കുട്ടികൾക്കിടയിലെ ലഹരിയുപയോഗം തടയുന്നതിൽ മാതാപിതാക്കളുടെ പങ്ക്

പത്രാധിപർ

2025 മാർച്ച് 08, 1446 റമദാൻ 07

കൗമാര പ്രായക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരിയുപയോഗം കേരളത്തിൽ ഇന്ന് വലിയ ചർച്ചാവിഷയമാണ്. അത്രമാത്രം അത് വ്യാപകമായിട്ടുണ്ട്. അതിന്റെ അനന്തരഫലമായി അവർക്കിടയിൽ കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്.

അതിക്രൂരമെന്നു വിശേഷിപ്പിച്ചാൽ പോരാ എന്നു തോന്നുംവിധമുള്ള അക്രമം ചെയ്യാൻ യാതൊരു അറപ്പും മടിയും മക്കൾക്ക് ഇല്ലാതായിരിക്കുന്നു. ഇതിൽ ലഹരി തന്നെ പ്രധാന വില്ലൻ എന്ന് വിലയിരുത്തപ്പെടുന്നു. ഈ വിഷയത്തിൽ മാതാപിതാക്കൾക്ക് എങ്ങനെയെല്ലാം ഇടപെടാൻ സാധിക്കുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വലിയൊരു ശതമാനം ലഹരി വസ്തുക്കളും തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും അതുവഴി പെരുമാറ്റത്തിൽ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ സ്ഥിരമായ ഉപയോഗം അടിമത്തത്തിലേക്ക് നയിക്കുന്നു. കൗമാര കാലഘട്ടത്തിൽ കൂട്ടുകെട്ടുകളിൽ പെട്ട് പുകവലി, മദ്യപാനം, പാൻമസാലയുടെയും കഞ്ചാവിന്റെയും മറ്റും ഉപയോഗം മുതലായവ തുടങ്ങിവയ്ക്കുന്ന കുട്ടികൾ ഏറെയാണ്.

മുതിർന്നവരെ അനുകരിക്കാനുള്ള മനോഭാവം, കൂട്ടുകാരുടെ സമ്മർദം, ലഹരി വസ്തുക്കൾ ടെൻഷൻ കുറയ്ക്കാനും ആത്മവിശ്വാസം നൽകാനും സഹായിക്കുമെന്ന തെറ്റായ ധാരണ, മദ്യാസക്തിയുള്ള മാതാപിതാക്കൾ, ലഹരി വസ്തുക്കളോട് സമുഹത്തിന്റെ പൊതു കാഴ്ചപ്പാടിലുണ്ടായ മാറ്റം, ലഹരി വസ്തുക്കളുടെ ലഭ്യത, പരസ്യങ്ങളുടെയും സിനിമകളുടെയും സ്വാധീനം മുതലായവ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വേണ്ടത്ര പരിഗണനയും സ്‌നേഹവും ലഭിക്കാതിരിക്കൽ, ശിഥിലമായ കുടുംബ ബന്ധങ്ങൾ, ക്ലാസ്സ് മുറികളിൽ വേണ്ടത്ര ശ്രദ്ധയും പ്രോത്സാഹനവും ലഭിക്കാതിരിക്കൽ തുടങ്ങിയവയും ലഹരി ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കാം. കൗമാര പ്രായത്തിലുള്ള കുട്ടികളാണ് ഈ ശീലത്തിന് വേഗത്തിൽ അടിമപ്പെടുന്നത്. പൊതുവേ ഉത്കണ്ഠാകുലരും സ്വന്തമായി അഭിപ്രായം പറയാൻ കഴിവില്ലാത്തവരുമായ കുട്ടികൾ കൂട്ടുകാരുടെ പ്രേരണയ്ക്ക് വിധേയരായി ലഹരി വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്ഷീണം, ഉത്സാഹക്കുറവ്, കണ്ണുകളിൽ ചുവപ്പുനിറം, പഠനത്തിൽ പിന്നിലാകൽ, ഇടയ്ക്കിടെ ക്ലാസ്സിൽ പോകാതിരിക്കുക, പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും മാറ്റം വരുക, തനിച്ചിരിക്കാൻ താൽപര്യം കാണിക്കുക, പെട്ടെന്ന് ദേഷ്യം വരുക, വീട്ടുകാരോട് കലഹിക്കുക തുടങ്ങിയവ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളാണ്. അത് മനസ്സിലാക്കിയെടുക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.

കുട്ടികളുടെ മുന്നിൽവച്ച് മദ്യം, സിഗരറ്റ്, ബീഡി, പാൻമസാല, ഹാൻസ് തുടങ്ങിയവ ഉപയോഗിക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് തെറ്റായ മാതൃകയാണ് കാണിക്കുന്നത്. അവരെ അനുകരിക്കാൻ കുട്ടികൾ ശ്രമിക്കും. അരുതെന്നു പറയാൻ ധാർമികമായ അവകാശം മാതാപിതാക്കൾക്ക് ഇല്ലാതെപോകും.

ശാന്തമായ കുടുംബാന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിക്കണം. കുട്ടികൾക്കു മുമ്പിൽ വച്ചുള്ള മാതാപിതാക്കളുടെ വഴക്കും അസഭ്യവർഷങ്ങളും ഒഴിവാക്കൽ അനിവാര്യമാണ്. എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകുക. സ്‌കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങൾ ചോദിച്ചറിയുക. കുട്ടികളുടെ സുഹൃത്തുക്കൾ ആരെല്ലാമാണെന്നും സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ ഏതെല്ലാമാണെന്നും മനസ്സിലാക്കുക. കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുക....ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടാതിരിക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം നമുക്കാണെന്ന് എല്ലാ രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്.