സൂറ: ലുക്വ‌്‌മാൻ, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 മെയ് 24, 1446 ദുൽഖഅദ് 22

അധ്യായം: 31, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَوْ أَنَّمَا فِى ٱلْأَرْضِ مِن شَجَرَةٍ أَقْلَـٰمٌۭ وَٱلْبَحْرُ يَمُدُّهُۥ مِنۢ بَعْدِهِۦ سَبْعَةُ أَبْحُرٍۢ مَّا نَفِدَتْ كَلِمَـٰتُ ٱللَّهِ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ (٢٧) مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍۢ وَٰحِدَةٍ ۗ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ (٢٨) أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّۭ يَجْرِىٓ إِلَىٰٓ أَجَلٍۢ مُّسَمًّۭى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌۭ (٢٩) ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ (٣٠) أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَـٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ (٣١)

27. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴുതിത്തീരുകയില്ല. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

28. നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനത്രെ.

29. അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവൻ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിർണിതമായ ഒരു അവധിവരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?).

30. അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ. അവന്നു പുറമെ അവർ വിളിച്ച് പ്രാർഥിക്കുന്നതെല്ലാം വ്യർഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.

31. കടലിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്റെ ദൃഷ്ടാന്തങ്ങളിൽ ചിലത് നിങ്ങൾക്ക് കാണിച്ചുതരാൻ വേണ്ടിയത്രെ അത്. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.

27) തുടർന്ന് പറയുന്നത് അവന്റെ വാക്കുകളുടെ വിശാലതയും മഹത്ത്വവുമാണ്. അത് ഹൃദയത്തിൽ ആഴത്തിൽ എത്തുകയും മനസ്സിനെ അമ്പരപ്പിക്കുകയും ചെയ്യുന്നു. ഹൃദയങ്ങൾ പരിഭ്രമിക്കുന്നു. യുക്തിയും വിവേകവുമുള്ള ആളുകളെ അതിന്റെ അർഥങ്ങളുടെ ആഴത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

(ഭൂമിയിലുള്ള വൃക്ഷങ്ങളെല്ലാം പേനകളായിരിക്കുകയും) എഴുതാവുന്ന. (സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴു സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും) എഴുതാൻ സഹായിക്കുന്ന മഷിയായി. ആ പേനകൾ തകരുകയും ആ മഷി തീരുകയും ചെയ്യും. എന്നാലും (അല്ലാഹുവിന്റെ വചനങ്ങൾ എഴുതിത്തീരുകയില്ല) ഇത് അടിസ്ഥാനമില്ലാത്തതോ അതിശയോക്തിയോ അല്ല. മനുഷ്യമനസ്സുകൾക്ക് അവന്റെ ചില ഗുണങ്ങൾ പൂർണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് അല്ലാഹുവിന് അറിയാം. അവനെ അറിയുന്നത് അവന്റെ അടിമകൾക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്; അവർക്ക് നേടാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യവും. എന്നാൽ ആ ദൈവികഗുണങ്ങൾ ഉള്ളതുപോലെ പൂർണമായി മനസ്സിലാക്കാൻ മനഷ്യന് സാധ്യമല്ല. എന്നാൽ പൂർണമായി കഴിയാത്തതെല്ലാം ഉപേക്ഷിക്കുക എന്നതും ശരിയല്ല. അതിനാൽ അവരുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും വേണ്ടി അല്ലാഹു ഒരു ഉദാഹരണം പറയുകയാണിവിടെ. ഒരു ആശയം ഗ്രഹിക്കാൻ പര്യാപ്തരാക്കുക. അതിലൂടെ അവർക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയാത്തത് ഭാഗികമായിട്ടെങ്കിലും ഇതിലൂടെ മനസ്സിലാക്കാൻ കഴിയും.

തന്റെ രക്ഷിതാവിനെക്കുറിച്ച് നന്നായി അറിയുന്നവൻ പറഞ്ഞത് എന്താണ്? (നീ നിന്നെത്തന്നെ പുകഴ്ത്തിയതുപോലെ പുകഴ്ത്താൻ ഞങ്ങൾക്ക് കഴിയില്ല) മറ്റൊരു നിലയ്ക്ക് പറഞ്ഞാൽ അതിനെക്കാൾ വലിയ ഒരു ലക്ഷ്യമാണ് ഈ ഉപമക്കുള്ളത്. അതായത് ആളുകൾക്ക് പൂർണമായി ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിലും പരമാവധി മനസ്സിലാക്കിക്കൊടുക്കാൻ ലളിതവത്കരിക്കുക എന്നതായിരിക്കാം. മരങ്ങൾ എത്രതന്നെ ഇരട്ടിച്ചാലും സമുദ്രങ്ങൾ എത്ര അധികമുണ്ടായാലും അവയെല്ലാം തീർന്നുപോകാം. കാരണം അത് സൃഷ്ടിയാണ്. എന്നാൽ അല്ലാഹുവിന്റെ വചനങ്ങൾ തീരുന്ന പ്രശ്‌നമില്ല. അത് തീരില്ലെന്നും അവസാനിക്കുന്നില്ലെന്നും ബുദ്ധിപരവും മതപരവുമായ തെളിവുകളിലൂടെ നമ്മെ അറിയിച്ച കാര്യമാണ്. അല്ലാഹുവും അവന്റെ ഗുണങ്ങളുമല്ലാത്തതെല്ലാം അവസാനിക്കും.

وَأَنَّ إِلَىٰ رَبِّكَ الْمُنتَهَىٰ

‘നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്നവസാനിക്കുന്നത്’ (53:42)

ആദ്യത്തെതാവുക, അവസാനത്തെതാവുക എന്നതിന്റെ യാഥാർഥ്യം ചിന്തിച്ചാൽ, നമ്മുടെ ബുദ്ധിയിൽ വരുന്ന ആദ്യകാലം എത്രതന്നെ സങ്കൽപിച്ചാലും അതെത്രയായിരിക്കും? അതിനുമപ്പുറം അറ്റമില്ലാതെ കിടക്കുന്നു അല്ലാഹുവിന്റെ ആദ്യത. അവസാനത്തെതാവുക എന്നത് ചിന്തിച്ചാലും ഇതുതന്നെ സ്ഥിതി. എത്ര തന്നെ സങ്കൽപിച്ചാലും, ഹൃദയവും നാവും അതിന് എത്രതന്നെ സഹായിച്ചാലും അല്ലാഹു അതിനപ്പുറം അറ്റമില്ലാതെ പോകുന്നു.

ഭൂതകാലത്തിലും വർത്തമാനത്തിലും ഭാവിയിലുമെല്ലാം അല്ലാഹു അവൻ ഉദ്ദേശിക്കുന്നതെന്തും സംസാരിക്കും. അവൻ എന്തെങ്കിലും ഇച്ഛിച്ചാൽ അവന്റെ വാക്കും പ്രവൃത്തിയും തടസ്സപ്പെടുത്താൻ യാതൊന്നിനും കഴിയില്ല. ഇനി അവൻ പറഞ്ഞ ഉപമയെക്കുറിച്ച് ചിന്തിച്ചാൽ, അത് തന്റെ ദാസന്മാർക്ക് അതിനെക്കുറിച്ച് ഒരു ആശയം നൽകൽ മാത്രമാണെന്ന് കാണാം. അല്ലെങ്കിൽ കാര്യം അതിനെക്കാൾ ഗൗരവതരമാണ്.

തുടർന്ന് അല്ലാഹു അവന്റെ ശക്തിയുടെ മഹത്ത്വവും അവന്റെ ജ്ഞാനത്തിന്റെ പൂർണതയും പരാമർശിക്കുന്നു. (തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു) എല്ലാ ശക്തിയും അവനുള്ളതാണ്. ഈ ലോകത്തും ഉന്നതലോകത്തുമുള്ള ഏതു ശക്തിയും അവനിൽനിന്ന് വരുന്നതാണ്. അവനാണ് അത് സൃഷ്ടിക്കുന്നത്. അവനല്ലാതെ ഒരു ശക്തിയും കഴിവും ഇല്ല. അവരെ അവൻ നിയന്ത്രിക്കുന്നു, അവന്റെ യുക്തിയാൽ അവൻ സൃഷ്ടിയെ പടച്ചു. അതിന്റെ ലക്ഷ്യത്തിലുമുണ്ട് യുക്തി. കൽപനകളിലും വിരോധങ്ങളിലും യുക്തി കാണാം. സൃഷ്ടി, സ്ഥിതി, സംഹാരത്തിലുമെല്ലാം യുക്തിയുണ്ട്.

28) ഇവിടെ അല്ലാഹു അവന്റെ ശക്തിയെയും മഹത്ത്വത്തെയും പൂർണതയെയും കുറിച്ച് പറയുന്നു. (നിങ്ങളെ സൃഷ്ടിക്കുന്നതും പുനർജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെപ്പോലെ മാത്രമാകുന്നു) ഇത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. സർവ മനുഷ്യരെയും-അവർ ധാരാളം ഉണ്ടായിരിക്കെത്തന്നെ - മരണശേഷം അവർ ചിതറിപ്പോയാൽ ഒരൊറ്റ നിമിഷം കൊണ്ട് ഉയിർത്തെഴുന്നേൽപിക്കും; ഒരാളെ ഉയിർത്തെഴുന്നേൽപിക്കുന്നതു

പോലെ. ഉയിർത്തെഴുന്നേൽപിനെയും കർമങ്ങൾക്കുള്ള പ്രതിഫലത്തെയും സംഭവിക്കാൻ സാധ്യതയില്ലാത്തതായി കാണുന്നത് അല്ലാഹുവിന്റെ മഹത്ത്വത്തെയും ശക്തിയെയുംകുറിച്ചുള്ള അജ്ഞതകൊണ്ട് മാത്രമാണ്.

തുടർന്ന് പറയുന്നത്, എല്ലാ ശബ്ദങ്ങളും കേൾക്കാൻ കഴിയുന്ന അവന്റെ കേൾവിയെക്കുറിച്ചും എല്ലാം കാണുന്ന അവന്റെ കാഴ്ചയെക്കുറിച്ചുമാണ്. (തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നുവത്രെ).

29) നിയന്ത്രണവും കൈകാര്യകർതൃത്വവും അവന് മാത്രമുള്ളതാണെന്ന് ഇതിലുണ്ട്. രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത് അവന്റെ ഈ നിയന്ത്രണത്തിൽപെട്ടതാണ്. അവ രണ്ടിൽ ഒന്ന് മറ്റൊന്നിൽ പ്രവേശിപ്പിക്കൽ, ഒന്ന് മറ്റൊന്നിൽ പ്രവേശിച്ചാൽ ഒന്ന് ഇല്ലാതാകും. അവൻ സൂര്യനെയും ചന്ദ്രനെയും സൗകര്യപ്പെടുത്തി. അവ രണ്ടും വ്യവസ്ഥയിലും നിയന്ത്രണത്തിലും യാതൊരു വീഴ്ചയും വരുത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആളുകൾക്ക് ഏറെ പ്രയോജനകരമായ വിധത്തിൽ അവരുടെ മതപരവും ലൗകികവുമായ കാര്യങ്ങളിൽ അവരതിനെ പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്നു. (എല്ലാം) അവ രണ്ടും. (നിർണിതമായ ഒരവധിവരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു) ആ അവധി എത്തിക്കഴിഞ്ഞാൽ അവ സഞ്ചാരം നിർത്തുകയും അവയുടെ സ്ഥാനങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. അന്ത്യദിനത്തിലാണ് അത് സംഭവിക്കുന്നത്. അന്ന് സൂര്യൻ ചുറ്റിപ്പൊതിയപ്പെടുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും ചെയ്യും. അന്ന് ഇഹലോകം അവസാനിക്കുകയും പരലോകം ആരംഭിക്കുകയും ചെയ്യും. (നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം) നന്മയും തിന്മയും. (അവൻ സൂക്ഷ്മമായി) അറിയുന്നവനാണ്. ഒന്നും അറിയാതെ പോകില്ല. അനുസരിക്കുന്നവർക്ക് പ്രതിഫലവും ധിക്കരിക്കുന്നവർക്ക് ശിക്ഷയുമായി പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകും.

30) (അത്) അവന്റെ മഹത്ത്വത്തെയും ഗുണങ്ങളെയും കുറിച്ച് നിങ്ങൾക്ക് വിശദീകരിച്ചുതന്നത്. (അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ) അവന്റെ സത്തയിലും ഗുണങ്ങളിലും സത്യമാണ്. അവന്റെ മതം സത്യമാണ്. പ്രവാചകൻമാർ സത്യമാണ്. അവന്റെ വാഗ്ദാനം സത്യമാണ്. അവന്റെ മുന്നറിയിപ്പ് സത്യമാണ്.

(അവനു പുറമെ അവർ വിളിച്ചു പ്രാർഥിക്കുന്നതെല്ലാം നിരർഥകതയാണ്) അവയുടെ സത്തയിലും ഗുണങ്ങളിലും തികഞ്ഞ അസത്യമാണ്. അല്ലാഹു അവയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ അവ നിലനിൽക്കില്ല. അവൻ അവയെ പിന്തുണച്ചില്ലായിരുന്നെങ്കിൽ അവർ അതിജീവിക്കില്ലായിരുന്നു. അതെല്ലാം നിരർഥകമാണെങ്കിൽ അവയെ ആരാധിക്കുന്നത് അതിനെക്കാൾ നിരർഥകമാണ്.

(അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും) തീർച്ചയായും അല്ലാഹു അവന്റെ സത്തയിൽ എല്ലാ സൃഷ്ടികൾക്കും ഉപരിയായി അത്യുന്നതനാണ്. താരതമ്യപ്പെടുത്താൻ കഴിയാത്തത്ര മഹത്തായതാണ് അവന്റെ നാമഗുണവിശേഷണങ്ങൾ. (വലിയവനും) അവന്റെ സത്തയിലും ഗുണത്തിലും അവൻ വലിയവനാണ്. ഭൂമിയിലും ആകാശത്തുമുള്ളവരുടെ ഹൃദയങ്ങളിൽ അവനോട് അങ്ങേയറ്റം ബഹുമാനമുണ്ട്.

31) അവന്റെ ശക്തിയുടെയും കാരുണ്യത്തിന്റെയും അടിമകളോടുള്ള അവന്റെ കരുതലിന്റെയും അടയാളങ്ങളിൽപെട്ടതാണ്; അവൻ കടലിനെ അവർക്ക് ഉപകാരപ്രദമാക്കുകയും അവന്റെ കൽപനയനുസരിച്ച് കപ്പലുകൾ അതിൽ സഞ്ചരിക്കുകയും ചെയ്യുന്നു എന്നത്. അത് നിങ്ങൾ കാണുന്നില്ലേ എന്നാണ് ചോദിക്കുന്നത്. അതായത് അവന്റെ ദയയും കാരുണ്യവും. (അവന്റെ ദൃഷ്ടാന്തങ്ങളിൽ ചിലത് അവൻ നിങ്ങൾക്ക് കാണിച്ചുരാൻ വേണ്ടിയത്രെ അത്) കാരണം അവന്റെ ദൃഷ്ടാന്തങ്ങളിൽ ധാരാളം പ്രയോജനങ്ങളും ഗുണപാഠങ്ങളുമുണ്ട്. (ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്) അവർ ദൃഷ്ടാന്തങ്ങളെ പ്രയോജനപ്പെടുത്തുന്നവരാണ്. (ക്ഷമാശീലരും) ബുദ്ധിമുട്ടുകൾ വരുമ്പോൾ. (നന്ദിയുള്ളവരും) സന്തോഷം വരുമ്പോൾ അല്ലാഹുവിനെ അനുസരിക്കാനുള്ള ക്ഷമ, തെറ്റുകൾ ഉപേക്ഷിക്കാനുള്ള ക്ഷമ, വിധികളിലെ പ്രയാസങ്ങളിലുള്ള ക്ഷമ; മതപരവും ലൗകികവുമായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളിലുള്ള നന്ദിയും.