ഒഴിവുസമയവും ആരോഗ്യവും

പത്രാധിപർ

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

ആരോഗ്യം ഒരു മഹത്തായ അനുഗ്രഹമാണ്. രോഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരെ കാണുന്ന ഓരോരുത്തർക്കും ഇത് തിരിച്ചറിയാൻ സാധിക്കും. പ്രാഥമിക കൃത്യങ്ങൾ പോലും സ്വന്തമായി നിർവഹിക്കുവാൻ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരിക എന്നത് എന്തുമാത്രം പ്രയാസകരമാണ്! രോഗികളെ സന്ദർശിക്കൽ പുണ്യമാണെന്ന് പഠിപ്പിച്ച പ്രവാചക‌െൻറ ചര്യ പ്രാവർത്തികമാക്കുന്നവരെ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ആരോഗ്യമെന്ന അനുഗ്രഹത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞറിയിക്കേണ്ടി വരില്ല. പക്ഷേ, ഈ അനുഗ്രഹം യഥേഷ്ടം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നമ്മൾ ഈ അനുഗ്രഹങ്ങളുടെ ദാതാവിനെക്കുറിച്ച് ഓർക്കുവാനോ നന്ദി കാണിക്കുവാനോ പലപ്പോഴും തയാറാകുന്നില്ല എന്നതാണ് വാസ്തവം. ഇതെല്ലാം നൽകിയ അല്ലാഹു നമ്മെ എൽപിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നതാണ് നമ്മൾ ചെയ്യുന്ന നന്ദി.

തന്റെ യുവത്വവും ആരോഗ്യവും ഏതു മാർഗത്തിൽ ചെലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടാതെ ഒരാൾക്കും പരലോകത്ത് തന്റെ പാദങ്ങൾ മുന്നോട്ടു വെക്കാൻ കഴിയില്ല എന്ന പ്രവാചക വചനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ആരോഗ്യത്തിന്റെ ധർമം, അത് നൽകിയ സ്രഷ്ടാവിന്റെ നിർദേശാനുസരണം അത് വിനിയോഗിക്കുക എന്നതാണ്. ദൈവമാർഗത്തിൽ തന്റെ ആരോഗ്യം ചെലവഴിക്കൽ പ്രധാനമാണ്. നമ്മുടെ കായികമായ സഹായം വേണ്ടവർക്ക് അതു ചെയ്തു കൊടുക്കണം. നല്ല ഏതു കാര്യത്തിലും നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ള മനുഷ്യർക്ക് ചെയ്തുകൊടുക്കണം. നന്മ കൽപിക്കുന്നതിലും തിന്മയെ തടയുന്നതിലുമെല്ലാം നമ്മുടേതായ പങ്ക് നമ്മൾ വഹിക്കണം.

ഇതിനൊന്നും സന്നദ്ധതയില്ലാത്തവർ തിരിച്ചറിയുക; ആരോഗ്യവും യൗവ്വനവുമൊന്നും നിത്യമല്ല. രോഗവും വാർധക്യവുമെല്ലാം ചിലർക്കു മാത്രം വരുന്നതല്ല. ദുരിതപൂർണമായ രോഗവാവസ്ഥ തനിക്കു വന്നാലുള്ള അവസ്ഥയെക്കുറിച്ചോർക്കുക.

പലരും ശ്രദ്ധിക്കാതെ, പരിഗണിക്കാതെ പോകുന്ന മറ്റൊരു അനുഗ്രഹമാണ് ഒഴിവുസമയം. നബിﷺ പറഞ്ഞു: ‘രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തിൽ മനുഷ്യരിൽ അധികപേരും പരാജിതരാണ്. ആരോഗ്യവും ഒഴിവുസമയവുമത്രെ അവ’ (ബുഖാരി).

വേനലവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒഴിവുസമയം ധാരാളം ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ഇത്രയും കാലം ലഭിച്ച ഒഴിവുസമയങ്ങൾ എങ്ങനെ വിനിയോഗിച്ചു എന്ന് വിലയിരുത്തുക. പറയത്തക്കതായ നല്ല കാര്യങ്ങളൊന്നും ചെയ്യാതെ സമയം തള്ളി നീക്കി എന്നായിരിക്കും പലർക്കും കണ്ടെത്താൻ കഴിയുക. സമയമാണ് ജീവിതം. അതിനാൽ അമൂല്യമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. വിശ്രമത്തിനിടയില്ലാത്ത ജോലിത്തിരക്കുകളുണ്ടാകുമ്പോഴാണ് ഒഴിവുസമയത്തിന്റെ വിലയറിയുക.

നബിﷺ പറഞ്ഞു: ‘അഞ്ചുകാര്യങ്ങൾക്ക് മുമ്പായി അഞ്ചു കാര്യങ്ങൾ നന്മയിൽ ഉപയോഗപ്പെടുത്തുക; മരണത്തിനു മുമ്പ് ജീവിതത്തെ, രോഗത്തിനുമുമ്പ് ആരോഗ്യത്തെ, തിരക്കിനുമുമ്പ് ഒഴിവുസമയത്തെ, വാർധക്യത്തിനു മുമ്പ് യുവത്വത്തെ, ദാരിദ്ര്യത്തിനു മുമ്പ് സമ്പന്നതയെ’ (അഹ്‌മദ്, ഹാകിം).

‘പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും’ എന്ന ക്വുർആൻ സൂക്തം വിശ്വാസികളെ ചിന്തിപ്പിക്കേണ്ടതാണ്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ചുകെണ്ടാണ് ഓരോ നിമിഷവും നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഈ അനുഗ്രഹങ്ങളോട് നാം എങ്ങനെ പ്രതികരിച്ചുവെന്നതിനെപ്പറ്റി അല്ലാഹു നാളെ നമ്മെ ചോദ്യം ചെയ്യും. അതിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ആർക്കും കഴിയില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ.