മഹല്ല് കമ്മിറ്റികൾ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കണം

പത്രാധിപർ

2025 മാർച്ച് 01, 1446 റമദാൻ 01

മദീനയിലെ, പ്രവാചകന്റെ പള്ളി; അവിടെ അഞ്ചുനേരം സംഘടിത നമസ്‌കാരം നടന്നിരുന്നു. നബിﷺ അവിടെവെച്ച് അനുചരന്മാർക്ക് അറിവ് പകർന്നുകൊടുത്തിരുന്നു. ഇസ്‌ലാമിന്റെ വെളിച്ചമന്വേഷിച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ അവിടെ ചെന്നിരുന്നു. സകാത്തിന്റെ ശേഖരണ-വിതരണ കേന്ദ്രം അതായിരുന്നു. അത് പ്രവാചകന്റെ ഭരണ സിരാകേന്ദ്രവുമായിരുന്നു. നബിﷺ ജനങ്ങളുടെ പരാതികളിൽ വാദം കേട്ട് തീർപ്പു കൽപിക്കുവാനും മസ്ജിദുന്നബവിയെ വേദിയാക്കിയിരുന്നു. നിവേദക സംഘങ്ങൾക്ക് അവിടെ ആതിഥ്യമരുളിയിരുന്നു.

അത് ജനങ്ങളുടെ ആശാകേന്ദ്രമായിരുന്നു. സമഭാവനയും സാഹോദര്യവും നിറഞ്ഞ അന്തരീക്ഷം. വിശ്വാസികൾക്കാർക്കും അവിടെ യാതൊരു വിവേചനവും അനുഭവെപ്പട്ടില്ല. പ്രമാണിമാർക്ക് സ്ഥിരമായി ‘റിസർവ്’ ചെയ്യപ്പെട്ട പ്രത്യേകം സ്ഥാനമില്ലായിരുന്നു.

ഇന്ന് നമ്മുടെ നാട്ടിലെ മിക്ക പള്ളികളിലെയും അവസ്ഥയെന്താണ്? പൂജക്ക് നടതുറക്കുകയും പൂജ കഴിഞ്ഞാലുടൻ കൊട്ടിയടക്കുകയും ചെയ്യുന്ന ക്ഷേത്രങ്ങൾ പോലെ! നമസ്‌കാരത്തിന് തുറക്കും; കഴിഞ്ഞാലുടൻ അടക്കും. പല പള്ളികളിലും സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞാൽ അൽപസമയം ഇരുന്ന് ക്വുർആൻ ഓതാനോ ഇശ്റാഖ് നമസ്കാരം വരെ കാത്തിരിക്കാനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം നൽകാതെ ജമാഅത്ത് കഴിഞ്ഞാൽ ഉടൻ പള്ളി പൂട്ടുന്നു!

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സംരക്ഷണമാണ് യാഥാസ്ഥിതിക മഹല്ല് കമ്മിറ്റിക്കാരുടെ മുഖ്യ അജണ്ട! നേർച്ചയുടെയും റാത്തീബിന്റെയും നബിദിനാഘോഷത്തിന്റെയും പേരിൽ ലഭിച്ച മാംസത്തിന്റെയും അരിയുടെയും പണത്തിന്റെയും കണക്ക് നോട്ടീസ് ബോർഡിൽ പതിച്ച് തങ്ങൾ സമുദായത്തിനുവേണ്ടി മഹത്തായ സേവനം നിർവഹിച്ചിരിക്കുന്നു എന്ന് അവർ സ്വയം സംതൃപ്തിയടയുന്നു.

മഹല്ലിൽ നടക്കുന്ന വിവാഹങ്ങൾക്ക് കാർമികത്വം വഹിക്കാൻ ഖത്വീബിനെ ഏൽപിക്കുക, വിവാഹരജിസ്റ്ററുമായി ‘മുക്രി’യെ കൂടെ അയക്കുക, മഹല്ലിനെ ഭരിക്കുന്നവർ എന്ന നിലയിൽ വിവാഹ വീട്ടിലും മരണം നടന്ന വീട്ടിലും നിറഞ്ഞുനിൽക്കുക, മരിച്ചാൽ മറമാടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, ഖത്വീബ്, മുഅദ്ദിൻ, ഇമാം എന്നിവരെ നിയമിക്കുക, അവരുടെ വേതനം നിശ്ചയിക്കുക... തുടങ്ങിയ കാര്യങ്ങളിലൊതുങ്ങുന്നു മിക്ക മഹല്ല് കമ്മിറ്റികളുടെയും പ്രവർത്തനം.

മരിച്ചാൽ പള്ളിയിലെ മയ്യിത്തുകട്ടിൽ, പള്ളിക്കാട്ടിലെ ആറടിമണ്ണ്, നിക്കാഹ് നടത്താൻ മൗലവി അല്ലെങ്കിൽ മുസ്‌ലിയാർ, മഹല്ലിന്റെ വിവാഹ രജിസ്റ്ററിൽ അത് രേഖപ്പെടുത്തൽ, സകാത്തിന്റെയും ഫിത്വ‌്‌ർ സകാത്തിന്റെയും ഉദുഹിയ്യത്ത് മാംസത്തിന്റെയും ഓഹരി ലഭിക്കൽ... ഇതൊക്കെയേ സാധാരണക്കാരും പാവങ്ങളുമായ മഹല്ല് മെമ്പർമാർ മഹല്ലിൽനിന്ന് പ്രതീക്ഷിക്കുന്നുമുള്ളൂ. കാരണം പരമ്പരാഗതമായി ആളുകളുെട മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ചിത്രം അതാണ്.

നിക്കാഹ് നടത്തിക്കൊടുക്കാനും അതിന്റെ പേരിൽ കണക്കുപറഞ്ഞ് ‘ഫീസ്’ വാങ്ങാനും ഉൽസാഹം കാണിക്കുന്ന കമ്മിറ്റിക്കാർ മഹല്ലിൽ അവിവാഹിതരായി കഴിയുന്ന യുവതികളുടെയും യുവാക്കളുടെയും കണക്കെടുക്കാനും അവരുടെ വിവാഹം നടക്കുന്നതിന് തടസ്സമെന്തെന്ന് അന്വേഷിച്ച് ക്രിയാത്മകമായി ഇടപെടാനും തയ്യാറാകുന്നുണ്ടോ? മഹല്ലിലെ യുവാക്കളുടെ ഭൗതിക വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും കാര്യത്തിൽ എന്ത് ഇടപെടലാണ് മഹല്ല് കമ്മിറ്റികൾ നടത്തുന്നത്?

ഒരു രോഗിക്ക് അടിയന്തിരമായി രക്തം കയറ്റണം. എന്തു ചെയ്യും? ആേരാട് ചോദിക്കും? പ്രാദേശിക ക്ലബ്ബുകളുടെയും മറ്റും സഹായം തേടും. എന്നാൽ മഹല്ല് കമ്മിറ്റിക്ക് രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിക്കൂടേ? അങ്ങനെ പള്ളിക്കമ്മിറ്റി മുഖേന ആ ആവശ്യം നിറവേറുന്ന അവസ്ഥയുണ്ടാക്കിക്കൂടേ? ഇങ്ങനെ എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ട്.