മലയാളികളും ക്ഷേമപ്രവർത്തനങ്ങളും

പത്രാധിപർ

2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

സാമൂഹ്യ ക്ഷേമ-റിലീഫ് പ്രവർത്തനങ്ങളിൽ മലയാളികൾ ലോകത്തിനുതന്നെ മാതൃകയാണെന്നു പറയുന്നതിൽ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. അത്രമാത്രം അവർ മറ്റുള്ളവരുടെ പ്രയാസങ്ങളിൽ താങ്ങും തണലുമാകാൻ ശ്രദ്ധിക്കാറുണ്ട്. മുപ്പതോ നാൽപതോ കോടി ഏതാനും ദിവസങ്ങൾക്കകം സംഘടിപ്പിക്കാൻ ചാരിറ്റി പ്രവർത്തകർക്കു കഴിയുന്നത് ഇതിന്റെ ഉത്തമോദാഹരണമാണ്. ഈ വിഷയത്തിൽ മതവും ജാതിയും രാഷ്ട്രീയവുമൊന്നും നോക്കാറില്ല എന്നത് മലയാളികളുടെ സവിശേഷ ഗുണമാണ്. ഫാസിസ്റ്റ് വാഴ്ച അരങ്ങേറുന്ന വർത്തമാനകാല ഇന്ത്യയിൽ ഇത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. എന്നാൽ കേരളത്തിലെ ഈ തെളിനീർ തടാകത്തെ കലക്കിമറിക്കുവാനുള്ള ശ്രമങ്ങൾ വർഗീയ ജ്വരം ബാധിച്ച ചില ദുഷ്ട മനഃസ്ഥിതിക്കാർ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത നാം കാണാതിരുന്നുകൂടാ.

താമസിക്കാൻ വീടില്ലാത്തവർക്കും വിശപ്പടക്കാൻ മാർഗമില്ലാതെ പട്ടിണിയിൽ കഴിയുന്നവർക്കും ചികിത്സിക്കാൻ പണമില്ലാതെ ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കുമൊക്കെ സഹായങ്ങൾ നൽകുക എന്നത് വളരെ വലിയ പുണ്യകർമമാണെന്നതിൽ സംശയമില്ല. സോഷ്യൽ മീഡിയകൾ ഈ രംഗത്തും ചെറുതല്ലാത്ത സഹായമാണ് ചെയ്യുന്നത്. സഹായം ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പറയിപ്പിച്ച്, ആ രംഗം വീഡിയോ ക്ലിപ്പുകളായി തൽസമയം ജനങ്ങളിലേക്കെത്തിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന ചില വ്യക്തികളും സംഘടനകളും സജീവമായി രംഗത്തുണ്ട്. കോടിക്കണക്കിന് രൂപ ഇങ്ങനെ പരിച്ചെടുത്ത് അനേകം കുടുംബങ്ങളുടെ കണ്ണുനീരൊപ്പാൻ ഇതുവഴി അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. ഒറ്റപ്പെട്ട ചില കള്ള നാണയങ്ങളും ഈ രംഗത്ത് ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. നിഷ്‌കളങ്കമായും നല്ല രീതിയിലും ഈ സേവനം ചെയ്യുന്നവരെ സമൂഹമധ്യെ അപമാനിക്കുവാനും പിന്തിരിപ്പിക്കുവാനും സോഷ്യൽ മീഡിയകളിലൂടെ തന്നെ ചില അൽപബുദ്ധികൾ ശ്രമിക്കുന്നതും നമുക്ക് കാണുവാൻ കഴിയും. നന്മയുടെ ചെറുതിരിവെട്ടം പോലും കാണുവാൻ ഇഷ്ടപ്പെടാത്ത ഇവരെ സമൂഹദ്രോഹികൾ എന്നല്ലാതെ എന്തു വിളിക്കാൻ!

സമീപ പ്രദേശത്തോ ദൂരസ്ഥലത്തോ ഉള്ള പ്രയാസമനുഭവിക്കുന്നവരെ സമീപിച്ച് അവരുടെ പ്രയാസങ്ങളെ തന്റെ പ്രയാസമായിത്തന്നെ കണ്ട് കാരുണ്യം വഴിെഞ്ഞാഴുകുന്ന രീതിയിൽ ലൈവായി അവരെ ലോകത്തിന് പരിചയപ്പെടുത്തുന്ന, താൻ പരിശ്രമിച്ചതിന്റെ ഫലമായി നിർമിച്ച വീടിന്റെ മുമ്പിൽ നിന്ന് സെൽഫിയെടുത്ത് വീഡിയോയും ചിത്രങ്ങളും അടിക്കുറിപ്പോടുകൂടി വാട്‌സാപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും പ്രചരിപ്പിച്ച് ലൈക്കും ഷെയറും വാരിക്കൂട്ടുന്ന, അതോടൊപ്പം മികച്ച ജീവകാരുണ്യപ്രവർത്തകനായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ചിലർ അറിഞ്ഞോ അറിയാതെയോ ചിലരെ വല്ലാതെ വേദനിപ്പിക്കാറുണ്ട്; മറ്റാരെയുമല്ല, സ്വന്തം കുടംബത്തിൽ പെട്ട സാധുക്കളെ.

ഭക്ഷണത്തിന് വകയില്ലാതെയോ, ചികിത്സിക്കാൻ കാശില്ലാതെയോ, വെയിലും മഴയും കൊള്ളാത്ത വീടില്ലാതെയോ, പെൺകുട്ടികളെ കെട്ടിച്ചയക്കാൻ നിവൃത്തിയില്ലാതെയോ പ്രയാസപ്പെടുന്നവർ സ്വന്തം കുടുംബത്തിൽ ഉണ്ടായിട്ടും അവരെ തിരിഞ്ഞുനോക്കാതെ മറ്റുള്ളവരെ സഹായിക്കാൻ ഓടിനടക്കുന്നവരുടെ പ്രവർത്തനം അവരെ സന്തോഷിപ്പിക്കുമോ, അതോ ദുഃഖിപ്പിക്കുമോ? ഇത്തരം കാര്യങ്ങളിൽ രക്തബന്ധത്തിലുള്ള പാവങ്ങളെ സഹായിക്കുന്നതിന് മുൻഗണന നൽകണം എന്ന ഇസ്‌ലാമികാധ്യാപനം ഇവർക്ക് അറിയാത്തതുകൊണ്ടാണോ ? പേരും പ്രശസ്തിയും കിട്ടാൻ മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത് എന്നതാണ് യാഥാർഥ്യം.