വിഭജനത്തിന്റെ പേരിൽ നടത്തുന്ന വിഭജന തന്ത്രം
പത്രാധിപർ
2025 ആഗസ്റ്റ് 23, 1447 സഫർ 29

കേരളത്തിലെ യൂണിവേഴ്സിറ്റി ക്യാംപസുകളിൽ ‘വിഭജന ഭീതി ദിനം’ നടത്താൻ കേരള ഗവർണർ നിർദേശം നൽകിയത് വലിയ വിവാദമാവുകയുണ്ടായി. വാസ്തവത്തിൽ ഹിന്ദുത്വരാഷ്ട്രീയം അതിന്റെ തുറുപ്പുചീട്ടായി കണ്ടെത്തിയ കാര്യമാണ് വിഭജനവാദം. ഇന്ന് ആ വിഭജനവാദികൾ തന്നെ വിഭജന ഭീതി ദിനം ആചരിക്കാൻ പറയുന്നത് വിഭജനത്തിന്റെ പേരു പറഞ്ഞ് സൗഹൃദത്തോടെ കഴിയുന്ന വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കുവാനാണ് എന്നു മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട.
വിഭജനത്തന് വഴി തെളിയിക്കാനായി തീവ്ര ഹിന്ദുത്വ ചിന്താഗതിക്കാർ ഇസ്‌ലാം ഭീതിയുടെ ഊർജമാണ് അന്ന് ഉപയോഗപ്പെടുത്തിയത്. 1920കളിൽ പ്രചരിപ്പിച്ചിരുന്ന ചില കാര്യങ്ങൾ ഇപ്രകാരമായിരുന്നു: “പതിനായിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ സംസ്‌കാരത്തെയും അതിന്റെ ശേഷിപ്പുകളെയും തകർത്തത് 1000 വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകൾ ഇവിടെ വാളും ഭീഷണിയും ഉപയോഗിച്ചാണ് ഭരണം നേടിയതും സവർണർ ഉൾപ്പെടുന്ന ഇന്ത്യക്കാരെ ഒതുക്കി നിർത്തിയിരുന്നതും. അത്യധികം അപകടകരവും ഭീതിയുണർത്തുന്നതുമായ ഒരു തത്ത്വശാസ്ത്രമാണ് ഇസ്‌ലാം. അത് കടുത്ത അക്രമവാസനയും ഹിംസയും വളർത്തുന്ന മതമാണ്. ഇന്ത്യയിൽ നിന്ന് മുസ്‌ലിംകളെ നാടുകടത്താതെ ഇവിടെ ആർക്കും സ്വസ്ഥജീവിതം സാധ്യമേയല്ല.’’
വിഭജനാനന്തര ഘട്ടത്തിലും ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കെട്ടഴിച്ചുവിട്ട ചരിത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട നുണകൾ പ്രധാനമായും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റാരോപണ വിധേയമാക്കുന്നവയായിരുന്നു. അത്തരം കുറ്റാരോപണങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം ഭരണകർത്താക്കൾ, സുൽത്താന്മാർ, വിവിധ നാട്ടുരാജ്യങ്ങളിൽ ഭരണം നടത്തിയ മുസ്‌ലിം ഭരണാധികാരികൾ എന്നിവരുമായൊക്കെ ബന്ധപ്പെടുത്തിയുള്ള പല കഥകളും ഉണ്ടായിരുന്നു. ഇന്ത്യയിൽ വിവിധ നൂറ്റാണ്ടുകളിലായി വിവിധയിടങ്ങളിൽ ഭരണം നടത്തിയ എല്ലാ മുസ്‌ലിം നാമധാരികളും പൊതുവായി ചെയ്ത ഒരേയൊരു കാര്യം ഇവിടുത്തെ ഹിന്ദുക്കളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ഈ നാടിന്റെ പാരമ്പര്യ ശേഷിപ്പുകളെ നാമാവശേഷമാക്കുകയുമാണ് എന്ന് ചിലർ പ്രചരിപ്പിച്ചു. സവർണ ഹിന്ദുക്കളുടെ സാമൂഹ്യഭീതിയിൽ നിന്നാവിർഭവിച്ച പ്രത്യേകതരം വിദ്വേഷം പിൽക്കാലത്ത് കൃത്രിമമായ ചരിത്രനിർമാണത്തോളം വികസിച്ചു. മോദിയുടെ സർക്കാരിന്റെ കീഴിൽ ഇന്നും ചരിത്രത്തിന്റെ അപനിർമാണം തുടർന്നുകൊണ്ടിരിക്കുകയാണ്.
ദേശീയവാദത്തിന്റെ മറപിടിച്ചാണ് വിഭജനം എന്ന ആശയം ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. പിൽക്കാലത്ത് കടുത്ത ദേശീയവാദികൾ കടുത്തവിഭജന വിരോധികളായി വേഷപ്പകർച്ചനേടുന്നത് ഇന്ത്യാചരിത്രത്തിൽ കാണാനിടയായെങ്കിലും യഥാർഥത്തിൽ വിഭജനവാദത്തിന്റെ ഉൽഭവം കടുത്ത ഹൈന്ദവ സാംസ്‌കാരിക ദേശീയവാദികളുടെ തലച്ചോറിൽനിന്നുമായിരുന്നുവെന്നതും വസ്തുത മാത്രം.
1940ൽ ലാഹോറിൽ നടന്ന മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിൽ വച്ചാണ് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ ‘പാകിസ്ഥാൻ റസലൂഷൻ’ അഥവാ ‘പാകിസ്ഥാൻ പ്രമേയം’ അവതരിപ്പിക്കുന്നത്. എന്നാൽ അതിനും 3 വർഷം മുമ്പ് ‘ടൂ നാഷൻ തിയറി’ അഥവാ ‘ദ്വിരാഷ്ട്ര സിദ്ധാന്ത’ത്തെ കുറിച്ചു പറഞ്ഞത് ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവായ വിഡി സവർക്കറാണ്. ഇന്ത്യ ഹിന്ദുക്കളുടെ പിതൃഭൂമിയും വിശുദ്ധ ഭൂമിയുമാണെന്നും, മുസ്‌ലിംകളുടെ പുണ്യഭൂമി ഇന്ത്യയല്ല, മക്കയാണ് എന്നുമൊക്കെയാണ് ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും പ്രത്യേക രാഷ്ട്രം വേണമെന്നുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് സവർക്കർ നൽകിയ വിശദീകരണം. ഇതിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞതിനാലാകാം ‘പാകിസ്ഥാൻ പ്രമേയം’ ജിന്ന അവതരിപ്പിച്ചത്.
