സൂറ: ഖസ്വസ്വ്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26
അധ്യായം: 28, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. ത്വാ-സീൻ-മീം.
2. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
3. വിശ്വസിക്കുന്ന ജനങ്ങൾക്ക് വേണ്ടി മൂസായുടെയും ഫിർഔന്റെയും വൃത്താന്തത്തിൽനിന്നും സത്യപ്രകാരം നിനക്ക് നാം ഓതിക്കേൾപ്പിക്കുന്നു.
4. തീർച്ചയായും ഫിർഔൻ നാട്ടിൽ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവൻ വ്യത്യസ്ത കക്ഷികളാക്കിത്തീർക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ ദുർബലരാക്കിയിട്ട് അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും അവരുടെ പെൺമക്കളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീർച്ചയായും അവൻ നാശകാരികളിൽ പെട്ടവനായിരുന്നു.
5. നാമാകട്ടെ ഭൂമിയിൽ അടിച്ചമർത്തപ്പെട്ട ദുർബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കാനും, അവരെ (നാടിന്റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
6. അവർക്ക് (ആ മർദിതർക്ക്) ഭൂമിയിൽ സ്വാധീനം നൽകാനും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങൾക്കും അവരിൽനിന്ന് തങ്ങൾ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കാനും (നാം ഉദ്ദേശിക്കുന്നു).
7. മൂസായുടെ മാതാവിന് നാം ബോധനം നൽകി: അവന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തിൽ നിനക്ക് ഭയം തോന്നുകയാണെങ്കിൽ അവനെ നീ നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീർച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതും അവനെ ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്.
8. എന്നിട്ട് ഫിർഔന്റെ ആളുകൾ അവനെ (നദിയിൽനിന്ന്) കണ്ടെടുത്തു; അവൻ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാൻ വേണ്ടി. തീർച്ചയായും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.
9. ഫിർഔന്റെ ഭാര്യ പറഞ്ഞു: ‘എനിക്കും അങ്ങേക്കും കണ്ണിന് കുളിർമയത്രെ (ഈ കുട്ടി). അതിനാൽ ഇവനെ നിങ്ങൾ കൊല്ലരുത്. ഇവൻ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കിൽ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം.’ അവർ യാഥാർഥ്യം ഗ്രഹിച്ചിരുന്നില്ല.
10. മൂസായുടെ മാതാവിന്റെ മനസ്സ് (അന്യചിന്തകളിൽനിന്ന്) ഒഴിവായതായിത്തീർന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിർത്തിയില്ലായിരുന്നുവെങ്കിൽ അവന്റെ കാര്യം അവൾ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവൾ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാൻ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്).

1) നിരവധി സൂറതുകളുടെ തുടക്കത്തിൽ ഈ അക്ഷരകൂട്ടങ്ങൾ (الحروف المقطعة) കാണാം. ഇതിനെക്കുറിച്ച് പണ്ഡിതന്മാർ പറയുന്നത്, അവയുടെ അർഥം പരിശോധിക്കാതെ അവയിൽ വിശ്വസിക്കണമെന്നാണ്. അതിനെക്കുറിച്ചുള്ള അറിവ് നാം അല്ലാഹുവിന് വിട്ടുകൊടുക്കണം.
2) (അവ) ആദരവും ബഹുമാനവും അർഹിക്കുന്ന വചനങ്ങൾ. (സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ) മനുഷ്യർക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു. അതായത്, അവരുടെ രക്ഷിതാവിനെക്കുറിച്ചും അവന്റെ അവകാശങ്ങളെക്കുറിച്ചും അവന്റെ ശത്രുക്കളും മിത്രങ്ങളും ആരാണെന്നും പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലത്തെക്കുറിച്ചും അവിശ്വാസികൾക്കു അയച്ച ശിക്ഷയെക്കുറിച്ചുമെല്ലാം ക്വുർആൻ വ്യക്തമായി വിശദീകരിക്കുന്നു.
3) ക്വുർആൻ വിശദീകരിക്കുന്ന കാര്യങ്ങളിൽ മൂസായുടെയും ഫിർഔനിന്റെയും കഥയും ഉൾപ്പെടുന്നു. അത് ഈ സൂറത്തിലുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ആവർത്തിക്കുന്നു. ഇവിടെ പ്രത്യേകം വിശദമായി പരാമർശിക്കുന്നു. അല്ലാഹു പറയുന്നു: (വിശ്വസിക്കുന്ന ജനങ്ങൾക്ക് വേണ്ടി മൂസായുടെയും ഫിർഔനിന്റെയും വൃത്താന്തത്തിൽനിന്നും സത്യപ്രകാരം നിനക്ക് നാം ഓതിക്കേൾപ്പിക്കുന്നു).
അവരുടെ രണ്ടു പേരുടെയും കഥ അതിശയകരവും അത്ഭുതകരവുമാണ്. (വിശ്വസിക്കുന്ന ജനങ്ങൾക്ക് വേണ്ടി) അവരോടാണ് ഈ സംസാരം. കാരണം, അവർക്ക് സ്വീകരിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും അതിലെ ഗുണപാഠങ്ങൾ ഉൾക്കൊണ്ട് സന്മാർഗം സ്വീകരിക്കാനും കഴിയും. അത് അവരിൽ വിശ്വാസം ഉറപ്പിക്കുകയും വർധിപ്പിക്കുകയും ചെയ്യും, അവരുടെ നന്മക്കുമേൽ നന്മ കൂട്ടിച്ചേർക്കും.
മറ്റുള്ളവരെ സംബന്ധിച്ചടത്തോളം അവർക്കെതിരെ ഒരു തെളിവ് സ്ഥാപിക്കപ്പെടുമെന്നല്ലാതെ, യാതൊരു പ്രയോജനവും ലഭിക്കില്ല. അല്ലാഹു ക്വുർആനെ അവരിൽ നിന്ന് സംരക്ഷിക്കുകയും അവർക്കും അതിനും ഇടയിൽ ഒരു തടസ്സം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അവർ അത് മനസ്സിലാക്കുന്നില്ല.
4) (തീർച്ചയായും ഫിർഔൻ നാട്ടിൽ ഔന്നത്യം നടിച്ചു) തന്റെ അധികാരം, ആധിപത്യം, സൈനികശക്തി എന്നിവ കാരണം ഫിർഔൻ രാജ്യത്ത് അഹങ്കാരത്തോടെ പെരുമാറി എന്നതാണ് കഥയുടെ തുടക്കം. അങ്ങനെ അവൻ അഹങ്കാരികളിൽ ഒരാളായി; സൽഗുണമുള്ളവരിൽ ഒരാളല്ല. (അവിടത്തുകാരെ അവൻ വ്യത്യസ്ത കക്ഷികളാക്കി തീർക്കുകയും ചെയ്തു) അവരെ വ്യത്യസ്ത കക്ഷികളാക്കി. തോന്നിയതുപോലെ അവരെ ഭരിച്ചു. തന്റെ ആധിപത്യം അവരിൽ നടപ്പാക്കിക്കൊണ്ടിരുന്നു.
(അവരിൽ ഒരു വിഭാഗത്തെ ദുർബലമാക്കി) അവരാണ് ഇസ്‌റാഈൽ സന്തതികൾ. അവരെ എല്ലാവരെക്കാളും അല്ലാഹു അനുഗ്രഹിച്ചു. ഫിർഔൻ അവരെ അനുഗ്രഹിക്കുകയും ആദരിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ അവൻ അവരെ നിസ്സാരരായി കണക്കാക്കി. കാരണം അവൻ അവരോട് ചെയ്യുന്നതിനെ പ്രതിരോധിക്കാൻ അവർക്കു സാധ്യമല്ലെന്ന് അവൻ മനസ്സിലാക്കി. അതിനാൽ അവൻ അവരെ പരിഗണിച്ചില്ല. എത്രത്തോളമെന്നാൽ (അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും അവരുടെ പെൺമക്കളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്) അവർ എണ്ണം പെരുകുകയും തന്റെ നാടിനെ കീഴ്‌പ്പെടുത്തുകയും അധികാരം നേടുകയും ചെയ്യുമെന്ന് ഭയന്ന്. (തീർച്ചയായും അവൻ നാശകാരികളിൽ പെട്ടവനായിരുന്നു) മതപരമോ ലൗകികമോ ആയ താൽപര്യങ്ങൾ പാലിക്കാൻ ഉദ്ദേശിക്കാത്ത കുഴപ്പക്കാരിൽ ഒരാളായിരുന്നു.
5) (നാമാകട്ടെ ഭൂമിയിൽ അടിച്ചമർത്തപ്പെട്ട ദുർബലരോട് ഔദാര്യം കാണിക്കാൻ ഉദ്ദേശിക്കുന്നു) ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവരുടെ ദുർബലതയുടെ കാരണങ്ങൾ അവരിൽനിന്ന് ഇല്ലാതാക്കാനും അവരെ എതിർക്കുന്നവരെയും നശിപ്പിക്കുന്നവരെയും പരാജയപ്പെടുത്തി അവരെ അനുഗ്രഹിക്കാനും നാം ഉദ്ദേശിക്കുന്നു. മതത്തിൽ (അവരെ നേതാക്കളാക്കാനും). അതൊരിക്കലും ദുർബലാവസ്ഥയിൽ സാധ്യമാകുന്നതല്ല. പകരം അവർക്ക് ആദ്യം നാട്ടിൽ അധികാരവും സമ്പൂർണമായ കഴിവും നൽകണം. ഭൂമിയിൽ (അനന്തരാവകാശികളാക്കാനും) അവർക്ക് പരലോകത്തിനു മുമ്പ് ഇഹലോകത്ത് തന്നെ വിജയം നൽകാൻ.
6) (അവർക്ക് ഭൂമിയിൽ സ്വാധീനം നൽകാനും) ഇതെല്ലാം സംഭവിക്കണമെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്. അപ്രകാരം അവൻ ഉദ്ദേശിക്കുന്നു; കാണിച്ചുകൊടുക്കാൻ. (ഫിർഔനും ഹാമാനും) അവന്റെ സഹായിയായ (അവരുടെ സൈന്യങ്ങൾക്കും) ഈ സൈന്യത്തെ ഉപയോഗിച്ച് അവർ അധികാരവും നിയന്ത്രണവും നേടുകയും അവർ അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയും പെരുമാറുകയും എല്ലാ അതിരുകളും ലംഘിക്കുകയും ചെയ്തു. (അവരിൽ നിന്ന്) ഈ ദുർബല വിഭാഗത്തിൽനിന്ന് (തങ്ങൾ ആശങ്കിച്ചതെന്തോ അത്) അവരുടെ നാട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് അവർ ഭയപ്പെട്ടിരുന്നു. അങ്ങനെ അവർ ഇസ്‌റായേല്യരെ അടിച്ചമർത്താനും അവരെ ഉന്മൂലനം ചെയ്യാനും അവരുടെ ശക്തി തകർക്കാനും ഭാവിയിൽ ഉയർന്നുവരാൻ സാധ്യതയുള്ള അവരുടെ മക്കളെ വധിക്കാനും ഉദ്ദേശിച്ചു. ഇതെല്ലാം സംഭവിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചു. ഒരു കാര്യം അല്ലാഹു ഉദ്ദേശിച്ചാൽ അതിനു കാരണങ്ങൾ ഉണ്ടാക്കുകയും വഴിയൊരുക്കുകയും ചെയ്യുന്നു. ഈ കാര്യവും അങ്ങനെ തന്നെ. അവൻ കാര്യങ്ങൾ നിശ്ചയിച്ചു. അതിനുള്ള കാരണങ്ങൾ ഉണ്ടാക്കുമ്പോൾ അത് എന്താണെന്ന് അവന്റെ ശത്രുക്കളോ മിത്രങ്ങളോ അറിയുന്നില്ല.
7) മൂസാനബി(അ)യിലൂടെയാണ് അല്ലാഹു ഇസ്‌റാഈൽ ജനതയുടെ രക്ഷ നിശ്ചയിച്ചത്. അതിനായി അവൻ മൂസാനബിയെ കൊണ്ടുവന്നു. അതാകട്ടെ, ആൺകുട്ടികളെ അറുത്ത് കളയുന്ന ഏറ്റവും ഭയാനകമായ ഒരു സമയത്തായിരുന്നു. അല്ലാഹു മൂസാനബി(അ)യുടെ ഉമ്മയോട് തന്റെ കുട്ടിയെ മുലയൂട്ടാനും തന്റെയടുക്കൽ താമസിപ്പിക്കാനും പറഞ്ഞു. (ഇനി അവന്റെ കാര്യത്തിൽ നിനക്ക് ഭയം തോന്നുകയാണെങ്കിൽ) അവനെ ആരെങ്കിലും അവരുടെ അടുക്കലേക്ക് കൊണ്ടുപോകുമെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ. (അവനെ നീ നദിയിൽ ഇട്ടേക്കുക) ഒരു അടച്ച പെട്ടിയിൽ; ഈജിപ്തിലെ നൈലിൽ. (നീ ഭയപ്പെടുകയും ദുഖിക്കുകയും വേണ്ട, തീർച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതും അവനെ ദൈവദൂതന്മാരിൽ ഒരാളാക്കുന്നതുമാണ്) അങ്ങനെ അല്ലാഹു അവൾക്ക് സന്തോഷവാർത്ത അറിയിച്ചു. അവൻ മൂസാനബിയെ അവളിലേക്ക് തിരികെ കൊണ്ടുവരുമെന്നും അറിയിച്ചു. അവൻ വളർന്നു. അവരുടെ കുതന്ത്രങ്ങളിൽനിന്ന് രക്ഷപ്പെട്ടു. അല്ലാഹു അദ്ദേഹത്തെ ഒരു പ്രവാചകനാക്കി. മൂസാനബിയുടെ മാതാവിനെ ആശ്വസിപ്പിക്കാനും അവളുടെ ഭയം ശമിപ്പിക്കാനും ഉതകുന്ന ഏറ്റവും വലിയ സന്തോഷവാർത്തയായിരുന്നു അത്.
8) അവൾ കുഞ്ഞിനെ നദിയിൽ ഉപേക്ഷിച്ചു. അല്ലാഹു അദ്ദേഹത്തെ ഒഴുക്കിക്കൊണ്ടു പോയി. (എന്നിട്ട് ഫിർഔനിന്റെ ആളുകൾ അവനെ കണ്ടെടുത്തു) അങ്ങനെ അദ്ദേഹം അവരിൽ എത്തി. (അവൻ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കുന്നതിന് വേണ്ടി) ഈ കണ്ടെടുക്കലിന്റെ പരിണിതി അതായിരിക്കും. അവൻ അവർക്കൊരു ശത്രുവും ദുഃഖവുമാകും. സൂക്ഷിക്കുന്നു എന്നത് വിധിയെ തടുക്കില്ല. മാത്രമല്ല, ഇസ്‌റാഈല്യരുടെ നേതാവിനെ അവരുടെ മേൽനോട്ടത്തിലും സ്‌പോൺസർഷിപ്പിലും വളർത്തണമെന്ന് അല്ലാഹു ഉറപ്പാക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ബനൂഇസ്‌റാഈലുകാർക്ക് ധാരാളം നന്മ ലഭിക്കുകയും ഗുരുതരമായ നിരവധി പ്രശ്‌നങ്ങൾ അവരിൽനിന്ന് ഒഴിവാകുകയും ചെയ്തുവെന്ന് കാണാം. മൂസാനബിയുടെ നിയോഗത്തിനു മുമ്പ് ഉണ്ടായിരുന്ന അവസ്ഥകൾക്ക് വലിയ മാറ്റം സംഭവിച്ചു. അദ്ദേഹം രാജ്യത്തിന്റെ ഉന്നത പദവിയിലേക്കുയർന്നു. സ്വാഭാവികമായും അദ്ദേഹം തന്റെ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടു. അദ്ദേഹം നല്ല മനശ്ശക്തിയും സ്വന്തം ജനതയെ സംരക്ഷിക്കാൻ അതിയായ താൽപര്യവും ഉള്ള ഒരാളായിരുന്നു.
അതുകൊണ്ട് അല്ലാഹു പറഞ്ഞതു പോലെ തന്നെ വളരെയധികം നിന്ദ്യതയിലും അവഗണനയിലും ജീവിച്ച ദുർബലരായ ഒരു ജനത ഇത്തരം ഒരവസ്ഥയിലേക്കെത്തി. അങ്ങനെ ഭൂമിയിൽ അഹങ്കാരത്തോടെ നിലകൊള്ളുന്നവരുടെ അടിച്ചമർത്തലുകളെ വെല്ലുവിളിക്കാനുള്ള ധൈര്യം ആർജിച്ചെടുക്കുന്നേടത്തേക്ക് അവരെത്തി. ഇതായിരുന്നു തുടക്കം. കാര്യങ്ങൾ പടിപടിയായി വികസിക്കണമെന്നും ഒറ്റയടിക്കാവരുതെന്നുമാണ് അല്ലാഹുവിന്റെ രീതി. അല്ലാഹു പറയുന്നു: (തീർച്ചയായും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു) അതായത്, അവരുടെ തെറ്റിന് അവരെ ശിക്ഷിക്കാനും അവരുടെ ഗൂഢാലോചനകൾക്കും കുതന്ത്രങ്ങൾക്കും എതിരെ പ്രതികാരം ചെയ്യാനും അല്ലാഹു ഉദ്ദേശിച്ചു.
9) ഫിർഔനിന്റെ കുടുംബം അവനെ കൂട്ടിക്കൊണ്ട് പോയപ്പോൾ, സദ്ഗുണസമ്പന്നയും വിശ്വാസിനിയുമായിരുന്നു ഫിർഔനിന്റെ ഭാര്യ. അവരുടെ പേര്; ആസിയ ബിൻത് മുസാഹിം. (അവൾ പറഞ്ഞു:) ഈ കുട്ടി (എനിക്കും അങ്ങേക്കും കണ്ണിന് കുളിർമയത്രെ) അവനെ നീ നിലനിർത്തുക. നമുക്ക് കൺകുളിർമയാകാനും നമ്മുടെ ജീവിതം സന്തോഷമാകാനും. (അല്ലെങ്കിൽ നമുക്ക് അവനെ ഒരു മകനായി സ്വീകരിക്കാം) രണ്ടിലൊന്ന് സംഭവിക്കും. ഒന്നുകിൽ നമുക്ക് അവനെ ഒരു മകനായി ദത്തെടുക്കാം. അല്ലെങ്കിൽ നമുക്ക് പ്രയോജനം ലഭിക്കുന്ന ഒരു സേവകനായിരിക്കും. ഇതുപറഞ്ഞ ഫിർഔനിന്റെ ഭാര്യക്ക് അവനെക്കൊണ്ട് പ്രയോജനമുണ്ടാകണമെന്ന് അല്ലാഹു വിധിച്ചു. അവൻ അവർക്ക് സന്തോഷത്തിന്റെ ഉറവിടമായി. അവർ മൂസായെ അത്യധികം സ്‌നേഹിക്കുകയും ചെയ്തു. അദ്ദേഹവും അവരോടുള്ള സ്‌നേഹം ഒരു മകനെ പോലെ തുടർന്നു. അങ്ങനെ വളർന്നുവലുതായി. അല്ലാഹു അദ്ദേഹത്തെ ദൂതനും പ്രവാചകനുമായി നിശ്ചയിച്ചു. അവർ ഇസ്്‌ലാമിൽ വിശ്വസിക്കാൻ ധൃതിപ്പെട്ടു. അല്ലാഹു അവരെ തൃപ്തിപ്പെടുകയും അവൻ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തു.
മൂസാനബി(അ)യുടെ ഈ സംഭവങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു: (അവർ യാഥാർഥ്യം ഗ്രഹിച്ചിരുന്നില്ല) അല്ലാഹു എന്ത് രേഖപ്പെടുത്തിയെന്ന്. അങ്ങനെ വിധി അതിന്റെ തീരുമാനപ്രകാരം നടന്നു. ഇത് അല്ലാഹുവിന്റെ കാരുണ്യമാണ്. ഇതെല്ലാം അവർക്ക് അറിയാമായിരുന്നെങ്കിൽ മൂസാനബിയോടുള്ള അവരുടെ പെരുമാറ്റം മറ്റൊന്നാകുമായിരുന്നു.
10) മൂസാനബിയെ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മാതാവ് അതികഠിനമായി ദുഖിച്ചു. സാധാരണ മനുഷ്യന് സംഭവിക്കുന്ന പോലെ വേദനയാൽ ഹൃദയത്തിന് ശൂന്യത അനുഭവപ്പെട്ടു. ദുഖവും ഭയവും വേണ്ടെന്ന് അല്ലാഹു അവരോട് നിർദേശിച്ചു. അദ്ദേഹത്തെ തിരിച്ചു നൽകുമെന്ന ഉറപ്പും നൽകി (അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിർത്തിയില്ലായിരുന്നുവെങ്കിൽ) (അവന്റെ കാര്യം അവൾ വെളിപ്പെടുത്തിയേക്കുമായിരുന്നു). അവളെ നാം ഉറപ്പിച്ചു നിർത്തി. അതിനാൽ അത് പുറത്തുപറയാതെ അവൾ ക്ഷമിച്ചു. (അവൾ ആയിത്തീരാൻ വേണ്ടി). ആ ക്ഷമ കൊണ്ടും സ്ഥൈര്യം കൊണ്ടും. (സത്യവിശ്വാസികളുടെ കൂട്ടത്തിൽ) ഒരാൾക്ക് വിപത്തുക്കളും പ്രയാസങ്ങളും വന്നാൽ ക്ഷമിക്കുകയും ഉറച്ചു നിൽക്കുകയും ചെയ്താൽ അതുമൂലം വിശ്വാസം വർധിക്കും. എപ്പോഴും മനസ്സ് അസ്വസ്ഥമാവുക എന്നത് വിശ്വാസത്തിന്റെ ദുർബലതയെ സൂചിപ്പിക്കുന്നു.
