സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ തടയുക
പത്രാധിപർ
2025 മെയ് 03, 1446 ദുൽഖഅദ് 05

കാലം മുന്നോട്ട് പോകുന്തോറും മനുഷ്യൻ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കുതിപ്പിനിടയിൽ മാനവികതയുടെ കാര്യത്തിൽ മനുഷ്യർ കിതയ്ക്കുകയാണെന്നത് അനുഭവ യാഥാർഥ്യമാണ്. പല രാഷ്ട്രങ്ങൾ തമ്മിലും നിരന്തരം അതിർത്തി തർക്കങ്ങളിലാണ്. പലതും പരസ്പരം ആണവായുധം കാട്ടി ഭീഷണിപ്പെടുത്തുന്നു. അധിനിവേശത്തിന് പഴുതുകൾ തേടിക്കൊണ്ടിരിക്കുന്നു. ഉപരോധങ്ങൾ ഏർപെടുത്തുന്നു...
ഇന്ത്യയിലേക്ക് വരിക. ഇവിടെ സ്വന്തം മതത്തിൽ അടിയുറച്ച് നിന്നിരുന്ന വ്യത്യസ്ത മതവിശ്വാസികൾ കഴിഞ്ഞിരുന്നത് പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു. എന്നാൽ ആ അവസ്ഥയിൽ ഭീമമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മാറ്റം ഉണ്ടാക്കുവാൻ ചില ശക്തികൾ ആത്മാർഥമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് കാണാതിരിക്കാനാവില്ല.
കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യയിൽ നിലനിൽക്കുന്ന വർഗീയ ചേരിതിരിവിന്റെ വ്യാപ്തി വർധിപ്പിക്കുവാനുള്ള മരുന്നായി സംഘപരിവാറുകാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അക്രമികളുടെ ലക്ഷ്യവും അതുതന്നെയായിരുന്നു. ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അതിന് സാധിക്കാത്തവരുടെ മതം തിരിച്ചറിഞ്ഞ് കൊന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നവർ, വർഷങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ‘ജയ് ശ്രീറാം’ എന്നു വിളിക്കാൻ നിർബന്ധിക്കുന്നതും അതിനു തയ്യാറില്ലാത്തവരെ അതിക്രൂരമായി തല്ലിച്ചതക്കുന്നതും പലരും കൊല്ലപ്പെട്ടതും അറിയാത്തവരൊന്നുമല്ല. ‘കലിമ’ ചൊല്ലാൻ പറഞ്ഞത് വാർത്തയാക്കുന്ന മാധ്യമങ്ങൾക്കൊന്നും ‘ജയ് ശ്രീരാം’ വിളിക്കാൻ നിർബന്ധിച്ച് മർദിക്കുന്ന സംഭവങ്ങൾ വാർത്താപ്രാധാന്യമുള്ള കാര്യമേ അല്ല. തോക്കുചൂണ്ടി കലിമ ചൊല്ലിക്കുന്നതും ജയ്ശ്രീരാം വിളിപ്പിക്കുന്നതും ഒരേ നാണയത്തിെൻറ രണ്ടുവശങ്ങളാണ്.
1893 സെപ്റ്റംബർ 13ന് ചിക്കാഗോയിൽ വെച്ചു നടന്ന ലോകമത മഹാസമ്മേളനത്തിൽവച്ച് സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗത്തിൽ അക്കാലത്ത് ലോകത്ത് നിലനിന്നിരുന്ന മതത്തിന്റെ പേരിലുള്ള അകൽച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “വിഭാഗീയ സ്പർധയും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും ഏറെക്കാലമായി ഈ മനോഹരമായ ഭൂമിയെ ദുർഭൂതമായി ആവേശിച്ചിരിക്കുന്നു. അത് അക്രമം അഴിച്ചുവിടുകയും മനുഷ്യരക്തം കൊണ്ട് ഈ മണ്ണിനെ മലിനമാക്കുകയും സംസ്‌കാരകേദാരങ്ങളെ നശിപ്പിക്കുകയും ഏല്ലാ രാഷ്ട്രങ്ങളെയും നൈരാശ്യത്തിലാഴ്ത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ, അതിന്റെ അന്ത്യം അടുത്തിരിക്കുന്നു. വിവിധ മതപ്രതിനിധികളുടെ ബഹുമാനാർഥം ഇവിടെ ഈ പാർലമെന്റിൽ ഇന്ന് പ്രഭാതത്തിൽ മുഴക്കിയ മണിനാദം മതഭ്രാന്തിന്റെ മരണമണിയുടെ മുഴക്കമാണ് (കരഘോഷം). എതിരഭിപ്രായങ്ങളുടെ നേരെ വാളോങ്ങുന്ന സമ്പ്രദായത്തിന്റെ മരണമണിയാണത്’’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2000 ഡിസംബർ 10).
മതങ്ങൾ വാസ്തവത്തിൽ മതഭ്രാന്തരാകുവാൻ പ്രേരിപ്പിക്കുന്നില്ല. എന്നാൽ മതങ്ങളെ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കാണുന്നവരാണ് മതത്തെ വിദ്വേഷം പടർത്തുവാനുള്ള ആയുധമാക്കുന്നതും വിവേകശൂന്യരെ സൃഷ്ടിച്ച് തെരുവിലിറക്കി ചോരക്കളി കളിക്കുന്നതും.
ഇതര മതസ്ഥരെ സംശയത്തോടെയും ഭയപ്പാടോടെയും കാണുന്ന സ്ഥിതിവിശേഷം ഒരു ബഹുമത സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടത്തിന്റെ ആഴം ചെറുതല്ല. ഭയപ്പാട് വളർത്തി സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന പ്രവണതയാണ് നാമിന്ന് കാണ്ടുകൊണ്ടിരിക്കുന്നത്. ഈ ഇരുട്ടിന്റെ ശക്തികളെ ചങ്ങലയ്ക്കിടുവാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ നാട് അതിവേഗം നാശത്തിലേക്ക് കൂപ്പുകുത്തുമെന്നതിൽ സംശയമില്ല.

