കുറ്റകൃത്യങ്ങളിൽ മുമ്പിൽ മുസ്‌ലിംകളോ?
പത്രാധിപർ
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

സമൂഹത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ എന്തുകൊണ്ട് മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ പങ്കും വർധിച്ചുവരുന്നു എന്ന ചോദ്യം പലഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്. മുസ്‌ലിംകളുടെ എണ്ണമാണ് എല്ലാ കുറ്റങ്ങളിലും കൂടുതൽ എന്നും വിമർശനമുണ്ട്. എല്ലാ കുറ്റകൃത്യങ്ങളിലും മുസ്‌ലിം നാമധാരികളുണ്ട് എന്നത് ശരിതന്നെയാണ്. എന്നാൽ ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ മുസ്‌ലിംകളുടെ എണ്ണമാണ് കുറ്റങ്ങളിൽ കൂടുതൽ എന്നത് വസ്തുനിഷ്ഠമായ ആരോപണമല്ല എന്നതാണ് യാഥാർഥ്യം.
ജീവിതം അതിന്റെ ദിശയിലും വിശ്വാസം അതിന്റെ ദിശയിലും നീങ്ങുകയും ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമായി വിശ്വാസം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോഴാണ് തെറ്റുകളിൽ ചെന്നുചാടുന്നത്. വ്യക്തിയുടെ ജീവിതത്തിൽ സമൂലമായി സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമായി വിശ്വാസം മാറേണ്ടതുണ്ട്. കർമങ്ങളിലേക്കുള്ള പ്രേരണകൾ വിശ്വാസത്തിൽനിന്നും ലഭിച്ചില്ലെങ്കിൽ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും.
‘വിശ്വാസികളേ, നിങ്ങൾ വിശ്വാസികളാവുക’ എന്ന വിശുദ്ധ ക്വുർആനിന്റെ ആഹ്വാനം ഏറെ അർഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്: “സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ...’’ (ക്വുർആൻ 4: 136).
വിശ്വാസികളെ വിളിച്ചുകൊണ്ട് വിശ്വാസികളാകുവിൻ എന്ന് കൽപിക്കുമ്പോൾ വിശ്വാസം ദൃഢീകരിക്കേണ്ടതിന്റെ ആവശ്യം ബോധ്യമാകുന്നു. അതോടൊപ്പം പ്രവർത്തനങ്ങളിലൂടെയുള്ള വിശ്വാസ പ്രതിഫലനത്തിന്റെ ആവശ്യകതയും അത് മനസ്സിലാക്കിത്തരുന്നു.
ശരീരവും സമ്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമർപ്പിക്കുവാൻ സന്നദ്ധനാകുന്നവനാണ് മുസ്‌ലിം.
“പറയുക: തീർച്ചയായും എന്റെ പ്രാർഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’’ (ക്വുർആൻ 6:162).
സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ ആ സ്രഷ്ടാവിന്റെ മാർഗദർശനം ജീവിതത്തിൽ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. സ്രഷ്ടാവിന്റെ താൽപര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ. ഭൗതികജീവിതത്തോടും സുഖസൗകര്യങ്ങളോടുമുള്ള അമിതമായ താൽപര്യം മനുഷ്യനെ തെറ്റുകളിലേക്കു നയിക്കും. ജീവിതലക്ഷ്യം പരലോക വിജയമാക്കുക എന്നതാണ് അതിനുള്ള പരിഹാരം.
“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക...’’ (ക്വുർആൻ 7:3).
വ്യക്തിജീവിതവും സാമൂഹ്യജീവിതവും കുടുംബജീവിതവും ഒരുപോലെ ഇസ്‌ലാമികമാക്കാൻ കഴിഞ്ഞാൽ മാത്രമെ ഒരാൾ യഥാർഥ വിശ്വാസിയാവുകയുള്ളൂ എന്ന് ചുരുക്കം.

