നെതന്യാഹു; ചോരക്കൊതി തീരാത്ത കൊടുംഭീകരൻ
പത്രാധിപർ
2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

ആഗോള കൊടുംഭീകരനും ഇസ്രയേൽ പ്രധാനമന്ത്രിയുമായ നെതന്യാഹു തന്റെ പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനികളെ കൊന്നൊടുക്കിക്കൊ ണ്ടേയിരിക്കുകയാണ്. നെതന്യാഹു നടത്തുന്നത് തികഞ്ഞ വംശഹത്യയാണെന്നും അത് അവസാനി പ്പിക്കണമെന്നും ഒട്ടുമിക്ക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭ തന്നെയും പറഞ്ഞതാണ്. എന്നാൽ അമേരിക്ക എന്ന ചെന്നായയുടെ പിന്തുണയും സഹായവും നിർലോഭം ലഭിക്കുന്നതിന്റെ അഹങ്കാരത്തിൽ ലോകത്ത് ആരൊക്കെ എതിർത്താലും തങ്ങൾ ഫലസ്തീനികളെ മുഴുവൻ കൊന്നൊടുക്കുമെന്നും ജീവൻ വേണമെന്നുള്ളവർ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകണമെന്നുമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
കൊടും പട്ടിണിയാൽ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത ആയിരക്കണക്കിനു പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരും ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ബോംബിട്ടും വെടിവെച്ചും അവരെ കൊല്ലുന്നു. കിട്ടിയതെല്ലാം നുള്ളിപ്പെറുക്കിയും ഒന്നും എടുക്കാനില്ലാത്തതിനാൽ വെറും കൈയോടെയും പലായനം
ചെയ്യുന്നവരെയും പട്ടാളക്കാർ കൊന്നുതീർക്കുന്നു.
ഈ അവസരത്തിൽ, ഇസ്രയേലിന്റെ വംശഹത്യയെ ന്യായീകരിക്കുന്ന ഏതാനും രാജ്യങ്ങളൊഴികെ ലോക രാജ്യങ്ങളെല്ലാം ഒന്നിച്ച് വംശഹത്യക്കെതിരെ രംഗത്തു വന്നതും ഫലസ്തീൻ രാജ്യത്തെ സ്വതന്ത്ര രാജ്യമായി ഇതുവരെയും അംഗീകരിക്കാത്തവർ പോലും അംഗീകരിക്കാൻ തയ്യാറായതും പ്രതീക്ഷ നൽകുന്നതാണ്. പ്രശ്‌ന പരിഹാരം സാധ്യമാകാൻ ഇസ്രയേൽ, ഫലസ്തീൻ എന്നീ രണ്ടു രാജ്യങ്ങൾ നിലവിൽ വരലാണെന്നും മിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിനെതിരെ പല രാജ്യങ്ങളിലും വലിയ തോതിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി ക്കൊണ്ടിരിക്കുകയാണ്. ‘പ്രബുദ്ധ കേരള’ത്തിലാകട്ടെ ഫലസ്തിൻ അനുകൂല പ്രകടനം പൊലീസ് കേസെടുക്കുന്ന കുറ്റകൃത്യമാണെന്നത് ലജ്ജാകരമാണ്!
ഇറ്റലിയിൽ ഇസ്രയേലിന്റെ വംശഹത്യ അവസാനിപ്പിക്കാനായി മുൻകൈയെടുക്കാനും ഫലസ്തീനെ രാജ്യമായി അംഗീകരിക്കാനും ആവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിച്ചത് പതിനായിരക്കണക്കിന് ആളുകളാണ്. ഇസ്രയേലിനെ നയതന്ത്ര തലത്തിലും സാമ്പത്തികരംഗത്തും ഉപരോധിക്കുക, ഗസ്സയിലെ വംശഹത്യയെ ഇറ്റലി സർക്കാർ അപലപിക്കാൻ തയ്യാറാവുക, ഫലസ്തീൻ വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇറ്റലിയിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. വൻജനപിന്തുണയോടെ ആരംഭിച്ച പ്രതിഷേധ സമരത്തിൽ ഇറ്റലിയിലുടനീളം പ്രതിഷേധ റാലികളും തുറമുഖ ഉപരോധവും റോഡ് ഉപരോധവും സമരങ്ങളും പണിമുടക്കും സംഘടിപ്പിക്കപ്പെട്ടു. പ്രതിഷേധത്തിനിടെ പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി.
തീവ്രവലതുപക്ഷം ഭരിക്കുന്ന ഇറ്റലി ഇസ്രയേലിന്റെ വംശഹത്യയെ തള്ളിപ്പറഞ്ഞ് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറ്റാലിയൻ ജനത സർക്കാരിനെതിരെ തിരിഞ്ഞത്. മിക്ക യൂറോപ്യൻ രാഷ്ട്രങ്ങളും ഇസ്രയേൽ അനുകൂല നിലപാട് മാറ്റി ഫലസ്തീന് ഒപ്പം നിലകൊള്ളുന്നത് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. പതിനായിരക്കണക്കിന് പൗരന്മാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നു. മനുഷ്യത്വമുള്ളവർ തന്നെയാണ് ലോകത്തെ ഭൂരിപക്ഷമാളുകളും എന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു. ഈ ഇടപെടലുകൾ പാവപ്പെട്ട ഫലസ്തീനികൾക്ക് ചെറുത്തുനിൽപിനായി നൽകുന്ന ഊർജം ചെറുതൊന്നുമായിരിക്കില്ല.
