ദൈവം, നരകം, യുക്തിവാദികൾ

പത്രാധിപർ

2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

“ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ, ദൈവത്തെക്കുറിച്ച് സ്തുതിഗീതങ്ങൾ പാടി ഇസ്‌ലാമിക നിയമങ്ങൾ പൂർണമായി അനുഷ്ഠിച്ചില്ലെങ്കിൽ നരകത്തിലിട്ട് വറുക്കുന്നവൻ എങ്ങനെയാണ് റഹ്‌മാനും റഹീമുമായിത്തീരുന്നത്’ എന്ന, ഒരു യുക്തിവാദിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി.

ഇസ്‌ലാമിനെ താത്വികമായും പ്രായോഗികമായും എതിർക്കുന്നു എന്നതിനാൽ; ആഗോള സാമ്രാജ്യത്വ അധിനിവേശ ദുശ്ശക്തികൾ, വർഗീയ - വംശീയ ഫാഷിസം, സിയോണിസം, നിയോനാസിസം തുടങ്ങിയ പ്രതിലോമകശക്തികളെ വാനോളം പുകഴ്ത്തുവാൻ തൂലികയും ചിന്തയും ഉപയോഗിക്കുന്ന പലരും യുക്തിവാദികളുടെ കൂട്ടത്തിലുണ്ട്. മാരകമായ ഈ ബൗദ്ധികരോഗത്തിന്റെ പിടിയിലമർന്ന് ചിന്തയും വിവേകവും യുക്തിബോധവും സാമാന്യബുദ്ധിയും നശിക്കുകയും മനുഷ്യത്വത്തിന്റെ വിശാലമായ താൽപര്യങ്ങൾക്കുപോലും യാതൊരു മൂല്യവും കാണാൻ സാധിക്കാത്ത തരംതാഴ്ചയിൽ ചെന്നെത്തുകയും ചെയ്തവർ കേരളത്തിൽ യുക്തിവാദികളായി വിലസുന്നുണ്ട്.

മതങ്ങളെയും വിശ്വാസങ്ങളെയും വിലയിരുത്തുന്നതിൽ അവർ ചെന്നെത്തിയിരിക്കുന്നത് സാമാന്യബുദ്ധിയുടെയും മനുഷ്യമഹത്ത്വത്തിന്റെയും സർവസാധാരണങ്ങളായ മാനദണ്ഡങ്ങളുമായി പോലും നീതിപുലർത്താത്ത നിലപാടുകളിലാണ്. ഇസ്‌ലാമുമായി ബന്ധപ്പെട്ട പ്രമേയങ്ങളെ ചർച്ചക്കെടുക്കുമ്പോൾ യുക്തിവാദികളിൽ കാണുന്ന സമീപനങ്ങൾ പലപ്പോഴും നീതിപൂർവകമാകാറില്ലെന്ന് മാത്രമല്ല, യുക്തിയുമായി ബന്ധപ്പെട്ട ഏതൊരുതരം വിശേഷണങ്ങളെയും തള്ളിക്കളയുന്ന സ്വഭാവത്തോടുകൂടിയവയും ആയിരിക്കാറുണ്ട്. ഇസ്‌ലാമിന്റെ ചരിത്രം, ചരിത്രപശ്ചാത്തലം, ആശയങ്ങൾ, മൂല്യങ്ങൾ, മതപരമായ നിയമങ്ങൾ, വിശുദ്ധ ക്വുർആനിലെ പരാമർശങ്ങൾ എന്നിവയെക്കുറിച്ച് അന്ധമായ മുൻവിധികളുടെ സഹായത്തോടെയാണ് യുക്തിവാദികൾ അവരുടെ വീക്ഷണങ്ങൾ അവതരിപ്പിക്കാറുള്ളത്. വസ്തുനിഷ്ഠമായ പഠനത്തിന് വിധേയമാക്കാൻ ശ്രമിക്കാതെ തെറ്റായ വിധിപ്രഖ്യാപനങ്ങളിലൂടെ ഇസ്‌ലാമിനെ കടന്നാക്രമിക്കുവാൻ യുക്തിവാദികൾ കഠിനപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലാ മേഖലകളിലും മനുഷ്യന്റെ യുക്തിപരമായ ഔന്നത്യത്തെ വിലകുറച്ച് കാണിക്കുന്നവർ എന്ന രീതിയിൽ യുക്തിവാദികൾ തരംതാഴ്ന്നിരിക്കുന്നു. ഈ സ്വഭാവം ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വർധിതമായി കാണാം. ഇസ്‌ലാമിനെ വിമർശിക്കുന്നതിൽ ഏതറ്റംവരെയും പോകുന്നതിൽ ഒരു വിവേചനശേഷിയും യുക്തിവാദികളെ തടയാറില്ല. ഇന്ത്യയിൽ അങ്ങേയറ്റം വർഗീയത പടർത്തുകയും മതത്തിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ബി- ടീമായി ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സന്ദർഭങ്ങളും പശ്ചാത്തലങ്ങളും പരിഗണിക്കാതെയുള്ള വിലയിരുത്തലുകളിലൂടെ ഇസ്‌ലാമിനെ കടന്നാക്രമിക്കാനുള്ള മൃഗീയമായ ത്വര യുക്തിവാദികൾ ഒരു ഐഡന്റിറ്റിയായി കൊണ്ടുനടക്കുന്നു. ഈ പ്രവണതക്ക് എമ്പാടും ഉദാഹരണങ്ങൾ ഉദ്ധരിക്കുവാൻ കഴിയും.

ഒരുപാട് അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടാണ് മനുഷ്യർ ഇവിടെ ജീവിക്കുന്നത്. ദൈവം ഇല്ലായെന്ന് പറയുകയും ദൈവത്തെ കളിയാക്കുകയും അവന്റെ നിയമങ്ങളെ അപഹസിക്കുകയും ചെയ്യുന്ന ഇത്തരം യുക്തിവാദികളും ആ അനുഗ്രഹങ്ങൾ ആകുവോളം ആസ്വദിക്കുന്നുണ്ട് എന്നത് അവർ വിസ്മരിക്കുകയാണ്. സത്യവിശ്വാസികളാകട്ടെ അനുഗ്രഹങ്ങൾക്ക് നന്ദിയെന്നോണം സ്രഷ്ടാവിന്റെ വിധിവിലക്കുകൾ പാലിച്ചുകൊണ്ടും അവനെ പ്രകീർത്തിച്ചുകൊണ്ടും ജീവിക്കുന്നു. രണ്ടുകൂട്ടരുടെയും പര്യവസാനം ഒരുപോലെയാണെങ്കിൽ നല്ലവരായി ജീവിക്കുന്നത് അർഥശൂന്യമായ പ്രവൃത്തിയാണെന്ന് വരുമല്ലോ. മക്കൾ അനുസരണക്കേട് കാണിക്കുമ്പോൾ രക്ഷിതാക്കൾ ശിക്ഷിക്കും. അനുസരിക്കുന്ന മക്കളെ അഭിനന്ദിക്കും. ഇങ്ങനെ ചെയ്യുന്ന പിതാവ് ക്രൂരനാണെന്ന അഭിപ്രായം യുക്തിവാദികൾക്കുണ്ടോ?