സൂറ: അൻകബൂത്ത്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20
അധ്യായം: 29, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
36. മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിൻ. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്.’
37. അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാൽ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ വീണടിഞ്ഞവരായിത്തീർന്നു.
38. ആദ്, സമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി). അവരുടെ വാസസ്ഥലങ്ങളിൽനിന്ന് നിങ്ങൾക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവർക്ക് അവരുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാർഗത്തിൽനിന്ന് തടയുകയും ചെയ്തു. (വാസ്തവത്തിൽ) അവർ കണ്ടറിയുവാൻ കഴിവുള്ളരായിരുന്നു.
39. ഖാറൂനെയും ഫിർഔനെയും ഹാമാനെയും (നാം നശിപ്പിച്ചു). വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോൾ അവർ നാട്ടിൽ അഹങ്കരിച്ച് നടന്നു. അവർ (നമ്മെ) മറികടക്കുന്നവരായില്ല.
40. അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരിൽ ചിലരുടെ നേരെ നാം ചരൽക്കാറ്റ് അയക്കുകയാണ് ചെയ്തത്. അവരിൽ ചിലരെ ഘോരശബ്ദം പിടികൂടി. അവരിൽ ചിലരെ നാം ഭൂമിയിൽ ആഴ്ത്തികളഞ്ഞു. അവരിൽ ചിലരെ നാം മുക്കിനശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ, അവർ അവരോടുതന്നെ അക്രമം ചെയ്യുകയായിരുന്നു.
41. അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടെത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് എട്ടുകാലിയുടെ വീടു തന്നെ. അവർ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ!
42. തനിക്ക് പുറമെ അവർ വിളിച്ച് പ്രാർഥിക്കുന്ന ഏതൊരു വസ്തുവെയും തീർച്ചയായും അല്ലാഹു അറിയുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും.

36-37) നാം അയച്ചു (മദ്‌യനിലേക്ക്). പ്രസിദ്ധമായ ഒരു ഗോത്രമാണത്. (അവരുടെ സഹോദരൻ ശുഐബിനെയും) അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനിൽ പങ്കുചേർക്കരുതെന്നും അദ്ദേഹം അവരെ ഉപദേശിച്ചു. ഉയിർത്തെഴുന്നേൽപിനെ പ്രതീക്ഷിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യണമെന്നും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാതിരിക്കാനും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കാതിരിക്കാനും കവർച്ച ചെയ്യാതിരിക്കാനും നിർദേശിച്ചു. (അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു) അതിനാൽ അവരെ പിടികൂടി (ഭൂകമ്പം). അല്ലാഹുവിന്റെ ശിക്ഷ (അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ വീണടിഞ്ഞവരായിത്തീർന്നു).
38) ആദിനോടും സമൂദിനോടും നാം അങ്ങനെ ചെയ്തു. അവരുടെ കഥകൾ നിങ്ങൾക്കറിയാം. അവർ ഉപേക്ഷിച്ചുപോയ വാസസ്ഥലങ്ങളും അവശിഷ്ടങ്ങളും നിങ്ങളുടെ സ്വന്തം കണ്ണുകൾകൊണ്ട് നിങ്ങൾ കണ്ടതാണ്. സൂക്ഷ്മത പാലിക്കുന്നവർക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ദൂതന്മാർ അവരുടെ അടുത്ത് ചെന്നു. എന്നാൽ അവർ അവരെ തള്ളിക്കളയുകയും അവരോട് തർക്കിക്കുകയും ചെയ്തു. ശൈത്വാൻ അവരുടെ കർമങ്ങൾ അവർക്ക് ഭംഗിയായി കാണിച്ചു. അതിനാൽ തങ്ങളുടെ അടുക്കൽ വന്ന ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ് പിശാചെന്ന് അവർ കരുതി.
39) ഇതു തന്നെയാണ് ഖാറൂൻ, ഫിർഔൻ, ഹാമാൻ എന്നിവരുടെയും അവസ്ഥ. മൂസബ്‌നു ഇംറാനെ വ്യക്തമായ തെളിവുകളുമായി അല്ലാഹു അവരിലേക്ക് അയച്ചു. എന്നാൽ അവർ കീഴൊതുങ്ങിയില്ല. അവർ ഭൂമിയിൽ അല്ലാഹുവിന്റെ അടിമകളോട് അഹങ്കാരത്തോടെ പെരുമാറി. അവരെ അപമാനിച്ചു. സത്യത്തെ അവർ നിരസിച്ചു. ശിക്ഷ വന്നപ്പോൾ അവർക്ക് രക്ഷപ്പെടാനായില്ല. (അവർ നമ്മെ മറികടക്കുന്നവരായില്ല) അവർക്ക് രക്ഷപ്പെടാനായില്ല. അവർ ശിക്ഷക്ക് കീഴടങ്ങി.
40) (അങ്ങനെ അവരെയും) ഈ സത്യനിഷേധികളായ ജനതകളെ. (അവരുടെ കുറ്റത്തിന് നാം പിടികൂടി) അതായത് അവരുടെ പാപത്തിന് അനുയോജ്യമായ ശിക്ഷ നാം അവർക്ക് നൽകി. (അവരിൽ ചിലരുടെ നേരെ നാം ചരൽക്കാറ്റ് അയക്കുകയാണ് ചെയ്തത്) ആദ് ജനതയുടെ കാര്യത്തിൽ അല്ലാഹു വിനാശകരമായ കാറ്റ് അയച്ചപോലെ.
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ٧
“തീർച്ചയായും ഏഴു രാത്രിയും എട്ടു പകലും അത്-കാറ്റ്-അവരുടെ നേർക്ക് അവൻ തിരിച്ചുവിട്ടു. ആ കാറ്റിൽ കടപുഴകി വീണ ഈന്തപ്പനത്തടികൾ പോലെ ജനങ്ങൾ വീണുകിടക്കുന്നതായി നിനക്ക് കാണാം’’ (69:7).
(അവരിൽ ചിലരെ ഘോരശബ്ദം പിടികൂടി) സ്വാലിഹി(അ)ന്റെ ജനതയെപ്പോലെ. (അവരിൽ ചിലരെ നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു) ഖാറൂനെപ്പോലെ. (അവരിൽ ചിലരെ നാം മുക്കി നശിപ്പിച്ചു) ഫിർഔന്റെയും ഹാമാന്റെയും സൈന്യങ്ങളെ ചെയ്തതുപോലെ. (അല്ലാഹു ആയിരുന്നില്ല) അല്ലാഹു അല്ല അവരോട് അനീതി കാണിച്ചത്. അനീതി കാണിക്കുന്നത് അവന് യോജിച്ചതല്ല; അവൻ സമ്പൂർണ നീതിമാനായതിനാൽ, അവന് തന്റെ പടപ്പുകളിൽനിന്ന് യാതൊന്നും ആവശ്യമില്ലാത്തതിനാലും. (പക്ഷേ,
അവർ അവരോടുതന്നെ അക്രമം ചെയ്യുകയായിരുന്നു) എന്നാൽ അവർ അവരോട് തന്നെയുള്ള ബാധ്യതകൾ മറന്ന് അന്യായം ചെയ്തവരാണ്. കാരണം അവർ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ്. എന്നാൽ അവർ അത് അസ്ഥാനത്താക്കി. തെറ്റിലും ദേഹേച്ഛയിലും വ്യാപൃതരായി. അങ്ങനെ അവർക്ക് ഉപകാരമാണ് ചെയ്യുന്നതെന്ന് കരുതി സ്വന്തത്തോട് ദ്രോഹം ചെയ്തുകൊണ്ടിരുന്നു.
41) തങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നതിന് നേർവിപരീതം ലഭിക്കുന്നവരെക്കുറിച്ച് അല്ലാഹു ഒരു ഉദാഹരണം പറയുന്നു. അവർ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ പങ്കുചേർക്കുന്നവരാണ്. അതിലൂടെ അവർ ആഗ്രഹിക്കുന്നത് ശക്തിയും ബഹുമാനവും നേട്ടവുമാണ്. അതിന്റെ ഉപമ അപകടങ്ങളിൽ നിന്നും തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷക്കായി ഉണ്ടാക്കിയ എട്ടുകാലി വീട് പോലെയാണ്. (വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത്) ഏറ്റവും ബലഹീനമായ വീട്. (എട്ട് കാലിയുടെ വീടു തന്നെ) ജീവികളിൽ ഏറ്റവും ദുർബലനായ ഒന്നാണ് ചിലന്തി. അതിന്റെ വീടും ഏറ്റവും ദുർബലമായത് തന്നെ. അതുണ്ടാക്കും തോറും അതിന്റെ ദുർബലത വർധിക്കുന്നു.
അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരെ മിത്രങ്ങളായി സ്വീകരിക്കുന്നവർ ഇങ്ങനെയാണ്. അവർ എല്ലാ വിധത്തിലും ദുർബലരും കഴിവില്ലാത്തവരുമാണ്. ബഹുമാനത്തിനും സഹായത്തിനും വേണ്ടി ഇവരെ സ്വീകരിക്കുമ്പോൾ അവർ ദുർബലതക്കുമേൽ ദുർബലരാകും. ധാരാളം കാര്യങ്ങൾ പരിഹരിച്ചു കിട്ടാൻ ഇവർ അവരെ ഭരമേൽപിക്കുന്നു. അവരത് പരിഹരിച്ചുകൊള്ളുമെന്ന നിലക്ക് അവർ ശ്രമം ഉപേക്ഷിക്കുന്നു. അവർ അതിൽനിന്ന് ഒഴിവാകുന്നു. അവരിൽനിന്ന് അവർക്ക് നിസ്സാരമായ സഹായം പോലും ലഭിക്കുന്നില്ല. അവർ സ്വീകരിച്ച രക്ഷാധികാരികളുടെ അവസ്ഥ ശരിയായി അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ അവരെ അവർ സ്വീകരിക്കുമായിരുന്നില്ല. അവർ അവരെ ഉപേക്ഷിക്കുമായിരുന്നു.
കരുണാനിധിയും കഴിവുറ്റവനുമായ രക്ഷിതാവിങ്കലേക്ക് അവർ മടങ്ങുമായിരുന്നു. അവനെ ഒരു ദാസൻ രക്ഷാധികാരിയായി സ്വീകരിക്കുകയും ഭരമേൽപിക്കുകയും ചെയ്താൽ ഇഹത്തിലും പരത്തിലും സഹായിക്കാൻ അവൻ തന്നെ മതി. അവന്റെ പ്രവർത്തനത്തിലും അവസ്ഥയിലും ശരീരത്തിലും ഹൃദയത്തിലുമെല്ലാം അവൻ നിരന്തരമായി ശക്തി വർധിപ്പിച്ച് നൽകിക്കൊണ്ടിരിക്കും.
42) ബഹുദൈവാരാധകരുടെ ദൈവങ്ങൾ വളരെ ദുർബലരാണെന്ന് വിശദീകരിച്ച ശേഷം അല്ലാഹു; അവ ഒന്നുമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് കൂടുതൽ വ്യക്തമായി വിവരിച്ചു. മാത്രമല്ല ആളുകൾ കെട്ടിച്ചമച്ച പേരുകളും അവർ വിശ്വസിച്ച ആശയങ്ങളും മാത്രമായിരുന്നു അത്. സൂക്ഷ്മമായി ചിന്തിക്കുമ്പോൾ ബുദ്ധിയുള്ളവർക്ക് അതിന്റെ നിരർഥകത മനസ്സിലാകും. അതാണ് അല്ലാഹു പറഞ്ഞത്: (തനിക്ക് പുറമെ വിളിച്ച് പ്രാർഥിക്കുന്ന ഏതൊരു വസ്തുവെയും തീർച്ചയായും അല്ലാഹു അറിയുന്നു) ദൃശ്യവും അദൃശ്യവും അറിയുന്നവൻ എല്ലാം അറിയും. അവനെ കൂടാതെ അവർ വിളിച്ച് പ്രാർഥിക്കുന്ന ഒന്നിനും അസ്തിത്വമില്ല. യഥാർഥ ദൈവവുമല്ല. അല്ലാഹു പറയുന്നു:
إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ
“നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല...’’(53:23).
وَمَا يَتَّبِعُ الَّذِينَ يَدْعُونَ مِن دُونِ اللَّهِ شُرَكَاءَ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ
“...അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ച് പ്രാർഥിക്കുന്നവർ എന്തൊന്നിനെയാണ് പിൻപറ്റുന്നത്? അവർ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്...’’ (10:66)
(അവനാകുന്നു പ്രതാപി) എല്ലാ ശക്തിയും അവനാകുന്നു. എല്ലാ സൃഷ്ടികളെയും കീഴ്‌പ്പെടുത്തിയവൻ. (യുക്തിമാനും) എല്ലാ കാര്യങ്ങളെയും അതതിന്റെ സ്ഥാനത്ത് വെക്കുന്നു. എല്ലാറ്റിന്റെയും സൃഷ്ടിപ്പിനെ മനോഹരമാക്കി, അവന്റെ കൽപനകൾ അന്യൂനമാക്കി.
