സത്യസന്ധത; വിനിഷ്ടമായിക്കൊണ്ടിരിക്കുന്ന സദ്ഗുണം

പത്രാധിപർ

2025 ജൂൺ 28, 1447 മുഹറം 02

വർത്തമാനകാലത്ത് മാനുഷികമായ പല മൂല്യങ്ങൾക്കും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊക്കെ എന്തിരിക്കുന്നു, അതൊന്നും ഇന്നത്തെ കാലത്തിന് യോജിച്ചതല്ല, അതൊക്കെ നോക്കിയാൽ എങ്ങനെ ജീവിക്കും എന്നൊക്കെ ചോദിച്ചാണ് പലരും പല ഉത്തമ സ്വഭാവങ്ങളെയും തള്ളിക്കളയാറുള്ളത്. അതിൽപെട്ട ഒന്നാണ് സത്യസന്ധത എന്നത്. സത്യസന്ധനായി ജീവിച്ചാൽ കച്ചവടത്തിൽ മെച്ചമുണ്ടാകില്ല, ബിസിനസ്സിൽ വളർച്ചയുണ്ടാകില്ല... എന്നിങ്ങനെയൊക്കെയാണ് പലരുടെയും ചിന്താഗതി. മാധ്യമ പ്രവർത്തന രംഗത്ത്, രാഷ്ട്രീയ രംഗത്ത് തുടങ്ങി എല്ലാ മേഖലകളിലും ചില താൽപര്യ സംരക്ഷണത്തിനായും സാമ്പത്തിക നേട്ടത്തിനായുമൊക്കെ സത്യസന്ധമല്ലാത്ത നിലപാടെടുക്കുന്നവരുണ്ട്.

ഒരു മുസ്‌ലിമിന് ഈ നിലപാട് സ്വീകരിക്കുന്നവനാകാൻ കഴിയില്ല. കാരണം ഇസ്‌ലാം കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു മഹത്തായ സ്വഭാവമാണ് സത്യസന്ധത. അല്ലാഹു കൽപിക്കുന്നു: “വിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക’’(ക്വുർആൻ 9:119).

ഭൗതികലോകത്ത് സത്യസന്ധരായി ജീവിച്ചവർക്ക് പാരത്രികലോകത്ത് തങ്ങളുടെ സത്യസന്ധത ഉപകരിക്കുമെന്ന് അല്ലാഹു ഉണർത്തുന്നു: “അല്ലാഹു പറയും: ഇത് സത്യവാന്മാർക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം’’(ക്വുർആൻ 5:119).

ഇബ്‌നുമസ്ഊദി(റ)ൽ നിന്നു നിവേദനം, നബിﷺ പറഞ്ഞു: “നിങ്ങൾ കളവിനെ സൂക്ഷിക്കുക. കാരണം കളവ് നീചവൃത്തികളിലേക്ക് വഴിതെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി കളവുപറയും; അങ്ങനെ അയാൾ അല്ലാഹുവിങ്കൽ പെരുംകള്ളൻ എന്ന് എഴുതപ്പെടും. നിങ്ങൾ സത്യസന്ധത പുലർത്തുക. കാരണം സത്യസന്ധത പുണ്യത്തിലേക്ക് വഴിതെളിയിക്കും. സത്യസന്ധതയാകട്ടെ സ്വർഗത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി സത്യം പറയുകയും സത്യസന്ധത പുലർത്തുവാൻ സൂക്ഷ്മത കാണിക്കുകയും ചെയ്യും. അങ്ങനെ അയാൾ അല്ലാഹുവിങ്കൽ സത്യസന്ധൻ എന്ന് എഴുതപ്പെടും’’ (അഹ്‌മദ്).

സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും ഉദാഹരണമായിരുന്നു മുഹമ്മദ് നബിﷺ. ഹിറോക്ലിയസ് രാജാവും റോമൻ അധിപന്മാരും അബൂസുഫ്‌യാൻ(റ) അവിശ്വാസിയായിരുന്ന നാളിൽ അദ്ദേഹവുമായി ഈലിയാ പട്ടണത്തിൽ സന്ധിച്ചപ്പോൾ ഹിറോക്ലിയസ് അബൂസുഫ്‌യാനോട് ഇപ്രകാരം ചോദിച്ചു: ‘മുഹമ്മദ് ഈ കാര്യങ്ങൾ സംസാരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ കളവു പറയുന്നവനായി നിങ്ങൾ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ?’ ‘ഇല്ല’ എന്നായിരുന്നു അബൂസുഫ്‌യാന്റെ പ്രതികരണം. ഹിറോക്ലിയസ് രാജാവ് അബൂസുഫ്‌യാന് വായടപ്പൻ മറുപടിയാണ് നൽകിയത്. അദ്ദേഹം പറഞ്ഞു: ‘മുഹമ്മദിനെ കളവ് പറയുന്നവനായി നിങ്ങൾ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ താങ്കൾ ഇല്ലെന്ന് പറഞ്ഞു. ജനങ്ങളെക്കുറിച്ച് വ്യാജം പറയാത്തവൻ അല്ലാഹുവെക്കുറിച്ച് കളവു പറയുകയില്ലെന്ന് ഞാൻ തീർച്ചയായും മനസ്സിലാക്കുന്നു.’

സത്യസന്ധത ഇഹലോകത്ത് മനസ്സിന് സമാധാനം നൽകുന്നത ഗുണമാണ്; പരലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുന്നതും.