സൂറ: അഹ്സാബ്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ജനുവരി 18, 1446 റജബ് 18
അധ്യായം: 33, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
40. മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
41.സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,
42. കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ.
43. അവൻ നിങ്ങളുടെ മേൽ കരുണ ചൊരിയുന്നവനാകുന്നു; അവന്റെ മലക്കുകളും (കരുണ കാണിക്കുന്നു). അന്ധകാരങ്ങളിൽനിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവൻ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.
44. അവർ അവനെ കണ്ടുമുട്ടുന്ന ദിവസം അവർക്കുള്ള അഭിവാദ്യം സലാം ആയിരിക്കും. അവർക്കവൻ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
45. നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും
സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.
46. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്.

(40) (ആയിട്ടില്ല) പ്രവാചകൻ (മുഹമ്മദ് നബി). (നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവ്) അല്ലാഹുവിന്റെ റസൂലുമായുള്ള സൈദ്ബ്‌നു ഹാരിസയുടെ ബന്ധം റദ്ദാക്കുക എന്നതും ഇതിൽ പെടുന്നു. ഈ നിരോധനം പൊതുവായതും എല്ലാ സാഹചര്യങ്ങൾക്കും ബാധകവുമായതിനാൽ ഇതിന്റെ ബാഹ്യാർഥം പരിഗണിക്കണം. രക്തബന്ധം കൊണ്ടോ ദത്തെടുക്കൽ കൊണ്ടോ ഒരു പുരുഷന്റെയും പിതാവ് നബിﷺ ആകുന്നില്ല എന്നാണ്. എന്നാൽ പ്രവാചകൻ എന്ന നിലയ്ക്ക് നബിﷺ എല്ലാ സത്യവിശ്വാസികളുടെയും പിതാവാണ്; നബിﷺയുടെ പത്‌നിമാർ ഉമ്മമാരും. ഈ ആശയം ഇതിന് വിരുദ്ധമല്ല. ഇത് പൊതുനിരോധനത്തിൽ പെടുന്നില്ല. (പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാകുന്നു) അതായത്, അനുസരിക്കപ്പെടേണ്ടതും പിന്തുടരേണ്ടതുമായ അ ധ്യാപനങ്ങളിലൂടെ ജനങ്ങളെ നയിക്കുന്നതും വിശ്വസിക്കപ്പെടുന്നതുമായ ഒരാളുടെ സ്ഥാനമാണിത്. അദ്ദേഹത്തിൽനി ന്ന് സന്മാർഗം ലഭിക്കുന്നു.
വിശ്വാസി സ്‌നേഹത്തിൽ അദ്ദേഹത്തിന് മുൻഗണന നൽകുന്നു. മറ്റെല്ലാവരോടുമുള്ള സ്‌നേഹത്തെക്കാളും വിശ്വാസികളോട് ആത്മാർഥത പുലർത്തുന്നയാളാ ണ് റസൂൽﷺ; അതായത് വിശ്വാസികളോട്. ഗുണകാംക്ഷയിലും പുണ്യത്തിലും വിശ്വാസികൾക്ക് അദ്ദേഹം ഒരു പിതാവാണ്. (അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു) അവന്റെ അറിവ് എല്ലാ കാര്യങ്ങളെയും ഉൾകൊള്ളുന്നതാണ്. അവന്റെ സന്ദേശം ആർക്കാണ് നൽകേണ്ടതെന്നും ആരാണ് അവന്റെ ഔദാര്യം സ്വീകരിക്കാൻ യോഗ്യതയുള്ളവനും അല്ലാത്തവനുമെന്നും അവനറിയും.
(41). അല്ലാഹു സത്യവിശ്വാസികളോട് അവനെ ധാരാളം സ്മരിക്കാനും മഹത്ത്വപ്പെടുത്താനും സ്തുതിക്കാനും പ്രകീർത്തിക്കാനും കൽപിക്കുന്നു; മറ്റു ദിക്‌റുകൾ ഉരുവിടാനും. അല്ലാഹുവിൽനിന്ന് പ്രതിഫലം ലഭിക്കുന്ന എല്ലാ വാക്കുകളും ചൊല്ലണം. രാവിലെയും വൈകുന്നേരവുമുള്ളതും നമസ്‌കാരശേഷമുള്ളതും തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോഴുള്ളതുമായ ദിക്‌റുകൾ പതിവു ചര്യയാക്കണം. സർവ സമയങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ഇത് ശീലിക്കണം. ദൈവസന്നിധിയിലേക്ക് മുന്നേറാനുള്ള ആരാധനകൾ ആശ്വാസംപകരും. അല്ലാഹുവിനെ അറിയാനും സ്‌നേഹിക്കാനും കഴിയും. നന്മയ്ക്ക് ഉപകരിക്കും. ചീത്ത വാക്കുകൾ സംസാരിക്കുന്നതിനെ തടയും.
(42). (കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുക). രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങൾക്ക് പ്രത്യേകതകളുണ്ട്, മഹത്ത്വമുണ്ട്. ആ സമയത്ത് അത് ചെയ്യാൻ (ഇബാദത്തുകൾ നിർവഹിക്കാനും ദൈവസ്മരണ നിലനിർത്താനും) എളുപ്പമാണ്.
(43). (അവൻ നിങ്ങളുടെ മേൽ കരുണ ചൊരിയുന്നവനാകുന്നു; അവന്റെ മലക്കുകളും. അന്ധകാരങ്ങളിൽനിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ ഇത്. അവൻ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു). സത്യവിശ്വാസികളോട് അത്യധികം കരുണയുള്ളവനാണ് അല്ലാഹു. അവൻ അവരോട് കരുണ കാണിച്ചു; മലക്കുകളുടെ പ്രാർഥനയാലും. അജ്ഞതയുടെയും പാപത്തിന്റെയും ഇരുട്ടുകളിൽനിന്ന് അവൻ അവരെ വിശ്വാസത്തിന്റെ പ്രകാശത്തിലേക്ക് എത്തിച്ചു. മാർഗദർശനത്തിന്റെയും അറിവിന്റെയും വെളിച്ചത്തിലേക്ക്. ഇത് അവന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. അനുസരിക്കുന്ന അടിമകൾക്ക് അവൻ നൽകുന്ന അനുഗ്രഹം. അതിനാൽ നന്ദി ചെയ്യാൻ, ദിക്‌റുകൾ വർധിപ്പിക്കാൻ അവരോട് കരുണ കാണിച്ചവനാണവൻ. ഏറ്റവും ശ്രേഷ്ഠരായ മലക്കുകളെയാണ് അവൻ അവന്റെ സിംഹാസനത്തിന്റെ വാഹകരാക്കിയത്. അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികൾക്കു വേണ്ടി അവർ പാപമോചനം തേടിക്കൊണ്ടിരിക്കുന്നു.
“ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു. ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്തു കൊടുക്കേണമേ. അവരെ നീ നരകശിക്ഷയിൽനിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ അവരെയും അവരുടെ മാതാപിതാക്കൾ, ഭാര്യമാർ, സന്താനങ്ങൾ എന്നിവരിൽനിന്ന് സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളിൽ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേദിവസം നീ ഏതൊരാളെ തിന്മയിൽ നിന്ന് കാക്കുന്നുവോ അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അത് തന്നെയാകുന്നു മഹാഭാഗ്യം’’ (40:7-9).
(44). പരലോകത്ത് അല്ലാഹുവിന്റെ കാരുണ്യം എന്നു പറയുന്നത് അവരുടെ രക്ഷിതാവിന്റെ പ്രീതിയും അഭിവാദ്യവും നേടുക, അവന്റെ മഹത്തായ വാക്കുകൾ ശ്രദ്ധിക്കുക, അവന്റെ സുന്ദരമായ മുഖത്ത് നോക്കുക, മഹത്തായ പ്രതിഫലം നേടുക തുടങ്ങിയവയാണ്. അവനത് നൽകിയവർക്കല്ലാതെ അതിന്റെ പരിധി അറിയുകയില്ല. (അവർ അവനെ കണ്ടുമുട്ടുന്ന ദിവസം അവർക്കുള്ള അഭിവാദ്യം സലാം ആയിരിക്കും) അവർക്കവൻ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
45-46). ഈ പറഞ്ഞ കാര്യങ്ങൾ മുഹമ്മദ് നബിﷺയെക്കുറിച്ചുള്ള വർണനകളാണ്. അതാവട്ടെ, അദ്ദേഹത്തിന്റെ നിയോഗലക്ഷ്യങ്ങളാണ്, അടിത്തറയുമാണ്. ഇവിടെ പ്രത്യേകമായി പറയുന്നത് അഞ്ചു കാര്യങ്ങളാണ്.
ഒന്ന്, (സാക്ഷിയായും) തന്റെ സമുദായത്തെക്കുറിച്ചും അവർ ചെയ്ത നന്മ-തിന്മകളെക്കുറിച്ചും സാക്ഷ്യപ്പെടുത്താൻ. അല്ലാഹു മറ്റൊരിടത്ത് പറയുന്നു: “നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കാനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കാനും വേണ്ടി’’ (2:143).
“എന്നാൽ ഓരോ സമുദായത്തിൽനിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടർക്കെതിരിൽ നിന്നെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ?’’(4:41).
രണ്ടും മൂന്നും: അദ്ദേഹം (സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും) ആക്കിയിരിക്കുന്നു എന്നതാണ്. താക്കീതുകാരനും സന്തോഷവാർത്ത അറിയിക്കുന്നവനും എന്ന് പറയുമ്പോൾ സന്തോഷവും താക്കീതുമായി അറിയിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും അതിനുണ്ടാകേണ്ട പ്രവർത്തനങ്ങൾ എന്താണെന്നതും പ്രധാനമാണ്.
(സന്തോഷവാർത്ത അറിയിക്കുന്നവൻ) വിശ്വാസികളും സൂക്ഷ്മത പാലിക്കുന്നവരുമാണവർ. സത്യവിശ്വാസത്തെയും സൽക്കർമത്തെയും ഒന്നിപ്പിച്ചവർ, തിന്മകളെ ഉപേക്ഷിച്ചവർ. അവർക്ക് ഇഹലോകത്ത് സന്തോഷവാർത്തയുണ്ട്. മതപരവും ഭൗതികപരവുമായ പ്രതിഫലങ്ങൾ. ഭക്തിയുടെയും വിശ്വാസത്തിന്റെയും ഫലമായി പരലോകത്ത് അവർക്ക് ശാശ്വതമായ സുഖങ്ങളുണ്ട്. ഈ പ്രതിഫലം നേടുന്നതിന് ആവശ്യമായ കർമങ്ങളും പുണ്യങ്ങളും ഏതെന്ന വിശദീകരണം വേണം. ഭക്തിയുടെ കാര്യങ്ങളും വിവിധ പ്രതിഫലങ്ങളെക്കുറിച്ചും വിശദീകരിക്കപ്പെടേണ്ടതുണ്ട്.
(താക്കീത് നൽകുന്നവൻ) അക്രമികളും കുറ്റവാളികളുമാണവർ. അക്രമത്തിന്റെയും അജ്ഞതയുടെയും ആളുകൾ. അക്രമവും അജ്ഞതയും നിമിത്തം അവർക്ക് ലഭിക്കുന്ന ആത്മീയവും ഭൗതികവുമായ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും പരലോകത്ത് ലഭിക്കുന്ന നാശവും ശിക്ഷയും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ക്വുർആനിലും ഹദീസിലും കാണാം.
നാല്: (അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ) അതായത്, ആളുകളെ അവരുടെ രക്ഷിതാവിലേക്ക് വിളിക്കാനും സ്വർഗത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനും അവനെ ആരാധിക്കാൻ കൽപിക്കാനും ആ പ്രവാചകനെ അയച്ചു. അതാണവരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അദ്ദേഹം ക്ഷണിക്കുന്ന കാര്യത്തിൽ ശരിയായി നിലകൊള്ളുകയും അവരുടെ രക്ഷിതാവിനെക്കുറിച്ചും അവന്റെ ദൈവിക ഗുണങ്ങളെക്കുറിച്ചും അവരെ പഠിപ്പിച്ചുകൊണ്ട് അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതിൽനിന്ന് അവനെ പരിശുദ്ധപ്പെടുത്താനും നിർദേശിച്ചു. ആരാധനയുടെ വിവിധ വശങ്ങൾ പറഞ്ഞുകൊടുത്തു. അല്ലാഹുവിലേക്കെത്തുന്ന ഏറ്റവും ഫലപ്രദമായ മാർഗത്തിലൂടെ അല്ലാഹുവിലേക്ക് വിളിക്കുക. അവകാശമുള്ള ഓരോന്നിനും അതിന്റെ അവകാശം നൽകുക. അല്ലാഹുവിലേക്കുള്ള ക്ഷണം ആത്മാർഥമാക്കുക. ധാരാളം ആളുകൾ ചെയ്യുന്നപോലെ തന്നിലേക്കല്ല, ഏതെങ്കിലും തരത്തിലുള്ള ആത്മപ്രശംസക്ക് വേണ്ടിയോ അല്ല. എല്ലാം (അവന്റെ അനുമതി പ്രകാരം) അവന്റെ ഉദ്ദേശ്യവും വിധിയും അനുസരിച്ചാണ് ആ പ്രബോധനം.
അഞ്ച്: (പ്രകാശം പരത്തുന്ന ഒരു വിളക്കും ആയിക്കൊണ്ട്) എല്ലാ ആളുകളും ഇരുട്ടിന്റെ ആഴത്തിലായിരുന്നു. വെളിച്ചമില്ലാതെ ആ ഇരുട്ടിൽ വഴികാട്ടാൻ ഒരു പ്രകാശമുണ്ടായിരുന്നില്ല. ആദരണീയനായ ദൂതൻ വരുന്നതുവരെ വഴി കാണിക്കാൻ ഒരു മാർഗവുമില്ലായിരുന്നു. അദ്ദേഹം ആ ഇരുട്ടിനെ പ്രകാശിപ്പിച്ചു. അറിവില്ലാത്തവർക്ക് അറിവ് നൽകി. വഴി തെറ്റിപ്പോയവരെ നേരായ പാതയിലേക്ക് നയിച്ചു. അങ്ങനെ നേരിൽ നിലകൊള്ളുന്നവർക്ക് വഴി തെളിഞ്ഞു. നന്മയും തിന്മയും അറിയുന്ന ആ നേതാവിന് പിറകെ അവർ നടന്നു. അങ്ങനെ നന്മയും തിന്മയും അവർ മനസ്സിലാക്കി; സൗഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും ആളുകളെയും. അദ്ദേഹത്തിലവർ വെളിച്ചം കണ്ടെത്തി. ആരെയാണ് ആരാധിക്കേണ്ടതെന്ന് അവന്റെ വിശേഷണങ്ങൾ അവർ അറിഞ്ഞു. ശരിയായ പ്രവർത്തനങ്ങളും നേരായ വിധികളും.

