയാൽ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാൽ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോൾ ശുദ്ധഹൃദയനും ഊർജസ്വലനുമായി അവൻ പ്രഭാതത്തിൽ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കിൽ മടിയനും ദുഷ്ചിന്തകനുമായി അവൻ പ്രഭാതത്തിലാകുന്നു’’ (ബുഖാരി).
ഇത്രയും നേട്ടങ്ങളും ശ്രേഷ്ഠതകളും സുബ്ഹി ജമാഅത്തിന് ഉണ്ടെന്നിരിക്കെ അതിൽ അശ്രദ്ധ കാണിക്കുന്നത് ഗൗരവമുള്ള കാര്യം തന്നെയാണ്.
