വെറുപ്പുൽപാദന ഫാക്ടറിയായി മാറുന്ന ഇന്ത്യ
പത്രാധിപർ
2025 ആഗസ്റ്റ് 09, 1447 സഫർ 15

രണ്ടാം മോദി സർക്കാർ ഭരണത്തിലേറിയതു മുതൽ തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടത്തിന് ശക്തി കൂടിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെയും മുസ്‌ലിം-ദളിത് വിഭാഗങ്ങൾ ഭരണകൂട ഭീകരതക്കും സംഘ്പരിവാറിന്റെ സംഘടിത ആക്രമണത്തിനും ഇരകളായിക്കൊ ണ്ടേയിരിക്കുന്നു. ഇതെല്ലാം കണ്ട് മൗനം പാലിച്ച്, ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ല എന്ന മട്ടിൽ കഴിഞ്ഞുകൂടുകയായിരുന്ന ക്രൈസ്തവ വിഭാഗത്തിനു നേരെയും അവർ തിരിഞ്ഞിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അക്ഷരാർഥത്തിൽ അരാജകത്വ അവസ്ഥയാണുള്ളത്. തീവ്ര ഹിന്ദുത്വവാദികൾക്ക് കൊല്ലാനും കൊന്നൊടുക്കാനും അനുമതി കൊടുത്ത് ഭരണകൂടങ്ങൾ ആനന്ദംകൊള്ളുകയാണ്. പള്ളികൾ തകർത്തും വീടുകൾ ഇടിച്ചു പൊളിച്ചും പൗരത്വം ചോദ്യം ചെയ്തും വോട്ടവകാശം നിഷേധിക്കാനുള്ള ഗൂഢശ്രമം നടത്തിയും ഭരണകൂടങ്ങൾ തീവ്രവാദികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
വർഗീയ ചേരിതിരിവുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ഹീനമായ തന്ത്രങ്ങളോരോന്നും പയറ്റിക്കൊണ്ടിരിക്കുകയാണ് സംഘ്പരിവാർ. മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ സർക്കാർ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ അറസ്റ്റിലായത് ശ്രീരാമസേന നേതാവടക്കമുള്ള മൂന്നു ഹിന്ദുത്വവാദികളാണ്. കർണാടകയിലെ ബെലഗാവിയിൽ ഹൂളികട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. നിരവധി കൂട്ടികൾ വെള്ളം കുടിച്ചതിനെ തുടർന്ന് രോഗബാധിതരായി. 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരെനായിക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാന ഭരണം ബിജെപിയുടെ കൈയിലല്ലാത്തതിനാൽ മാത്രമാണ് പ്രതികളെ കണ്ടെത്താനും അറസ്റ്റുചെയ്യാനും പൊലീസിനു കഴിഞ്ഞത്. അല്ലാത്തപക്ഷം കുറ്റം നിരപരാധിയായ പ്രധാനാധ്യാപകന്റെ പിരടിയിൽ വീഴുകയും വലിയ തോതിലുള്ള വർഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്യുമായിരുന്നു.
‘മതമൗലികവാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവം. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്നു പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടിൽ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയർന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മതത്തിന്റെ പേരിൽ സമൂഹത്തിൽ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കൾ ആത്മപരിശോധ നടത്തണം’ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
യുപിയിൽ തന്നെ ഹോട്ടലിൽ കയറിയ ഹിന്ദുത്വവാദികളായ ചിലർ വെജിറ്റബിൾ ഭക്ഷണം വാങ്ങുകയും രഹസ്യമായി അതിൽ എല്ലിൻ കഷ്ണം ഇട്ട് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവമുണ്ടായി. സിസിടിവി ക്യാമറയുള്ളതുകൊണ്ട് കള്ളത്തരം പിടികൂടാൻ കഴിഞ്ഞു. വിമാനത്തിനുള്ളിൽവച്ച് ‘അല്ലാഹു അക്ബർ, ട്രംപിനു മരണം’ എന്ന് അട്ടഹസിച്ചതും ഒരു തീവ്രഹിന്ദുത്വ വാദിയായിരുന്നു. ‘മാ ശാ അല്ലാഹ്,’ ‘അല്ലാഹു അക്ബർ’ എന്നൊക്കെ പറഞ്ഞും എഴുതിയും അക്രമം കാണിക്കൽ ഹിന്ദുത്വരുടെ മനസ്സിന്റെ നികൃഷ്ടത വെളിവാക്കുന്ന പ്രവർത്തനമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മുസ്‌ലിം പേരിൽ വ്യാജ ഐഡിയുണ്ടാക്കി വർഗീയവിഷം ചീറ്റി വെറുപ്പുൽപാദിപ്പിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അതെ, നമ്മുടെ നാട് വെറുപ്പുൽപാദന ഫാക്ടറിയായി മാറിക്കൊണ്ടിരിക്കുന്നു; അല്ല, സംഘ്പരിവാർ മാറ്റിക്കൊണ്ടിരിക്കുന്നു.
മതനിരപേക്ഷ പക്ഷത്തുള്ളവർ മുഴുവൻ ഒന്നിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു.
