സൂറ: റൂം, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24
അധ്യായം: 30, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
16. എന്നാൽ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചുകളയുകയും ചെയ്തവരാരോ അവർ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു.
17. ആകയാൽ നിങ്ങൾ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക.
18. ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങൾ പ്രകീർത്തിക്കുക).
19. നിർജീവമായതിൽനിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് കൊണ്ടുവരുന്നു. ജീവനുള്ളതിൽനിന്ന് നിർജീവമായതിനെയും അവൻ പുറത്ത് കൊണ്ടുവരുന്നു. ഭൂമിയുടെ നിർജീവാവസ്ഥയ്ക്ക് ശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ടുവരപ്പെടും.
20. നിങ്ങളെ അവൻ മണ്ണിൽനിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവർഗമായിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.
21. നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
22. ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്.

16) (എന്നാൽ അവിശ്വസിക്കുകയും) അവന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയും അവിശ്വാസം സ്വീകരിക്കുകയും ചെയ്തു. (നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും) നമ്മുടെ ദൂതന്മാർ കൊണ്ടുവന്ന. (അവർ ശിക്ഷക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു) എല്ലാ ഭാഗത്തുനിന്നും നരകം അവരെ കവചം ചെയ്യും. വേദനാജനകമായ ശിക്ഷ ഹൃദയങ്ങളിലേക്ക് ആളിപ്പടരും. ചുട്ട് തിളക്കുന്ന പാനീയങ്ങൾ അവരുടെ മുഖം കരിക്കും. അതവരുടെ ആമാശയങ്ങൾ പിളർക്കും. ഈ രണ്ട് വിഭാഗങ്ങൾ തമ്മിൽ എന്തൊരന്തരം!
17-18) അവൻ എല്ലാ മോശം ഗുണങ്ങളിൽനിന്നും പോരായ്മകളിൽനിന്നും മുക്തനാണ്. അവനെപ്പോലെ ഒരു സൃഷ്ടി ഉണ്ടാകുക എന്നതിൽനിന്ന് അവൻ പരിശുദ്ധനാണ്. വേകുന്നേരവും രാവിലെയും ഉച്ചക്കും മധ്യാഹ്നത്തിലും അവനെ പ്രകീർത്തിക്കാൻ അവൻ തന്റെ അടിമകളോട് കൽപിക്കുന്നു. ഈ അഞ്ച് സമയങ്ങൾ അഞ്ച് നമസ്‌കാര സമയങ്ങളാണ്. അതിൽ അവനെ പ്രകീർത്തിക്കാനും സ്തുതിക്കാനും നിർദേശിക്കുന്നു. അതിൽ നിർബന്ധ നമസ്‌കാരങ്ങൾ ഉൾപ്പെടും. അതായത് അഞ്ചുനേരത്തെ നമസ്‌കാരം. ഐഹികകാര്യങ്ങളും ഉൾപ്പെടും. രാവിലെയും വൈകുന്നേരവുമുള്ള ദിക്‌റുകൾ, നമസ്‌കാരശേഷമുള്ള ദിക്‌റുകൾ; അതിനോടനുബന്ധിച്ചുള്ള സുന്നത്ത് നമസ്‌കാരങ്ങളും. കാരണം നിർബന്ധ നമസ്‌കാരങ്ങൾക്കായി അല്ലാഹു നിശ്ചയിച്ച സമയങ്ങൾ ഏറെ ശ്രേഷ്ഠമായ സമയങ്ങളാകുന്നു. ആ സമയത്തുള്ള പ്രകീർത്തനങ്ങളും സ്തുതികളും മറ്റു സമയങ്ങളെക്കാൾ ശ്രേഷ്ഠമാണ്. അതിൽ സുബ്ഹാനല്ലാഹ് (അല്ലാഹു മഹാപരിശുദ്ധൻ) എന്ന വാക്ക് ഉൾപ്പെട്ടിട്ടില്ലെങ്കിലും. അതിലുള്ള ആത്മാർഥത കാണിക്കുന്നത് ആരാധനയിൽ അവന് പങ്കുകാരില്ലെന്ന് പ്രവർത്തനത്തിലൂടെയുള്ള പരിശുദ്ധപ്പെടുത്തലാണ്. ആത്മാർഥമായ ഭക്തികൊണ്ട് ഒരാൾ അർഹമായത് നേടുന്നു.

19) (നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് കൊണ്ടുവരുന്നു) നിർജീവ ഭൂമിയിൽനിന്ന് ചെടി മുളപ്പിക്കുന്നതു പോലെ. ധാന്യത്തിൽനിന്ന് കതിരിനെയും, വിത്തിൽനിന്ന് മരത്തെയും, മുട്ടയിൽനിന്ന് കുഞ്ഞിനെയും, അവിശ്വാസിയിൽനിന്ന് വിശ്വാസിയെയും മറ്റും പുറത്ത് കൊണ്ടുവരുന്നതു പോലെ. (ജീവനുള്ളതിൽനിന്ന് നിർജീവമായതിനെയും) മുകളിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി.
(ഭൂമിയുടെ നിർജീവാവസ്ഥക്ക് ശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു) ഭൂമി നിർജീവമായ സമയത്ത് അവനതിൽ മഴ പെയ്യിപ്പിക്കുന്നു. അത് ഇളക്കുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (അതുപോലെ തന്നെ നിങ്ങളും പുറത്ത് കൊണ്ടുവരപ്പെടും) നിങ്ങളുടെ ക്വബ്‌റുകളിൽനിന്ന്. ഭൂമിയെ അതിന്റെ നിർജീവതക്ക് ശേഷം ജീവിപ്പിക്കുന്നവൻ മരിച്ചവരെ ജീവിപ്പിക്കുമെന്നത് വ്യക്തവും ഖണ്ഡിതവുമായ തെളിവാണ്. ബുദ്ധിയുടെ വീക്ഷണത്തിൽ ഇവ രണ്ടും വ്യത്യാസമല്ല. ഒന്ന് നാം നേരിട്ടു കാണുമ്പോൾ, മറ്റേത് അസംഭവ്യമായി കാണാൻ യാതൊരു നിർവാഹവുമില്ല.
20) അല്ലാഹുവിന്റെ ഏകത്വം, മഹത്ത്വം, കഴിവിന്റെ ശക്തി, സൃഷ്ടിപ്പിന്റെ സൗന്ദര്യം, കാരുണ്യത്തിന്റെ വിശാലത തുടങ്ങിയ ദൃഷ്ടാന്തങ്ങളുടെ ഒരു പട്ടിക തുടങ്ങുകയാണിവിടെ. (നിങ്ങളെ അവൻ മണ്ണിൽനിന്നും സൃഷ്ടിച്ചു) ഇത് മനുഷ്യരാശിയുടെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു. അതായത് ആദമിൽ(അ) നിന്നുള്ള പരമ്പരയെ. (എന്നിട്ട് നിങ്ങളിതാ വ്യാപിക്കുന്ന മനുഷ്യ വർഗമായിരിക്കുന്നു) ഒരൊറ്റ അടിത്തറയിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചു. എന്നിട്ട് ഭൂഖണ്ഡങ്ങളിലാകെ നിങ്ങളെ വ്യാപിപ്പിച്ചു. ഒരു പദാർഥത്തിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചു. ഭൂമിയിലാകെ വ്യാപിപ്പിച്ചു എന്നതിൽ വലിയ ദൃഷ്ടാന്തമുണ്ട്. അവൻ യഥാർഥ രക്ഷിതാവും സ്തുത്യർഹനായ അധികാരിയും സ്‌നേഹനിധിയായ കാരുണ്യവാനും ആണെന്നതിന്; അവൻ നിങ്ങളെ മരണശേഷം തിരിച്ചുകൊണ്ടുവരുമെന്നതിനും.
21) (അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ) അവന്റെ കരുണയിലേക്കും അടിമകളോടുള്ള അവന്റെ കരുതലിലേക്കും വിരൽ ചൂണ്ടുന്ന അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്. (നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും) നിങ്ങളോട് ഇണങ്ങുകയും നിങ്ങൾ അവനോട് ഇണങ്ങുകയും ചെയ്യുന്ന ഇണകളായി നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നു. (നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും നിങ്ങൾ സമാധാനപൂർവം ഒത്തുചേരേണ്ടതിനായി) വിവാഹത്തോടെ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുന്ന കാരണങ്ങൾ ഉണ്ടാവുന്നു. അങ്ങനെ ഒരു പുരുഷൻ തന്റെ ഭാര്യയിൽ ശാരീരികമായ ആനന്ദം കണ്ടെത്തുകയും അതിലൂടെ ജനിക്കുന്ന സന്താനങ്ങളെ വളർത്തി അവരെ ഉപകാരപ്പെടുത്തുകയും സമാധാനജീവിതം നയിക്കുകയും ചെയ്യുന്നു. ഇണകൾക്കിടയിൽ കണ്ടെത്തുന്ന സ്‌നേഹവും കാരുണ്യവും സാധാരണ രണ്ടുപേർക്കിടയിൽ കാണുക സാധ്യമല്ല. (തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്) തങ്ങളുടെ ചിന്തകളെ ഉപയോഗിക്കുകയും ദൃഷ്ടാന്തങ്ങളെ ചിന്തിച്ച് പഠിക്കുകയും ഓരോന്നിനെയും പരസ്പരം ബന്ധപ്പെടുത്തി ചിന്തിക്കുകയും ചെയ്യുന്നവർക്ക്.
22) അറിവുള്ളവർ പാഠങ്ങൾ ഉൾക്കൊള്ളുകയും ദൃഷ്ടാന്തങ്ങളെ വിശകലനം ചെയ്ത് പഠിക്കുകയും ചെയ്യുന്ന ഇത്തരം ദൃഷ്ടാന്തങ്ങൾ ഒട്ടനവധിയാണ്. ആകാശഭൂമികളുടെയും അവയിലുള്ള എല്ലാറ്റിന്റെയും സൃഷ്ടിപ്പ് അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്. അത് അല്ലാഹുവിന്റെ അധികാരത്തിന്റെ മഹത്ത്വത്തെയും അവന്റെ ശക്തിയുടെ പൂർണതയെയും സൂചിപ്പിക്കുന്നു. കാരണം അവനാണ് ഈ മഹത്തായ സൃഷ്ടികളെ ഉണ്ടാക്കിയത്. അതവന്റെ പൂർണമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. കാരണം അതിന്റെ സൃഷ്ടിപ്പ് അന്യൂനമാണ്. അവന്റെ അറിവാകട്ടെ വിശാലവും. കാരണം അവന്റെ സൃഷ്ടിയെക്കുറിച്ച് അവനെന്തായാലും അറിയാതിരിക്കില്ലല്ലോ.
“സൃഷ്ടിച്ചുണ്ടാക്കിയവൻ എല്ലാം അറിയുകയില്ലേ’’(67:14).
അവന്റെ കാരുണ്യത്തിന്റെയും കൃപയുടെയും വിശാലതയിലേക്ക് കൂടി അത് വിരൽ ചൂണ്ടുന്നു. കാരണം അവന്റെ സൃഷ്ടിയിൽ വലിയ പ്രയോജനങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ ചില പ്രത്യേകതകളും വ്യതിരിക്തതകളും അവന്റെ സൃഷ്ടിപ്പിൽ കാണുന്നതിനാൽ അവനുദ്ദേശിക്കുന്നത് തെരഞ്ഞെടുക്കുന്നവനാണവൻ എന്നു മനസ്സിലാക്കാം. ഏകനാക്കാനും ആരാധിക്കപ്പെടാനും അർഹനായ ഏകൻ. കാരണം സൃഷ്ടിപ്പിൽ അവൻ ഏകനാണ്. അപ്പോൾ ആരാധനയിലും ഏകനാവൽ നിർബന്ധം.
യുക്തിപരമായ ഈ തെളിവുകളിലേക്കെല്ലാം അല്ലാഹു നമ്മുടെ ശ്രദ്ധ തിരിക്കുകയും അവയെക്കുറിച്ച് ചിന്തിക്കാനും അതിൽനിന്ന് പാഠങ്ങൾ പഠിക്കാനും അവൻ നിർദേശിക്കുകയും ചെയ്യുന്നു. (നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും) ഇതിലും ദൃഷ്ടാന്തമുണ്ട്. നിങ്ങൾ ധാരാളം ആളുകൾ ഉണ്ടായിട്ടും ഉത്ഭവം ഒരു സ്ഥലത്തുനിന്നായിട്ടും ഒരുപോലെയുള്ള രണ്ട് സ്വരങ്ങളോ എല്ലാ വിധത്തിലും സാമ്യമുള്ള രണ്ട് നിറങ്ങളോ നിങ്ങൾ കണ്ടെത്തുകയില്ല. മറിച്ച് അവ തമ്മിൽ വ്യത്യാസങ്ങളുണ്ടാവും. അങ്ങനെ നിങ്ങൾക്ക് അവയെ തിരിച്ചറിയാനാകും. (തീർച്ചയായും അതിൽ അറിവുള്ളവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്) ഇത് അവന്റെ കഴിവിന്റെ പൂർണതയെ കുറിക്കുന്നു. അവന്റെ ഇഷ്ടം നടക്കുമെന്നും അവന്റെ ദാസന്മാരോടുള്ള അവന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും അവസ്ഥയും മനസ്സിലാക്കിത്തരുന്നു. കാര്യങ്ങൾ പരസ്പരം സാമ്യമുള്ളതാകുമ്പോ ൾ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അത് ആളുകളുടെ ഉദ്ദേശ്യങ്ങളും താൽപര്യങ്ങളും നഷ്ടപ്പെടുത്തും.

