അടുക്കളയെ തിരിച്ചുപിടിക്കുക!

പത്രാധിപർ

2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

മനുഷ്യൻ പൊതുവെ പുതുമകളെ ഇഷ്ടപ്പെടുന്നവനാണ്. അവൻ പഴയതിനോട് അവഗണനയും പുതിയതിനോട് ആഭിമുഖ്യവും വച്ചുപുലർത്തുന്നു. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്നൊക്കെ പറയുമെങ്കിലും പുതിയ മോഡൽ മൊബൈൽ ഫോൺ ഇറങ്ങിയാൽ കൈയിലുള്ളത് കൊടുത്ത് പുതിയത് വാങ്ങും. വാഹനത്തിന്റെ കാര്യത്തിലും പലരും അങ്ങനെ തന്നെ.

ഇക്കാര്യത്തിൽ മലയാളികൾ ഒരുപടി മുന്നിലാണെന്നു പറയാം. സകല മേഖലകളിലും മലയാളികൾ മാറ്റത്തിന്റെ പാതയിലാണ്. പുറമെനിന്ന് വരുന്നതെന്തും മലയാളിക്ക് സ്വീകാര്യമാണ്. അന്ന-പാനീയ രംഗത്തും ഈ മാറ്റം കാണാവുന്നതാണ്.

കരിക്കിൻ വെള്ളവും നാടൻ സർബത്തും മോരിൻവെള്ളവും ഇന്ന് പഴഞ്ചനാണ്. പകരം കോളകളും മറ്റു ‘കളർവെള്ള’ങ്ങളും നുണഞ്ഞ് ‘സ്റ്റാന്റേർഡ് കീപ്പ്’ ചെയ്യുന്നു. കുലുക്കി സർബത്തും ഫുൾ ജാർ സോഡയും തരംഗമായി വന്ന് പഴഞ്ചനായി മാറി. ചുരണ്ടി ഐസും സകലമാന പഴവർഗങ്ങളും പച്ചക്കറികളും ഉപ്പിലിട്ടതും പൊരിക്കടികളും തെരുവോരങ്ങളിലും വിനോദസഞ്ചാര കേന്ദ്ര പരിസരങ്ങളിലും സുലഭമാണ്!

വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെല്ലാം മലയാളികൾ മുന്നിൽ നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം അഭികാമ്യമായ മാറ്റത്തിന്റെ ചിന്താഗതി തന്നെയാണ്. എന്നാൽ ഭക്ഷണ കാര്യത്തിൽ ഒരു ചെയിഞ്ച് ആഗ്രഹിച്ച് പുതിയതിന്റെ പിന്നാലെ പോകുമ്പോൾ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കേണ്ടതില്ലേ?

കപ്പയും കർമൂസയും ചേനത്തണ്ടും ചേമ്പുമൊക്കെ ചേർത്തുകൊണ്ടുള്ള ആരോഗ്യ പ്രദമായ നാടൻ കൂട്ടാൻ പഴമക്കാരുടെ പഴക്കം പറച്ചിലുകളിൽ മാത്രം കടന്നുവരുന്ന ഒന്നായി മാറിയിരിക്കുന്നു. ഷവർമ, ബ്രോസ്റ്റ്, അൽഫഹം, ഗ്രിൽഡ് ഫിഷ്, കുഴിമന്തി അങ്ങനെയങ്ങനെ കടൽ കടന്നെത്തുന്ന രുചിഭേദങ്ങൾക്ക് പിന്നാലെ പരക്കം പായുമ്പോൾ നാടൻ ചോറും മോര് കാച്ചിയതും ബീഫ് വരട്ടും തേങ്ങാച്ചോറുമൊക്കെ തരംതാണതും വിരുന്നുകാർക്ക് വിളമ്പാൻ പാടില്ലാത്ത വിധം സ്റ്റാൻഡേർഡ് കുറഞ്ഞതുമായി വിലയിരുത്തപ്പെടുന്നു. സാമ്പാറും ചോറും രോഗികളുടെ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്നു.

അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അന്നസംസ്‌കൃതി മലയാളിയെ ഇന്ന് മാറാരോഗങ്ങളുടെ തടവറയിലേക്കാണ് ആനയിക്കുന്നത്. മലയാളിയുടെ ഭക്ഷ്യസംസ്‌കാരത്തിൽ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് റെസ്‌റ്റോറന്റ് സംസ്‌കാരമാണ്. കൗമാരക്കാരെ പ്രത്യേകമായും ഇന്ന് ഫാസ്റ്റ്ഫുഡ് ജ്വരം പിടിമുറുക്കിയിരിക്കുന്നു. അടുക്കളയിൽനിന്നും റെസ്‌റ്റോറന്റിലേക്കുള്ള മലയാളിയുടെ മാറ്റം ശുദ്ധ ഭക്ഷണത്തിൽനിന്നും മായം കലർന്നവയിലേക്കുള്ള മാറ്റം കൂടിയാണ്. പൊണ്ണത്തടിയും ക്യാൻസർ അടക്കമുള്ള രോഗങ്ങളും ഫാസ്റ്റ് ഫുഡ് സംസ്‌കാരം സമ്മാനിച്ചുകൊണ്ടിരിക്കുന്നു എന്ന് അറിയാമെങ്കിലും വരുന്നേടത്തുവെച്ച് കാണാം എന്ന നിലപാടിലാണ് നമ്മൾ!

ഫാസ്റ്റ് ഫുഡിലെ പ്രധാന ആകർഷക ഘടകം അതിന്റെ നിറവും മണവും രുചിയുമാണ്. തിളച്ചുമറിയുന്ന എണ്ണയിൽ മുങ്ങിമൊരിഞ്ഞ് ചുവന്ന് മുമ്പിലെത്തുന്ന ചിക്കൻ ഫ്രൈ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. എന്നാൽ ഇതിൽ ഉപയോഗിച്ച എണ്ണയെക്കുറിച്ചോ നിറത്തെക്കുറിച്ചോ അജിനമോട്ടോയെക്കുറിേച്ചാ ആരും ചിന്തിക്കാറില്ല. ചട്ടിയിൽ തിളച്ചുമറിയുന്ന കൊഴുത്ത എണ്ണക്ക് കറുത്ത നിറവും ചിക്കൻ ഫ്രൈക്ക് ചുവപ്പു നിറവും! സോപ്പിട്ട് കഴുകിയാൽ പോലും പോകാത്ത ചുവപ്പുനിറം കൈകളിൽ ബാക്കിയാകുന്നു. അപ്പോൾ വയറ്റിലെ അവസ്ഥ എന്തായിരിക്കും?

അടുക്കളയെ നാം തിരിച്ചുപിടിച്ചില്ലെങ്കിൽ വിവിധ രോഗങ്ങൾ നമ്മെ വരിഞ്ഞുമുറുക്കുമെന്ന് തിരിച്ചറിയുക.