സൂറ: അൻകബൂത്ത്‌, ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

അധ്യായം: 29, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌۭ وَلَعِبٌۭ ۚ وَإِنَّ ٱلدَّارَ ٱلْـَٔاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ (٦٤) فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ (٦٥) لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ (٦٦) أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًۭا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ (٦٧) وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْكَـٰفِرِينَ (٦٨) وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ (٦٩)٦٩

64. ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും പരലോകം തന്നെയാണ് യഥാർഥ ജീവിതം. അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!

65. എന്നാൽ അവർ (ബഹുദൈവാരാധകർ) കപ്പലിൽ കയറിയാൽ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ച് പ്രാർഥിക്കും. എന്നിട്ട് അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേർക്കുന്നു!

66. അങ്ങനെ നാം അവർക്ക് നൽകിയതിൽ അവർ നന്ദികേട് കാണിക്കുകയും അവർ സുഖം അനുഭവിക്കുകയും ചെയ്യുന്നവരായിത്തീർന്നു. എന്നാൽ വഴിയെ അവർ (കാര്യം) മനസ്സിലാക്കിക്കൊള്ളും.

67. നിർഭയമായ ഒരു പവിത്രസങ്കേതം നാം ഏർപ്പെടുത്തിയിരിക്കുന്നു എന്ന് അവർ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തുനിന്നാകട്ടെ ആളുകൾ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തിൽ അവർ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് അവർ നന്ദികേട് കാണിക്കുകയുമാണോ?

68. അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ സത്യം വന്നുകിട്ടിയപ്പോൾ അത് നിഷേധിച്ച് തള്ളുകയോ ചെയ്തവനെക്കാൾ അക്രമിയായി ആരുണ്ട്? നരകത്തിൽ സത്യനിഷേധികൾക്കു വാസസ്ഥലം ഇല്ലയോ?

69. നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു.

64) ഇവിടെ അല്ലാഹു ഇഹലോകത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും സംസാരിക്കുന്നു. ഈ ലോകത്തോട് താൽപര്യം കുറയുകയും പരലോകത്തിനായി കൊതിക്കുകയും ചെയ്യണമെന്നാണ് അതിന്റെ താൽപര്യം. അല്ലാഹു പറയുന്നു: (ഈ ഐഹിക ജീവിതം മറ്റൊന്നുമല്ല) യഥാർഥത്തിൽ. (വിനോദവും കളിയുമല്ലാതെ) ഐഹികജീവിതം യഥാർഥത്തിൽ മനുഷ്യമനസ്സുകളെ വ്യതിചലിപ്പിക്കുകയും ശരീരങ്ങളെ വിനോദത്തിലാക്കുകയും ചെയ്യുന്നു. ഹൃദയം അകന്നവരെ സത്യത്തിൽനിന്നും അകറ്റുന്നു. ഇച്ഛകളും ആഗ്രഹങ്ങളും ആസ്വാദനങ്ങളും അലങ്കാരങ്ങളും ഇഹലോകത്തിൽ അല്ലാഹു ഉണ്ടാക്കി. അശ്രദ്ധയുള്ളവരുടെ കണ്ണുകൾക്ക് ആകർഷകവും അസത്യത്തെ പിന്തുടരുന്ന ആത്മാക്കൾക്ക് സന്തോഷം നൽകുന്നതുമാണത്. എന്നാൽ അത് വേഗത്തിൽ കടന്നുപോവുകയും അവസാനിക്കുകയും ചെയ്യുന്നു. അതിനെ പ്രണയിക്കുന്നവന് ദുഃഖവും നഷ്ടവും ഖേദവുമല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല. എന്നാൽ പരലോകം (യഥാർഥ ജീവിതത്തിന്റെ) വാസസ്ഥലമാണ്. അതായത് സമ്പൂർണ ജീവിതം. അവിടെ ജീവിക്കുന്നവർക്ക് പൂർണശക്തിയും ആരോഗ്യവുമുണ്ടായിരിക്കും. കാരണം അവരുടെ ശരീരവും ശക്തിയും ആ ജീവിതത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ശരിയായ ഒരു ജീവിതത്തിന് ആവശ്യമായതെല്ലാം അവിടെയുണ്ട്. ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ആസ്വാദനങ്ങളുണ്ട്. ശരീരത്തെ സന്തോഷിപ്പിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഇണകളും അവിടെ ലഭിക്കും. ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു ഹൃദയവും ചിന്തിക്കാത്തതുമായ സുഖങ്ങൾ.

(അവർ അറിഞ്ഞിരുന്നുവെങ്കിൽ) പരലോകത്തിന് അവർ ഇഹലോകത്തെക്കാൾ മുൻഗണന നൽകുമായിരുന്നു. അവർ ശരിക്ക് ചിന്തിച്ചിരുന്നുവെങ്കിൽ യഥാർഥ ജീവിതത്തിൽ താൽപര്യം കുറയുകയോ ഇഹലോകത്തിലെ കളിയിലും വിനോദത്തിലും താൽപര്യം കാണിക്കുകയോ ചെയ്യുമായിരുന്നില്ല. ശരിയായ അറിവുള്ളവർ പരലോകത്തിന് മുൻഗണന നൽകുമെന്നർഥം. അതായത് രണ്ട് ലോകത്തെക്കുറിച്ചും ശരിയായി മനസ്സിലാക്കിയവർ.

65-66) കടലിൽ യാത്ര ചെയ്യുമ്പോൾ തിരമാലകളിൽപെട്ട് ആടിയുലയുമ്പോഴും മരണത്തെ ഭയക്കുമ്പോഴും ദുരിത സമയങ്ങളിലും പ്രാർഥനകളിൽ അല്ലാഹുവിൽ പങ്കുചേർക്കാതെ അവന് മാത്രമാക്കും. എന്നാൽ പ്രയാസം നീങ്ങിക്കഴിയുകയും കരയിലേക്ക് രക്ഷപ്പെടുകയും ചെയ്താൽ രക്ഷപ്പെടുത്തിയവനിൽ അവർ പങ്കുചേർക്കും. എന്തുകൊണ്ട് പ്രയാസത്തിലും എളുപ്പത്തിലും ഐശ്വര്യത്തിലും കഷ്ടതയിലും പ്രാർഥന അല്ലാഹുവിനു മാത്രമാക്കിക്കൂടാ? ശരിയായ വിശ്വാസികളാകാനും പ്രതിഫലത്തിന് അർഹരാകാനും ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും. എന്നാൽ കടലിൽനിന്ന് രക്ഷിച്ച് അനുഗ്രഹങ്ങൾ നൽകിയതിന് ശേഷം അല്ലാഹുവിന് അവർ പങ്കാളികളാക്കി. ഈ ശിർക്ക്, നാം അവർക്ക് നൽകിയതിലുള്ള നന്ദികേടിനെ പ്രതിഫലിപ്പിക്കുന്നു. അവർ അനുഗ്രഹത്തോട് മോശമായി പ്രതികരിച്ചു. അവർ കന്നുകാലികളെപ്പോലെ ഈ ലോകം ആസ്വദിക്കുന്നു. കാരണം അവർ അവരുടെ ഭക്ഷണത്തിലും ശാരീരിക അനുഗ്രഹങ്ങളുടെ പൂർത്തീകരണത്തിലും മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ അവർ ഇഹലോകം വിട്ട് പരലോകത്തേക്ക് പോകുമ്പോൾ ഇതിന്റെ അനന്തരഫലങ്ങൾ അവർക്ക് മനസ്സിലാകും. അവിടെ അവർക്ക് അഗാധമായ ഖേദവും വേദനാജനകമായ ശിക്ഷയും അനുഭവപ്പെടും.

67) പിന്നീട് അല്ലാഹു അവർക്ക് നൽകിയ നിർഭയത്വത്തിന്റെ ഹറമിനെക്കുറിച്ച് പറയുന്നു. അവരതിന്റെ സുരക്ഷിതത്വവും സമൃദ്ധമായ ഭക്ഷണങ്ങളും ആസ്വദിക്കുന്നു. എന്നാൽ അതിന് പുറമെയുള്ള ജനങ്ങൾ ഭയപ്പെടുകയും റാഞ്ചിയെടുക്കപ്പെടുകയും ചെയ്യുന്നു. ഭയത്തിൽ നിന്ന് നിർഭയത്വവും വിശപ്പിൽനിന്ന് ഭക്ഷണവും നൽകിയവനെ അവർ എന്തുകൊണ്ട് ആരാധിക്കുന്നില്ല? (എന്നിട്ടും അസത്യത്തിൽ അവർ വിശ്വസിക്കുന്നു) ബഹുദൈവ വിശ്വാസവും തെറ്റായ വാക്കും പ്രവൃത്തിയുമാണത്. (അല്ലാഹുവിന്റെ അനുഗ്രഹത്തോട്) അവർ. (നന്ദികേട് കാണിക്കുകയുമാണോ?) എന്താണ് അവർക്ക് സംഭവിച്ചത്? അവരുടെ ബുദ്ധി എവിടെപ്പോയി? സന്മാർഗം വിട്ട് ദുർമാർഗം സ്വീകരിച്ചതിനാൽ അവരുടെ മനസ്സ് തെറ്റിയോ? സത്യത്തിനു പകരം അസത്യവും ഭാഗ്യത്തിന് പകരം ദൗർഭാഗ്യവും സ്വീകരിക്കുന്നവരെക്കാൾ അക്രമികളായി സൃഷ്ടികളിൽ ആരുണ്ട്?

68) (അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നവനെക്കാൾ അക്രമി ആരുണ്ട്?) അങ്ങനെ അവർ പിന്തുടരുന്ന വഴികേടും അസത്യവും അവർ അല്ലാഹുവിൽ ചാർത്തിക്കൊടുത്തു. (സത്യം വന്നു കിട്ടിയപ്പോൾ അത് നിഷേധികൾ തള്ളുകയും) അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിയിലൂടെ വന്നത്. എന്നാൽ ഈ ധിക്കാരിയായ അക്രമികൾക്ക് മുമ്പിലുള്ളത് നരകമാണ്. (നരകത്തിൽ സത്യനിഷേധികൾക്ക് വാസസ്ഥലം ഇല്ലയോ) അങ്ങനെ അവർക്ക് അർഹതപ്പെട്ടത് നൽകും. അതിൽ അവർ അപമാനിതരാകും. പുറത്ത് വരാൻ കഴിയാത്ത സ്ഥിരതാമസത്തിന്റെ ഭവനങ്ങളായിരിക്കും അവർക്ക് ആ നരകം.

69) (നമ്മുടെ മാർഗത്തിൽ പോരാട്ടത്തിൽ ഏർപ്പെട്ടവർ) അല്ലാഹുവിന്റെ മാർഗത്തിൽ പലായനം ചെയ്തവർ, ശത്രുക്കൾക്കെതിരെ പോരാടിയവർ, അല്ലാഹുവിന്റെ തൃപ്തിക്കായി പരിശ്രമിച്ചവർ. (അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്) നന്മയിലേക്കെത്തുന്ന വഴികൾ. കാരണം, അവർ സദ്‌വൃത്തരാണ്. (തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു) അവൻ അവർക്ക് സഹായവും പിന്തുണയും മാർഗനിർദേശവും നൽകുന്നു. സത്യത്തോട് ഏറ്റവും അധികം യോജിപ്പ് പുലർത്തും. അത് ജിഹാദിന്റെ ആളുകളാണ്. കൽപിച്ചത് നന്നായി ചെയ്യുന്നവർ, അല്ലാഹു അവരെ സഹായിക്കും. സൻമാർഗത്തിന്റെ വഴികൾ അവർക്ക് എളുപ്പമാക്കും. ഇസ്‌ലാമിക വിജ്ഞാനം നേടാൻ കഠിനമായി പരിശ്രമിക്കുന്ന ഏതൊരു വ്യക്തിയും തന്റെ പരിശ്രമങ്ങൾക്കൊപ്പം അല്ലാഹുവിന്റെ സഹായം ലഭിക്കുന്നവനാണ്. ഇസ്്‌ലാമിക വിജ്ഞാനം നേടുന്നത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദാണ്. അത് നിർവഹിക്കാൻ എല്ലാവർക്കുമാകില്ല. അത് വാക്കുകൊണ്ടും നാവുകൊണ്ടും അവിശ്വാസികളോടും കപടവിശ്വാസികളോടുമുള്ള ജിഹാദാണ്. മതകാര്യങ്ങൾ പഠിപ്പിക്കാനും സത്യത്തെ എതിർക്കുന്നവർക്ക് മറുപടി നൽകി പ്രതിരോധിക്കാനും; അവർ മുസ്‌ലിംകളായിരുന്നാലും.

സൂറഃ അൽഅൻകബൂത്തിന്റെ വ്യാഖ്യാനം പൂർത്തിയായി.