മാതാപിതാക്കൾ ഉത്തരവാദിത്തം നിറവേറ്റുക

പത്രാധിപർ

2025 മാർച്ച് 15, 1446 റമദാൻ 14

തന്റെ കാര്യത്തിൽ മാത്രമല്ല; താൻ ഉൾപെടുന്ന കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും പുരോഗതിയുണ്ടാകണമെന്ന് എല്ലാ പൗരൻമാരും ആഗ്രഹിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കുന്നത് മനുഷ്യന്റെ ഈ സംസ്‌കാരബോധം െകാണ്ടാണ്. ചെറുപ്രായം മുതൽ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളർന്ന് അത് ജീവിതത്തിൽ നിരന്തരം ശീലിച്ചുപോന്നാൽ അയാൾ ഭാവിയിൽ ഒരു ഉത്തമ പൗരനായി കുടുംബത്തിനും രാജ്യത്തിനും മാർഗദീപമാകുമെന്നതിൽ സംശയമില്ല. പക്ഷേ, മാതാപിതാക്കളും അധ്യാപകരും സമൂഹംതന്നെയും കുട്ടികൾക്ക് മാതൃകയാകണം. ഇന്ന് ഇളംതലമുറയിൽ കാണുന്ന മൂല്യച്യുതിയുടെ കാരണങ്ങളിൽ ഒന്ന് നല്ല മാതൃകയുടെ ജീവിക്കുന്ന തെളിവിന്റെ അഭാവമാണെന്ന് കണ്ടെത്താൻ പ്രയാസമില്ല.

മൂല്യബോധം പകർന്നു നൽകൽ കുടുംബത്തിൽനിന്ന് തുടങ്ങണം. മാതാപിതാക്കൾ ആദ്യം മക്കൾക്ക് അനുകരണീയ മാതൃകകളാകണം. എന്നിട്ട് മക്കൾക്ക് നല്ല ശീലങ്ങൾ പഠിപ്പിക്കണം. നിർബന്ധപൂർവം അത് അനുസരിപ്പിക്കുകയും വേണം.

വിദ്യാലയങ്ങൾ അധർമത്തിന്റെ വിളനിലങ്ങളാകുന്ന ശോചനീയമായ അവസ്ഥയാണ് വർത്തമാന കാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. അച്ചടക്കരാഹിത്യം എവിടെയും കാണാം. ക്ലാസിൽ കൃത്യസമയത്ത് ഹാജറാകാതിരിക്കുക, അധ്യാപകരെ അനുസരിക്കാതിരിക്കുക, പാഠങ്ങൾ പഠിക്കാതിരിക്കുക, പരീക്ഷക്ക് കോപ്പിയടിക്കുക തുടങ്ങിയവ സ്ഥിരം പരിപാടികളാണ്. എന്തെങ്കിലും അച്ചടക്ക നടപടികളെടുത്താൽ പിന്നെ സമരമായി. സമരത്തിന്റെ മറവിൽ എന്ത് അധമകൃത്യവും ചെയ്യാൻ അവർ മടിക്കുകയില്ല. പൊതുമുതൽ നശിപ്പിക്കുന്ന അക്രമണോൽസുക കൂട്ടമായി അവർ മാറുന്നു. ലഹരി ഉപയോഗിക്കുകയും അതിന്റെ വിൽപനക്കാരായി മാറുകയും ചെയ്യുന്നു. ആൺകുട്ടികളും പെൺകുട്ടികളും ധാർമികതയുടെ സകല സീമകളും ലംഘിച്ച് ഇടപഴകുന്നു. റാഗിംഗ് എന്ന ഓമനപ്പേരിട്ട് അതിക്രൂരമായ മർദനവും കൊലപാതകവുമടക്കം ചെയ്യാൻ അവർ ധൃഷ്ടരാകുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്തത്തിൽനിന്ന് ഭരണകൂടത്തിനും നീതിപീഠങ്ങൾക്കും രക്ഷിതാക്കൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഒഴിഞ്ഞുമാറാൻ സാധ്യമല്ല. അധ്യാപകർക്ക് കുട്ടികളെ നല്ലത് ഉപദേശിക്കാനോ ആവശ്യമെങ്കിൽ ശിക്ഷ നൽകാനോ അവകാശമില്ലാതാക്കിയത് ആരാണ്? കുട്ടികളെ ചെറുതായൊന്ന് ശിക്ഷിച്ചാൽ പോലും കേസ് കൊടുത്ത് അധ്യാപകരോട് പക വീട്ടുന്നത് ആരാണ്? എന്ത് അതിക്രമം കാണിച്ചാലും അതിനെല്ലാം പിന്നിൽനിന്നും മുന്നിൽനിന്നും പിന്തുണ നൽകുന്നത് ആരാണ്?

കുട്ടികൾ വളരുന്നതോടുകൂടി സൽസ്വഭാവങ്ങളും പെരുമാറ്റരീതികളും മാറിമറിയാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മറ്റുള്ളവരോട് സ്‌നേഹവും കരുണയും അവർ കാണിക്കണം. അന്യർക്ക് വേണ്ടി ത്യാഗം സഹിക്കാൻ മടികാണിക്കരുത്. ഇതൊന്നും ഇന്ന് വിദ്യാലങ്ങളിൽനിന്ന് ലഭിക്കുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്നാണല്ലോ ന്യൂ ജെൻ തിയറി. സദാചാരമെന്ന വാക്കിനോടുതന്നെ പുച്ഛമുള്ളവരായി അവരെ മാറ്റാനാണല്ലോ ലിബറിലിസത്തിന്റെ വക്താക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതാണല്ലോ വിദ്യാലങ്ങളിൽനിന്നും അവർക്ക് ലഭിക്കുന്നതും!

ഈ പരിതസ്ഥിതിയിൽ നല്ലവരായി മുന്നോട്ട് പോകൽ വളരെ പ്രയാസകരം തന്നെയാണ്. തിന്മകൾക്കെതിരിൽ, നന്മയിൽ മുന്നേറാൻ കഴിയണമെങ്കിൽ കണിശമായ മതബോധം അനിവാര്യമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള ഭീകരപ്രവർത്തനങ്ങളെ നിരാകരിക്കുവാനും മൂല്യനിബദ്ധമായ ജീവിതം നയിക്കുവാനും യഥാർഥ മതവിശ്വാസിക്ക് കഴിയുമെന്നതിൽ സംശയമില്ല. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ തന്നെ ശ്രദ്ധ പുലർത്തി ഉത്തരവാദിത്തം നിറവേറ്റുക.