സൂറ: അഹ്സാബ്, ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

അധ്യായം: 33, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

۞ تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ ۖ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰٓ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ ءَاتَيْتَهُنَّ كُلُّهُنَّ ۚ وَٱللَّهُ يَعْلَمُ مَا فِى قُلُوبِكُمْ ۚ وَكَانَ ٱللَّهُ عَلِيمًا حَلِيمًۭا (٥١) لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍۢ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ رَّقِيبًۭا (٥٢) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَـٰظِرِينَ إِنَىٰهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَـٰعًۭا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍۢ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا (٥٣)

51. അവരിൽനിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റിനിർത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റിനിർത്തിയവരിൽനിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകൾ കുളിർക്കുവാനും അവർ ദുഃഖിക്കാതിരിക്കുവാനും നീ അവർക്ക് നൽകിയതിൽ അവരെല്ലാം സംതൃപ്തിയടയുവാനും ഏറ്റവും അനുയോജ്യമായ മാർഗമാകുന്നു അത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സർവജ്ഞനും സഹനശീലനുമാകുന്നു.

52. ഇനിമേൽ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമില്ല. ഇവർക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല), അവരുടെ സൗന്ദര്യം നിനക്ക് കൗതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവർ (അടിമസ്ത്രീകൾ) ഒഴികെ. അല്ലാഹു എല്ലാ കാര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.

53. സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങൾ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ കടന്നുചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാൽ പിരിഞ്ഞുപോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീർച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാൽ നിങ്ങളോട് (അത് പറയാൻ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാൻ നിങ്ങൾക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. തീർച്ചയായും അതൊക്കെ അല്ലാഹുവിങ്കൽ ഗൗരവമുള്ള കാര്യമാകുന്നു.

51) ഭാര്യമാർക്കിടയിൽ വിഹിതം ചെയ്യുമ്പോൾ നിർബന്ധപൂർവമായ വിഭജനം ഒഴിവാക്കാൻ അവന്റെ ദൂതനോടുള്ള വിശാലതയും കരുണയും എന്ന നിലക്ക് അല്ലാഹു അനുവാദം നൽകുകയാണിവിടെ. ഇനി അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അവരോട് സ്വമേധയാ ചെയ്യുന്ന ഒരു പുണ്യകർമമാണ്. അതോടൊപ്പം അവർക്കിടയിൽ നീതിപൂർവമായ വിഭജനത്തിന് അദ്ദേഹം നന്നായി പരിശ്രമിച്ചിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു.

“അല്ലാഹുവേ, എനിക്ക് സാധിക്കുന്നവിധത്തിലുള്ള വിഭജനമാണിത്. കഴിയാത്തതിൽ നീ എന്നെ ആക്ഷേപിക്കരുത്.’’

ഇവിടെ പറയുന്നു: (അവരിൽനിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റിനിറുത്താം) താങ്കളുടെ ഭാര്യമാരിൽനിന്നും താങ്കളുദ്ദേശിക്കുന്നവരുടെ അടുത്ത് പോകുന്നത് വൈകിപ്പിക്കാം; അവരുടെ അടുക്കൽ രാത്രി താമസിക്കേണ്ടതും. (നീ ഉദ്ദേശിക്കുന്നവരെ) നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. അതായത് അവളിലേക്ക് ചേരുകയും കൂടെ രാത്രി താമസിക്കുകയും ചെയ്യാം. അതോടൊപ്പം, ഇത് നിശ്ചയിക്കണമെന്നില്ല. (നീ അഗ്രഹിക്കുന്നവരെ) നീ അടുപ്പിക്കാൻ (നീ മാറ്റിനിർത്തിയവരെയും, അതിന് താങ്കൾക്ക് കുറ്റമില്ല) അതിനെല്ലാം ഉള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. അധിക വ്യാഖ്യാതാക്കളും പറഞ്ഞത്; ഇത് സ്വയം സമർപ്പിച്ച സ്ത്രീകളെക്കുറിച്ചാണെന്നാണ്. അവരെ മാറ്റി നിർത്തുകയോ അടുപ്പിക്കുകയോ ചെയ്യാമെന്നർഥം. അതായത് അവർ സ്വയം സമർപ്പിക്കുമ്പോൾ വേണമെന്നോ വേണ്ടെന്നോ പറയാമെന്ന്. (അല്ലാഹുവിനറിയാം).

തുടർന്ന് അല്ലാഹു അതിലെ യുക്തി വിശദീകരിക്കുന്നു. അല്ലാഹു പറഞ്ഞു: ഈ വിഷയത്തിൽ നിങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. അത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. അവർക്കിടയിൽ നിങ്ങളുടെ സമയം പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്യുന്നതെന്തും സ്വമേധയാ ചെയ്യുന്ന ദയയായി കണക്കാക്കും. (നീ അവർക്ക് നൽകിയതിൽ അവരെല്ലാം സംതൃപ്തിയടയുവാനും അവരുടെ കണ്ണുകൾ കുളിർക്കുവാനും ദുഃഖിക്കാതിരിക്കുവാനും ഏറ്റവും അനുയോജ്യമായ മാർഗമാകുന്നു അത്) താങ്കൾ നിർവഹിക്കേണ്ട ബാധ്യതയിൽ യാതൊരു വീഴ്ചയും സംഭവിച്ചില്ലെന്ന് അവർ മനസ്സിലാക്കുന്നതിലൂടെ. (നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു). അതായത് നിർബന്ധമായ കടമകൾ നിർവഹിക്കുമ്പോൾ, അതിനിടയിൽ വ്യത്യാസങ്ങൾ കാണുമ്പോൾ എന്തെല്ലാം ചിന്തകളാണ് ജനങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നതെന്ന് അവനറിയാം. അതിനാൽ താങ്കളുടെ ഭാര്യമാർക്ക് മനസ്സമാധാനം ലഭിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് ഈ മതവിധികൾ നിശ്ചയിച്ചിരിക്കുന്നു. (അല്ലാഹു എല്ലാം അറിയുന്നവനും സഹനശീലനുമാണ്) അതായത് അവന്റെ അറിവ് വിശാലമാണ്. അവന്റെ സഹനശക്തി വലുതാണ്. നിങ്ങളുടെ കാര്യങ്ങൾ ഏറ്റവും നല്ലതായിത്തീരാനും നിങ്ങൾക്ക് വലിയ പ്രതിഫലം നൽകാനും വേണ്ടിയാണ് അവൻ മതനിയമമുണ്ടാക്കിയത്. അവന്റെ സഹനത്തിൽ പെട്ടതാണ് നിങ്ങളിൽനിന്നു ണ്ടാകുന്ന വീഴ്ചക്കും ഹൃദയത്തിലുള്ള തിൻമകൾക്കും ശിക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്.

52) ഇത് പ്രവാചക പത്‌നിമാർ അല്ലാഹുവോട് ചെയ്ത നന്ദിക്ക് തിരിച്ചുളള ഒരു നന്ദിയാണ്. അവർ അല്ലാഹുവിനും അവന്റെ ദൂതനും പരലോകത്തിനും മുൻഗണന നൽകി. അവരോട് അല്ലാഹു കരുണ കാണിച്ചു. ഈ ഭാര്യമാരിൽ ഇനി പരിമിതരാക്കണം എന്ന് നിർദേശിച്ചു. (ഇനിമേൽ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമില്ല) നിലവിലുള്ള ഭാര്യമാർക്കുപകരം വേറം ഭാര്യമാരെ സ്വീകരിക്കുവാനും അനുവാദമില്ല. (ചിലരെ വിവാഹമോചനം ചെയ്ത് പകരം ചിലരെ സ്വീകരിക്കാൻ).

ഈ സൂക്തം മുഖേന കൂടുതൽ സഹഭാര്യമാർ ഉണ്ടാകുന്നതിൽ നിന്നും വിവാഹമോചനത്തിൽ നിന്നും അവർ സുരക്ഷി തരായിത്തീർന്നു. കാരണം അവർ ഇഹത്തിലും പരത്തിലും അദ്ദേഹത്തിന്റെ ഭാര്യമാരായിരിക്കുമെന്നും അദ്ദേഹത്തിനും അവർക്കുമിടയിൽ വേർപിരിയൽ ഉണ്ടാകില്ലെന്നും അല്ലാഹു വിധിച്ചു. (അവരുടെ സൗന്ദര്യം താങ്കളെ അത്ഭുതപ്പെടുത്തിയാലും) മറ്റുള്ളവരെക്കാളുമുള്ള അവരുടെ സൗന്ദര്യം അത്ഭുതപ്പെടുത്തിയാലും. എന്നാലും താങ്കൾക്ക് അനുവദനീയമല്ല. (നിങ്ങളുടെ ഉടസ്ഥതയിലുള്ള അടിമ സ്ത്രീകൾ ഒഴികെ) അതായത് യുദ്ധത്തിൽ പിടിക്കപ്പെട്ടവർ, അവർ താങ്കൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. കാരണം അടിമകളായ ഭാര്യമാരോട് നീരസം ഈ സാഹചര്യത്തിൽ കുറവാകും. (അല്ലാഹു എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു) അവൻ എല്ലാ കാര്യങ്ങളും വീക്ഷിക്കുകയും അത് പിന്നീട് എന്തായിത്തീരുമെന്ന അറിയുകയും അതിന് ശരിയായ വ്യവസ്ഥയിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.

53) പ്രവാചകന്റെ വീട്ടിൽ പ്രവേശിക്കുന്നതിലുള്ള മര്യാദ നിർദേശിക്കുകയാണ് അല്ലാഹു: (സത്യവിശ്വാസികളേ, ഭക്ഷണത്തിന് നിങ്ങളെ ക്ഷണിക്കുകയും നിങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നുചെല്ലരുത്) ഭക്ഷണത്തിന് പ്രവേശനാനുമതി ലഭിക്കാതെ നിങ്ങൾ പ്രവേശിക്കരുത്. (ഭക്ഷണം പാകമാകുന്നത് നിങ്ങൾ നോക്കിയിരിക്കുന്നവരാകരുത്). അതായത്, ഭക്ഷണം പ്രതീക്ഷിച്ച് അത് പാകമാകുന്നതുവരെ കാത്തിരിക്കുക. ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്: രണ്ട് നിബന്ധക്ക് വിധേയമായിട്ടല്ലാതെ നിങ്ങൾ പ്രവാചക ഭവനത്തിൽ പ്രവേശിക്കരുത്. ഒന്ന് പ്രവേശനാനുമതി. ഇരിക്കുകയാണെങ്കിൽ അത് ആവശ്യമനുസരിച്ചായിരിക്കണം. അതാണ് പറയുന്നത്: (പക്ഷേ, നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ കടന്നുചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാൽ പിരിഞ്ഞ് പോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അ

രുത്) ഭക്ഷണത്തിന് മുമ്പും ശേഷവും. തുടർന്ന് ഈ വിലക്കിന് പിന്നിലെ യുക്തിയും പ്രയോജനവും വിശദീകരിക്കുന്നു: (തീർച്ചയായും അത്) അതായത് ആവശ്യത്തിലധികം അവിടെ നിൽക്കുന്നത്. (നബിയെ ശല്യപ്പെടുത്തലാകുന്നു) അത് അദ്ദേഹത്തിന്റെ മേൽ ഒരു നിർബന്ധിതാവസ്ഥ ഉണ്ടാക്കലാണ്. വീട്ടിലെ കാര്യങ്ങൾ തടസ്സപ്പെടുത്തുമ്പോൾ അത് ഒരു ബുദ്ധിമുട്ടിക്കലുമാണ്. (എന്നാൽ നിങ്ങളോട് (അത് പറയാൻ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു) അതായത്, നിങ്ങൾ പുറത്ത് പോകൂ എന്ന് നിങ്ങളോട് പറയാൻ. പൊതുജനങ്ങളുടെ ഒരു പതിവ് അതാണ്, പ്രത്യേകിച്ച് മാന്യന്മാരുടെ. അവർ ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കാൻ മടിക്കുന്നു. എന്നാൽ (സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല) ഇസ്‌ലാമിക അധ്യാപനങ്ങളിൽ വ്യക്തമായ നിർദേശങ്ങളുണ്ടെങ്കിൽ ലജ്ജ കൊണ്ട് അത് പാലിക്കാതിരിക്കുകയോ അതിന് പകരം സാമൂഹിക മര്യാദകൾ പിന്തുടരുകയോ ചെയ്യരുത്. അത് നല്ലതാണെന്ന് ഒരാൾക്ക് തോന്നിയാലും അയാൾ ചെയ്യേണ്ടത് ശരിയായ മതനിർദേശം പാലിക്കുക എന്നതാണ്. അതിൽ ഉറച്ചു നിൽക്കാൻ കഴിയണം. അല്ലാഹു നിങ്ങൾക്ക് ഏറ്റവും ഉത്തമമായുള്ളത് കൽപിക്കാനും പ്രവാചകനോട് ഏറ്റവും ദയ കാണിക്കാനും ഏതവസ്ഥയിലും ല ജ്ജിക്കുന്നില്ല.

ഇതാണ് പ്രവാചകന്റെ ഭവനങ്ങളിൽ പ്രവേശിക്കാനുള്ള ശരിയായ രീതി. എന്നാൽ പ്രവാചകന്റെ ഭാര്യമാരെ അഭിസംബോധന ചെയ്യുമ്പോഴുള്ള ശരിയായ മര്യാദ; ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവരോട് സംസാരിക്കാതിരിക്കലാണ് നല്ലത്. ഇനി ആവശ്യമാണെങ്കിൽ, വല്ല വീടുപകരണങ്ങളോ മറ്റോ ആവശ്യപ്പെടേണ്ടിവന്നാൽ അത് അവരോട് ചോദിക്കട്ടെ. (നിങ്ങൾ അവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക) അതായത് കാഴ്ചയിൽ നിന്ന് അവരെ മറക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. കാരണം അവരെ കാണേണ്ട ആവശ്യമില്ല. അതിനാൽ എല്ലാ സാഹചര്യങ്ങളിലും അവരെ നോക്കുന്നത് വിരോധിച്ചിരിക്കുന്നു. അവരോട് സംസാരിക്കുന്നതിന്റെ വിധി അല്ലാഹു പറഞ്ഞ വിശദീകരണമനുസരിച്ചാണ്. പിന്നീട് അതിന്റെ യുക്തിയും പറയുന്നു: (അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്). ഇതാണ് കൂടുതൽ നല്ലത്. അതിനാൽ സംശയത്തിന് കാരണമുണ്ടാകുന്നത് ഒഴിവാകും. തിന്മയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളിൽനിന്ന് ഒരാൾ എത്രമാത്രം ഒഴിവായി അകന്ന് നിൽക്കുന്നുവോ അത്രത്തോളം അത് സുരക്ഷിതവും ഹൃദയത്തിന് ഏറ്റവും വിശുദ്ധവുമാണ്. അതിനാൽ, തിന്മക്ക് കാരണമാകുന്നതോ അതിലേക്ക് നയിക്കുന്നതോ ആയ എല്ലാ മാർഗങ്ങളും നിഷിദ്ധമാണെന്നും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവയിൽനിന്ന് അകന്നുനിൽക്കണമെന്നും നിർദേശിക്കപ്പെട്ടിരിക്കുന്നു.

സമഗ്രമായ ഒരു പൊതുതത്ത്വമാണ് തുടർന്ന് പറയുന്നത്: (നിങ്ങൾക്ക് പാടില്ല) സത്യവിശ്വാസികളേ, ഇത് നിങ്ങൾക്ക് യോജിച്ചതല്ല, നല്ലതുമല്ല. മാത്രമല്ല, വളരെ മോശമായതുമാണ്. (അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാൻ നിങ്ങൾക്ക് പാടില്ല) വാക്കിലോ പ്രവൃത്തിയിലോ ശല്യപ്പെടുത്തുന്നത്. (അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല) ഇതെല്ലാം അദ്ദേഹത്തെ ദ്രോഹിക്കലാണ്. കാരണം അദ്ദേഹത്തിന് മാന്യവും മഹത്തായതുമായ ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് ശേഷം ഭാര്യമാരെ വിവാഹം ചെയ്യുന്നത് ആ സ്ഥാനത്തെ ദുർബലപ്പെടുത്തും. അവർ ഇഹലോകത്തും പരലോകത്തും അദ്ദേഹത്തിന്റെ ഭാര്യമാരാണ്. ആ ദാമ്പത്യം മരണശേഷവും നിലനിൽക്കും. അതിനാൽ അവരെ അദ്ദേഹത്തിന്റെ കാലശേഷം വിവാഹം കഴിക്കൽ ആർക്കും അനുവദനീയമല്ല. (തീർച്ചയായും അതൊക്കെ അല്ലാഹുവിങ്കൽ ഗൗരവമുള്ള കാര്യമാകുന്നു) ഈ കാര്യവും സമുദായം പ്രായോഗികമാക്കണം. അല്ലാഹുവിന്റെ വിരോധങ്ങൾ വർജിക്കണം. അല്ലാഹുവിന്നാണ് സ്തുതിയും നന്ദിയും.