സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

അധ്യായം: 32, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَجَعَلْنَا مِنْهُمْ أَئِمَّةًۭ يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ (٢٤) إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ (٢٥) أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ (٢٦) أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًۭا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ (٢٧) وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ (٢٨)

24. അവർ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോൾ അവരിൽനിന്ന് നമ്മുടെ കൽപനയനുസരിച്ച് മാർഗദർശനം നൽകുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.

25. അവർ ഭിന്നത പുലർത്തിയിരുന്ന വിഷയങ്ങളിൽ നിന്റെ രക്ഷിതാവുതന്നെ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കിടയിൽ തീർപ്പുകൽപിക്കുന്നതാണ്; തീർച്ച.

26. ഇവർക്കു മുമ്പ് നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത ഇവർക്ക് നേർവഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നല്ലോ. തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവർ കേട്ട് മനസ്സിലാക്കുന്നില്ലേ?

27. വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടുചെല്ലുകയും അതുമൂലം ഇവരുടെ കന്നുകാലികൾക്കും ഇവർക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു എന്ന് ഇവർ കണ്ടില്ലേ? എന്നിട്ടും ഇവർ കണ്ടറിയുന്നില്ലേ?

28. അവർ പറയുന്നു: ‘എപ്പോഴാണ് ഈ തീരുമാനം? (പറയൂ) നിങ്ങൾ സത്യവാൻമാരാണെങ്കിൽ.’

24) (അവരിൽനിന്ന് നാം ഉണ്ടാക്കുകയും ചെയ്തു). ഇസ്‌റാഈൽ സന്തതികളിൽനിന്ന്. (നമ്മുടെ കൽപന അനുസരിച്ച് മാർഗദർശനം നൽകുന്ന നേതാക്കളെ) മതപണ്ഡിതന്മാരെ, സ്വയം ആ മാർഗദർശനം സ്വീകരിക്കുകയും മറ്റുള്ളവരെ ആ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നവർ. അവർക്കിറക്കിയ ഗ്രന്ഥം അവർക്കുള്ള മാർഗദർശനമായിരുന്നു. അതിൽ വിശ്വസിച്ചവർ രണ്ട് വിഭാഗങ്ങളായിരുന്നു. അല്ലാഹുവിന്റെ കൽപനയിൽ നയിക്കപ്പെടുന്ന നേതാക്കളും അവരെ പിൻപറ്റുന്ന അനുയായികളും. ഈ വിഭാഗം പ്രവാചകത്വത്തിനും പ്രവാചകന്മാർക്കും ശേഷം ഏറ്റവും ഉന്നത പദവിയുള്ളവരാണ്. അത് സ്വദ്ദീക്വുകളുടെ പദവിയാണ്. ഈ ഉന്നതപദവി അവർ കരസ്ഥമാക്കി.(അവർ ക്ഷമ കൈക്കൊണ്ടു) സ്വയം പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ആ മാർഗത്തിൽ ഉണ്ടാകുന്ന സർവ പ്രയാസങ്ങളും ക്ഷമിക്കുകയും ചെയ്തു.

പാപങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് വിട്ടുനിൽക്കുകയും ഇഷ്ടം പോലെ തങ്ങളുടെ ആഗ്രഹങ്ങളിൽ മുഴുകുന്നത് നിയന്ത്രിക്കുകയും ചെയ്തു. (നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തു) അവരുടെ വിശ്വാസം അതിന്റെ ദൃഢതയുടെ പദവിയിലെത്തി. അത് പ്രവർത്തനത്തിലേക്ക് നയിക്കുന്ന സമ്പൂർണ അറിവാണ്. കാരണം അവർ ശരിയായി പഠിക്കുകയും മതവിഷയങ്ങളിൽ ഉറപ്പ് കിട്ടും വിധം തെളിവുകൾ കണ്ടെത്തുകയും ചെയ്തു. മതത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച് അവർ പഠിച്ച് കൊണ്ടിരുന്നു. ധാരാളം തെളിവുകൾ അതിനായി അവർ കണ്ടെത്തി. ക്ഷമയും ദൃഢവിശ്വാസവും മതത്തിൽ നേതൃസ്ഥാനത്തെത്താൻ കാരണമാകും.

25) ഇസ്‌റാഈൽ സന്തതികൾ ഭിന്നിച്ച ചില വിഷയങ്ങളുണ്ട്. അവരിൽ ചിലർ ശരിയായ നിഗമനത്തിലെത്തി. എന്നാൽ ചിലർ മനഃപൂർവമോ അല്ലാതെയോ തെറ്റിച്ചു. (അവർ ഭിന്നത പുലർത്തിയിരുന്ന വിഷയങ്ങളിൽ നിന്റെ രക്ഷിതാവുതന്നെ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കിടയിൽ തീർപ്പ് കൽപിക്കുന്നതാണ്). മാത്രമല്ല, ക്വുർആൻ ഇസ്‌റാഈൽ സന്തതികളോട് അവർ ഭിന്നിച്ച ചില വിഷയങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവർക്കിടയിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു വിഷയവുമായി ബന്ധപ്പെട്ട് രണ്ട് വീക്ഷണങ്ങളിൽ ഒന്ന് ക്വുർആൻ സ്ഥിരീകരിച്ചാൽ ആ വീക്ഷണം സത്യമാണ്. അതിന് വിരുദ്ധമായത് അസത്യവും.

26. ദൈവദൂതനെ അവഗണിക്കുന്നവർക്ക്; അതെ, സത്യത്തിലേക്ക് നയിക്കുന്ന. (അവർക്ക് മുമ്പ് എത്രയോ രാഷ്ട്രങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്) അവരും തെറ്റായ പാത പിന്തുടർന്നു. (അവരുടെ വാസസ്ഥലങ്ങളിലുള്ളവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നില്ലയോ?) ഹൂദ്, സ്വാലിഹ്, ലൂത്ത്(അ) എന്നിവരുടെ ജനതയുടെ അവശിഷ്ടങ്ങൾ അവർക്ക് കാണാൻ കഴിയും.

(തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്) തീർച്ചയായും അതിൽ അവരുടെ അടുത്ത് വന്ന ദൂതൻമാർ സത്യമാണെന്നും അവരുടെ അനുയായികൾ നിലകൊണ്ട ശിർക്കും തിൻമകളും അസത്യമാണെന്നും അവരെപ്പോലെ ആര് പ്രവർത്തിച്ചാലും ആ വിഭാഗങ്ങൾക്ക് മുമ്പ് സംഭവിച്ചത് തന്നെ ഇവർക്കും സംഭവിക്കുമെന്നും മനസ്സിലാക്കാവുന്ന ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

അല്ലാഹു തന്റെ അടിമകൾക്ക് പ്രതിഫലം നൽകുകയും ഒരുമിച്ചുകൂടുന്നതിനായി അവരെ ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും. (എന്നിട്ടും ഇവർ കേട്ടു മനസ്സിലാക്കുന്നില്ലേ?) അല്ലാഹുവിന്റെ വചനങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും അതിൽനിന്ന് പ്രയോജനമെടുക്കുകയും ചെയ്യുന്നില്ല. അവർക്ക് ശരിയായ കേൾവിയും നല്ല ബുദ്ധിയും ഉണ്ടായിരുന്നെങ്കിൽ നാശം ഉറപ്പുള്ള ഈ വഴികളിൽ അവർ നിലകൊള്ളുമായിരുന്നില്ല.

27) (ഇവർ കണ്ടില്ലേ?) നമ്മുടെ അറിവിന്റെ പൂർണതയും അനുഗ്രഹങ്ങളും അവരുടെ കണ്ണിൽ അവർ കാണുന്നില്ലേ? (വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടുചെല്ലുകയും) സസ്യങ്ങളില്ലാത്ത ഭൂമി. മഴയില്ലാത്ത ഭൂമിയിൽ അല്ലാഹു മഴയെത്തിക്കുന്നു. അങ്ങനെ മേഘങ്ങളിൽ നിന്നും നദികളിൽനിന്നും അവിടെ വെള്ളം ലഭിക്കുന്നു. (ആ ജലം കൃഷിയെ ഉൽപാദിപ്പിക്കുന്നു) വ്യത്യസ്തങ്ങളായ സസ്യങ്ങളെ. (ഇവരുടെ കാലികൾ അതിൽനിന്ന് ഭക്ഷിക്കുന്നു) മൃഗങ്ങൾ ഭക്ഷിക്കുന്നു; സസ്യങ്ങൾ. (ഇവർക്കുതന്നെയും) അത് മനുഷ്യർക്കുള്ള ഭക്ഷണം. (എന്നിട്ടും ഇവർ കണ്ടറിയുന്നില്ലേ?) ഭൂമിയെയും മനുഷ്യരെയും പുനർജീവിപ്പിക്കുന്ന ഈ അനുഗ്രഹങ്ങളെ അവർ കാണുന്നില്ലേ? അതിനെക്കുറിച്ച് ചിന്തിക്കുകയും അതിലൂടെ നേർവഴി കണ്ടെത്തി ശരിയായ മാർഗത്തിലെത്താൻ അവർക്ക് എന്തുകൊണ്ട് കഴിയുന്നില്ല?

എന്നാൽ അവർ അന്ധരും അശ്രദ്ധരുമാണ്. അതവരെ അതിജയിച്ചു. അതിനാൽ അവർ കാണേണ്ടതുപോലെ കാണുന്നില്ല. പകരം അതിനെയെല്ലാം അശ്രദ്ധമായി കണ്ടു. അതുകൊണ്ട് അത് അവർക്ക് ഗുണകരമായില്ല.

28) കുറ്റവാളികൾ തങ്ങളുടെ അറിവില്ലായ്മയും ദുർവാശിയും സത്യനിഷേധവും നിമിത്തം തങ്ങൾക്ക് വാഗ്്ദത്തം ചെയ്യപ്പെട്ട ശിക്ഷയെ വേഗത്തിലാക്കാൻ ആവശ്യപ്പെടുന്നു. (അവർ പറയുന്നു; എപ്പോഴാണ് ഈ തീരുമാനം) നിങ്ങൾ വാദിക്കുന്നപോലെ ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ തിരൂമാനമെടുക്കപ്പെടുകയും ഞങ്ങൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു തീരുമാനദിനം എപ്പോഴാണ്? (നിങ്ങളാണെങ്കിൽ) പ്രവാചകന്മാരേ, (സത്യവാൻമാർ) നിങ്ങളുടെ വാദപ്രകാരം.