ഇതോ സംസ്‌കാരത്തിന്റെ അടയാളം?
പത്രാധിപർ
2025 ജനുവരി 04, 1446 റജബ് 04

സാംസ്‌കാരിക കേരളം കൊലപാതകങ്ങൾക്ക് പഞ്ഞമില്ലാത്ത നാടായി മാറിക്കഴിഞ്ഞിരിക്കുന്നു! എത്രയെത്ര അരും കൊലകളാണ് നമ്മുടെ നാട്ടിൽ ദിനേന നടന്നുകൊണ്ടിരിക്കുന്നത്! നമ്മൾ അതിന്റെയൊക്കെ പൊടിപ്പും തൊങ്ങലും വെച്ച വാർത്തകൾ കേൾക്കും, വായിക്കും; അയ്യോ പാവം എന്നു പറയും. നാളെ അതിനെക്കാൾ ക്രൂരമായ പീഡനത്തിന്റെയും കൊലയുടെയും വാർത്ത നമ്മെ തേടിയെത്തും. അതോടെ ഇന്നു വന്ന വാർത്തയെ നാളെ എല്ലാവരും മറക്കും.
അമ്മയെന്നോ പെങ്ങളെന്നോ വൃദ്ധരെന്നോ പിഞ്ചുകുഞ്ഞുങ്ങളെന്നോ വ്യത്യാസമില്ലാതെ പീഡിപ്പിച്ച് കൊലപ്പെടുത്തുക, കവർച്ചക്ക് ശേഷം ദൃക്‌സാക്ഷിയെ കൊലപ്പെടുത്തുക, കാമുകന്റെ/കാമുകിയുടെ കൂടെ ജീവിക്കാൻ ഭാര്യയെ/ഭർത്താവിനെ കൊല്ലുക, അവിഹിതം കണ്ടതിന് സ്വന്തം മക്കളെ/ മാതാപിതാക്കളെ കൊല്ലുക എന്നിങ്ങനെ സ്വാർഥ താൽപര്യത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളാണ് അടുത്തകാലത്തായി ഏറ്റവും കൂടുതൽ നടക്കുന്നത്.
കൊലപാതകം ഒരു പ്രവണതയാണ്. കൊലനടത്തുന്നവൻ താനൊരു ജീവനെയാണ് ഇല്ലാതാക്കുന്നത് എന്ന് ചിന്തിക്കുന്നില്ല. ജാതി, മതം, വർഗം, വർണം, ദേശം, ഭാഷ, രാഷ്ട്രീയം, സമ്പത്ത് തുടങ്ങി വിവിധ കാര്യങ്ങളുടെ പേരിൽ ലോകത്ത് കൊലപാതകങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
സമൂഹം കൊലപാതകികൾക്ക് ആദരവ് കൊടുക്കുന്നു എന്ന വേദനാജനകമായ കാഴ്ചയും നമ്മുടെ രാജ്യത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്. പത്തു വയസ്സ് പോലും തികയാത്ത പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തിൽ തടവിൽ പാർപ്പിച്ച് ദിവസങ്ങളോളും കൂട്ടാളികളുമായി ചേർന്ന് മയക്ക് മരുന്ന് നൽകി അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വേണ്ടി ‘ജനാധിപത്യത്തിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി’ യാണ് കൊടിപിടിച്ചിറങ്ങിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിത്താഴെയിട്ട് ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വികലാംഗനും ഭിക്ഷാടകനുമായ കൊലയാളിക്കുവേണ്ടി, ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന പ്രമുഖനായ അഭിഭാഷകൻ വാദിച്ച ചരിത്രവും നാം കണ്ടതാണ്. ആൾക്കുട്ട കൊലപാതകങ്ങളും പുതുമയുള്ള വാർത്തയല്ലാതായിരിക്കുന്നു നമുക്ക്.
മൂന്നു മരണങ്ങൾ; അതിൽ രണ്ടെണ്ണം കൊലപാതകം, ഒന്ന് ആത്മഹത്യയും. മാധ്യമങ്ങൾ സ്‌പൈഡർ മരണങ്ങൾ എന്നു വിശേഷിപ്പിച്ച ഈ മരണങ്ങൾ തിരുവനന്തപുരം വർക്കലയയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രസ്തുത മരണങ്ങളുടെ ചുരുളഴിക്കുവാനുള്ള ശ്രമത്തിലാണ് പൊലീസ്. വർക്കലയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ അജികുമാറിനെ കൊലപ്പെടുത്തിയ സംഭവമാണ് ട്വിസ്റ്റുകളിൽ നിന്നും ട്വിസ്റ്റുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പൊലീസ് മുഖ്യപ്രതി എന്നുകരുതുന്നവരിൽ ഒരാളുടെ ആത്മഹ ത്യയോടെ മറ്റൊരാൾ പൊലീസിന് കീഴടങ്ങിയതായാണ് വാർത്ത. മദ്യപാനികളും മയക്കുമരുന്നുകൾക്ക് അടിമകളായവരും നടത്തുന്ന കൊലപാതങ്ങളുടെ എണ്ണം സാക്ഷര കേരളത്തിൽ വർധിച്ചുകൊണ്ടേയിരിക്കുകയാണ്.
സാംസ്‌കാരികമായി ഉയർന്നവർ, വിദ്യാസമ്പന്നർ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉന്നതികൾ കീഴടക്കിക്കൊണ്ടിരിക്കുന്നവർ... ഇങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുന്നവരും അതിന്റെ പേരിൽ സ്വയം അഭിമാനിക്കുന്നവരുമായവർക്കിടയിൽ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നുവെന്നത് ആശങ്കാജനകമാണ്. കുറ്റവാളികൾക്ക് മതിയായ ശിക്ഷ ലഭിക്കാത്തതും രക്ഷപ്പെടാൻ ഏറെ പഴുതുകളുള്ളതും കുറ്റകൃത്യങ്ങൾ വർധിക്കുവാൻ വലിയ കാരണമാണ്.

