വീണ്ടും ഒരു പെരുന്നാൾ
പത്രാധിപർ
2025 മാർച്ച് 22, 1446 റമദാൻ 21

‘എത്ര പെട്ടെന്നാണ് നോമ്പിെൻറ നാളുകൾ കഴിഞ്ഞുപോയത്’ എന്ന് ആളുകൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ ‘നേർപഥം’ വായനക്കാരുടെ കൈയിൽ കിട്ടുമ്പോഴേക്കും റമദാൻ അവസാന പത്തിെൻറ പകുതിയും പിന്നിട്ടിട്ടുണ്ടാകും. വിശ്വാസികളിൽ പലരും ഇഅ്തികാഫിലും മറ്റു ആരാധനാകർമങ്ങളിലും നിരതരാണ്. മറ്റു പലരും വസ്ത്രങ്ങൾ വാങ്ങിയും മറ്റും പെരുന്നാളിെൻറ ഒരുക്കത്തിലായിരിക്കും.
ശവ്വാലിെൻറ പിറവിയോടെ ആഹ്‌ളാദത്തിെൻറ നിമിഷങ്ങളുമായി ഈദുൽ ഫിത്വ‌്‌ർ കടന്നുവരും. ആബാലവൃദ്ധം വിശ്വാസികൾ പ്രഭാതത്തിെൻറ ശീതളിമയിൽ പുതുവസ്ത്രമണിഞ്ഞ് ഈദ് മുസ്വല്ലകളി ലേക്കും പള്ളികളിലേക്കും ചുണ്ടുകളിൽ തക്ബീർ മന്ത്രവുമായി തിരിക്കും.
രണ്ട് പെരുന്നാളുകളല്ലാതെ മറ്റൊരാഘോഷവും ഇസ്‌ലാം മതത്തിൽ പഠിപ്പിക്കപ്പെട്ടിട്ടില്ല. ലോകത്ത് വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും പലവിധ ആഘോഷങ്ങളുണ്ട്. ആ ആഘോഷങ്ങളിൽനിന്നും ഏറെ ഭിന്നമാണ് ഇസ്‌ലാമിലെ പെരുന്നാൾ ആഘോഷം.
ആഘോഷത്തിെൻറ പേരിൽ നടത്തുന്ന പാട്ടും കൂത്തും ധൂർത്തും പടക്കം പൊട്ടിക്കലും മദ്യം വിളമ്പുന്ന കൂടിച്ചേരലുകളും അന്യ സ്ത്രീ-പുരുഷന്മാർ ഇടകലർന്നുള്ള ആഭാസനൃത്തങ്ങളുമൊന്നും ഈദ് ദിനത്തിൽ കാണുക സാധ്യമല്ല. മുസ്‌ലിം നാമധാരികൾ ആരെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അത് ഇസ്‌ലാമിെൻറ തകരാറല്ല.
ഈദിെൻറ സവിശേഷത ആരാധനയിൽ അധിഷ്ഠിതമാണ് എന്നതാണ്. സ്രഷ്ടാവിനെ ധാരാളമായി സ്മരിച്ചും പ്രകീർത്തിച്ചും കുടുംബ ബന്ധങ്ങൾ ചേർത്തും ദരിദ്രരെയും അശരണരെയും സഹായിച്ചുമൊക്കെയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്.
ഭൗതിക പ്രമത്തതയുടെ ഉത്സവ വേളകളിൽനിന്ന് ഇസ്‌ലാമിലെ ആഘോഷങ്ങളെ വ്യതിരിക്തമാക്കുന്നവയാണ് തക്ബീറും പെരുന്നാൾ നമസ്‌കാരവും. ‘അല്ലാഹു അക്ബർ’ അഥവാ ‘അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ’ എന്ന് ആവർത്തിച്ചാവർത്തിച്ച് ഉദ്‌ഘോഷിക്കുന്ന സത്യവിശ്വാസി അല്ലാഹുവിെൻറ മാർഗദർശനം പൂർണമായി അംഗീകരിച്ചുകൊണ്ട്, അവെൻറ വിധിവിലക്കുകൾക്ക് വിധേയമായി ജീവിക്കാമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ പുരുഷഭേദമന്യെ ആബാലവൃദ്ധം മുസ്‌ലിംകൾ പങ്കെടുക്കുന്ന പെരുന്നാൾ നമസ്‌കാരവും അനന്തരം ഇമാം നടത്തുന്ന ഉദ്‌ബോധനവും ആഹ്ലാദത്തിനുപരിയായി ഒരു ആത്മീയ പ്രഭകൂടി ഈദുൽ ഫിത്വ്‌റിന് നൽകുന്നു.
ഒന്നിച്ചുള്ള പെരുന്നാൾ നമസ്‌കാരവും പ്രാർഥനയും ഉദ്‌ബോധനവുമെല്ലാം മനസ്സുകളെ ഒന്നിപ്പിക്കുന്നു. അയൽപക്കബന്ധവും കുടുംബബന്ധവുമെല്ലാം സുദൃഢമാക്കുവാനും പിണക്കങ്ങൾ തീർക്കുവാനും വിശ്വാസികൾ പെരുന്നാൾ ദിനത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിശ്വാസദൃഢത കൈവരിച്ച് കൂടുതൽ സൂക്ഷ്മതയുള്ളവരായി മാറുവാനും ചൊവ്വായ പാതയിലൂടെ ജീവിതം മുന്നോട്ട് നയിക്കുവാനും വിശ്വാസികളെ ഈ ആഘോഷം പ്രാപ്തമാക്കുന്നു.
സകല അധാർമികതകളും ആടിത്തിമർക്കുന്ന ആഘോഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈദുൽഫിത്വ്‌റിനെ വിശിഷ്‌ടമാക്കുന്ന പ്രത്യേകതകളും ആ സുദിനത്തിെൻറ മഹത്ത്വവും നാം ഉൾക്കൊള്ളേണ്ടതുണ്ട്. വ്രതമനുഷ്ഠിക്കുമ്പോൾ പാലിക്കുന്ന പരിധികൾ പോലെത്തന്നെയാണ് പെരുന്നാൾ ആഘോഷിക്കുമ്പോൾ പാലിക്കേണ്ട പരിധികളും.
വായനക്കാർക്കെല്ലാം നേർപഥത്തിെൻറ പെരുന്നാൾ ആശംസകൾ.

