വർഗീയവാദികളെ മതേതര കുപ്പായം ധരിപ്പിക്കുന്നവരോട്...

പത്രാധിപർ

2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

നഗ്‌നമായ വർഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ നാടുവാഴുമ്പോൾ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ജനാധിപത്യ സഖ്യങ്ങൾ സമകാലീന ഇന്ത്യയിൽ പരാജയപ്പെട്ടു പോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

പച്ചയായി വർഗീയത വിളിച്ചുകൂവുന്ന ഒരു വ്യക്തിയെ മതേതരനും മതനിരപേക്ഷതയുടെ പക്ഷത്ത് നിലകൊള്ളുകയും അതിന്റെ മുന്നണിപ്പോരാളികളായി നിലകൊള്ളുകയും ചെയ്യുന്നവരെ വർഗീയവാദികളായും മുദ്രകുത്തുന്ന ഇടതുപക്ഷ വിരോധാഭാസം പത്തു വോട്ടിനു വേണ്ടി എത്ര അധഃപതിക്കാനും തയ്യാറാണെന്ന് സൂചിപ്പിക്കുന്നതാണ്. കേവലം പഞ്ചായത്ത് മെമ്പർ സ്ഥാനത്തിനു വേണ്ടി, അല്ലെങ്കിൽ സ്വന്തം പാർട്ടിയിൽ ഉദ്ദേശിച്ച സ്ഥാനം കിട്ടാത്തതിന്റെ പേരിൽ സംഘ്പരിവാർ പക്ഷത്തേക്ക് ചാടുന്ന മുസ്‌ലിം നാമധാരികളെ സോഷ്യൽ മീഡിയയിൽ സംഘ്പരിവാറുകാർ ആഘോഷിക്കുകയാണ്.

ഹിറ്റ്‌ലറും നാസി പാർട്ടിയും ജർമനിയിൽ വേരുറപ്പിച്ചതും തെരഞ്ഞെടുപ്പിലൂടെയായിരുന്നു. 1928ൽ ജർമൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാസി പാർട്ടിക്ക് വെറും 12 സീറ്റ് മാത്രമാണുണ്ടായിരുന്നത്. 1933ൽ 250ഓളം സീറ്റുകളും 44 ശതമാനം വോട്ടും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. തുടർന്ന് അധികാരത്തിലെത്തിയതോടെ പാർലമെന്റിനെ റബ്ബർ സ്റ്റാമ്പാക്കി മാറ്റി. അതുപോലെ 1984ൽ വെറും രണ്ട് എംപിമാർ മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് പാർലമെന്ററി സമ്പ്രദായം ഉപയോഗിച്ച് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. തെരഞ്ഞെടുപ്പുകളോ പാർലമെന്ററി സംവിധാനമോ ഫാസിസത്തിന്റെ വരവിനെ ചെറുക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം ഇത് ബോധ്യപ്പെടുത്തിത്തരുന്നു. അധികാത്തിന്റെ അപ്പക്കഷ്ണങ്ങൾക്കായുള്ള പരക്കം പാച്ചിലിൽ അന്ധത ബാധിച്ച ചില മതേതര കക്ഷികൾ ഈ യാഥാർഥ്യം കാണാതെപോകുന്നു.

ഗാന്ധിജി ഫാസിസത്തിന്റെ ഈ മുഖം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ജനതക്ക് അദ്ദേഹം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയും സന്തത സഹചാരിയുമായിരുന്ന പ്യാരിലാൽ ‘മഹാത്മാഗാന്ധി; അന്ത്യഘട്ടം’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നു: “സ്വാതന്ത്ര്യസമരം കത്തിനിന്ന കാലം. മഹാത്മാഗാന്ധിയുടെ പിന്തുണയില്ലാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനം ലഭിക്കാൻ കഴിയില്ലെന്ന് ഫാസിസ്റ്റുകൾ മനസ്സിലാക്കി. (1934ലെ എ.ഐ.സി.സി, ആർ.എസ്.എസ് അടക്കമുള്ള ഫാസിസ്റ്റ് സംഘടനകളെ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്ത കാലമായിരുന്നു അത്). ഗാന്ധിയയെ സ്വാധീനിക്കാൻ അവർ ശ്രമമാരംഭിച്ചു. അങ്ങനെ

ഗാന്ധിയുടെ ആസ്ഥാനമായിരുന്ന വർധയിൽ നടന്ന ഒരു ആർ.എസ്.എസ് ക്യാമ്പ് സന്ദർശിക്കാൻ ഹെഡ്‌ഗെവാർ അദ്ദേഹത്തെ ക്ഷണിച്ചു. സ്വതസിദ്ധമായ മര്യാദ പ്രകാരം അദ്ദേഹം ക്ഷണം സ്വീകരിച്ചു.’’

പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായം പ്യാരിലാൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: “പരിപാടിക്കിടയിൽ കൂട്ടത്തിൽ വന്ന ഒരാൾ ഗാന്ധിയോട് ആർ.എസ്.എസിന്റ മഹിമ എടുത്തു പറയാൻ തുടങ്ങി. അവർ അച്ചടക്കവും ധീരതയും പ്രകടിപ്പിക്കുന്നതായി അയാൾ ചൂണ്ടിക്കാട്ടി. ഗാന്ധിജി അതിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: ‘ഹിറ്റ്‌ലറുടെ നാസികളും മുസോളനിയുടെ ഫാസിസ്റ്റുകളും അങ്ങനെത്തന്നെയായിരിന്നു എന്നത് മറക്കേണ്ട.’’

ഫാസിസ്റ്റ് ശക്തികൾ ഈയിടെയായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും മൗലികാവകാശ ധ്വംസനങ്ങളും നുണപ്രചാരണങ്ങളും അവയ്‌ക്കെല്ലാം അധികാരം കയ്യാളുന്നവർ നൽകുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും കണ്ടിട്ടും ഇതിനെല്ലാം മുമ്പിൽ വാ തുറക്കാൻ കഴിയാതെ പകച്ചുനിൽക്കുന്ന ആൾക്കൂട്ടമായി മാറരുത് മതനരിപേക്ഷത നാട്ടിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടികൾ.