പോക്‌സോ നിയമത്തിന്റെ പ്രസക്തി
പത്രാധിപർ
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

Protection of Children from Sexual Offences Act (POCSO) ലൈംഗിക, ശാരീരിക, വൈകാരിക ചൂഷണങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള നിയമമാണ്. 2013 മുതൽ പോക്‌സോ കേസുകൾ വർധിച്ചതായാണ് പോലീസിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്. നിയമം കർശനമാണെങ്കിലും 2025ൽ അത് ഭീതിതമാം വിധം വർധിക്കുകയാണ് ചെയ്തിരിക്കുന്നത്.
18 വയസിൽ താഴെയുളള പെൺകുട്ടികളും ആൺകുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ നിയമപരമായി നേരിടുകയാണ് പോക്‌സോ നിയമത്തിന്റെ പ്രധാനലക്ഷ്യം. കുട്ടികളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന എല്ലാത്തരം പ്രവർത്തനങ്ങളേയും ലൈംഗികകുറ്റമായാണ് പോക്‌സോ നിയമം വിലയിരുത്തുന്നത്.
പോക്‌സോ ചുമത്തിയാൽ പ്രതിക്ക് ഒത്തുതീർപ്പിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ നിയമപരിധിയിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതുകൾ ഇല്ലാതാവും. പോക്‌സോ പ്രതിക്ക് ജാമ്യം ലഭിക്കുകയുമില്ല. ഇരയായ കുട്ടി പിന്നീട് മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യമൊഴി തന്നെയാണ് നിലനിൽക്കുക. ഭൂരിഭാഗം കുട്ടികളും തൊഴിലിടങ്ങളിൽനിന്നാണ് ചൂഷണം നേരിടുന്നത്. സർക്കാരിന്റെ കണക്കുകൾപ്രകാരം, കുട്ടികൾക്കെതിരെ നടക്കുന്ന ബലാത്സംഗകേസുകളിൽ 25 ശതമാനവും തൊഴിലുടമകളുടെയോ തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടേയൊ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണ്.
മതപുരോഹിതരും ആൾദൈവം ചമഞ്ഞ് നടക്കുന്നവരും അധ്യാപകരും കുടുംബത്തിലുള്ളവരും അയൽവാസികളുമെല്ലാം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നതാണ് സമീപകാലത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദ്യാലയങ്ങളിൽ വെച്ച് പിഞ്ചു ബാലികമാരെ ലൈംഗികമായി ഉപദ്രവിച്ചതിനാൽ അറസ്റ്റു ചെയ്യപ്പെട്ട എത്രയെത്ര അധ്യാപകരുണ്ട്! പാലത്തായി പീഡന കേസിലെ പ്രതി ശിക്ഷിക്കപ്പെട്ടപ്പോൾ പ്രതിക്കു വേണ്ടി വാദിച്ച് അത് വോട്ടാക്കി മാറ്റാനുള്ള നെറികെട്ട പ്രവർത്തനം ചിലർ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.
2017 ജനുവരിയിൽ ‘ദ സിൻസ് ഓഫ് ഔർ ഫാദേഴ്‌സ്’ എന്ന തലക്കെട്ടോടെ ‘ഔട്ട്‌ലുക്ക്’ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടും കേരളത്തിൽ വലിയ വാർത്തയായിരുന്നു. കേരളത്തിലെ കത്തോലിക്കാസഭയിലെ വൈദികർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളാണ് ഔട്ട്‌ലുക്ക് കവർസ്‌റ്റോറിയിലൂടെ പുറത്തുവിട്ടത്.
കുറ്റകൃത്യങ്ങൾ മൂടിവെക്കാനും പ്രതികളെ സംരക്ഷിക്കാനും ആരോപണമുന്നയിക്കുന്നവരെ നിശ്ശബ്ദമാക്കാനും സഭ നടത്തിയശ്രമങ്ങളെക്കുറിച്ചായിരുന്നു ഔട്ട് ലുക്കിന്റെ കവർ സ്‌റ്റോറി. 12 പേജുകളിൽ നീണ്ടുനിൽക്കുന്ന മിനു ഇട്ടി ഐപ്പിന്റെ റിപ്പോർട്ടിൽ പകുതിയിലധികവും വൈദികർ പീഡിപ്പിച്ച 18 വയസ്സ് തികയാത്ത പെൺകുട്ടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ്.
അപൂർവമായി ചില മദ്‌റസ അധ്യാപകരും പീഡനക്കേസിൽ പ്രതികളാകുന്നുണ്ട്. അവരെ രക്ഷിക്കാനോ അവർക്കു വേണ്ടി വാദിക്കോനോ അല്ല, അവരെ മാതൃകാപരമായി ശിക്ഷിക്കാനാണ് മുസ്‌ലിം സമുദായം ഒന്നടങ്കം ആവശ്യപ്പെടാറുള്ളത്. എന്നാൽ മറ്റാരുടെയും പീഡനത്തിൽ അവരുടെ മതത്തെ വലിച്ചിഴക്കാത്തവർ ഇതിൽ മതത്തെ വലിച്ചിഴക്കുകയും ഇസ്‌ലാമിനെയും പ്രവാചകനെയും ക്വുർആനെയും വരെ അതിന്റെ പേരിൽ ആക്ഷേപിക്കുകയും ചെയ്യുന്ന ദുരന്തം നാം കണ്ടുകൊണ്ടിരിക്കുന്നു. അതെ, നമ്മുടെ നാട് അതിവേഗം വർഗീയമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.
