സൂറ: ലുക്വ‌്‌മാൻ, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഏപ്രിൽ 26, 1446 ശവ്വാൽ 26
അധ്യായം: 31, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
6. യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽനിന്ന് ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീർക്കാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.
7. അത്തരം ഒരാൾക്ക് നമ്മുടെ വചനങ്ങൾ ഓതി കേൾപിക്കപ്പെടുകയാണെങ്കിൽ അവൻ അഹങ്കരിച്ചുകൊണ്ട് തിരിഞ്ഞുകളയുന്നതാണ്; അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാൽ നീ അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്തയറിയിക്കുക.
8. തീർച്ചയായും; വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കുള്ളതാണ് സുഖാനുഭൂതിയുടെ സ്വർഗത്തോപ്പുകൾ.
9. അവർ അതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രെ അത്. അവനാകുന്നു പ്രതാപിയും യുക്തിമാനും.
10. നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയുംകൊണ്ട് ഇളകാതിരിക്കാനായി അതിൽ അവൻ ഉറച്ച പർവതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവൻ അതിൽ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോഡികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു.
11. ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ അവന്നു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികൾ വ്യക്തമായ വഴികേടിലാകുന്നു.

6) അതായത് (ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്) അവൻ എല്ലാം നഷ്ടപ്പെട്ടവനും ഒഴിവാക്കപ്പെട്ടവനുമാണ്. (വിനോദ വാർത്തകൾ) ഹൃദയത്തെ അശ്രദ്ധമാക്കുന്ന സംസാരങ്ങൾ, ഉദാത്തമായ കാര്യങ്ങളെ തടസ്സപ്പെടുത്തുന്നത്. എല്ലാ നിഷിദ്ധ സംസാരങ്ങളും അനാവശ്യങ്ങളും അസത്യങ്ങളും അർഥമില്ലാത്ത സംസാരങ്ങളുമെല്ലാം ഇതിൽപെടും. അവിശ്വാസത്തിനും അധർമത്തിനും അനുസരണക്കേടിനും പ്രചോദനം നൽകുന്ന സംസാരങ്ങളും ഇതിൽപെടുത്താം. സത്യത്തെ ഖണ്ഡിക്കാൻ അസത്യവാദങ്ങളുമായി വന്ന് മറുപടി പറയുന്നവരും ഈ ഗണത്തിൽ തന്നെ. ഏഷണി, പരദൂഷണം, അസഭ്യം, അനാവശ്യ പാട്ടുകളും സംഗീതങ്ങളും ദീനിനോ ദുൻയാവിനോ ഉപകാരം ചെയ്യാത്ത സംസാരങ്ങളുമെല്ലാം വിനോദവർത്തമാനങ്ങളാണ്.
ഇത്തരം ആളുകൾ (വിനോദ വർത്തമാനങ്ങളെ വിലയ്ക്ക് വാങ്ങുന്നു) ശരിയായ മാർഗദർശനങ്ങൾക്ക് പകരം. (തെറ്റിച്ചുകളയാൻ) ജനങ്ങളെ. (യാതൊരറിവും കൂടാതെ, ദൈവമാർഗത്തിൽനിന്ന്) അതായത് തന്റെ പ്രവർത്തനത്തിലൂടെ സ്വയം വഴിതെറ്റുകയും മറ്റുള്ളവരെ വഴികേടിലാക്കുകയും ചെയ്യുന്നു. വഴികേടിൽനിന്നാണ് വഴിതെറ്റിക്കൽ ഉണ്ടാകുന്നത്. ഈ വർത്തമാനത്തിലൂടെയുള്ള വഴിപിഴപ്പിക്കൽ എന്നത് ഉപകാരപ്രദമായ വർത്തമാനങ്ങളിൽനിന്ന് തടയലാണ്. അതുപോലെ നല്ല പ്രവർത്തനങ്ങളിൽനിന്നും വ്യക്തമായ സത്യത്തിൽനിന്നും ശരിയായ മാർഗത്തിൽനിന്നും തടയൽ. വിനോദ വർത്തമാനമെന്നത് സത്യത്തെയും സന്മാർഗത്തെയും ബാധിക്കുന്നതാണ്. അതായത് അല്ലാഹുവിന്റെ വചനങ്ങളിൽ വന്നതായ സന്മാർഗത്തെ.
(അതിനെ പരിഹാസ്യമാക്കിത്തീർക്കാനും) അതിനെയും അത് കൊണ്ടുവന്നവനെയും പരിഹസിക്കുന്നു. അസത്യത്തെ പ്രോത്സാഹിപ്പിച്ചു സംസാരിക്കുക, സത്യത്തെ ആക്ഷേപിക്കുക, അതിന്റെ വക്താക്കളെ പരിഹസിക്കുക- ഇതെല്ലാം ഉണ്ടായാൽ അവൻ അറിവില്ലാതെ പിഴപ്പിക്കുന്നവനും വഹ്‌യിൽ വഞ്ചന കാണിക്കുന്നവനുമാകുന്നു. പിഴച്ചുപോകുന്നവന് അത് വേർതിരിച്ച് മനസ്സിലാകുന്നില്ല. യാഥാർഥ്യം അറിയുന്നുമില്ല. (അവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്) വഴിപിഴച്ചതിനും അല്ലാഹുവിന്റെ വചനങ്ങളെ പരിഹസിച്ചതിനും വ്യക്തമായ സത്യത്തെ കളവാക്കിയതിനും.
7) അതാണ് അല്ലാഹു പറഞ്ഞത്: (അത്തരം ഒരാൾക്ക് നമ്മുടെ വചനങ്ങൾ ഓതിക്കേൾപിക്കപ്പെടുകയാണെങ്കിൽ) അതിൽ വിശ്വസിക്കാനും അതിന് കീഴൊതുങ്ങാനും വേണ്ടി. (അഹങ്കരിച്ചുകൊണ്ട് തിരിഞ്ഞുകളയുന്നതാണ്) അഹങ്കാരത്തോടെയുള്ള തിരിഞ്ഞുകളയൽ. അതിനെ എതിർത്തുകൊണ്ട്; അത് അവന്റെ ഹൃദയത്തിൽ പ്രവേശിക്കുകയോ അതിനെ സ്വാധീനിക്കുകയോ ചെയ്യില്ല.
അവൻ അതിൽനിന്ന് തിരിഞ്ഞുകളയുന്നു. (അവൻ അത് കേട്ടിട്ടില്ലാത്തപോലെ) അല്ല, (അവന്റെ ഇരു കാതുകളിലും അടപ്പുള്ളതുപോലെ). ശബ്ദങ്ങൾ കേൾക്കാത്ത ബധിരനെപ്പോലെ. അവനെ സന്മാർഗത്തിലാക്കാൻ യാതൊരു വഴിയുമില്ല. (ആകയാൽ നീ അവന് സന്തോഷവാർത്ത അറിയിക്കുക) അവന്റെ ഹൃദയത്തിൽ ദുഃഖവും വിഷമവും ഉണ്ടാകുന്ന സന്തോഷവാർത്ത. അവനെ ഇരുണ്ടവനും പൊടിപടലങ്ങൾ നിറഞ്ഞവനും ആക്കുമെന്ന സന്തോഷവാർത്ത. (വേദനാജനകമായ ഒരു ശിക്ഷയെക്കുറിച്ച്) ഹൃദയത്തെയും ശരീരത്തെയും വേദനിപ്പിക്കുന്നു. അതെത്രമാത്രം വലുതാണെന്ന് കണക്കാക്കാനാകില്ല. ഇത് തിന്മയുടെ ആളുകൾക്കുള്ള സന്തോഷവാർത്തയാണ്. അത് ആസ്വാദ്യകരമായ സന്തോഷവാർത്തയല്ല.
8) സദ്‌വൃത്തർക്കുള്ള സന്തോഷവാർത്തയാണ് ഇനി പറയുന്നത്: (തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ) വിശ്വാസത്താൽ ആന്തരിക ആരാധനകളും ഇസ്‌ലാമിനാൽ ബാഹ്യമായതും അവരിൽ ഒരുമിച്ചു; കൂടെ സൽപ്രവർത്തനങ്ങളും. (സുഖാനുഭൂതിയുടെ സ്വർഗത്തോപ്പുകൾ അവർക്കുള്ളതാണ്) അവർ മുമ്പ് പ്രവർത്തിച്ചതിന്റെ സന്തോഷം, അവരുടെ മുൻ ചെയ്തികൾക്കുള്ള ആതിഥ്യം.
9) (അവരതിൽ ശാശ്വതരായിരിക്കും) ആ സ്വർഗത്തോപ്പുകളിൽ, ആത്മാവും ശരീരവും ആ സുഖത്തിലായിരിക്കും. (അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രെ അത്) ലംഘിക്കാനോ മാറ്റാനോ കഴിയാത്ത, അല്ലാഹുവിൽനിന്നുള്ള യഥാർഥ വാഗ്ദാനം. (അവനാകുന്നു പ്രതാപിയും യുക്തിമാനും) അവൻ ശക്തിയിലും ജ്ഞാനത്തിലും പരിപൂർണനാണ്. യോജിക്കുന്നവനോട് യോജിക്കുകയും ഒഴിവാക്കുന്നവനെ ഒഴിവാക്കുകയും ചെയ്യുക എന്നത് അവന്റെ അറിവിലും പ്രതാപത്തിലും പെട്ടതാണ്.
10) ഇവിടെ അല്ലാഹു തന്റെ അടിമകൾക്ക് അവന്റെ കഴിവിന്റെ ചില അടയാളങ്ങളും അവന്റെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളും കാരുണ്യത്തിന്റെ ചില തെളിവുകളും പറഞ്ഞുകൊടുക്കുന്നു. (ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു) അതായത് ഏഴ് ആകാശങ്ങൾ; അവയുടെ വലുപ്പത്തിലും വിശാലതയിലും ബലത്തിലും വലിയ ഉയരത്തിലും. (നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ) അതിന് തൂണുകളില്ല. അതിന് തൂണുകളുണ്ടായിരുന്നുവെങ്കിൽ അത് ദൃശ്യമാകുമായിരുന്നു.
അല്ലാഹുവിന്റെ ശക്തിയാൽ അവ ഉറച്ചു നിൽക്കുന്നു. (ഭൂമിയിൽ അവൻ ഉറച്ച പർവതങ്ങൾ സ്ഥാപിക്കുകയും ചെയ്തു) ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി കുലുങ്ങാതിരിക്കാൻ അവൻ വലിയ പർവതങ്ങൾ സ്ഥാപിച്ചു. (നിങ്ങളെയും കൊണ്ട് ഇളകാതിരിക്കാൻ) വലിയ, ഉറച്ച പർവതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമി കുലുങ്ങുകയും അതിലെ നിവാസികൾക്ക് അതിൽ സ്ഥിരതയോടെ താമസിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമായിരുന്നു.
(എല്ലാതരം ജന്തുക്കളെയും അവനതിൽ പരത്തുകയും ചെയ്തിരിക്കുന്നു) ആദമിന്റെ മകന്റെ സൗകര്യത്തിനും സേവനത്തിനും താൽപര്യങ്ങൾക്കും പ്രയോജനത്തിനും വേണ്ടി എല്ലാതരം സൃഷ്ടികളെയും അവൻ ഭൂമിയിൽ പരത്തി. അവ ഭൂമിയിൽ വ്യാപിച്ചപ്പോൾ അവയ്ക്കു ജീവിക്കാൻ ഭക്ഷണം ആവശ്യമായി വന്നു. അപ്പോൾ അവൻ ആകാശത്തുനിന്നും അനുഗൃഹീതമായ മഴയിറക്കി. (എന്നിട്ട് വിശിഷ്ടമായ എല്ലാ ജോഡികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു) കാണാൻ മനോഹരമായതും ഉപകാരപ്രദവും അനുഗൃഹീതവുമായവ. ചിതറിക്കിടക്കുന്ന ജീവികൾ അതിൽ മേഞ്ഞു. എല്ലാ ജീവികളും അതിനെ ആശ്രയിച്ചു.
11) (ഇത്) മുകളിലും താഴെയുമുള്ള ലോകത്തിന്റെ സൃഷ്ടിപ്പ്. അതിലുള്ള നിർജീവവും ജീവനുള്ളതുമായ സൃഷ്ടികൾ അവയ്ക്കുള്ള ഭക്ഷണം. (അല്ലാഹുവിന്റെ സൃഷ്ടി) അവൻ ഏകനാണ്, അവന് പങ്കുകാരില്ല. എല്ലാവരും അത് അംഗീകരിക്കുന്നു. ബഹുദൈവ വിശ്വാസികളുടെ സംഘമേ, നിങ്ങൾ പോലും. (എന്നാൽ അവന്ന് പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ) അതായത് അല്ലാഹുവിന്റെ പങ്കാളികളെന്ന് നിങ്ങൾ വിശേഷിപ്പിക്കുന്നവ. നിങ്ങൾ അവരെ ആരാധിക്കുകയും വിളിച്ചു പ്രാർഥിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ അവരും അല്ലാഹുവിനെപ്പോലെ സൃഷ്ടിപ്പ് നടത്തണം. അവനെപ്പോലെ ഭക്ഷണം നൽകണം. അങ്ങനെ അവർ വല്ലതും ചെയ്യുന്നുണ്ടെങ്കിൽ എനിക്ക് കാണിച്ചുതരൂ.
ആരാധനക്ക് അവരും അർഹരാണെന്ന നിങ്ങളുടെ വാദം സ്ഥിരീകരിക്കാൻ ഒരു സൃഷ്ടിയെയും കാണിച്ചുതരാൻ അവർക്ക് കഴിയില്ലെന്നത് എല്ലാവർക്കുമറിയാം. ഈ പറയപ്പെട്ട സർവരും അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന് അവരംഗീകരിച്ചു. അവയ്ക്ക് ആരാധനക്ക് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നതിൽ അവർ പരാജിതരായി. അപ്പോൾ അവരെ ആരാധിക്കുന്നത് അറിവും ഉൾക്കാഴ്ചയും ഇല്ലാതെയാണ്. അല്ല, അജ്ഞതകൊണ്ടും വഴികേടുകൊണ്ടും. അതാണ്അല്ലാഹു പറഞ്ഞത്:
(അല്ല, അക്രമകാരികൾ വ്യക്തമായ വഴികേടിലാകുന്നു) അവർ വ്യക്തമായും പിഴച്ചവരാണ്. കാരണം അവർ ഉപകാരമോ ഉപദ്രവമോ വരുത്താനോ മരണമോ ജീവിതമോ നൽകാനോ കഴിവില്ലാത്തതിനെ ആരാധിക്കുന്നു. എല്ലാ കാര്യവും ഉടമപ്പെടുത്തുന്ന അധികാരിയും അന്നദാതാവും സ്രഷ്ടാവുമായവനെ ഉപേക്ഷിക്കുകയും ചെയ്യുന്നു.

