രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ...

പത്രാധിപർ

2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക പരിസരത്ത് ഇന്ന് നിറഞ്ഞുനിൽക്കുന്ന സംസാര വിഷയം ധാർമികതയും ലൈംഗിക സദാചാരവുമാണ്. ഒരു യുവ രാഷ്ട്രീയ നേതാവ് അകപ്പെട്ട വളഞ്ഞിക്കെണിയിൽ രാഷ്ട്രീയ രംഗം പ്രക്ഷുബ്ധമാണ്. പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിൽ മത്സരിക്കുകയാണ് പാർട്ടികൾ.

മത, രാഷ്ട്രീയ, സാംസ്‌കാരിക, കലാസാഹിത്യ, സിനിമ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവർ സ്ത്രീവിഷയത്തിൽ പ്രതികളാകുന്ന കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നത് നൽകുന്ന സന്ദേശം അത്ര നല്ലതല്ല. സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾക്ക് പുതുമ നഷ്ടപ്പെടുംവിധം അത് സർവസാധാരണമാ യിരിക്കുന്നു. അതിനിടയിലാണ് അറിയപ്പെടുന്ന നേതാക്കൾ കുരുക്കിലകപ്പെടുന്നത്.

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം അവർ മറ്റുള്ളവരെക്കാൾ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നവരാണ്. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടാകും. ഫോണിലൂടെയും അല്ലാതെയും ആശയവിനിമയം നടത്തേണ്ടി വരും. അവരിൽ ദുരുദ്ദേശ്യമുള്ളവരുമുണ്ടാകും. പല വിധ പ്രശ്‌ന പരിഹാരങ്ങൾക്കായിരിക്കും പലരും ബന്ധപ്പെടുന്നത്. പ്രശ്‌നപരിഹാരം തേടിയെത്തുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുണ്ട്. തങ്ങളുടെ നിലയും വിലയും മറന്ന് അവസരങ്ങൾ ‘മുതലാക്കാൻ’ ശ്രമിച്ചാൽ ഒരു നാളിൽ എല്ലാ മറയും പൊളിയുമെന്നും അതോടെ ഉയരങ്ങളിൽനിന്ന് താഴേക്ക് പതിക്കുമെന്നും നേതാക്കൾ തിരിച്ചറിയണം.

ലിബറലിസവും പരിഷ്‌കാരവും പറഞ്ഞ് സ്വതന്ത്ര ലൈംഗികതയുടെ ലോകത്തേക്ക് പുതുതലമുറയെ മാടിവിളിക്കുന്നവരും ലൈംഗികാപവാദത്തിൽ അകപ്പെടുന്നവരെ ക്രൂശിക്കുന്നതിലെ പൊരുളാണ് മനസ്സിലാകാത്തത്. തങ്ങളുടെ പക്ഷത്തുള്ളവർ അത് ചെയ്താൽ അത് ശരിയും മറുപക്ഷത്തുള്ളവർ ചെയ്താൽ അക്ഷന്തവ്യമായ അപരാധവുമാണ് എന്നതിലെ വൈരുധ്യവും പൊതുജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷന്റെ കൂടെ വിളിച്ചേടത്തെല്ലാം പോകുകയും ഭൗതികമായ പല സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്ത ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ ‘എന്നെ പത്തു വർഷം മുമ്പ് പീഡിപ്പിച്ചേ’ എന്നൊക്കെ പറഞ്ഞ് രംഗത്തെത്തുന്ന സ്ത്രീകൾ നിയമം അവർക്ക് നൽകുന്ന പ്രത്യേകമായ ആനുകൂല്യത്തെ ദുരുപയോഗപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. അത്തരം സ്ത്രീകളെ ചെല്ലും ചെലവും കൊടുത്ത് പിന്തുണക്കുന്നവരുടെ ലക്ഷ്യം എന്താണെന്നും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ വേണം. എന്നാൽ അത് കേവലമായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാകരുത്.

അഴിമതി, അക്രമം, കൈക്കൂലി, സ്വജനപക്ഷപാതം, ചൂഷണം, പിടിച്ചുപറി, കരിഞ്ചന്ത. പൂഴ്ത്തിവയ്പ്, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ, ഫാക്ടറികളിൽനിന്നും വിഷജലം നദികളിലേക്കൊഴുക്കൽ, അമിതവില ഈടാക്കൽ തുടങ്ങി മുഴുവൻ മനുഷ്യരെയും ബാധിക്കുന്ന തെറ്റുകളെക്കുറിച്ച് വാർത്ത നൽകാനോ അന്തിച്ചർച്ച നടത്തോനോ സമയം കാണാത്ത മാധ്യമങ്ങളും അവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കാത്ത രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വ്യക്തികളുടെ സ്വകാര്യതകൾ മാന്തി പുറത്തെടുക്കുന്നതിൽ കാണിക്കുന്ന ഉത്സാഹം പരിഹാസ്യമാണ്.