സൂറ: ഖസ്വസ്വ്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17
അധ്യായം: 28, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
28. അദ്ദേഹം (മൂസാ) പറഞ്ഞു: ‘ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളിൽ ഏത് ഞാൻ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു.’
29. അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും തന്റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോൾ പർവതത്തിന്റെ ഭാഗത്തുനിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: ‘നിങ്ങൾ നിൽക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെനിന്ന് വല്ല വിവരമോ അല്ലെങ്കിൽ ഒരു തീക്കൊള്ളിയോ ഞാൻ നിങ്ങൾക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങൾക്ക് തീ കായാമല്ലോ.’
30. അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോൾ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്തുനിന്ന്, ഒരു വൃക്ഷത്തിൽനിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ‘ഹേ; മൂസാ! തീർച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.’
31. ‘നീ നിന്റെ വടി താഴെയിടൂ!’ എന്നിട്ടത് ഒരു സർപ്പമെന്നോണം പിടയുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞുനോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: ‘മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീർച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.’
32. ‘നീ നിന്റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്. ഭയത്തിൽ നിന്ന് മോചനത്തിനായ് നിന്റെ പാർശ്വഭാഗം നീ ശരീരത്തിലേക്ക് ചേർത്ത് പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിർഔനിന്റെയും അവന്റെ പ്രമുഖൻമാരുടെയും അടുത്തേക്ക് നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീർച്ചയായും അവർ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.’
33. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, അവരുടെ കൂട്ടത്തിൽ ഒരാളെ ഞാൻ കൊന്നുപോയിട്ടുണ്ട്. അതിനാൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു.’
34. ‘എന്റെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതുകൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവർ എന്നെ നിഷേധിച്ച് കളയുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു.’
35. അവൻ (അല്ലാഹു) പറഞ്ഞു: നിന്റെ സഹോദരൻ മുഖേന നിന്റെ കൈക്ക് നാം ബലം നൽകുകയും നിങ്ങൾക്ക് ഇരുവർക്കും നാം ഒരു ആധികാരിക ശക്തി നൽകുകയും ചെയ്യുന്നതാണ്. അതിനാൽ അവർ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികൾ.

28) (മൂസാ പറഞ്ഞു) ഈ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് മൂസാ പറഞ്ഞു: (ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതുതന്നെ) ഇത് താങ്കൾ പറഞ്ഞതും ഞാൻ അംഗീകരിച്ചതുമായ വ്യവസ്ഥയാകുന്നു. അത് എനിക്കും താങ്കൾക്കുമിടയിൽ യോജിപ്പുള്ളതാണ്. ഈ രണ്ട് അവധികളിൽ ഏത് ഞാൻ പൂർത്തിയാക്കിയാലും (എന്നോട് വിരോധമുണ്ടാകരുത്) നിർബന്ധമായ എട്ടു വർഷങ്ങൾ പൂർത്തിയാക്കിയാലും അല്ലെങ്കിൽ അതിൽ കൂടുതൽ ഞാൻ സ്വമേധയാ ചെയ്താലും അതിലെനിക്കൊരു പ്രശ്‌നമുണ്ടാകരുത്. (നാം പറയുന്നതിന് അല്ലാഹു സാക്ഷിയാണ്) കാരണം, അവൻ നമ്മെ നിരീക്ഷിക്കുന്നു. നാം തമ്മിലുള്ള കരാർ എന്താണെന്ന് അവനറിയാം.
മദ്‌യനിലെ രണ്ടു പെൺകുട്ടികളുടെ പിതാവായ ഈ വ്യക്തി, പലരും പരക്കെ വിശ്വസിക്കുന്നതുപോലെ പ്രവാചകനായ ശുഐബ് നബി(അ) ആയിരുന്നില്ല. ആ വീക്ഷണത്തിന്
തെളിവുകളില്ല. ഏറ്റവും കൂടിയാൽ ശുഐബ് നബി(അ) താമസിച്ചിരുന്നതും ഈ കഥ നടക്കുന്നതും മദ്‌യനിലാണെന്നു പറയാം. എന്നാൽ ഈ രണ്ട് കാര്യങ്ങളും തമ്മിലുള്ള ബന്ധമെന്താണ്?
ശുഐബ് നബി(അ)യുടെ കാലത്താണ് മൂസാ(അ) ജീവിച്ചിരുന്നതെന്നതിന് സ്ഥിരീകരിക്കിപ്പെട്ട തെളിവുകളില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്? ആ വ്യക്തി ശുഐബ്(അ) ആയിരുന്നുവെങ്കിൽ അല്ലാഹു അങ്ങനെ പറയുമായിരുന്നു. ആ രണ്ടു സ്ത്രീകൾ പറയുമ്പോഴും പേരെടുത്ത് പറയുമായിരുന്നു. ശുഐബ് നബിയുടെ സമുദായത്തെ അവരുടെ നിഷേധം നിമിത്തം അല്ലാഹു നശിപ്പിച്ചു. വിശ്വസിച്ചവർ മാത്രമാണ് അവശേഷിച്ചത്.
ഒരു അപരിചിതൻ വന്ന് ആട്ടിൻകൂട്ടത്തെ വെള്ളം കുടിപ്പിക്കുന്നതുവരെ അവരുടെ പ്രവാചകന്റെ രണ്ടു പെൺകുട്ടികളെ ആളുകൾ തടയുക എന്നത് സംഭവ്യമല്ല. അല്ലാഹു കാക്കട്ടെ. അതുണ്ടാവില്ല. അത് ശുഐബ് നബി ആണെങ്കിൽ അദ്ദേഹത്തെക്കാൾ ഉത്തമനായ മൂസാനബിയെ ആടുകളെ നോക്കാനുള്ള ഒരു വേലക്കാരനായി നിശ്ചയിക്കുമോ? (പറയാവുന്നത് മൂസായുടെ പ്രവാചകത്വം ആരംഭിക്കുന്നതിനു മുമ്പാണ് ശുഐബ് നബിയുടെ കാലം എന്നാണ്). നബിയിൽ നിന്ന് സ്ഥിരപ്പെട്ടുവരാതെ അത് ശുഐബ് നബിയാണെന്ന് പറയാൻ യാതൊരു അവലംബവുമില്ല. (അല്ലാഹു അഅ്‌ലം)
29) (അങ്ങനെ മൂസാ അവധി നിറവേറ്റി) മൂസാനബി(അ) കരാർ പൂർത്തിയാക്കുമെന്നതിനാൽ നിർബന്ധമായതോ അല്ലാത്തതോ ആയ അവധി അദ്ദേഹം പൂർത്തിയാക്കിയിരിക്കും. അങ്ങനെ അദ്ദേഹം തന്റെ വീട്ടുകാരെയും ഉമ്മയെയും ബന്ധുക്കളെയും നാടിനെയും ആഗ്രഹിച്ച് പോയി. കാലം കുറെ മുന്നോട്ടുപോയതിനാൽ തന്നിൽനിന്ന് സംഭവിച്ചത് അവർ മറന്നിരിക്കുമെന്ന് കരുതി.
(തന്റെ കുടുംബത്തെയും കൊണ്ട് യാത്ര പോയി) ഈജിപ്ത് ലക്ഷ്യം വെച്ച്. (പർവതത്തിന്റെ ഭാഗത്തുനിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: നിങ്ങൾ നിൽക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ അല്ലെങ്കിൽ ഒരു തീകൊള്ളിയോ ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നു തന്നേക്കാം. നിങ്ങൾക്ക് തീ കായാമല്ലോ) നല്ല തണുപ്പുണ്ടായിരുന്നു. വഴി തെറ്റുകയും ചെയ്തിരുന്നു.
30) (അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോൾ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതു ഭാഗത്തുനിന്ന് ഒരു വൃക്ഷത്തിൽനിന്ന് അദ്ദേഹത്തോട് വിളിച്ചു പറയപ്പെട്ടു: ഹേ, മൂസാ. ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു) അല്ലാഹു തന്റെ ദൈവികതയും രക്ഷാകർതൃത്വവും അദ്ദേഹത്തെ അറിയിച്ചു. അതിലൂടെ നിർദേശിക്കുന്നത് അവനെ മാത്രം ആരാധിക്കണമെന്നും ദൈവികത അവന് മാത്രം കൽപിക്കണമെന്നുമാണ്; മറ്റു ആയത്തുകളിൽ വന്നതു പോലെ:
فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي
“എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാൻ വേണ്ടി നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക’’ (ത്വാഹാ: 14).
31) (നീ നിന്റെ വടി താഴെയിടൂ) അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടി താഴേക്ക് എറിഞ്ഞു. (എന്നിട്ടത് പിടയുന്നത് കണ്ടപ്പോൾ) അത് ശക്തമായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു. അതിന് ഭയാനകമായ ഒരു രൂപമുണ്ടായിരുന്നു. (ഒരു സർപ്പമെന്നോണം) ഇവിടെ പാമ്പ് എന്ന് വിവർത്തനം ചെയ്ത പദം വലിയ ആൺപാമ്പിനെ സൂചിപ്പിക്കുന്നു. (അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞുനോക്കിയത് പോലുമില്ല) അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഭയം നിറഞ്ഞു. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: (മൂസാ, നീ മുന്നോട്ടുവരിക. പേടിക്കേണ്ട. തീർച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു) ഈ വാക്കുകൾ ഏറ്റവും നല്ല പ്രയോഗമാണ്. ആത്മവിശ്വാസം നൽകുന്നതും ഭയമകറ്റുന്നതുമാണ്. (നീ മുന്നോട്ടുവരിക) ഇത് തിരികെ വരാനുള്ള കൽപനയാണ്. അനുസരിക്കൽ നിർബന്ധമാണ്. എന്നാൽ ഭയപ്പെടുത്തുന്ന കാര്യം അപ്പോഴും അവിടെ ഉണ്ടായിരിക്കും. എന്നിട്ട് പറഞ്ഞു: (നീ ഭയപ്പെടേണ്ട) ഇവിടെ രണ്ടു കാര്യങ്ങൾ കൽപിക്കുന്നു. ഒന്ന്, മുന്നോട്ടുവരാൻ. രണ്ട്, ഭയപ്പെടരുത്. എന്നാൽ മറ്റൊരു സാധ്യത കൂടിയുണ്ട്. ഭയം കൂടാതെ മുന്നോട്ടുവരിക. അങ്ങനെ വരുമ്പോൾ സംരക്ഷിക്കപ്പെടുകയോ അപകടത്തിൽനിന്ന് സുരക്ഷിതനാവുകയോ ചെയ്‌തേക്കില്ല. അതാണ് അല്ലാഹു പറഞ്ഞത്: (തീർച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു) അങ്ങനെ അദ്ദേഹം എല്ലാ നിലക്കും സംരക്ഷിക്കപ്പെട്ടു. അങ്ങനെ മൂസാ പേടിക്കാതെ തിരിച്ചുവന്നു; തന്റെ രക്ഷിതാവ് നൽകിയ ഉറപ്പിലും സമാധാനത്തിലും. അങ്ങനെ അദ്ദേഹത്തിന്റെ വിശ്വാസവും ഉറപ്പും വർധിച്ചു. ഈ ദൃഷ്ടാന്തം അല്ലാഹു കാണിച്ചുകൊടുത്തത് ഫിർഔനിന്റെ അടുക്കലേക്ക് പോകുന്നതിനു മുമ്പാണ്. ഇപ്പോൾ അദ്ദേഹത്തിന് പൂർണ ഉറപ്പുണ്ടാവുകയും അത് അദ്ദേഹത്തിന് ശക്തിയും ധൈര്യവും നൽകുകയും ചെയ്തു.
32) പിന്നീട് മൂസാനബിക്ക് അല്ലാഹു ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അല്ലാഹു പറയുന്നു: (നിന്റെ കൈ നിന്റെ കുപ്പായ മാറിലേക്ക് നീ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അത് പുറത്തുവരുന്നതാണ്) അങ്ങനെ അദ്ദേഹം തന്റെ വസ്ത്രത്തിൽ കൈ പ്രവേശിപ്പിച്ചു. എന്നിട്ട് അല്ലാഹു നിർദേശിച്ചപോലെ അത് പുറത്തെടുത്തു. (ഭയത്തിൽനിന്ന് രക്ഷപ്പെടാനായി നിന്റെ പാർശ്വഭാഗം നീ ശരീരത്തിലേക്ക് ചേർത്ത് പിടിക്കുകയും ചെയ്യുക) നിന്റെ ഭയം പോകാൻ നിന്റെ പാർശ്വഭാഗത്തെ-തോളിനെ-നീ ശരീരഭാഗത്തിലേക്ക് ചേർക്കുക. (അവ രണ്ടും) വടി പാമ്പാകുന്നതും കൈ പുറത്തെടുക്കുമ്പോൾ യാതൊരു ദോഷവും കൂടാതെ വെളുത്ത് തിളങ്ങുന്നതും അല്ലാഹുവിൽനിന്നുള്ള വ്യക്തമായ അടയാളങ്ങളാകുന്നു. (നിന്റെ രക്ഷിതാവിൽനിന്നുള്ള രണ്ട് തെളിവുകളാകുന്നു) അല്ലാഹുവിൽനിന്നുള്ള രണ്ട് ഖണ്ഡിതമായ തെളിവുകൾ. (ഫിർഔനിന്റെയും അവന്റെ പ്രമുഖന്മാരുടെയും അടുത്തേക്ക്. തീർച്ചയായും അവർ ധിക്കാരികളായ ഒരു ജനതയായിരുന്നു) അവർക്ക് താക്കീതും പ്രവാചകന്റെ നിർദേശവും മാത്രം മതിയാകില്ല. വ്യക്തമായ ദൃഷ്ടാന്തങ്ങൾ വേണം. അത് അവർക്ക് പ്രയോജനപ്പെട്ടേക്കാം.
33,34) (മൂസാ പറഞ്ഞു:) തന്റെ രക്ഷിതാവിനോട് ക്ഷമാപണം നടത്തിക്കൊണ്ടും തന്നെ ഏൽപിച്ച ദൗത്യത്തിൽ സഹായം ചോദിച്ചും തന്റെ തടസ്സത്തെക്കുറിച്ചും പറഞ്ഞു. താൻ ഭയപ്പെടുന്ന കാര്യത്തെ മറികടക്കാൻ അവന്റെ സഹായം ലഭിക്കാൻ വേണ്ടി. (എന്റെ രക്ഷിതാവേ, അവരുടെ കൂട്ടത്തിൽ ഒരാളെ ഞാൻ കൊലപ്പെടുത്തിയിട്ടുണ്ട്) അതായത് (അവർ എന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു). എന്റെ സഹോദരൻ ഹാറൂൻ എന്നെ ക്കാൾ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതുകൊണ്ട് എന്നോടൊപ്പം ഒരു സഹായിയായി അവനെ നീ നിയോഗിക്കേണമേ) സഹായിക്കുന്നവനും പിന്തുണക്കുന്നവനുമായി. (എന്റെ സത്യത സ്ഥാപിക്കുന്നു) ഒന്നിച്ചു പറയുമ്പോൾ സത്യത്തിൽ ശക്തി ലഭിക്കും. (അവർ എന്നെ നിഷേധിച്ചുകളയുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു) അപ്പോൾ അല്ലാഹു അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. (നിന്റെ സഹോദരൻ മുഖേന നിന്റെ കൈക്ക് നാം ബലം നൽകുകയും) അവനെക്കൊണ്ട് നിന്നെ സഹായിക്കുകയും നാം ശക്തിപ്പെടുത്തുകയും ചെയ്യും.
35) അങ്ങനെ അല്ലാഹു പറഞ്ഞതുപോലെ കൊല്ലപ്പെടുമോ എന്ന ഭയം അദ്ദേഹത്തിന് ഇല്ലാതാക്കി. (നിങ്ങൾക്ക് ഇരുവർക്കും നാം ആധികാരിക ശക്തി നൽകുകയും ചെയ്യുന്നതാണ്) അതുവഴി നിങ്ങളുടെ ശത്രുക്കളിൽനിന്നും ദൈവികമായ ഭയത്താലും തെളിവിനാലും നിങ്ങൾക്ക് പ്രബോധനത്തിന് സൗകര്യം ലഭിക്കും. (അതിനാൽ അവർ നിങ്ങളുടെ അടുത്ത് എത്തുകയില്ല) നമ്മുടെ ദൃഷ്ടാന്തങ്ങളും അത് ചൂണ്ടിക്കാട്ടുന്ന സത്യവും. അത് കാണുന്നവനെയും അതുമായി ബന്ധപ്പെടുന്നവനെയും അത് സ്വാധീനിച്ചു. അതുമൂലം നിങ്ങൾക്ക് അധികാരം ലഭിക്കും.
ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങളിൽ നിന്ന് തടയപ്പെട്ടു. അത് ശക്തമായ സൈന്യത്തെക്കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നതിനെക്കാളും വലിയ പ്രയോജനം ലഭിക്കും. (നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികൾ) പുറത്താക്കപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ തനിച്ചായിരുന്ന അക്കാലത്ത് മൂസാക്ക് കിട്ടിയ വാഗ്ദാനമായിരുന്നു ഇത്. അല്ലാഹു തന്റെ വാഗ്ദാനം നിറവേറ്റുകയും ഭൂമിയുടെയും ജനങ്ങളുടെയും മേൽ അദ്ദേഹത്തിന് അധികാരം നൽകുകയും വിജയിക്കുന്നതുവരെ അത് തുടരുകയും ചെയ്തു.
