സഭാഷ് കുട്ടികളേ...!

പത്രാധിപർ

2025 മെയ് 17, 1446 ദുൽഖഅദ് 19

നാലു പതിറ്റാണ്ടു മുമ്പ് കോഴിക്കോട്ടുവച്ച് മുജാഹിദ് വിദ്യാർഥി ഘടകം നടത്തിയ സമ്മേളനത്തിന്റെ സമാപന സംസാരത്തിന്റെ തുടക്കത്തിൽ എ. പി അബ്ദുൽ ഖാദിർ മൗലവി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: ‘സഭാഷ് കുട്ടികളേ...സഭാഷ്...!’ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസിന് സാക്ഷിയായപ്പോൾ ഉറക്കെ വിളിച്ചു പറയാൻ തോന്നി; സഭാഷ് കുട്ടികളേ...സഭാഷ്!

2025 മെയ് 11, ഞായറാഴ്ച ആധുനിക കേരള വിദ്യാർഥി ചരിത്രത്തിലെ തിളക്കമാർന്ന ഒരു ദിനമായി രേഖപ്പെടുത്തപ്പെടുമെന്നതിൽ സംശയമില്ല. കേരളത്തിനകത്തും പുറത്തുമുള്ള ക്യാമ്പസുകളിൽ പഠിക്കുന്ന കൗമാരക്കാരും യുവാക്കളുമായ വിദ്യാർഥികൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു എന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. അരമണിക്കൂർ പോലും അടങ്ങിയിരിക്കാൻ കഴിയാത്ത, ഉപദേശങ്ങളോടും നിർദേശങ്ങളോടും താൽപര്യമില്ലാത്ത, നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ പോലും കൂക്കുവിളികളും കല്ലേറും നടത്താൻ തയ്യാറാകുന്ന ഈ പ്രസരിപ്പിന്റെ പ്രായത്തിലെ മക്കളെ എങ്ങനെ മണിക്കൂറുകളോളം അടക്കിയിരുത്താൻ കഴിയും എന്ന് സന്ദേഹിച്ചവരെ വിസ്മയിപ്പിക്കുംവിധം അവർ സമ്മേളനത്തിൽ അലിഞ്ഞുചേരുകയായിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കടന്നുവന്ന പതിനായിരങ്ങൾ സമ്മേളന നഗരിയിൽ അക്ഷരാർഥത്തിൽ തിങ്ങിനിറഞ്ഞു. പെരിന്തൽമണ്ണ നഗരത്തിലെ വാഹന ഗതാഗതത്തെ സ്തംഭിപ്പിക്കാതെ, യാതൊരുവിധ അസ്വാരസ്യങ്ങളുമുണ്ടാക്കാതെ പതിനായിരക്കണക്കിന് വിദ്യാർഥികൾ സമ്മേളിച്ചത്, എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തത്...എല്ലാം പുതിയൊരു വിഭാതത്തിന്റെ നാന്ദികുറിക്കലായിരുന്നു.

കഠാരയും വടിവാളും ലഹരി വസ്തുക്കളുമല്ല, പേനയും പുസ്തകവുമാണ് കൈകളിലേന്തേണ്ടത് എന്നും, അപര വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പകയുടെയും മനസ്സും വാക്കുമല്ല; സ്‌നേഹത്തിന്റെയും ആർദ്രതയുടെയും ചേർത്തുപിടിക്കലിന്റെയും മാനുഷിക മുഖമാണ് വിദ്യാർഥികൾക്കു വേണ്ടത് എന്നും, ദൈവനിഷേധത്തിന്റെയും മൂല്യനിരാസത്തിന്റയും വരണ്ട ഭൂമികയിൽനിന്ന് ദൈവവിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും ശാദ്വല ഭൂമിയിലേക്ക് പ്രവേശിച്ചാലേ മഹിതമായ ലക്ഷ്യമുള്ള മനുഷ്യരായി മാറുവാൻ കഴിയൂ എന്നും പ്രഖ്യാപിക്കാൻ തയ്യാറായ, അതിനു വേണ്ടി വിദ്യാർഥികൾക്കിടയിൽ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ധാർമിക വിദ്യാർഥി പ്രസ്ഥാനത്തിന് പുതുതലമുറയെ നന്മയുടെ വാഹകരായി മാറ്റാൻ കഴിയുമെന്നും അവർ വിളിച്ചാൽ മനസ്സിൽ അൽപമെങ്കിലും നന്മയോട് ആഭിമുഖ്യമുള്ളവർ മുന്നോട്ടുവരുമെന്നും ഈ സമ്മേളനം തെളിയിക്കുന്നു.

എട്ടു മാസത്തിനിടയിൽ പ്രവർത്തകർ ‘ധർമ സമരത്തിന്റെ വിദ്യാർഥികാലം’ എന്ന പ്രമേയവുമായി ഒട്ടേറെ ക്യാമ്പസുകളിൽ കടന്നുചെന്ന് ലഹരിക്കും മറ്റു അധാർമിക പ്രവണതകൾക്കുമെതിരിൽ ബോധവൽക്കരണം നടത്തി. പൊതു ഇടങ്ങളിൽ ടേബിൾ ടോക്കുകൾ നടത്തി. ഓൺലൈനായും ഓഫ്‌ലൈനായും മറ്റു പല ആകർഷകമായ പരിപാടികളും നടത്തി. സമ്മേളന നഗരിയിൽ ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത ‘സൊല്യൂഷൻ’ എന്ന പേരിൽ 5 ദിവസം നീണ്ടുനിന്ന, തിരിച്ചറിവിന്റെയും ചിന്തയുടെയും വാതായനങ്ങൾ തുറക്കുന്ന ദൃശ്യാവിഷ്‌കാരം നടത്തി. എല്ലാറ്റിന്റെയും സമാപനമായി മഹാ സമ്മേളനം നടന്നു. ഒരു ഭക്തനായ വിദ്യാർഥി, ഒരു നല്ല സന്താനം, ഒരു നല്ല പൗരൻ എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കിയാണ് കുട്ടികൾ സമ്മേളന നഗരി വിട്ടത്.