ഫലസ്തീൻ; സയണിസം തനിനിറം തുറന്നുകാട്ടിയിരിക്കുന്നു

പത്രാധിപർ

2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

ജനിച്ചുവളർന്ന ഫലസ്തീൻ നാട്ടിൽ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ് സയണിസ്റ്റുകൾ. 1948ൽ ഫലസ്തീൻ പ്രദേശങ്ങൾ രണ്ടായി പകുത്ത് ഇസ്രയേൽ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ് ഐക്യരാഷ്ട്ര സഭ ചെയ്തത്.

അേതാടെ ഫലസ്തീൻകാരുടെ പൗരത്വം ഛിന്നഭിന്നമായി. 1948 മെയ് 15ന് ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഐക്യരാഷ്ട്ര സഭ നിർണയിച്ച അതിർത്തി ഇസ്രയേൽ വർധിപ്പിച്ചു. 1967ൽ ഗാസയും വെസ്റ്റ്ബാങ്കും ഗോലാൻ കുന്നുകളും ഇസ്ര‌യേൽ പിടിച്ചെടുത്തു. ജോർദാന്റെ ഭാഗമായിരുന്ന കിഴക്കൻ ജറുസലേമും അവർ കൈയടക്കി. അതോടെ ഇസ്രയേലിനകത്തെ ഫലസ്തീനികൾ, ഇസ്രയേൽ കീഴടക്കിയ സ്ഥലത്തെ ഫലസ്തീനികൾ, ഇസ്ര‌യേൽ കീഴടക്കി ഇസ്രയേലി നിയമങ്ങൾ ബാധകമാക്കിയ സ്ഥലത്തെ (കിഴക്കൻ ജറുസലേം) ഫലസ്തീനികൾ, ഇസ്രയേലിന്റെ മേൽനോട്ടത്തിൽ ഫലസ്തീൻകാർക്ക് പരിമിതമായ സ്വയംഭരണാവകാശം നൽകിയ (ഗസ്സ, ജെറിക്കോ) പ്രദേശത്തെ ഫലസ്തീനികൾ എന്നിങ്ങനെ നാലുതരം പൗരന്മാരായി ഫലസ്തീനികൾ മാറി.

ഇസ്രയേലിന്റെ കോളനിവാഴ്ച ആരംഭിച്ചതു മുതൽ തുടങ്ങിയതാണ് ഫലസ്തീനികളുടെ ചെറുത്തുനിൽപ്. ജനിച്ചുവളർന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീനികളെ അക്രമികളായും അധിനിവേശം നടത്തിയ അക്രമികളായ ഇസ്രയേലികളെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുമായി മാത്രമെ എന്നും പാശ്ചാത്യമാധ്യമങ്ങളും രാഷ്ട്രങ്ങളും ചിത്രീകരിച്ചിട്ടുള്ളൂ.

ഫലസ്തീനികളെ ഉന്മൂലനാശം വരുത്തി മുഴുവൻ പ്രദേശവും തങ്ങളുടേതാക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്. ഫലസ്തീനി ബാലന്മാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നതിനു പിന്നിൽ ഈയൊരു ലക്ഷ്യമാണുള്ളത്. ഇസ്രയേൽ നിരന്തരം വ്യോമാക്രമണം നടത്തി ഫലസ്തീൻ ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ ഭവനങ്ങൾ തകർക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

പലതവണ വെടിനിർത്തൽ ധാരണ നിലവിൽവന്ന് മണിക്കൂറുകൾക്കകം കരാർ ലംഘിച്ച് ഫലസ്തീനിലെ അനേകം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നിട്ടുണ്ട്. അതിൽ ഏറെയും കുട്ടികളടക്കമുള്ള സിവിലിയന്മാരാണ്. അനേകായിരങ്ങൾ അഭയാർഥികളായി അലയുകയാണ്.

ഇത്തരമൊരു ഘട്ടത്തിലാണ് 2023 ഒക്‌ടോബറിൽ ഹമാസ് ഇസ്രയേലിനെ അക്രമിച്ചത്. നിരപരാധികളെ കൊന്നതിനെ നമുക്ക് ന്യായീകരിക്കാനാവില്ല. ഹമാസിെൻറ നയനിലപാടുകളോട് നമുക്ക് യോജിക്കാൻ കഴിയില്ല. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിെൻറ തീവ്രത വർധിപ്പിക്കാൻ അവരുടെ ആക്രമണം കാരണമായി എന്നതിൽ തർക്കമില്ല. എന്നാൽ നീണ്ട ഏഴു പതിറ്റാണ്ടു കാലമായി നിരന്തരം തങ്ങളുടെ നാടു വീടും കൈയേറിക്കൊണ്ടിരിക്കുന്ന, പിഞ്ചു മക്കളെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേലിന് തിരിച്ചടി കൊടുക്കുക എന്നതിനെ ഫലസ്തീനികൾ തെറ്റായി കാണുന്നുണ്ടാകില്ല. ഇസ്രായേലാകട്ടെ ആ അവസരം നന്നായി ഉപയോഗിച്ചു. ഒടുവിൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു. ഇസ്രായേലിന്റെ തനിനിറം അറിയാവുന്നവരൊക്കെ അപ്പഴേ പറഞ്ഞു; കരാർ ലംഘിച്ച ചരിത്രമെ ഇസ്രായേലിനുള്ളൂ എന്ന്. അങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു. ഒരു മണിക്കൂർ നേരം പോലും തികയും മുമ്പ് ആക്രമണം തുടർന്നു. ഇപ്പോഴിതാ റഫാ അടക്കം ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ പോർവിമാനങ്ങൾ ബോംബിട്ട് നിരവധി ഫലസ്തീനികലെ കൊന്നിരിക്കുന്നു. ഗസ്സയിലുള്ള ഇസ്രായേൽ സൈനികരിൽ 2 പേർ കൊല്ലപ്പെട്ടുവെന്നും ഇതിനു പിന്നിൽ ഹമാസാണന്ന് ആരോപിച്ചുമാണ് ആക്രമണം. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സയണിസ്റ്റുകൾക്ക് ഫലസ്തീനികളെ കൊല്ലുവാൻ കാരണമൊന്നും വേണ്ട, ഫലസ്തീനികളാണ് എന്നതുതന്നെ അവർക്ക് കൊല്ലുവാനുള്ള മതിയായ കാരണമാണല്ലോ.