എന്തുകൊണ്ട് നേർപഥം?

പത്രാധിപർ

2025 ജനുവരി 11, 1446 റജബ് 11

മുസ്‌ലിം ലോകം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. പ്രതിസന്ധികൾ ആദ്യമായിട്ടല്ല എങ്കിലും ഇന്ന് അത് ആഗോളതലത്തിൽ വ്യാപിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കൾ പടച്ചുവിടുന്ന ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ ഗ്രൂപ്പുകളും സ്ഥാപിത താൽപര്യക്കാരായ അവിവേകികളും നടത്തുന്ന മനഷ്യത്വഹീനമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് മുസ്‌ലിംകൾ മൊത്തം തീവ്രവാദികളാണെന്നും ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണെന്നും വിശുദ്ധ ക്വുർആൻ അമുസ്‌ലിംകളെയാകമാനം കൊന്നൊടുക്കുവാൻ കൽപിക്കുന്ന ഗ്രന്ഥമാണെന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്കിടയിൽ അത് വേരുറച്ചുകൊണ്ടിരിക്കുകയാണ്.

അക്രമങ്ങളെയെല്ലാം ഇസ്‌ലാമിന്റെ പറ്റിൽ എഴുതിച്ചേർത്ത് പ്രചരിപ്പിക്കുന്ന ചില മാധ്യങ്ങൾ ഇതിൽ അനൽപമായ പങ്കാണ് വഹിക്കുന്നത്. യുക്തിവാദ-നിരീശ്വരവാദ പ്രസ്ഥാനങ്ങളും ഇതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.

ധൈഷണികമായ ചെറുത്തുനിൽപാണ് ഇവിടെ അനിവാര്യം. പ്രാമാണികമായി ഇസ്‌ലാമിനെ മനസ്സിലാക്കി ജീവിക്കുവാൻ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. ജീവിതത്തിൽ ഇസ്‌ലാമുണ്ടെങ്കിൽ അതിനെക്കാൾ വലിയ സന്ദേശം വേറെയില്ല. അത് നല്ലൊരു ശതമാനത്തിനും ഇല്ലാതെ പോയതാണ് സമുദായത്തിന്റെ പരാജയം. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്നാണ് ശത്രുക്കളെ മിത്രങ്ങളാക്കുവാനുള്ള മാർഗമായി വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നത്. അല്ലാതെ അക്രമത്തെ അക്രമം കൊണ്ട് നേരിടുവാനും നിരപരാധികളെ ഉപദ്രവിക്കുവാനുമല്ല.

ഇസ്‌ലാമിനെക്കുറിച്ചുള്ള അ റിവില്ലായ്മയാണ് പലരും തെറ്റുധരിക്കുവാനുള്ള കാരണം. സത്യസന്ധമായും പ്രാമാണികമായും ഇസ്‌ലാമിനെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് വേണ്ടത്. ദൗർഭാഗ്യവശാൽ അനേകം മതസംഘടനകൾ ഉണ്ടായിട്ടും തനതായ രൂപത്തിൽ ഇസ്‌ലാമിനെ ജനങ്ങളിലേക്കെത്തിക്കുവാൻ പലർക്കും സാധിക്കുന്നില്ല; അഥവാ അതിന് ശ്രമിക്കുന്നില്ല. വാമൊഴിയിലൂടെയാണെങ്കിലും വരമൊഴിയിലൂടെയാണെങ്കിലും സംഘടനാ താൽപര്യങ്ങൾക്കപ്പുറം പ്രമാണങ്ങേളാട് പ്രതിബദ്ധത പുലർത്തി മതത്തെ ജനസമക്ഷം അവതരിപ്പിക്കുവാൻ പലർക്കും താൽപര്യമില്ല.

ഇവിടെയാണ് ‘നേർപഥം’ പ്രസക്തമാകുന്നത്. പ്രമാണങ്ങൾക്കൊപ്പം നിന്ന്, ഗുണകാംക്ഷയുടെ ശബ്ദത്തിൽ, ആർജവത്തോടെ മതത്തെ പരിചയപ്പെടുത്തുവാനും പഠിപ്പിക്കുവാനുമാണ് ‘നേർപഥം’ ശ്രമിക്കുന്നത്. ഒട്ടനവധി ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾക്കിടയിലേക്കാണ് എട്ടുവർഷം മുമ്പ് ‘നേർപഥം’ കടന്നുവന്നത്. അതിന്റെ വ്യതിരിക്തത ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

സമകാലിക സംഭവവികാസങ്ങളിലുള്ള ഇസ്‌ലാമിന്റെ നിലപാട് ഉടനടി ജനങ്ങളിലേക്കെത്തിക്കുന്നതിലും തീവ്രവാദ ചിന്താഗതികളെ നഖശിഖാന്തം എതിർക്കുന്നതിലും യുക്തിവാദത്തെ ചെറുക്കുന്നതിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതികരിക്കുന്നതിലും ‘നേർപഥം’ കാണിച്ച ജാഗ്രതയും ആർജവവും ചെറുതല്ല.