മനുഷ്യ ജീവന് വില കൽപിക്കുക

പത്രാധിപർ

2025 മെയ് 31, 1446 ദുൽഖഅദ് 29

ഈയിടെയായി കാടിറങ്ങിവരുന്ന വന്യമൃഗങ്ങളുടെ ശല്യം ക്രമാതീതമായി വർധിച്ചിരിക്കുന്നു. ആനയുടെയും കടുവയുടെയും പന്നിയുടെയുമൊക്കെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. വിളകൾ നശിപ്പിക്കുന്നതിനെക്കുറിച്ച് പറയുകയും വേണ്ട. അത്രമാത്രം കർഷകർ പ്രയാസത്തിലാണ്. ചെറുതും വലുതുമായ വിളനിലങ്ങൾ ആനകളും പന്നികളും പാടെ നശിപ്പിക്കുമ്പോൾ പൊലിയുന്നത് കർഷകരുടെ സ്വപ്നങ്ങളാണ്. അവർ കടക്കെണിയിൽ ആപതിക്കുകയാണ്.

മനുഷ്യാവകാശത്തെക്കാൾ മൃഗാവകാശത്തിന് പ്രാധാന്യം നൽകുന്ന നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു മനുഷ്യനെ കൊന്നാൽ കൊലപാതകിക്ക് ജാമ്യം കിട്ടാൻ നമ്മുടെ നാട്ടിൽ വലിയ പ്രയാസമില്ല. വാഹനമിടിച്ച് ഒന്നല്ല അതിലേറെ മനുഷ്യർ മരണപ്പെട്ടാലും മനഃപൂർമല്ലാത്ത നരഹത്യക്കാണ് കേസെടുക്കുക. ജാമ്യം കിട്ടുകയും ചെയ്യു. എന്നാൽ ഒരു വന്യജീവി വാഹനത്തിനു മുന്നിലേക്കു ചാടിവീണതിനാൽ ചത്താൽ പോലും പെട്ടെന്നൊന്നും ജാമ്യം കിട്ടാത്തവിധം വാഹനം ഓടിച്ചയാൾ കേസിലകപ്പെടുന്നു.

വന്യജീവികൾ വൈരാഗ്യബുദ്ധിയോടെയൊന്നുമല്ല ജനങ്ങളുടെ ജീവനെടുക്കുന്നതെന്ന് നമുക്കറിയാം. മൃഗങ്ങൾ മനുഷ്യരെയും പ്രതികാരമെന്നോണം മനുഷ്യർ മൃഗങ്ങളെയും കൊല്ലാൻ ഇടയാകുന്ന സാഹചര്യം എങ്ങനെയുണ്ടാകുന്നു എന്ന് പരിശോധിക്കണം. ആ സാഹചര്യമില്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. പുനരധിവാസത്തിന്റെ ഭാഗമായി വനമേഖലയിലും വനഭൂമിയിലും ജനങ്ങളെ മാറ്റി പാർപ്പിച്ചപ്പോൾ ഭാവിയിലുണ്ടാകാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് ഭരണകർത്താക്കൾ ചിന്തിച്ചില്ല. കൃഷിയെ ജീവിനോപാധിയായി കണ്ട് കുന്നിലും മലയിലും വിയർപ്പൊഴുക്കി കുടിയേറ്റക്കാർ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിച്ചപ്പോഴും പിന്നീട് അവിടെ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ഭരണകർത്താക്കൾ അലോചിച്ചില്ല.

2023ലെ ‘ഇക്കണോമിക് റിവ്യൂ’ പ്രകാരം കേരളത്തിൽ 2022-23-ൽ 8873 മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ 98 പേർ കൊല്ലപ്പെട്ടു. 48 പേർ പാമ്പുകടിയേറ്റും 27 പേർ ആനയുടെ ആക്രമണത്തിലും 7 പേർ കാട്ടുപന്നി ആക്രമണത്തിലും ഓരോരുത്തർ കാട്ടുപോത്തിന്റെയും കടുവയുടെയും ആക്രമണത്തിലും 14 പേർ മറ്റു മൃഗങ്ങളുടെ ആക്രമണത്തിലുമാണ് മരിച്ചത്. ആക്രമണ ത്തിൽ 1275 പേർക്ക് പരിക്കേറ്റു; 637 കന്നുകാലികൾക്ക് ജീവാപായം ഉണ്ടായി. 24-25ലെ കണക്ക് വന്നാലറിയാം എത്രമാത്രം വർധനവുണ്ടായി എന്ന്.

കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ കേരളത്തിൽ സ്ഥിരം പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വർധിച്ചുവരുന്ന വന്യജീവി സംഘർഷം സാധാരണ മനുഷ്യർക്കും അവരുടെ കൃഷിയിടങ്ങൾക്കും ജീവനോപാധികൾക്കും മുമ്പെങ്ങുമില്ലാത്തവിധം വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ കർഷകരൊക്കെ പേടിച്ചാണ് കഴിയുന്നത്. അതിരാവിലെ റബർ വെട്ടാൻ പോകുന്നവരും പുല്ല് ചെത്താൻ പോകുന്നവരുമൊക്കെ ഭീതിയിൽതന്നെ. നാട്ടിൽ പെറ്റുപെരുകുന്ന കാട്ടുപന്നിയുണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെ. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും സംസ്ഥാനത്തിന്റെ കിഴക്കൻ മലയോരപ്രദേശങ്ങളിലുമാണ് സംഘർഷം കൂടുതൽ. പകൽപോലും കാട്ടാനയും കടുവയുമൊക്കെ നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.

മനുഷ്യജീവന് മൃഗങ്ങളുടെ ജീവനെക്കാൾ വിലകൽപിച്ചുകൊണ്ട് വന്യജീവികളുടെ ഉപദ്രവം തടയാനുള്ള മാർഗങ്ങളാണ് ഭരണകർത്താക്കൾ ആസൂത്രണം ചെയ്യേണ്ടത്.