പൈശാചികതയിലേക്കു നയിക്കുന്ന ലഹരി

പത്രാധിപർ

2025 ജനുവരി 25, 1446 റജബ് 25

തലയിലെ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്ന, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പുതുപ്പാടിയിലെ സുബൈദ എന്ന സഹോദരി ദാരുണമായി കൊല്ലപ്പെട്ട വാർത്ത മനഃസാക്ഷിയുള്ളവരെയെല്ലാം വല്ലാതെ വേദനിപ്പിച്ചതാണ്. പൊന്നുപോലെ നോക്കി വളർത്തിയ സ്വന്തം മകനാണല്ലോ ഈ കടുംകൈ ചെയ്തത് എന്നതോർക്കുമ്പോൾ വേദനയുടെ ആഴം വർധിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മൂന്നുപേരെ ഒരു യുവാവ് കുത്തിക്കൊന്നതും നമ്മൾ അറിഞ്ഞതാണ്.

കൊലപാതകങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുന്നു നമ്മുടെ നാട്ടിൽ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഏതാണ്ട് അറുതിവന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന മിക്ക കൊലപാതകങ്ങളിലെയും പ്രതികൾ ലഹരിക്ക് അടിമപ്പെട്ടവരാണ്. അയൽപക്കത്തുനിന്നും മറ്റെന്തോ ആവശ്യത്തിനെന്നു പറഞ്ഞ് വാങ്ങിയ വെട്ടുകത്തി കൊണ്ട് സ്വന്തം മാതാവിന്റെ കഴുത്ത് വെട്ടിമുറിക്കാൻ ആ യുവാവിന് ധൈര്യം നൽകിയതും ക്രൂരനാക്കിയതും അവന്റെ രക്തത്തിലലിഞ്ഞ ലഹരിയാണ്.

മയക്കുമരുന്ന് നമ്മുടെ നാട്ടിൽ നിരോധിക്കപ്പെട്ടതാണ്. അത് വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല. കണ്ടെത്തിയാൽ പോലീസിന്റെ പിടിയിലാകും. ബ്രൗൺഷുഗർ, കഞ്ചാവ്, ഹഷീഷ്, ഹെറോയിൻ, കറുപ്പ് തുടങ്ങിയ ലഹരി പദാർഥങ്ങളെക്കാൾ എത്രയോ മടങ്ങ് ലഹരി പകരുന്ന, പല രൂപത്തിൽ ഉപയോഗിക്കാൻ കഴിയുന്ന, ഒന്നോ രണ്ടോ ചെറുതരി ഉപയോഗിച്ചാൽതന്നെ ദിവസങ്ങളോളം ലഹരി തലയിൽനിന്നിറങ്ങാത്ത, ഒരിക്കൽ ഉപയോഗിച്ചാൽ തന്നെ അഡിക്റ്റാക്കി മാറ്റുന്ന ലഹരി പദാർഥങ്ങളാണ് പുതുതലമുറ ഉപയോഗിക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർഥി-വിദ്യാർഥിനികളെ ലക്ഷ്യമാക്കി ലഹരി മാഫിയകൾ സജീവമാണ്.

ഭരണാധികാരികളും നിയമപാലകരും ഇതൊന്നും അറിയാത്തവരല്ല. വല്ലപ്പോഴും ബോധവൽക്കരണം നടത്തിയാൽ, ആരെങ്കിലും ഒറ്റുകൊടുക്കുന്നതിനാൽ മാത്രം മയക്കുമരുന്നുകൾ പിടിച്ചടുത്താൽ ഉത്തരവാദിത്തം തീരുന്നില്ല. ഒരു കിലോ കഞ്ചാവ് പിടികൂടിയാൽ അത് എഫ്‌ഐആറിൽ അഞ്ചു ഗ്രാം മാത്രമായി മാറുന്ന മാജിക് ഇവിടെ നടക്കുന്നുണ്ട്. പണത്തിനു മേൽ പരുന്തും പറക്കില്ല എന്നാണല്ലോ. മുകളിൽനിന്ന് വിളി വന്നാലും ആ മാജിക് നടക്കും.

ഭരണകൂടവും പോലീസ് ഡിപ്പാർട്ടുമെന്റും എക്‌സൈസ് വകുപ്പും കോടതികളും സമൂഹവും ലഹരി വിമുക്ത കേരളത്തിനായി ഒന്നിച്ചു നിന്നാൽ ഒരു പരിധിവരെ അതിനു തടയിടാൻ കഴിയുമെന്നതിൽ സംശയമില്ല. കുറ്റവാളികളെ ഏതാനും ദിവസത്തെ ജയിൽ സുഖവാസത്തിനു വിധിച്ചതുകൊണ്ട് കാര്യമില്ലെന്ന് കോടതികൾ മനസ്സിലാക്കണം. കഠിനമായ ശിക്ഷ കിട്ടുമെന്ന ഉറച്ച ബോധ്യമുണ്ടെങ്കിലേ കുറ്റവാളികൾ അടങ്ങൂ. ഗൾഫ് രാജ്യങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്.

വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകലവിധ ലഹരിവസ്തുക്കളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു; ലഹരിബാധിക്കാത്തത്ര ചെറിയ അളവാണെങ്കിൽ പോലും. കാരണം, ഇസ്‌ലാം മനുഷ്യനെ ആദരിക്കുന്നു. ലഹരിയിൽ മുങ്ങി ജീവിതം തുലക്കാൻ മനുഷ്യനെ ഇസ്‌ലാം അനുവദിക്കുന്നില്ല. ലഹരിയിൽ അലിഞ്ഞുതീരാനുള്ളതല്ല മനുഷ്യന്റെ ജീവിതം.

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതർﷺ പറയുന്നത് ഞാൻ കേട്ടു: ‘മദ്യം നീചവൃത്തികളുടെ മാതാവും വൻപാപവുമാണ്. വല്ലവരും അത് കുടിച്ചാൽ അവന്റെ മാതാവിന്റെയും സഹോദരിയുടെയും മാതൃസഹോദരിയുടെയും മേൽ അവൻ വീണെന്നിരിക്കും.’’അബുദ്ദർദാഇ(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “എന്റെ ഇഷ്ടഭാജനമായ നബിﷺ എന്നോട് വസ്വിയ്യത്ത് ചെയ്തു: ‘താങ്കൾ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീർച്ച.’’