മനുഷ്യാ, ചിന്തിക്കൊരൽപം!

പത്രാധിപർ

2025 ഡിസംബർ 27, 1447 റജബ് 06

മനുഷ്യൻ എത്രയധികം വിജ്ഞാനവും കഴിവുകളും നേടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാ പ്രപഞ്ചത്തിലെ ഒരു ചെറിയ ജീവി മാത്രമാണവൻ. എന്നാൽ മറ്റു ജീവികളെക്കാൾ മനുഷ്യനൊരു സവിശേഷതയുണ്ട്. അതാണ് വിശേഷ ബുദ്ധി. ഈ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ പലതും കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ ഈ ഭൂമിയിലുള്ള വസ്തുക്കളിൽ രൂപമാറ്റം വരുത്തുവാനല്ലാതെ പുതുതായി ലോകത്ത് എന്തെങ്കിലും സൃഷ്ടിക്കുവാൻ മനുഷ്യർക്ക് കഴിയില്ല. ഈ പ്രപഞ്ചത്തിൽ അല്ലാഹു സൃഷ്ടിച്ചുവച്ച പലതരത്തിലുള്ള അത്ഭുതങ്ങളും മനുഷ്യൻ ചിന്തിച്ചു പഠിച്ച് അൽപാൽപമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു എന്നു മാത്രം. ഇതിനാണ് ശാസ്ത്രീയ നേട്ടങ്ങൾ എന്നു പറയുന്നത്.

ഇത്തരം അറിവുകൾ അഹങ്കാരമില്ലാത്ത ജനങ്ങൾക്ക് ദൈവവിശ്വാസം വർധിപ്പിക്കുകയാണ് ചെയ്യുക. അല്ലാഹു പറയുന്നു:

“തീർച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാവും പകലും മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവർക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതായത് നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓർമിക്കുന്നവർക്കും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്പ്പിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവർക്കും. ഞങ്ങളുടെ രക്ഷിതാവേ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. നീ മഹാ പരിശുദ്ധൻ തന്നെ. അതിനാൽ ഞങ്ങളെ നീ നരക ശിക്ഷയിൽനിന്നും കാത്തുരക്ഷിക്കേണമേ എന്ന് അവർ പറയും’’ (ക്വുർആൻ 3:190,191)

വിനയവും വിജ്ഞാനവും ഉള്ളവർക്കേ അല്ലാഹുവിനെ ശരിയായി മനസ്സിലാക്കുവാൻ കഴിയൂ. നമ്മെ സൃഷ്ടിച്ചുണ്ടാക്കിയ പോലെ അവൻ നമ്മെ മരിപ്പിക്കും. ശേഷം അവൻ നമ്മെ പുനരുജ്ജീവിപ്പിക്കും. അങ്ങനെ നന്മ ചെയ്തവർക്ക് അതിന്റെ പ്രതിഫലവും തിന്മ ചെയ്തവർക്ക് അതിന്റെ ഫലവും ലഭിക്കും. അതിനാൽ നാമെല്ലാവരും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടും അവനെയും അവന്റെ പ്രവാചകനെയും അനുസരിച്ചുകൊണ്ടും ജീവിക്കേണ്ടതുണ്ട്. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന അടിസ്ഥാന പാഠം.

എന്നാൽ എല്ലാവിധ മാനുഷികമായ ഉത്തരവാദിത്തങ്ങളിൽനിന്നും ഒളിച്ചോടി, കേവലം ആത്മീയ ജീവിയായി കാലം തള്ളിനീക്കാൻ ഇസ്‌ലാം കൽപിക്കുന്നില്ല. അധ്വാനിക്കണം, കുടുംബ ജീവിതം നയിക്കണം, സ്രഷ്ടാവിനോടുള്ള കടമകൾ നിർവഹിക്കുന്നതോടൊപ്പം സഹജീവികളോടുള്ള കടമയും നിറവേറ്റണം. എന്നാൽ അത്യന്തിക ലക്ഷ്യം ഐഹികവിഭവ സമാഹരണവും സുഖാസ്വാദനവുമായിരി ക്കരുത്. മരണത്തെ മറന്നുകൊണ്ട് ഭൗതിക ജീവിതത്തോട് അത്യാസക്തി കാണിക്കുന്നത് ഇസ്‌ലാം വെറുക്കുന്നു. സ്രഷ്ടാവ് നൽകിയ ഏതേത് അനുഗ്രഹങ്ങളുണ്ടോ അതുകൊണ്ടെല്ലാം സ്രഷ്ടാവിന്റെ പ്രീതി സമ്പാദിക്കാനാണ് മനുഷ്യൻ പരിശ്രമിക്കേണ്ടത്. അല്ലാഹു പറയുന്നു:

“അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോക വിജയം തേടുക. ഐഹിക ജീവിതത്തിൽനിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതു പോലെ നീയും നന്മ ചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല’’ (28:77).

മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കർതവ്യം സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: “ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ’’ (2:21).