സൂംബയിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതെന്ത്?

പത്രാധിപർ

2025 ജൂലൈ 19, 1447 മുഹറം 23

ആൺ, പെൺ എന്ന ചിന്തതന്നെ ഇല്ലാതാക്കി ‘നപുംസക ലിംഗ’ ബോധത്തിലേക്കു നയിക്കുന്നത് പുരോഗമനമാണെന്ന് ലിബറലിസ്റ്റുകൾ സിദ്ധാന്തിക്കുന്നു. ക്ലാസ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ പാടില്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വസ്ത്രമായിരിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന Gender Neutrality നടപ്പിലാക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു നയമായി സ്വീകരിച്ചുകഴിഞ്ഞു.

ബാലുശ്ശേരി ഗവ.ഹൈസ്‌കൂളിൽ 2021 ഡിസംബറിൽ നടപ്പാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം ഇതിലേക്കുള്ള ചുവടുവയ്പാണ്. ഇതിനെതിരെ വിമർശനമുയർന്നപ്പോൾ പെൺകുട്ടികൾ പാന്റ്‌സ് ധരിക്കുന്നത് മറ്റു പല കോളേജുകളിലും ഇല്ലേ എന്ന ചോദ്യം കൊണ്ടാണ് ചിലർ അതിനെ നേരിട്ടത്. ഈ ചോദ്യം തന്നെ അപ്രസക്തവും വിഷയത്തെ മാറ്റിമറിക്കലുമാണ്. ‘ജെൻഡർ ന്യൂട്രൽ’ എന്ന പേരിൽ ഈ യൂണിഫോം നടപ്പാക്കുന്നതാണ് അടിസ്ഥാന പ്രശ്‌നം. ഒരു വേഷത്തിനപ്പുറം ഒരാശയത്തേയാണ് ഇതിലൂടെ ക്യാമ്പസുകളിലേക്ക് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ഇപ്പോഴിതാ ലഹരിക്കെതിരെ എന്ന പേരിൽ സൂംബ ഡാൻസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പിന്നിലും നേരത്തെ പറഞ്ഞ അജണ്ടയാണുള്ളത് എന്ന തിരിച്ചറിവുള്ളതുകൊണ്ട് അതിനെതിരെ, അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ അശ്‌റഫ്

പ്രതികരിക്കുകയുണ്ടായി. അദ്ദേഹത്തിനെതിരെ യുദ്ധകാലാടിസ്ഥാനത്തിലെന്ന പോലെയാണ് സർക്കാർ തലത്തിൽ നടപടിയുണ്ടായത്. അദ്ദേഹത്തെ അന്യായമായി അധ്യാപകവൃത്തിയിൽനിന്ന് സസ്‌പെന്റ് ചെയ്തു. അതിനെതിരെ മതസംഘടനകളും രാഷ്ട്രീയ നേതാക്കളും ശക്തമായി പ്രതികരിച്ച് രംഗത്തുവന്നു. നിയമവിരുദ്ധമായ നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും അങ്ങനെ അദ്ദേഹത്തെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് നിർബന്ധിതരാവുകയും ചെയ്തു.

സദാചാര-ധാർമിക മൂല്യങ്ങളെ നിരാകരിക്കുന്ന, സ്ത്രീ-പുരുഷ സമത്വമെന്ന പേരിൽ സ്വതന്ത്ര ലൈംഗികതയെ പ്രോൽസാഹിപ്പിക്കുന്ന, സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ലിബറൽ ചിന്താഗതിയിലേക്ക് നയിക്കുന്ന തീരുമാനങ്ങൾക്കെതിരെ നിശ്ശബ്ദത പാലിക്കുവാൻ മക്കളുടെയും രാജ്യത്തിന്റെയും ഭാവി തകരാതിരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും സാധ്യമല്ല.

ആൺ-പെൺ സ്വത്വബോധം നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ സൗഹാർദാന്തരീക്ഷം നിലനിർത്തുകയാണ് കാമ്പസുകളിൽ ആവശ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം, പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, പ്രത്യേകം ഹോസ്റ്റലുകൾ തുടങ്ങിയ സംവിധാനങ്ങൾ മാറ്റപ്പെടേണ്ട പഴഞ്ചൻ ആശയങ്ങളല്ല; വർത്തമാനകാലത്ത് അതിന്റെ പ്രസക്തി വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ലിംഗപരമായ അനീതിയുമല്ല. എതിർലിംഗവുമായി അടുക്കുവാനുള്ള നൈസർഗികത്വര തീക്ഷ്ണമാകുന്ന കൗമാരത്തിൽ അവരുടെ ‘കംഫർട്ടിനു’ വേണ്ടി എന്ന പേരിൽ അവരെ കയറൂരിവിടൽ വിവേകപരമായ തീരുമാനമല്ല.

ലിംഗസമത്വത്തിന്റെ പേരിൽ ആണിനെയും പെണ്ണിനെയും ഒന്നാക്കുവാൻ കഴിയുമോ? ഗർഭധാരണം, പ്രസവം, മുലയൂട്ടൽ എന്നിവ സ്ത്രീകൾക്ക് മാത്രം നിർവഹിക്കാൻ കഴിയുന്ന ഒന്നാണ്. ലിംഗസമത്വത്തിന്റെ പേരിൽ ഇക്കാര്യങ്ങൾ ഭർത്താവ് ചെയ്യണമെന്ന് നിർബന്ധിച്ചാൽ അത് നടക്കുന്ന കാര്യമല്ലല്ലോ. മാതൃത്വം മാതാവിന് മാത്രം അവകാശപ്പെട്ടതാണ്. മാനസിക, ശാരീരിക വ്യത്യാസങ്ങളും ഹോർമോണുകളുടെ വ്യതിരിക്തതയുമെല്ലാം അനുസരിച്ച് സ്ത്രീക്ക് മാത്രം ചെയ്യാൻ കഴിയുന്നതും പുരുഷന് മാത്രം ചെയ്യാൻ കഴിയുന്നതും രണ്ടു പേർക്കും ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങളുണ്ട്. ഇതൊന്നും കണ്ടില്ലന്ന് നടിച്ചുകൊണ്ട് ലിംഗസമത്വമെന്ന ആശയത്തിനായി മുറവിളികൂട്ടുന്നത് വിഡ്ഢിത്തമാണ്.