തുറിച്ചുനോട്ടം ഒഴിവാക്കാൻ പർദ!
പത്രാധിപർ
2025 ആഗസ്റ്റ് 02, 1447 സഫർ 08

മുസ്‌ലിം സ്ത്രീകൾ ധരിക്കുന്ന പർദ ഇടയ്ക്കിടെ സമൂഹത്തിൽ ചർച്ചാവിഷയമാകാറുണ്ട്. അവയിൽ മിക്കതും അതിനെ ആക്ഷേപിച്ചും അടിമത്തത്തിന്റെ അടയാളമെന്ന് വിശേഷിപ്പിച്ചുകൊണ്ടുമൊക്കെയായിരിക്കും. ആ ആക്ഷേപത്തിന് മുസ്‌ലിം പക്ഷത്തിലുള്ളവർ പ്രാമാണികമായി മറുപടി പറയുമ്പോൾ സ്ത്രീകൾക്ക് അത് സുരക്ഷിതത്വം നൽകുന്നുവെന്നും പുരുഷന്റെ അനാവശ്യ നോട്ടത്തിൽനിന്ന് അത് തടയുന്നുവെന്നും തന്റെ ശരീരം മറ്റുള്ളവർക്ക് ആസ്വദിക്കാനുള്ള കാഴ്ചവസ്തുവല്ല എന്ന പ്രഖ്യാപനംകൂടിയാണ് അതെന്നും വിശദീകരിക്കാറുണ്ട്.
ഇപ്പോൾ പർദ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു നടി എത്തിയത് പർദ ധരിച്ചുകൊണ്ടാണ്. അതിന് കാരണമായി അവർ പറഞ്ഞത് ചിലരുടെ തുറിച്ചു നോട്ടം ഒഴിവാക്കാൻ ഇതാണ് നല്ലതെന്നാണ്.
ഇതൊരു വമ്പിച്ച സംഭവമായി എടുത്ത് നാളെ മുതൽ ഇവരും ബാക്കിയുള്ളവരും പർദ്ദക്കുള്ളിലേക്ക് മാറുമെന്ന മിഥ്യാധാരണയൊന്നും ഇവിടെ ആർക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ ഇസ്‌ലാമും ഇസ്‌ലാം അനുശാസിക്കുന്ന വേഷവിധാനരീതിയും മറ്റു നിയമങ്ങളുമൊക്കെ ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമങ്ങളും സംസ്‌കാരങ്ങളുമായി മുദ്രകുത്തപ്പെടുന്ന വർത്തമാനകാലത്ത് ഇങ്ങനെയൊരു സത്യം അവർ വിളിച്ചു പറഞ്ഞത് ശ്രദ്ധേയമാണ്. മതത്തിന്റെ അടയാളമായിട്ടല്ല പ്രതിഷേധ സൂചകമായിട്ടാണ് താൻ പർദ ധരിച്ചതെന്ന് പറയുന്നതൊടൊപ്പം തനിക്ക് അത് സുരക്ഷിതത്വം നൽകുന്നതാണെന്ന് ഏറ്റവും മോഡേണായി ജീവിക്കുന്ന ഒരു നടിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് ആ വേഷത്തിനുള്ള അംഗീകാരം തന്നെയാണ്. ഇക്കാര്യം മുസ്‌ലിംകൾ പറയുമ്പോൾ അത് വെറും അവകാശവാദമാണെന്നു പറഞ്ഞ് തള്ളിക്കളയുന്നവർക്ക് മുസ്‌ലിമല്ലാത്ത ഒരു സ്ത്രീ പറയുമ്പോൾ മൗനം പാലിക്കുകയേ തരമുള്ളൂ.
അല്ലാഹു പറയുന്നു: “നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അ
താണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’(33:59).
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുവാനോ ജനജീവിതം കുടുസ്സാക്കുവാനോ ഉദ്ദേശിച്ച് ഇസ്‌ലാം ഒരു നിയമവും നിശ്ചയിച്ചയിച്ചിട്ടില്ല. ഇസ്‌ലാമിന്റെ നിയമങ്ങളെല്ലാം വ്യക്തികളെയും സമൂഹത്തെയും നാശത്തിൽനിന്നും സംരക്ഷിക്കുവാനുള്ളതാണ്. പ്രത്യക്ഷത്തിൽ സ്വാതന്ത്ര്യ നിഷേധമാണെന്ന് തോന്നുന്ന കാര്യങ്ങളാണെങ്കിലും അവയെല്ലാം മനുഷ്യന്റെ ഇഹപര സുരക്ഷയ്ക്ക് അനിവാര്യമാണെന്നു കണ്ടെത്താൻ കഴിയും.
മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുവാൻ വേണ്ടി ഇസ്‌ലാം ഒരു നിയമവും അവളുടെമേൽ അടിച്ചേൽപിച്ചിട്ടില്ല. നാണക്കേടിൽനിന്ന് അവളെ കാക്കുവാനും നീചവൃത്തിക്ക് ഇരയാകുന്നതിൽനിന്ന് അവളെ സംരക്ഷിക്കുവാനും കുറ്റകൃത്യത്തിലും കുഴപ്പത്തിലും നിപതിക്കുന്നതിൽനിന്ന് അവളെ തടുക്കുവാ നും ഭക്തിയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും ഉടയാട അവളെ ധരിപ്പിക്കുന്നതിനു വേണ്ടിയുമാണ് ആ നിയമങ്ങളെല്ലാം നിശ്ചയിച്ചിട്ടുള്ളത്. നീചവൃത്തിയിലേക്ക് എത്തിക്കുകയും അധാർ മികതയിൽ ആപതിപ്പിക്കുകയും ചെയ്യുന്ന സമഗ്ര വഴികളെയും ഇസ്‌ലാം അവകൊണ്ട് കൊട്ടിയടച്ചു. ഇതത്രെ സ്ത്രീകൾക്കുള്ള യാഥാർഥ ആദരവ്.
മുസ്‌ലിം സ്ത്രീകൾ പർദ ധരിക്കുന്നത് സ്രഷ്ടാവിന്റെ കൽപനയനുസരിച്ചുകൊണ്ടാണ്. അതാകട്ടെ, അവർക്ക് ഈ ലോകത്തെ തുറിച്ചു നോട്ടത്തിൽ നിന്ന് മാത്രമല്ല രക്ഷ നൽകുന്നത്, പരലോകത്തെ കഠിനമായ ശിക്ഷയിൽനിന്ന് കൂടിയാണ്.
