അധ്യാപകർക്ക് വിദ്യാർഥികളെ ശിക്ഷിക്കാമോ?
പത്രാധിപർ
2025 ജൂലൈ 12, 1447 മുഹറം 16

അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളെ ശിക്ഷിക്കാൻ അനുവാദമുണ്ടോ? മുമ്പൊക്കെ ഉണ്ടായിരുന്നു. പഠിക്കാത്തതിനും വികൃതി കാട്ടിയതിനും കളവു പറഞ്ഞതിനും പേനയോ പെൻസിലോ മറ്റോ മോഷണം നടത്തിയതിനുമൊക്കെ അധ്യാപകരിൽനിന്നും മാതാപിതാക്കളിൽനിന്നും അടിയും ശകാരവും ഉപദേശവും കിട്ടി വളർന്നവരാണ് പഴയതലമുറ. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. ശിക്ഷിക്കാനെന്നല്ല, മക്കളിൽ തെറ്റു കണ്ടാൽ അത് പാടില്ലെന്നു പറയാൻ പോലും അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ‘പഠിപ്പിക്കാനാണ് വന്നതെങ്കിൽ പഠിപ്പിച്ചാൽ മതി, വ്യക്തിപരമായ കാര്യത്തിൽ ഇടപെടേണ്ടതില്ല’ എന്ന് അധ്യാപകരുടെ മുഖത്തു നോക്കി ഭീഷണി സ്വരത്തിൽ പറയുന്നിടത്തേക്ക് കുട്ടികളുടെ ‘അവകാശബോധം’ വളർന്നിരിക്കുന്നു. ഒന്നു ശകാരിച്ചാൽ പോലും മർദിച്ചു എന്നു പറഞ്ഞ് വിദ്യാർഥികൾ അധ്യാപകർക്കെതിരെ കേസിനു പോകുന്ന അവസ്ഥ!
പുതിയെ ഹൈക്കോടതി വിധി അധ്യാപകർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കാൻ അധ്യാപകർക്ക് അവകാശമില്ലെന്നും തല്ലിയില്ലെങ്കിൽ അവർ ചീത്തയാകും എന്നതിനോട് യോജിക്കാനാകില്ലെന്നും പറഞ്ഞ കോടതി; അച്ചടക്കത്തിനോ നന്നാക്കാനോ കുട്ടികൾക്ക് ചെറിയ ശിക്ഷകൾ നൽകുന്നത് ശിക്ഷാനിയമങ്ങൾ അനുസരിച്ചുള്ള ക്രിമിനൽ കൂറ്റമാകുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുന്നു.
ക്ലാസിൽ ശ്രദ്ധിക്കാത്തതിന് ആറുവയസ്സുകാരിയെ ചുരൽകൊണ്ട് അടിച്ചതിന് അധ്യാപികക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും കേട്ടെഴുത്ത് നന്നായി ചെയ്യാത്തതിന് ഒമ്പതുവയസ്സുള്ള വിദ്യാർഥിയെ ചൂരൽകൊണ്ട് അടിച്ചതിന് അധ്യാപികക്കെതിരെ സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
എന്നാൽ, എറണാകുളം പറവൂരിൽ സ്‌കൂൾ വാർഷികത്തിന് നൃത്തം പഠിപ്പിക്കാൻ താൽക്കാലികമായി നിയമിച്ച അധ്യാപകൻ ഒമ്പതുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ചതിന് എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ മാരകായുധം ഉപയോഗിച്ച് കുട്ടിയെ അടിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ഹൈക്കോടതി റദ്ദാക്കി കേസിൽ പുതിയ കുറ്റപത്രം നൽകാൻ നിർദേശിച്ചിരിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം, ബാലനീതിനിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എൻ കൺവെൻഷൻ, നാഷനൽ കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് മാർഗനിർദേശങ്ങൾ തുടങ്ങിയവ വിലയിരുത്തിയ ശേഷമാണ് ഈ ഉത്തരവ്. അമിക്കസ് ക്യൂറിയെ ഉൾപ്പെടെ നിയമിച്ചാണ് കോടതി വിഷയം പരിശോധിച്ചത്.
ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരൽ പ്രയോഗം കുറ്റകരമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ബാലനീതി നിയമത്തിലെ ഈ വകുപ്പ് സ്‌കൂളിനും അധ്യാപകർക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അധ്യാപകരുടെ ലക്ഷ്യം പരിശോധിക്കേണ്ടതുണ്ട്. ഉചിതമായതും ദുരുദ്ദേശ്യമില്ലാത്തതും ആണെങ്കിൽ ഇത്തരം പ്രവൃത്തികളെ അനാവശ്യമെന്ന് പറയാനാവില്ല. എന്നാൽ കുട്ടികളുടെ പ്രായം കണക്കാക്കുമ്പോൾ അധ്യാപകർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. പ്രവൃത്തി ധാർമികമായി തെറ്റായിരിക്കാം. എന്നാൽ നിയമപരമായി തെറ്റായി കണക്കാക്കാനാവില്ല. കുട്ടിയെ സാരമായി പരിക്കേൽപിക്കുന്നതിനെയോ മാരകമായി ദ്രോഹിക്കുന്നതിനെയോ ക്രിമിനൽ കുറ്റമായി പരിഗണിക്കാതിരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അധ്യാപകർക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ എന്നതിൽ സംശയമില്ല. രക്ഷിതാക്കൾ കൂടി ഇപ്പറഞ്ഞത് ഉൾക്കൊള്ളേണ്ടതുണ്ട്.
