പഹൽഗാമിന്റെ മറവിൽ നടന്ന സംഘ്പരിവാർ ഭീകരത
പത്രാധിപർ
2025 മെയ് 24, 1446 ദുൽഖഅദ് 22

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനികളാണ്. അവരുടെ ലക്ഷ്യം രാജ്യത്ത് വർഗീയ ചേരിതിരിവിന് ആക്കം കൂട്ടുക എന്നതായിരുന്നു. അതിനാണ് കൊല്ലുന്നതിനു മുമ്പ് ബോധപൂർവം പേരു ചോദിച്ചത്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരിൽ കുരച്ചുകൊണ്ട് ചാടിവീഴാൻ ചെറിയൊരു കാരണത്തിന് കാത്തിരിക്കുന്ന ഇന്ത്യയിലെ സംഘ്പരിവാർ ഭീകരവാദികൾക്ക് നല്ലൊരു അവസരമാണ് പാക്ക് ഭീകരവാദികൾ നൽകിയത്.
2025 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ അസോസിയേഷൻ (APCR) തയ്യാറാക്കിയ റിപ്പോർട്ടിൽ ഏപ്രിൽ 22നും മെയ് 8നും ഇടയിൽ ഇന്ത്യയിലുടനീളം മുസ്‌ലിംകൾക്കെതിരായി കുറഞ്ഞത് 184 വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു! വിദ്വേഷ പ്രസംഗം, ശാരീരിക ആക്രമണം, കൊലപാതകം, നശീകരണം, സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിദ്വേഷം വളർത്തുന്ന 84 പൊതുപ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ, അക്രമത്തിനുള്ള ആഹ്വാനങ്ങൾ, ഹിന്ദുക്കളോട് ആയുധമെടുക്കാനോ മുസ് ലിംകളെ പുറത്താക്കാനോ ഉള്ള ആഹ്വാനങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു.
39 ശാരീരിക ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. ചണ്ഡിഗഡിലും ഹിമാചൽ പ്രദേശിലും കശ്മീരി സ്ത്രീകളെയും വിദ്യാർഥികളെയും ആക്രമിച്ചു. ചില സന്ദർഭങ്ങളിൽ പോലീസ് നിഷ്‌ക്രിയരായിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മസൂറിയിൽ ബജ്രംഗ് ദൾ പ്രവർത്തകർ മുസ്‌ലിം കച്ചവടക്കാരെ ആക്രമിച്ചു. മുംബൈയിൽ ബിജെപി പ്രവർത്തകർ മുസ്‌ലിം വഴിയോരക്കച്ചവടക്കാരെ ആക്രമിച്ചു. ഭോപ്പാലിൽ ഒരു മുസ്‌ലിം ഹെഡ് കോൺസ്റ്റബിളിനെ ആക്രമിച്ചു. മഹാരാഷ്ട്രയിലെ സാന്താക്രൂസിൽ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അലിഗഡിൽ ഒരു മുസ്‌ലിം കുട്ടിയെ പാകിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ചു.
മൂന്ന് കൊലപാതകങ്ങൾ നടന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ ക്ഷത്രിയ ഗൗ രക്ഷാദൾ അംഗങ്ങൾ ഒരു മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തുകയും അയാളുടെ ബന്ധുവിന് പരിക്കേൽപ്പിക്കുകയും ചെയ്തു. കർണാടകയിലെ മംഗളൂരുവിൽ ‘പാക് മുദ്രാവാക്യം’ വിളിച്ചുവെന്നാരോപിച്ച് മലയാളിയായ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഝാർഖണ്ഡിലെ ബൊക്കാറോയിൽ ഫാസിസ്റ്റുകൾ ഒരു മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു.
നശീകരണവും സ്വത്ത് നാശവും നടത്തിയതിന്റെ 19 സംഭവങ്ങൾ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. മുസ്‌ലിം ഉടമസ്ഥതയിലുള്ള ബിസിനസ്സുകൾ, താമസസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, മത ചിഹ്നങ്ങൾ. എന്നിവയായിരുന്നു ലക്ഷ്യം. രാജസ്ഥാനിൽ ഒരു സംഘ്പരിവാർ എംഎൽഎയുടെ നേതൃത്വത്തിൽ മുസ്‌ലിംകളുടെ കടകൾ, ക്ലിനിക്കുകൾ, മദ്‌റസകൾ എന്നിവ തകർത്തു. ഉത്തരാഖണ്ഡിൽ പള്ളികൾ തകർത്തു. മധ്യപ്രദേശിലെ ഉജ്ജൈനിലെ മുസ്‌ലിംകളുടെ വീടുകൾക്ക് കല്ലെറിയുകയും തീയിടുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ കറാച്ചി ബേക്കറി ആ ‘പേരിന്റെ’ പേരിൽ തകർത്തു!
കാശ്മീരിൽ, തീവ്രവാദികളെന്ന് സംശയിച്ചവരുടെയും സ്വന്തക്കാരുടെയും അയൽപക്കക്കാരുടെയും വീടുകൾ പൊളിച്ചുമാറ്റി. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തപ്പെട്ടു. റിപ്പോർട്ടിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. എല്ലായിടത്തുമുള്ള ഭീകരവാദികൾ പരസ്പരം ഭായി-ഭായികളാണ്, അവർ തമ്മിലുള്ള അന്തർധാര സജീവമാണ് എന്നൊക്കെയുള്ള ആരോപണങ്ങളെ അങ്ങനെയങ്ങ് നിഷേധിക്കാൻ കഴിയുമോ?

