എന്തിനീ ജീവിതം?

പത്രാധിപർ

2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

ഒരു മനുഷ്യൻ ജനിച്ചുവളർന്ന് ജീവിച്ച് മരിക്കുന്നതുവരെയുള്ള ഘട്ടത്തെയാണ് സാധാരണയായി ജീവിതം എന്ന് പറയുന്നത്. മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നത് ഒരു സാമാന്യ സങ്കൽപമാണ്. മരണം നശ്വര ജീവിതത്തിൽനിന്ന് അനശ്വര ജീവിതത്തിലേക്കുള്ള പ്രവേശനമാണ് എന്നും മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല, പരലോകം എന്ന കർമഫലം അനുഭവിക്കാനുള്ള വേദി വരാനിരിക്കുന്നു എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ചില മതങ്ങൾ ഈ വിഷയത്തിൽ അവ്യക്തങ്ങളായ ചിന്താഗതികളുടെ നൂലാമാലകളിൽ മനുഷ്യനെ ബന്ധിച്ചിടുന്നു. ഭൗതികവാദമാകട്ടെ ഇതിനെ പാടെ നിരാകരിക്കുന്നു.

ജീവിതം ഇഹലോകത്തായാലും പരലോകത്തായാലും സുഖകരമാക്കുവാനാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. ഏതെങ്കിലും മനുഷ്യർ ജീവിതത്തെ ദുഃഖമയമാക്കാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യൻ അനുഭവിക്കുന്ന ഈ ജീവിതം മാത്രമാണ് യാഥാർഥ്യം, വരാനുള്ള ജീവിതം സങ്കൽപം മാത്രമാണ് എന്ന് ചിന്തിക്കുന്ന മനുഷ്യർ ഇവിടുത്തെ ജീവിതം പരമാവധി സുഖപ്രദമാക്കുവാൻ പരിശ്രമിക്കുകയും സുഖത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങളും നിയമങ്ങളും വകവെക്കാതെ നീങ്ങുകയും ചെയ്യുന്നു. അവർക്ക് മുന്നിലെ യാഥാർഥ്യം ഈ ജീവിതം മാത്രമാണ്. വരാൻപോകുന്ന വലിയൊരു ജീവിതത്തിന്റെ യാഥാർഥ്യം ഉൾക്കൊള്ളുവാൻ അവരുടെ ബുദ്ധിയും വിവേകവും വികാസം പ്രാപിക്കുന്നില്ല എന്നതാണ് പ്രശ്‌നം.

ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു മാർഗദശനം മനുഷ്യരാശിക്ക് ആവശ്യമാണ്. മനുഷ്യന്റെ അവിർഭാവം, വളർച്ച, പരിണാമം, മടക്കയാത്ര, ശേഷം എന്ത് എന്നിങ്ങനെയുള്ള, മനുഷ്യൻ ആദിമകാലം മുതൽക്ക് പിന്തുടർന്നുവന്നിട്ടള്ള സന്ദേഹങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതായിരിക്കണം ആ മാർഗദർശനം. അത്തരമൊരു മാർഗദർശനം എവിടെനിന്ന്, എങ്ങനെ മനുഷ്യന് ലഭിക്കും എന്നത് ഒരു വലിയ ചോദ്യമാണ്. ചിലർ ഈ ചോദ്യത്തിന് സ്വന്തമായി ഉത്തരം കണ്ടെത്തി. അങ്ങനെ അവർ ജീവിതത്തിന് സ്വന്തമായ അർഥങ്ങൾ കണ്ടെത്തുകയും സ്വന്തം ജീവിതപാത സ്വയം നിർണയിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ മനുഷ്യബുദ്ധിയിൽ ഉദിച്ച ഉത്തരങ്ങൾക്കെല്ലാം അവയുടെതായ പരിമിതികൾ ഉണ്ടായിരുന്നു.

ജീവിതത്തെക്കുറിച്ച് മനുഷ്യൻ സ്വയം ക‌െണ്ടത്തുന്ന എല്ലാ ഉത്തരങ്ങളും അർഥങ്ങളും ഇടയ്ക്കുവെച്ച് ശിഥിലായിപ്പോവുകയും മറ്റുചിലപ്പോൾ ഉദ്ദേശിക്കാത്ത തകർച്ചകളിൽ മനുഷ്യനെ കൊണ്ടെത്തിക്കുകയും ചെയ്തു. മനുഷ്യനിർമിതങ്ങളായ ജീവിത മാർഗദർശന പദ്ധതികളിലൂടെ മുന്നോട്ട് നീങ്ങിയവയെല്ലാം ചെന്നെത്തിയത് അനിശ്ചിതത്വങ്ങളുടെ വലിയ ശൂന്യതകളിലാണ് എന്നത് ചരിത്രം മാനവതയ പഠിപ്പിച്ച വലിയൊരു പാഠമാണ്. മനുഷ്യന്റെ മാർഗം അവൻതന്നെ തെരഞ്ഞെടുക്കുക അഥവാ ആവിഷ്‌ക്കരിക്കുക എന്നതിന്റെ പ്രായോഗികതയെ നിഷേധിക്കുന്ന യുക്തികൾ നിവരവധിയാണ്. ആ യുക്തികൾക്കുമുന്നിൽ മനുഷ്യനിർമിത ജീവിതനിർവചനങ്ങൾ തകർന്നുപോകുന്നു!

ഇസ്‌ലാം എല്ലാ അർഥത്തിലും ജീവിതലക്ഷ്യം പകർന്നുനൽകുന്നു. ഏകനായ സ്രഷ്ടാവിലുള്ള വിശ്വാസമാണ് അതിന്റെ ആദ്യപടി. സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ ആ സ്രഷ്ടാവിന്റെ മാർഗദർശനം ജീവിതത്തിൽ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. അതിലൂടെയാണ് ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം സഫലീകരിക്കുവാൻ സാധിക്കുക. സ്രഷ്ടാവിന്റെ താൽപര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ. “...എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (ക്വുർആൻ 2:28).