ജലത്തിലെ ദൃഷ്ടാന്തങ്ങൾ

പത്രാധിപർ

2025 ജൂലൈ 26, 1447 മുഹറം 30

അല്ലാഹു പറയുന്നു: “...വെള്ളത്തിൽനിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?’’ (ക്വുർആൻ 21:30).

“...എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവർ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു’’ (ക്വുർആൻ 27:80).

ശുദ്ധജലം ഉണ്ടാക്കിത്തന്നതിലൂടെ അല്ലാഹു മനുഷ്യവർഗത്തിനും ഇതരജീവജാലങ്ങൾക്കും ചെയ്തിട്ടുള്ള ഔദാര്യത്തെക്കുറിച്ച് ആലോചിച്ചു നോക്കുക. ജന്തുക്കൾ, സസ്യങ്ങൾ തുടങ്ങി ഭൂമുഖത്തുളള സകലതിന്റെയും ജീവിതം ജലത്തെ ആശ്രയിച്ചിരിക്കുന്നു. വെള്ളം തീരെ ലഭിക്കാത്ത അവസ്ഥ സംജാതമായാൽ, അങ്ങനെ വെള്ളം ലഭിക്കാതെ മരണം മുന്നിൽ കാണുന്ന അവസ്ഥ വന്നാൽ താൻ ഈ ലോകത്ത് നേടിവച്ചിട്ടുളള മുഴുവൻ സമ്പത്തും അത് ലഭിക്കാനായി ചെലവഴിക്കാൻ മനുഷ്യൻ തയ്യാറാകുമെന്നതിൽ സംശയമില്ല.

ജീവജാലങ്ങളുടെ നിലനിൽപിന്നാധാരമായ ജലത്ത എങ്ങനെ അല്ലാഹു സുലഭമാക്കിയിരിക്കുന്നു വെന്ന് ചിന്തിക്കുക. ജലത്തെ ദുർലഭവസ്തുവാക്കിയിരുന്നെങ്കിൽ കാര്യങ്ങൾ എന്തുമാത്രം കുടുസ്സാകുമായിരുന്നു! ജലം ഭൂമിയിൽ ആഴ്ന്നിറങ്ങുന്നു. അങ്ങനെ വൻവൃക്ഷങ്ങളുടെയും ചെറു സസ്യങ്ങളുടെയുമൊക്കെ വേരുകൾക്ക് വെള്ളം വലിച്ചെടുക്കാൻ കഴിയുന്നു. ജലത്തിന്റെ പ്രകൃതി താഴോട്ടൊഴുകുക എന്നതായിരുന്നിട്ടും വേരുകൾ കുടിക്കുന്ന വെള്ളം മേൽപോട്ടുയർന്ന് വൃക്ഷത്തിന്റെ എല്ലാഭാഗങ്ങളിലേക്കും എത്തുന്നു!

ദഹനത്തിനും ശരീരത്തിലെ മറ്റു പല പ്രവർത്തനങ്ങൾക്കും വെള്ളം അനിവാര്യമാണ്. അതിന്റെ അളവ് കുറയുമ്പോൾ ദാഹത്തിലൂടെ അക്കാര്യം ശരീരം നമ്മെ അറിയിക്കുന്നു. ശരീരത്തിലും വസ്ത്രത്തിലും മറ്റുമുള്ള അഴുക്ക് കളയുവാനുള്ള ശക്തിയും അല്ലാഹു വെള്ളത്തിന് നൽകിയിട്ടുണ്ട്. കെട്ടിടനിർമാണത്തിന് ആവശ്യമായ സിമന്റും മണലും മറ്റും കൂട്ടിക്കുഴക്കണമെങ്കിൽ വെളളം വേണം.

ഏതുതരം പാനിയത്തെയും നേർപ്പിക്കുന്നതും വെള്ളം ചേർത്താണ്. എങ്കിലേ അത് അനായാസം കുടിക്കാൻ പറ്റൂ. അഗ്നിബാധയുണ്ടായാൽ അത് കെടുത്തുവാൻ വെള്ളം വേണം. വെള്ളം വീഴുന്നതോടെ തീയണയുന്നു! ക്ഷീണിച്ചുവലഞ്ഞ സമയത്ത് ശുദ്ധജലത്തിൽ ഒന്നു കുളിച്ചാൽതന്നെ നല്ല ആശ്വാസവും സുഖവും ലഭിക്കുന്നു. ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യാനും ജലം കൂടിയേതീരൂ. ഈർപ്പമില്ലാതെ ഉപയോഗിക്കാനാവാത്ത ഏതു വസ്തു പ്രയോജനപ്പെടുത്താനും വെള്ളം വേണം. അങ്ങനെ വെള്ളത്തിന്റെ അനിവാര്യതകൾ എണ്ണിയാലൊടുങ്ങുന്നതല്ല. ഈ അനുഗ്രഹങ്ങളെക്കുറിച്ച് നാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. ജലം അല്ലാഹു പ്രകൃതിയിൽ അളവറ്റവണ്ണം സുലഭമാക്കിയിരിക്കുകയാണ്; കിണർ കുഴിച്ചും മറ്റും നിഷ്പ്രയാസം കൈവശമാക്കാൻ പറ്റിയവിധത്തിൽ. അത് ദുർലഭമായാൽ ജീവിതം എത്രമാത്രം ക്ലേശകരമാകുന്നു!

ഈ ലോകം അതിലെ ജന്തുക്കളാലും സസ്യങ്ങളാലും ഖനിജങ്ങളാലും എണ്ണമില്ലാത്ത മറ്റനേകം ഉപയോഗവസ്തുക്കളാലും സംസ്‌കരിക്കപ്പെടാനുദ്ദേശിച്ചുകൊണ്ടാണ് അല്ലാഹു ജലത്തെ ഇറക്കുകയും അനായാസം പ്രാപ്യമാക്കുകയും ചെയ്തിരിക്കുന്നതെന്ന് ഇതിൽനിന്നെല്ലാം സ്പഷ്ടമാണ്.

“അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും അത് മൂലം ഭൂമിയെ അത് നിർജീവമായിക്കിടന്നതിന് ശേഷം അവൻ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്’’(ക്വുർആൻ 16:65).