അറുതിയില്ലാത്ത മാലിന്യ പ്രശ്‌നങ്ങൾ!

പത്രാധിപർ

2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

തൊഴിൽപരമായ കാരണങ്ങളാൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ക്രമാതീതമായിക്കൊണ്ടിരിക്കുകയാണിന്ന്. വർധിച്ച ജനസാന്ദ്രതക്ക് ആനുപാതികമായ സൗകര്യങ്ങൾ നഗരങ്ങളിൽ ഏർപ്പെടുത്താനുമാകുന്നില്ല. സാധ്യമായവ തന്നെ ഭരണകർത്താക്കളുടെ പിടിപ്പുകേടുകൾ കാരണം നടപ്പാക്കപ്പെടാതെ പോകുകയും ചെയ്യുന്നു.

ഗതാഗതസൗകര്യങ്ങൾ കൂടുന്തോറും നഗരങ്ങളിലെ വായുമലിനീകരണ തോത് ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. വാഹനപുക നഗരങ്ങളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്നു. ശബ്ദശല്യം അതിലേറെയാണ്. പുക പരിശോധിക്കാനും ശബ്ദ നിയ്രന്തണത്തിനും പ്രത്യേക വകുപ്പകളും സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും പാവപ്പെട്ടവനിൽ നിന്ന് പോലും പിടിച്ചുപറ്റുന്ന നികുതിപ്പണം തിന്നുന്ന കുറെ ഉദ്യോഗസ്ഥന്മാരെ പോറ്റുന്നു എന്നല്ലാതെ ആ വകുപ്പുകളൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.

റോഡുകളുടെ ശോചനീയാവസ്ഥയും അതിനാലുണ്ടാകുന്ന അപകടങ്ങളും സംബന്ധിച്ച് മാധ്യമങ്ങൾ നിരന്തരം സംസാരിക്കുന്നുണ്ടെങ്കിലും സർക്കാർ അതൊന്നും കാര്യമാക്കുന്നില്ല.

ബസ്‌സ്റ്റാന്റിനും റെയിൽവെ സ്‌റ്റേഷനും അനുബന്ധമായി കക്കൂസും മൂത്രപ്പുരയുമൊെക്കയുണ്ടാക്കാൻ ഔദാര്യം കാണിക്കുന്ന നഗരഭരണകൂടങ്ങൾ അവയുടെ ശുചിത്വത്തിൽ ഒട്ടും ശ്രദ്ധപുലർത്തിക്കാണുന്നില്ല. നഗരത്തിലേക്കുള്ള സ്വാഗതബോർഡ് കാണുന്നത് മുതൽ നഗരം പിന്നിടുന്നതുവെര മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേട് മിക്ക നഗരങ്ങൾക്കുമുണ്ട്. സാക്ഷരതയുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയുമൊക്കെ പെരുമ്പറ മുഴക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ പോലും അവസ്ഥ ഇതാണെങ്കിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

നഗരങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതി നാശത്തിന് ഹേതുവായ പ്രധാന നിമിത്തങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു. നഗര സമീപ പ്രദേശങ്ങളിലെ ഏതെങ്കിലും െവളിമ്പറമ്പുകളിൽ നഗരത്തിന്റെ വിസർജ്യങ്ങൾ അപ്പാടെ തള്ളുകയാണ് നമ്മുടെ പതിവ്.

പൊട്ടിപ്പൊളിഞ്ഞ സെപ്റ്റിക് ടാങ്കുകളും സ്ലാബുകൾ തകർന്ന ഓടകളും ഹോട്ടലുകൾക്കും മറ്റും മുമ്പിൽ കുമിഞ്ഞുകൂടുന്ന മാലിന്യക്കുമ്പാരങ്ങളുമാണ് നഗരത്തിന്റെ പതിവുകാഴ്ച. ഓവുചാലുകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകൾ ചോർന്ന് അഴുക്കുവെള്ളം കുടിവെള്ളത്തിൽ കലരുന്ന റിപ്പോർട്ടുകൾ നാം നിസ്സംഗരായി വായിച്ചുകൊണ്ടിരിക്കുന്നു.

ഓവുചാലുകളും അഴുക്കുവെള്ളവും മറ്റു മാലിന്യങ്ങളുമൊക്കെ തള്ളുന്നത് നദികളിലേക്കും ഒടുവിൽ കടലിലേക്കുമാണ്. ഓരോ പട്ടണവും ഒരുദിനം നദികളിൽ തള്ളുന്ന മനുഷ്യജന്യമാലിന്യങ്ങൾ മാത്രം ദശക്കണക്കിന് ടൺ വരും. നദികളെയും കടലിനെയും നമ്മൾ വെറും കുപ്പത്തൊട്ടിയായി കാണുന്നതിന്റെ അനന്തരഫലം പല രൂപത്തിലാണ് പ്രകടമാവുക.

ഉപയോഗിച്ചു വലിച്ചെറിയുക എന്ന സ്വാർഥതയുടെയും ധൂർത്തിന്റെയും സംസ്‌കാരം നഗരങ്ങളിലാണ് കൂടുതൽ പ്രകടമാകുന്നത്. വഴികളിലും റോഡുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർ അക്രമികളും ധിക്കാരികളുമാണ്. ആത്മലാഭത്തിനപ്പുറം മാനുഷ്യകുലത്തിന്റെയും ഭൂമിയുടെയും പരിസ്ഥിതിയുടെയും പൊതുവായ സുസ്ഥിതിയും സുരക്ഷയും പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം സീകരിക്കാതെ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് അറുതിയുണ്ടാവുകയില്ല.

“...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീർച്ച...’’ (ക്വുർആൻ 12:11).