സ്വാതന്ത്ര്യം പൂർണമായും നഷ്ടപ്പെടും മുമ്പ്...
പത്രാധിപർ
2025 ആഗസ്റ്റ് 16, 1447 സഫർ 22

രാജ്യസ്‌നേഹികളായ മുൻഗാമികൾ പൊരുതി നേടിയ സ്വാതന്ത്ര്യം കൈവിട്ടു പോകാതിരിക്കാൻ പുതിയൊരു സ്വാതന്ത്ര്യ സമരത്തിന്റെ പാതയെ കുറിച്ച് ഗൗരവപരമായ ആലോചനകൾ നടക്കേണ്ട സമയത്താണ് വീണ്ടുമൊരു സ്വാതന്ത്ര്യദിനം കടന്നുവന്നിരിക്കുന്നത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ രാജ്യസ്‌നേഹികൾ ഒന്നിച്ചപ്പോൾ അതിനെതിരെ ഓരിയിട്ട രാജ്യദ്രോഹികൾ ഇന്ന് രാജ്യകിരീടവും ചൂടി കപട രാജ്യസ്‌നേഹത്തിന്റെ കുഴലൂത്തുകാരായി വിലസുന്ന കാഴ്ചയാണ് നാം ഇന്നു കാണുന്നത്. സ്വാതന്ത്ര്യദിന പുലരിയിൽ സന്തോഷം പങ്കിടുമ്പോഴും ലോകത്തെ ഏറ്റവും വലിയ പരമാധികാര രാജ്യം അനർഹരുടെ കൈയിലകപ്പെട്ടതിന്റെ ആവലാതികൾ പങ്കുവെക്കേണ്ട ഗതികേടാണിലാണ് നാമുള്ളത്.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു നേരെ സർക്കാർ സ്‌പോൺസേഡ് ഹിംസയുടെ ഹിന്ദുത്വ ഭീകരർ സജീവമാണ്. നിർബന്ധ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുകയും നിഷേധിക്കുകയും ചെയ്യുന്ന നിയമം ചുട്ടെടുത്ത് മുസ്‌ലിംകൾക്ക് പൗരത്വം നിഷേധിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം വീടുകളും പള്ളികളും ഇടിച്ചുപൊളിക്കുന്നു. കാലിക്കടത്തിന്റെ പേരിൽ ദളിതുകളെയും മുസ്‌ലിംകളെയും നിർദയം തല്ലിക്കൊല്ലുന്നു. രാജ്യം ഭരിക്കുന്ന മന്ത്രിമാരും എംപിമാരും എംഎൽഎമാരും പോലും വർഗീയ ചേരിതിരിവിനും കലാപങ്ങൾക്കും പരസ്യമായി ആഹ്വാനം ചെയ്യുന്നു. മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയും പാക്കിസ്താനിലേക്ക് പോകാൻ ആക്രോശിക്കുകയും ചെയ്യുന്നു. ജാതി-വർണ വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. പൊലീസിനെയും ഭരണകൂടത്തെയും നോക്കുകുത്തിയാക്കി പ്രാദേശിക സവർണ നാട്ടുമൂപ്പൻമാർ സ്വയം പൊലീസും ഭരണകൂടവും ന്യായാധിപരുമായി സകല തെമ്മാടിത്തരങ്ങളും കാണിക്കുന്നു. ചിന്തിക്കുക; നാം എന്തിനാണ് ബ്രീട്ടീഷുകാരെ തുരത്തിവിട്ടത്? ഭരണഘടന അനുവദിച്ചുതന്ന അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുന്നത് നാം കാണുന്നില്ലേ?
ഇപ്പോഴിതാ തിരഞ്ഞടുപ്പിൽ കാണിച്ച അട്ടിമറി അക്കമിട്ടു നിരത്തിക്കൊണ്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തു വന്നിരിക്കുന്നു. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് വലിയ അപകടത്തിലേക്കാണെന്ന് വ്യക്തമാക്കുന്നു. ശക്തമായ ഭരണഘടനയും കരുത്തുറ്റ ഫെഡറൽ സംവിധാനവും നമ്മുടെ രാജ്യത്തിനുണ്ട്. അതുപോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഇവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ബ്രീട്ടുകാരുടെ പീരങ്കികൾക്ക് മുന്നിൽ മുട്ടുമുടക്കാത്ത ധീരദേശാഭിമാനികളായ മുൻഗാമികളെ നാം ഓർക്കുക. സംഘ് പരിവാർ ഭീഷണിക്ക് മുന്നിൽ ധീരത കൈവിടാതെ മുന്നേറാൻ നമുക്ക് സാധിക്കണം. ഭൂരിപക്ഷം ഹൈന്ദവരും തീവ്ര ഹിന്ദുത്വവാദികൾക്ക് എതിരാണെന്നത് സംഘ് പരിവാറിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അവരെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനുള്ള ഹീന ശ്രമത്തിന്റെ ഭാഗമാണ് ഇസ്‌ലാംഭീതി പരത്തൽ. മതങ്ങൾക്കതീതമായി അധിനിവേശ കാലത്ത് രൂപപ്പെട്ടത് പോലുള്ള ശക്തമായ സമര മുന്നേറ്റം നടത്തേണ്ട കാലമാണിത്; ഇന്ത്യ എന്ന രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും രക്ഷയ്ക്കായി.
