സൂറ: റൂം, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10
അധ്യായം: 30, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. അലിഫ്-ലാം-മീം.
2. റോമക്കാർ തോൽപിക്കപ്പെട്ടിരിക്കുന്നു.
3. അടുത്തനാട്ടിൽ വെച്ച്. തങ്ങളുടെ പരാജയത്തിനുശേഷം അവർ വിജയം നേടുന്നതാണ്.
4. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേദിവസം സത്യവിശ്വാസികൾ സന്തുഷ്ടരാകുന്നതാണ്.
5. അല്ലാഹുവിന്റെ സഹായംകൊണ്ട്. താൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.
6. അല്ലാഹുവിന്റെ വാഗ്ദാനമത്രെ ഇത്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.
7. ഐഹികജീവിതത്തിൽനിന്ന് പ്രത്യക്ഷമായത് അവർ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു.
8. അവരുടെ സ്വന്തത്തെപ്പറ്റി അവർ ചിന്തിച്ച് നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിർണിതമായ അവധിയോടുകൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ.

1-5)അക്കാലത്ത് പേർഷ്യയും റോമും (െൈബസന്റൈൻ) ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ പെട്ടവയായിരുന്നു. അവർക്കിടയിൽ സമാന ശക്തിയുള്ളവർക്കിടയിൽ ഉണ്ടാകുന്നത് പോലെയുള്ള യുദ്ധങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നു. പേർഷ്യക്കാർ അഗ്നിയെ ആരാധിക്കുന്ന ബഹുദൈവാരാധകരായിരുന്നു. റോമക്കാർ തൗറാത്തും ഇൻജീലും പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന വേദഗ്രന്ഥത്തിന്റെ ആളുകളുമായിരുന്നു. അവർ പേർഷ്യക്കാരെക്കാൾ മുസ്‌ലിംകളുമായി അടുപ്പമുള്ളവരായിരുന്നു. റോമക്കാർ പേർഷ്യക്കാരെ ജയിക്കാനും പരാജയപ്പെടുത്താനും മുസ്‌ലിംകൾ ആഗ്രഹിച്ചു. മുശ്‌രിക്കുകളാകട്ടെ അവരുടെ ബഹുദൈവവിശ്വാസത്താൽ പേർഷ്യക്കാർ റോമക്കാരെ തോൽപിക്കണമെന്നാണ് ആഗ്രഹിച്ചത്.
എന്നാൽ, പേർഷ്യക്കാർ റോമക്കാരെ പരാജയപ്പെടുത്തുകയും അവരുടെമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. മക്കയുടെ അതിർത്തിയോട് ചേർന്ന ചില പ്രദേശങ്ങൾ അവരുടെ അധീനതയിൽ വന്നിട്ടും മക്കാമുശ്‌രിക്കുകൾ സന്തോഷിക്കുകയാണ് ചെയ്തത്. മുസ്‌ലിംകളാകട്ടെ, അതീവ വിഷമത്തിലാവുകയും ചെയ്തു. ഈ സന്ദർഭത്തിൽ റോമക്കാർ പേർഷ്യക്കാരെ പരാജയപ്പെടുത്തുമെന്ന കാര്യം അല്ലാഹു ഒരു വാഗ്ദത്തമായി അവരോട് പറഞ്ഞു. (ഏതാനും വർഷങ്ങൾക്കുള്ളിൽ) എട്ടോ ഒമ്പതോ വർഷങ്ങൾക്കുള്ളിൽ. അതായത് പത്തിൽ കൂടാത്തതും മൂന്നിൽ കുറയാത്തതുമായ കാലയളവിൽ റോമക്കാരുടെ പേർഷ്യൻ പരാജയവും പേർഷ്യക്കാരുടെ റോമൻ പരാജയവുമെല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം സംഭവിച്ചു. അതാണ് അല്ലാഹു പറഞ്ഞത്: (മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം) കാരണങ്ങൾകൊണ്ട് മാത്രം വിജയപരാജയങ്ങൾ ഉണ്ടാകുന്നില്ല. അതോടൊപ്പം അല്ലാഹുവിന്റെ വിധിയും തീരുമാനവും ഒത്തുവരണം.
(അന്നേ ദിവസം) അതായത് റോമക്കാർ പേർഷ്യക്കാരെ കീഴടക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്യുന്ന ദിവസം. (അന്ന് അല്ലാഹുവിന്റെ സഹായംകൊണ്ട് സത്യവിശ്വാസികൾ സന്തുഷ്ടരാകുന്നതാണ്. താൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു). പേർഷ്യക്കാർക്കെതിരായ റോമക്കാരുടെ വിജയത്തിൽ അവർ സന്തോഷിക്കും. അവരെല്ലാം അവിശ്വാസികളാണെങ്കിലും ചിലരുടെ തിന്മകൾ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. അന്ന് മുശ്‌രിക്കുകൾ ദുഃഖിക്കുകയും ചെയ്യും. (അവനത്രെ പ്രതാപി) അവൻ എല്ലാ സൃഷ്ടികളെയും കീഴ്്‌പെടുത്താൻ കഴിവുള്ള സർവശക്തനാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അധികാരം നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് അധികാരം എടുത്ത് കളയുകയും ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ ആദരിക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ അനാദരിക്കുകയും ചെയ്യുന്നു. (കരുണാനിധി) വിശ്വാസികളായ തന്റെ ദാസന്മാരോട്. കാരണം അവർക്ക് സൗഭാഗ്യവും വിജയവും നേടാനുള്ള മാർഗങ്ങൾ അവൻ ഉണ്ടാക്കിയിട്ടുണ്ട്.
6) (അല്ലാഹുവിന്റെ വാഗ്ദാനമത്രെ ഇത്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല) അതിനാൽ അത് നിങ്ങൾ ഉറപ്പാക്കുക. ദൃഢമായി വിശ്വസിക്കുകയും ചെയ്യുക. അത് അനിവാര്യമായി സംഭവിക്കുമെന്ന് അറിയുക. ഈ വാഗ്ദത്തം അടങ്ങിയ വചനങ്ങൾ അവതരിച്ചപ്പോൾ മുസ്‌ലിംകൾ അത് വിശ്വസിക്കുകയും മുശ്‌രിക്കുകൾ അവിശ്വസിക്കുകയും ചെയ് തു. ചില മുസ്‌ലിംകളും ബഹുദൈവാരാധകരും തമ്മിൽ വർഷം നിശ്ചയിച്ച് പന്തയം വെച്ചു. അല്ലാഹു നിശ്ചയിച്ച സമയം വന്നപ്പോൾ റോമക്കാർ പേർഷ്യക്കാരെ പരാജയപ്പെടുത്തി. അവർ കൈവശപ്പെടുത്തിയ ദേശങ്ങളിൽനിന്ന് അവരെ പുറത്താക്കി. അല്ലാഹു അവന്റെ വാഗ്ദാനം നിറവേറ്റി. അതിന് മുസ്‌ലിംകളും ബഹുദൈവാരാധകരും സാക്ഷ്യം വഹിച്ചു. സംഭവിക്കും മുമ്പുതന്നെ അല്ലാഹു പറഞ്ഞ അദൃശ്യകാര്യങ്ങളാണ് ഇത്. (മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല) അല്ലാഹുവിന്റെ വാഗ്ദത്തം സത്യമാണെന്ന്. അതിനാൽ ചിലർ അവന്റെ വാഗ്ദത്തത്തെ കളവാക്കുന്നു. ചിലർ ആ വചനങ്ങളെ നിഷേധിക്കുന്നു.
7) ഇവർ മനസ്സിലാക്കാത്തവരാണ്. കാര്യങ്ങളുടെ ആന്തരിക ആശയങ്ങളും അനന്തര ഫലങ്ങളും അവർ മനസ്സിലാക്കുന്നില്ല. (ഐഹിക ജീവിതത്തിൽനിന്ന് പ്രത്യക്ഷമായത് അവർ മനസ്സിലാക്കുന്നു) അവർ കാരണങ്ങളിലേക്ക് നോക്കുന്നു. കാരണങ്ങളോട് ബന്ധപ്പെട്ട് മാത്രമാണ് സംഭവങ്ങളുണ്ടാകുന്നതെന്ന് അവർ ഉറപ്പിക്കുന്നു. ഒരു കാര്യം ഉണ്ടാകാൻ ആവശ്യമായ കാരണങ്ങൾ കണ്ടില്ലെങ്കിൽ കാര്യം സംഭവിക്കില്ലെന്ന് തന്നെ അവർ ഉറപ്പിക്കുന്നു. അവർ കാരണങ്ങൾക്കൊപ്പം മാത്രം നിൽക്കുന്നു. കാരണങ്ങൾക്ക് പിന്നിലുള്ള കാരണത്തെ അവർ നോക്കുന്നേ ഇല്ല. (പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു) കാരണം അവരുടെ ഹൃദയങ്ങളും ഇച്ഛകളും ആഗ്രഹങ്ങളും ഈ ജീവിതത്തിലും അതിന്റ വിലകുറഞ്ഞ വിഭവങ്ങളിലും മാത്രം കേന്ദ്രീകരിക്കുന്നു. അതിനു മാത്രമാണവർ പരിശ്രമിക്കുന്നത്. തങ്ങളുടെ എല്ലാ ശ്രമങ്ങളും അതിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പരലോകത്തെ അവഗണിക്കുന്നു. അതിനാൽ അവർ ഒരു സ്വർഗത്തെ കൊതിക്കുന്നില്ല. നരകത്തെ ഭയപ്പെടുന്നുമില്ല. ഇത് നാശത്തിന്റെ ലക്ഷണമാണ്. പരലോകത്തെ അവഗണിക്കലാണ് അതിന്റെ അടിസ്ഥാനം.
ഈ വിഭാഗത്തിൽപെട്ട പലർക്കും ഈലോക ജീവിതത്തിന്റെ ബാഹ്യകാര്യങ്ങളിൽ അത്ഭുതപ്പെടുത്തുന്ന ബുദ്ധിശക്തിയും ഉയർന്ന കഴിവും ഉണ്ടെന്നത് വിചിത്രമാണ്. കരയിലും കടലിലും വായുവിലും ഊർജ-വൈദ്യുതി-ഗതാഗത മാർഗങ്ങൾ തുടങ്ങി എന്തെല്ലാം കണ്ടുപിടുത്തങ്ങളിൽ അവർ വിജയിച്ചു! അവരുടെ ബുദ്ധിശക്തിയിൽ അവർ സ്വയം വിസ്മയിച്ചു. അല്ലാഹു അവർക്ക് നൽകിയ കഴിവുകളിൽ മറ്റുള്ളവർ അശക്തരാണെന്ന് അവർ കണ്ടു. അവനെ അവർ നിസ്സാരതയോടെയും അവഗണനയോടെയും കണ്ടു. എന്നിട്ടും അവർ മതത്തിന്റെ കാര്യത്തിൽ ജനങ്ങളിൽ ഏറ്റവും ബുദ്ധിശൂന്യരായി; അവരുടെ പരലോകത്തെക്കുറിച്ച് ഏറെ അശ്രദ്ധരും. മാത്രവുമല്ല, കാര്യങ്ങളുടെ ആത്യന്തിമായ അനന്തരഫലങ്ങളെക്കുറിച്ച് അവർക്കറിയില്ല. ആഴത്തിൽ ഉൾക്കാഴ്ചയുള്ള ആളുകൾ, അവരുടെ അജ്ഞതയിൽ അന്ധമായി അലഞ്ഞുതിരിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നു. കാരണം അവർ അല്ലാഹുവിനെ മറന്നു. അതിനാൽ അവർ അവരെത്തന്നെയും മറന്നു. ഇവരാണ് അക്രമികൾ.
മാത്രവുമല്ല, ഉൾക്കാഴ്ചയുള്ള ആളുകൾ കാണുന്ന മറ്റൊരു കാര്യം; ഇവർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളും ബുദ്ധിയും ഇഹലോകത്തെ കാര്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള കഴിവുമാണ്. ഉന്നതമായ ബുദ്ധി അവർക്ക് അല്ലാഹു തടഞ്ഞില്ല. എന്നാൽ ഇതെല്ലാം അല്ലാഹു നൽകിയതാണെന്നും തന്റെ ദാസന്മാരിൽ തീരുമാനം അവനാണ് കൽപിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നുണ്ട്. ഇതെല്ലാം അവൻ നൽകുന്നതോ തിരിച്ചെടുക്കുന്നതോ ആണ്. അതിനാൽ അവർ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുകയും ബുദ്ധിയിൽനിന്നും വിശ്വാസത്തിന്റെ വെളിച്ചത്തിൽനിന്നും അവർക്കു നൽകിയത് പൂർത്തിയാക്കിത്തരാൻ അവർ അവനോട് ചോദിക്കുന്നു. അങ്ങനെ അവർ അവനിൽ എത്തിച്ചേരുകയും അവനിലേക്ക് അടുക്കുകയും ചെയ്യണം. ഈ ബുദ്ധിശക്തിയുള്ളവർ അതിനെ അവരുടെ വിശ്വാസവുമായി ബന്ധപ്പെടുത്തിയിരുന്നുവെങ്കിൽ ഉന്നതമായ പുരോഗതിയും നല്ലൊരു ജീവിതവും കൈവരിക്കാമായിരുന്നു. എന്നാൽ അതിൽ ഭൂരിഭാഗവും നിരീശ്വരത്വത്തിൽ അധിഷ്ഠിതമായതിനാൽ സ്വഭാവ തകർച്ചയും ധാർമിക അധഃപതനവും നാശവും മാത്രമാണ് അവർക്ക് അനന്തരഫലമായി ലഭിച്ചത്.
8) അതായത് അല്ലാഹുവിന്റെ ദൂതന്മാരെ നിഷേധിക്കുകയും അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനെ കളവാക്കുകയും ചെയ്യുന്നവർ അവരുടെ സ്വന്തത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇതു മനസ്സിലാക്കാനുള്ള തെളിവുകൾ അവരുടെ ശരീരങ്ങളിൽ തന്നെയുണ്ട്. ഇല്ലായ്മയിൽനിന്നും അവരെ അവൻ ഉണ്ടാക്കി. ശേഷം അവരെ അവൻ തിരിച്ചു കൊണ്ടുവരികയും ചെയ്യും. വ്യത്യസ്ത ഘട്ടങ്ങളിലൂടെ അവർ വളർന്നു. ഒരു ശുക്ലത്തുള്ളിയിൽനിന്ന് ഒട്ടിപ്പിടിക്കുന്ന രക്തപിണ്ഡം. പിന്നീട് ചവക്കപ്പെട്ട ഒരു മാസപിണ്ഡം. പിന്നീട് മനുഷ്യനും. അവനിൽ ആത്മാവിനെ ഊതി കുട്ടിയായി, യുവാവായി, വൃദ്ധനായി. ഇനി അവരെ അലക്ഷ്യമായി വെറുതെ വിടുകയോ? കൽപനകളും നിരോധനങ്ങളുമില്ലാതെ, ശിക്ഷയും പ്രതിഫലവും ഇല്ലാതെ? (ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരമല്ലാതെ സൃഷ്ടിച്ചിട്ടില്ല) അതായത്, അവരിൽ ആരാണ് ഏറ്റവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കുന്നതിനുവേണ്ടി. (നിർണിതമായ അവധിയോടുകൂടി) ഇഹലോകജീവിതം അവസാനിക്കുന്നതുവരെ അവശേഷിക്കുന്ന ഒരു നിശ്ചിത സമയം. അങ്ങനെ അന്ത്യദിനം സമാഗതമാകും. ആകാശവും ഭൂമിയും ഇതല്ലാത്ത മറ്റൊന്നായി മാറ്റപ്പെടും.
(തീർച്ചയായും മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ) അതിനാൽ അവനെ കാണാൻ അവർ ഒരുങ്ങിയിട്ടില്ല. തങ്ങൾക്ക് വിവരങ്ങൾ അറിയിച്ചുതന്ന പ്രവാചകന്മാരെ അവർ വിശ്വസിച്ചില്ല. ഈ അവിശ്വാസത്തിന് തെളിവുകളൊന്നുമില്ല. മറിച്ച് കർമങ്ങൾക്കുള്ള പ്രതിഫലത്തെയും ഉയിർത്തെഴുന്നേൽപിനെയും അറിയിക്കുന്ന തെളിവുകളാവട്ടെ ഒട്ടേറെയുണ്ട്.

