സാമൂഹ്യബന്ധങ്ങൾ
പത്രാധിപർ
2025 മാർച്ച് 29, 1446 റമദാൻ 28

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അവൻ സമൂഹത്തിൽ ജനിച്ച്, സമൂഹത്തിൽ ജീവിച്ച്, സമൂഹത്തിൽ മരിക്കുന്നു. വ്യക്തികളും വ്യക്തികളും തമ്മിലുളള ബന്ധങ്ങളെ സമൂഹബന്ധങ്ങളെന്ന് നിർവചിക്കാം. വ്യക്തി ഒരു കുടുംബത്തിൽ അംഗമായിരിക്കുമ്പോൾതന്നെ സമൂഹത്തിലും അംഗമായി ത്തീരുന്നു. വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് കുടുംബവും അയൽപക്കവും. സൗഹൃദബന്ധങ്ങൾ സംതൃപ്തമായ ജീവിതത്തിന് സഹായകമാവുന്നു.
കുടുംബ ജീവിതം ഇന്ന് പാശ്ചാത്യലോകത്ത് കുഴമറിഞ്ഞ അവസ്ഥയിലാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മയും കുത്തഴിഞ്ഞ സുഖഭോഗജീവിതവും മദ്യവും മയക്കുമരുന്നും ചൂതാട്ടവുമൊക്കെ നമ്മുടെ നാട്ടിലും കുടുംബ ജീവിതത്തിന്റെ നട്ടെല്ലൊടിച്ചുകൊണ്ടിരിക്കുന്നു. വിവാഹമെന്ന ബന്ധത്തെ എതിർത്ത് സ്വതന്ത്രമായ ലൈംഗികബന്ധത്തിന് വാദിക്കുന്നവരും വസ്ത്രം മാറ്റുന്നതുപോലെ ഇണകളെ മാറ്റുന്നവരുമെല്ലാം ഇന്ന് പുരോഗമനവാദികളായി കണക്കാക്കപ്പെടുന്നു! സ്‌നേഹനിർഭരമായ, ആശ്വാസവും ആനന്ദവുമേകുന്ന കുടുംബജീവിതം പടിഞ്ഞാറൻ നാടുകൾക്ക് അന്യമാത്തീർന്നപ്പോൾ അവർ മാറിച്ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇത്തരമൊരു ഘട്ടത്തിൽ, ഇസ്‌ലാം കുടുംബ ജീവിതത്തിനും സാമൂഹ്യജീവിതത്തിനും കൽപിക്കുന്ന പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്. “നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 30:21).
ഈ സ്‌നേഹവും കാരുണ്യവും യാന്ത്രിക സംസ്‌കാരത്തിൽ അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു. രക്ഷിതാക്കൾ നിന്ദിക്കപ്പെടുകയും വാർധക്യത്തിൽ അവഗണിക്കപ്പെടുകയും ചെയ്യുന്നു. കാരണം, ശാസ്ത്രമോ ഭൗതികവാദങ്ങളോ രക്ഷിതാക്കളെ ബഹുമാനിക്കാനും സംരക്ഷിക്കാനും കൽപിക്കുന്നില്ല.
“മാതാപിതാക്കൾക്ക് നന്മചെയ്യണമെന്ന് നാം മനുഷ്യരോട് കൽപിച്ചു’ (46:15) എന്ന് ക്വുർആൻ ആവർത്തിച്ച് പറയുന്നുണ്ട്. വാർധക്യത്തിൽ അവർക്ക് പ്രത്യേകം സംരക്ഷണം നൽകണമെന്നും മനുഷ്യനെ ഇസ്‌ലാം നിർബന്ധിക്കുന്നു.
സാമൂഹ്യ ജീവിതത്തിന്റെ മറ്റൊരു കണ്ണിയത്രെ കുടുംബ ബന്ധങ്ങൾ. ബന്ധുക്കളെ സംരക്ഷിക്കാനും ഇസ്‌ലാം അനുശാസിക്കുന്നു. രക്ഷിതാക്കൾക്ക് തണലേകാത്ത ആധുനിക സമൂഹം ബന്ധുക്കൾക്ക് സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കാനില്ല. മാതാപിതാക്കൾക്ക് ശേഷം ബന്ധുക്കൾക്ക് നന്മ ചെയ്യാനാണ് ഇസ്‌ലാമിന്റെ നിർദേശം. “മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും നന്മ ചെയ്യണം...’’(2:83).
ഒരു വിഭാഗം സുഖിക്കുമ്പോൾ മറ്റൊരു വിഭാഗം കഷ്ടപ്പെടാത്ത അവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നു ഇസ്‌ലാം എന്ന് സാരം.
എല്ലാവിധ നല്ല ബന്ധങ്ങളെയും തളർത്തുന്നതിൽ മനുഷ്യന്റെ ദുർഗുണങ്ങൾക്ക് വലിയ പങ്കാണുള്ളത്. അവയ്ക്ക് കടിഞ്ഞാണിടാൻ നിയമത്തിനും ശാസ്ത്രത്തിനും സമ്പത്തിനും സാധ്യമല്ല. അസൂയ, അഹങ്കാരം, വിദ്വേഷം, കോപം, പരദൂഷണം തുടങ്ങിയവ ഉദാഹരണം. സാമൂഹ്യ സൗഹൃദത്തെയും ബന്ധങ്ങളെയും കാർന്നുതിന്നുന്ന ഇത്തരം രോഗങ്ങൾക്കുള്ള ശരിയായ ചികിത്സ ഇസ്‌ലാം നിർദേശിക്കുന്നു. അസൂയയും കോപവും പകയും മനുഷ്യ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു. സ്വസ്ഥത നശിക്കുമ്പോൾ ജീവിതത്തിലെ ആനന്ദവും സംതൃപ്തിയും ഇല്ലാതാകുന്നു.

