ദേഷ്യപ്പെടുന്നതിലെ ദോഷങ്ങൾ

പത്രാധിപർ

2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

മനുഷ്യരുടെ അമിതമായ ദേഷ്യംകൊണ്ട് ലോകത്ത് ദിനേന എത്രയോ ദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്. വാക്കുകൾകൊണ്ടും ആയുധം കൊണ്ടും വസ്തുവകകൾ നശിപ്പിച്ചുകൊണ്ടുമൊക്കെയാണ് ക്ഷിപ്രകോപികൾ പലപ്പോഴും ദേഷ്യം പ്രകടിപ്പിക്കാറുള്ളത്. രാഷ്ട്രീയ രംഗത്തെ വിദ്വേഷം എന്തുമാത്രം വലിയ വ്യക്തിഹത്യ നടത്തുന്നതിലേക്ക് നേതാക്കളെയും അനുയായികളെയും നയിക്കുന്നു എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

‘അല്ലാഹുവിന്റെ കോപത്തിൽനിന്ന് എന്നെ അകറ്റുന്ന കാര്യം എന്താണ് റസൂലേ’ എന്ന് അബ്ദുല്ലാഹിബ്‌നു അംറ്(റ) ചോദിച്ചപ്പോൾ നബിﷺ പറഞ്ഞു: “നീ കോപിക്കരുത്’’ (അഹ്‌മദ്). മറ്റൊരു വ്യക്തി നബിﷺയോട് പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക് വല്ല ഉപദേശവും നൽകിയാലും.’’ നബിﷺ പറഞ്ഞു: “നീ കോപിക്കരുത്.’’ അദ്ദേഹം ആവർത്തിച്ച് ചോദിച്ചപ്പോഴും നബിﷺ പറഞ്ഞു: “നീ കോപിക്കരുത്’’ (ബുഖാരി).

കോപം മനുഷ്യന്റെ പ്രകൃതിയിൽ അല്ലാഹു നിശ്ചയിച്ച കാര്യമാണ്. അത് തീരെ ഇല്ലാതാക്കുവാൻ ആർക്കും സാധ്യമല്ല. എന്നിട്ടും ‘നീ കോപിക്കരുത്’എന്ന് നബിﷺ ഉപദേശിച്ചതിൽനിന്നും അത് അടക്കിവയ്‌ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നു.

അല്ലാഹുവിന്റെ കോപത്തിന് മനുഷ്യന്റെ കോപപ്രകടനങ്ങൾ കാരണമായി മാറും. അല്ലാഹുവിൽ നിന്ന് അകറ്റാൻ അതുമാത്രം മതി. ഇതിന് പുറമെ വ്യക്തിപരമായും സാമൂഹികമായും ഒട്ടനവധി ദോഷങ്ങൾ കോപംകൊണ്ടുണ്ട്. അത് മനുഷ്യത്വത്തെ നശിപ്പിക്കുകയും ചിന്തകളെ ഇല്ലാതാക്കി ക്കളയുകയും ചെയ്യും. താനെന്ത് പറയുന്നു, എന്ത് പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കുക പോലുമില്ല. ഉൾക്കാഴ്ചയാണിവിടെ നഷ്ടപ്പെടുന്നത്. ഒരു കാലത്തും നന്നാക്കാനും തിരിച്ചെടുക്കാനും പറ്റാത്ത ചില സംസാരങ്ങളും സമീപനങ്ങളും പ്രവർത്തനങ്ങളും ചിലപ്പോൾ കോപത്തിലൂടെ വരാറുണ്ട്.

പ്രഷർ വർധന, ഹാർട്ട് അറ്റാക്ക് പോലുള്ള ശാരീരിക പ്രയാസങ്ങളും അമിതമായി ദേഷ്യപ്പെടുന്ന ചിലരെ ബാധിക്കാറുണ്ട്. കൂട്ടുകാരുടെയും സ്വന്തക്കാരുടെയുമൊക്കെ വെറുപ്പിനും അകൽച്ചക്കും അത് കാരണമാകാറുണ്ട്. അവസാനം കുറ്റബോധമാണത് സമ്മാനിക്കുക. ദിനേന എത്രയോ കൊലപാതകങ്ങൾ കോപാധിക്യത്താൽ ലോകത്ത് സംഭവിക്കുന്നുണ്ട്.

കോപം മനുഷ്യസഹജമാണെന്ന് പറഞ്ഞല്ലോ. എന്നാൽ അതിന്റെ പ്രതിഫലനങ്ങൾ നമ്മുടെ ബുദ്ധിയെയും ദീനിന്റെ നിയമങ്ങളെയും വിട്ടുകടന്ന് നിയന്ത്രണാതീതമാകരുത്. നന്മയും തിന്മയും വേർതിരിച്ച് പ്രവർത്തിക്കാവുന്നതിലപ്പുറമാകരുത്. ചിന്താമണ്ഡലത്തെയും വീക്ഷണശേഷിയെയും മറികടക്കുന്നതാകരുത്.

സത്യത്തിനുവേണ്ടി കോപിക്കാം. അത് അനിവാര്യമാണ്. നബിﷺ സ്വന്തം കാര്യത്തിൽ പ്രതികാരത്തിനിറങ്ങാറില്ല. എ ന്നാൽ മതത്തിന്റെ പവിത്രതകൾ കളങ്കപ്പെടുത്തപ്പെട്ടാൽ മൗനം പാലിക്കാറുമില്ല. രണ്ട് കാര്യങ്ങൾ മുന്നിൽ വന്നാൽ അതിൽ ലളിതമായതിനെ തിരഞ്ഞെടുക്കും; അത് കുറ്റകരമായ കാര്യമല്ല എങ്കിൽ. ഇഷ്ടമില്ലാത്ത ഒരു കാര്യം കണ്ടാൽ അത് നബി ﷺയുടെ മുഖത്ത് പ്രകടമാകുമായിരുന്നു (ബുഖാരി, മുസ്‌ലിം).

അഹങ്കാരം, ദുരഭിമാനം, പരിഹാസം, അത്യാഗ്രഹം തുടങ്ങി പലതും മനുഷ്യനെ കോപത്തിലേക്കെത്തിക്കാറുണ്ട്. ഇതിൽനിന്നെല്ലാം മുക്തമായ മനസ്സ് ഉണ്ടാക്കിയെടുക്കലാണ് പരിഹാരം. കോപം വന്നാൽ, കോപം അടക്കിവയ്ക്കുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം ഓർക്കുക. ‘ഞാൻ എന്റെ ഭൃത്യനെ അടിക്കാറുണ്ട്’ എന്ന് അബൂമസ്ഊദ്(റ) നബിﷺയോട് പറഞ്ഞപ്പോൾ ‘നിനക്ക് ഈ ഭൃത്യനിലുള്ള കഴിവിനെക്കാൾ നിന്റെ കാര്യത്തിൽ അല്ലാഹുവിന് കഴിവുണ്ട്’ എന്ന് നബിﷺ അദ്ദേഹത്തെ ഉണർത്തിയത് (മുസ്‌ലിം) നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.