റമദാൻ ചിന്തകൾ

പത്രാധിപർ

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

ഒരു റമദാൻ മാസം കൂടി അടുത്തെത്തിക്കഴിഞ്ഞു. വിശ്വാസികൾക്ക് അത് വലിയ ആനന്ദം നൽകുന്നതാണ്. കഴിഞ്ഞ റമദാനിൽ ജീവിച്ചിരുന്ന, നമുക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പലരും അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി മടങ്ങിപ്പോയി. ഈ റമദാനിന് സാക്ഷിയാകാൻ നമ്മിൽ ആർക്കൊക്കെ സർവക്തൻ ഭാഗ്യം നൽകുമെന്ന് നമുക്കാർക്കും അറിയില്ല. പ്രാർഥിക്കുവാനേ നമുക്കു കഴിയൂ. എല്ലാം അവന്റെ തീരുമാനമനുസരിച്ചാണല്ലോ നടക്കുന്നത്.

‘സ്വൗം’ അഥവാ ‘നോമ്പ്’ എന്നത് അതിശ്രേഷ്ഠമായ ഒരു ആരാധനയാണ്. അതിൽ അല്ലാഹുവിനുള്ള അനുസരണയും ആരാധനയും അവന്റെ മഹത്ത്വം അംഗീകരിക്കലുമുണ്ട്. പ്രവാചകനെ പിൻപറ്റലുണ്ട്. സ്വന്തം ശരീരത്തോടു ചെയ്യുന്ന ത്യാഗമുണ്ട്. ഇച്ഛകളോടുള്ള സമരമുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികാഭിലാഷങ്ങളും വെടിയുന്നതും അനാവശ്യമായ ചിന്തകൾ പോലും വെടിയുന്നതും സ്രഷ്ടാവിന് കീഴ്‌പെടാനുള്ള സന്നദ്ധത അറിയിക്കുന്നതാണ്. അതിലൂടെ ആഗ്രഹിക്കുന്നത് അവന്റെ തൃപ്തിയും അവൻ വാഗ്ദാനം ചെയ്ത മഹത്തായ പ്രതിഫലവുമാണ്.

ഐച്ഛികമായ നോമ്പും നിർബന്ധമായ നോമ്പുമുണ്ട്. റമദാനിലെ നോമ്പ് നിർബന്ധമായതാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും അവൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം ആഗ്രഹിച്ചും നോമ്പനുഷ്ഠിക്കുന്നവരുടെ മുൻകാല പാപങ്ങൾ പൊറുക്കെപ്പടുമെന്ന സന്തോഷവാർത്ത നബിﷺ നൽകിയിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: “വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും റമദാനിലെ നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്...’’ (ബുഖാരി, മുസ്‌ലിം).

നോമ്പ് തിന്മകളെ തടുക്കുന്ന ഒരു പരിചയാണ്. നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും സംസാരവും നോമ്പുകാരനിൽനിന്ന് ഉണ്ടായിക്കൂടാ. നബിﷺ പറഞ്ഞു: “നോമ്പ് ഒരു പരിചയാണ്. നോമ്പുകാരൻ അതുപയോഗിച്ച് നരകത്തിൽനിന്ന് പരിരക്ഷ നേടുന്നു’’ (അഹ്‌മദ്).

കേവലം അന്നപാനീയങ്ങൾ ഒഴിവാക്കൽ സ്വീകാര്യയോഗ്യമായ നോമ്പായി മാറില്ല. എല്ലാവിധ തിന്മകളിൽനിന്നും വിട്ടുനിൽക്കണം. സംസാരത്തിൽ സൂക്ഷ്മത പുലർത്തണം. അനാവശ്യമായി സമയം നഷ്ടപ്പെടുത്താതെ ദൈവസ്മരണയിൽ മുഴുകണം. ക്വുർആൻ പാരായണം ചെയ്യണം. ഇതൊക്കെ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എപ്പോഴും വേണ്ടതാണെങ്കിലും നോമ്പിന്റെ ഫലപ്രാപ്തിക്കായി ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നർഥം.

അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: “അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘മനുഷ്യന്റെ മുഴുവൻ കർമങ്ങളും അവനുള്ളതാകുന്നു; നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാൻ അതിന് പ്രതിഫലം നൽകുകയും ചെയ്യും. നോമ്പ് ഒരു പരിചയാണ്്. അതിനാൽ നിങ്ങളിലൊരാളും നോമ്പിന്റെ ദിനത്തിൽ അസഭ്യം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നോട് ചീത്ത പറയുകയോ കലഹിക്കുകയോ ചെയ്താൽ ‘ഞാൻ നോമ്പുകാരനാണെ’ന്ന് അവൻ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം, നോമ്പെടുക്കുകവഴി നോമ്പുകാരന്റെ വായിൽനിന്നുന്ന ഗന്ധം അന്ത്യനാളിൽ അല്ലാഹുവിന്റെയടുക്കൽ കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്; ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും’’ (ബുഖാരി, മുസ്‌ലിം).